Wednesday, May 22, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 28 Apr 2018 01.59 PM

എന്തുകൊണ്ടാണ് മുലഞെട്ടിലെ ചര്‍മ്മം ഇളകുന്നത്. ഈ അവസ്ഥയില്‍ കുഞ്ഞിന് നേരിട്ട് പാല്‍ നല്‍കുന്നത് ഉചിതമാണോ?

ഗൈനക്കോളജി
uploads/news/2018/04/212686/askdrgalacolgy280418.jpg

സാധാരണയായി ആര്‍ത്തവം തുടങ്ങുന്ന ദിവസമോ അതിനു തൊട്ടുമുമ്പോ അടിവയറ്റിലോ നടുവിനോ വേദന ഉണ്ടാകാം. രക്തസ്രാവം തുടങ്ങിക്കഴിയുമ്പോള്‍ വേദനയ്ക്ക് ശമനം ലഭിക്കുന്നു..

ആര്‍ത്തവ ദിനങ്ങളില്‍ അസഹനീയ വേദന


എന്റെ മകള്‍ക്ക് 13 വയസ്. 12 വയസിലാണ് കുട്ടിക്ക് ആദ്യ ആര്‍ത്തവം ഉണ്ടായത്. പ്രായത്തിന് അനുസരിച്ചുള്ള ഉയരവും തൂക്കവുമുണ്ട്. ആര്‍ത്തവം കൃത്യമായി തന്നെ ഉണ്ടാകുന്നുണ്ട്. എന്നാല്‍ വേദന അസഹനീയമാണ്. മൂന്നു ദിവസം വേദന തുടരുന്നു. ഇക്കാരണത്താല്‍ പലപ്പോഴും കുട്ടിയുടെ പഠനം ഈ ദിവസങ്ങളില്‍ മുടങ്ങുന്നു. എന്തുകൊണ്ടാണ് മകള്‍ക്ക് ആര്‍ത്തവസമയത്ത് കടുത്ത വേദന അനുഭവപ്പെടുന്നത്? ഇത് പരിഹരിക്കാവുന്ന മരുന്നുകള്‍ ലഭ്യമാണോ?
------ മിനി വിശ്വംഭരന്‍ ,കൊച്ചി

സാധാരണയായി ആര്‍ത്തവം തുടങ്ങുന്ന ദിവസമോ അതിനു തൊട്ടുമുമ്പോ അടിവയറ്റിലോ നടുവിനോ വേദന ഉണ്ടാകാം. രക്തസ്രാവം തുടങ്ങിക്കഴിയുമ്പോള്‍ വേദനയ്ക്ക് ശമനം ലഭിക്കുന്നു. ചിലരില്‍ വേദനയ്‌ക്കൊപ്പം ഛര്‍ദി, വയറിളക്കം, തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാകാം.

എന്നാല്‍ കത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന, പഠനത്തെ തടസപ്പെടുത്തുന്ന രീതിയിലുള്ള വേദന സാധാരണമല്ല. അണ്ഡാശയത്തിലുള്ള സിസ്റ്റുകളോ ഗര്‍ഭാശയത്തില്‍ ജന്മനാ ഉള്ള വൈകല്യങ്ങളോ ഈ വേദനയ്ക്ക് കാരണമാകാം.

അതിനാല്‍ എത്രയും വേഗം ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകള്‍ നടത്തി മറ്റ്തകരാറുകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം വേദന സംഹാരികള്‍ കഴിക്കുന്നതില്‍ തെറ്റില്ല.

ഗര്‍ഭകാലത്തെ ബി.പി


ഞാന്‍ 6 മാസം ഗര്‍ഭിണിയാണ്. 27 വയസ്. കഴിഞ്ഞ മാസം പരിശോധിച്ചപ്പോള്‍ ബി.പി അധികമാണെന്ന് ഡോക്ടര്‍ പറഞ്ഞു. എന്റെ വീട്ടില്‍ മറ്റാര്‍ക്കും ബി.പിയുടെ പ്രശ്‌നമില്ല. എന്നിട്ടും എനിക്കുമാത്രം എങ്ങനെ ബി.പി ഉണ്ടായി. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ബി.പി അപകടകരമാണെന്ന് പറഞ്ഞുകേള്‍ക്കുന്നു. ബി.പി അധികമായതുകൊണ്ട് സാധാരണ പ്രസവം സാധ്യമാകുമോ? ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ? ഞാന്‍ എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം?
----- നിഷ വിശ്വം, തലക്കാട്

ഗര്‍ഭകാലത്തുണ്ടാകുന്ന ഉയര്‍ന്ന ബി.പി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ സാരമായി ബാധിക്കും. കുടുംബപാരമ്പര്യമില്ലെങ്കിലും പ്രത്യേകിച്ച് ആദ്യത്തെ ഗര്‍ഭധാരണത്തില്‍ അമ്മയ്ക്ക് ഉയര്‍ന്ന ബി.പി വരാനുള്ള സാധ്യതയുണ്ട്.

നിര്‍ദിഷ്ട കാലയളവിലുള്ള ചെക്കപ്പുകള്‍, ബി.പി പരിശോധന, രക്ത - മൂത്ര പരിശോധനകള്‍, കുഞ്ഞിന്റെ വളര്‍ച്ച പരിശോധിക്കാനുള്ള സ്‌കാനിംഗുകള്‍ ഇവയൊക്കെ കൃത്യമായി നടത്തേണ്ടതുണ്ട്.

മറ്റ് സങ്കീര്‍ണതകള്‍ ഒന്നുമില്ലെങ്കില്‍ സാധാണ പ്രസവത്തിന് ശ്രമിക്കാവുന്നതാണ്. ശക്തമായ തലവേദന, ഛര്‍ദി, വയറെരിച്ചില്‍, കാഴ്ചയ്ക്കുള്ള വ്യത്യാസങ്ങള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കേണ്ടതാണ്.

യോനിയില്‍ നനവ് കുറവ്


ഞാനൊരു വീട്ടമ്മയാണ്. 40 വയസ്. രണ്ടു കുട്ടികളുണ്ട്. ഭര്‍ത്താവിന് 45 വയസ്. അടുത്ത കുറച്ചുകാലമായി എനിക്ക് സെക്‌സിനോട് താല്‍പര്യം തോന്നുന്നില്ല. യോനിയില്‍ നനവ് ഉണ്ടാകുന്നില്ല. ഇതുമൂലം സെക്‌സ് വേദനാജനകമാണ്. ഭര്‍ത്താവിനോട് ഇക്കാര്യം തുറന്നു പറഞ്ഞു. ഡോക്ടറെ കാണാനിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഹോര്‍മോണ്‍ വ്യതിനാനം മൂലം ഇത്തരം മാറ്റം ഉണ്ടാകുമോ?
----- പി.ജെ , പോത്തന്‍കോട്

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം യോനിയില്‍ നനവ് കുറയാന്‍ സാധ്യതയുണ്ട്. വേദനയുള്ളതുകൊണ്ടും സെക്‌സിനോട് താല്‍പര്യക്കുറവുള്ളതുകൊണ്ടും യോനിയില്‍ വരള്‍ച്ച ഉണ്ടാകാം.

പങ്കാളികള്‍ ഇരുവര്‍ക്കും സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കുന്നതും ലൈംഗികപൂര്‍വ രതിക്ക് കൂടുതല്‍ സമയം നല്‍കുന്നതും സെക്‌സിനോടുള്ള താല്‍പര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. യോനിയില്‍ നനവ് കുറവുള്ളവര്‍ക്ക് പ്രത്യേക ലൂബ്രിക്കന്റ്‌സ് മെഡിക്കല്‍ ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭ്യമാണ്.

മുലഞെട്ടിലെ ചര്‍മ്മം ഇളകുന്നു


മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്. എനിക്ക് 25 വയസ്. പെണ്‍കുഞ്ഞാണ്. പതിനാലു ദിവസം നേരത്തെയായിരുന്നു പ്രസവം. സിസേറിയനായിരുന്നു. എന്റെ മുലഞെട്ടിലെ ചര്‍മ്മം ഇളകി പോകുന്നു. ഇതുമൂലം കുഞ്ഞിന് മുല കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. മുലപ്പാല്‍ പ്രത്യേകം ശേഖരിച്ച് കുഞ്ഞിന് കൊടുക്കുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് മുലഞെട്ടിലെ ചര്‍മ്മം ഇളകുന്നത്. ഈ അവസ്ഥയില്‍ കുഞ്ഞിന് നേരിട്ട് പാല്‍ നല്‍കുന്നത് ഉചിതമാണോ?
----- അനുപമ ,തൊടുപുഴ

മുലഞെട്ട് വരണ്ടുപോകുന്നതുകൊണ്ടും കുഞ്ഞിന് പാല് കൊടുക്കുന്ന രീതി ശരിയല്ലാത്തതുകൊണ്ടുമാണ് മുലഞെട്ടില്‍ മുറിവുണ്ടാകുന്നത്. കുഞ്ഞ് പാലു കുടിക്കുമ്പോള്‍ ചുറ്റുമുള്ള കറുത്ത ഭാഗത്തിന്റെ പകുതിയെങ്കിലും കുഞ്ഞിന്റെ വായയുടെ ഉള്ളില്‍ ഉണ്ടാകണം.

എങ്കില്‍ മാത്രമേ കുഞ്ഞിന് ശരിയായി പാല്‍ ലഭിക്കുകയുള്ളൂ. ഇല്ലെങ്കില്‍ കുഞ്ഞു കൂടുതല്‍ ശക്തിയില്‍ വലിക്കുമ്പോള്‍ മുലഞെട്ട് പൊട്ടാനിടവരും.

ശരിയായ രീതിയില്‍ കുഞ്ഞിനെ കുടിപ്പിക്കുകയും വരണ്ടു പോകാതിരിക്കാനുള്ള ലേപനങ്ങളോ, അവസാനം വരുന്ന പാലോ പുരട്ടി മുലഞെട്ട് നനവുള്ളതാക്കി വയ്ക്കുകയും വേണം. ഉണങ്ങിയ ശേഷം കുഞ്ഞിന് നേരിട്ട് പാല്‍ കൊടുക്കുന്നതാണ് നല്ലത്. അതുവരെ ഡോക്ടറുടെ നിര്‍ദേശപ്രകാരം സിലിക്കോണ്‍ നിപ്പിള്‍ ഉപയോഗിക്കാം.

തുടര്‍ച്ചയായി ആര്‍ത്തവം നീട്ടിവയ്ക്കുമ്പോള്‍


ഞാനൊരു എയര്‍ ഹോസ്റ്റസ് ആണ്. 24 വയസ്. ജോലിയെ ബാധിക്കാത്ത വിധം ആര്‍ത്തവം നീട്ടിവയ്ക്കാന്‍ ഞാന്‍ ഗുളിക കഴിക്കാറുണ്ട്. ഇപ്പോള്‍ രണ്ടുവര്‍ഷമായി ഗുളിക കഴിക്കാറുണ്ട്. ഇങ്ങനെ തുടര്‍ച്ചയായി ഗുളിക കഴിക്കുന്നത് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമോ? വിവാഹശേഷം കുട്ടികള്‍ ഉണ്ടാകാന്‍ ഇതു കാരണമാകുമോ?
----- എന്‍.വി, തിരുവനന്തപുരം

നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകളുടെ ശരിയായ വ്യതിയാനങ്ങളിലൂടെയാണ് കൃത്യമായ ആര്‍ത്തവചക്രമുണ്ടാകുന്നത്.

എല്ലാ മാസവും ഗുളികകള്‍ കഴിച്ച് ഇതില്‍ വ്യത്യാസം വരുത്തിയാല്‍ കൃത്യമല്ലാത്ത ആര്‍ത്തവം, അമിത രക്തസ്രാവം അണ്ഡോല്‍പാദന തകരാറുകള്‍ എന്നിവ വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഇതുപോലെയുള്ള ഗുളികകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.

ഡോ. ദിവ്യ ജോസ്
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
സൈമര്‍ ഹോസ്പിറ്റല്‍,കൊച്ചി

Ads by Google
Ads by Google
Loading...
TRENDING NOW