Sunday, July 14, 2019 Last Updated 50 Min 24 Sec ago English Edition
Todays E paper
Ads by Google
ശ്രീപാര്‍വതി
ശ്രീപാര്‍വതി
Saturday 28 Apr 2018 09.22 AM

അങ്കിൾ പറയുന്ന യാഥാർഥ്യം!

ഷട്ടറിനു ശേഷം ജോയ് മാത്യു എന്ന തിരക്കഥാകൃത്തിൽ നിന്നും സിനിമാ പ്രണയികൾ ഏറെ പ്രതീക്ഷിച്ചിരുന്നു. ആ തിരക്കഥ ഇത്തവണയും പാളിയില്ല, സൂക്ഷമമായ പല ചലനങ്ങളും ആ വരികളിൽ എഴുതി ചേർക്കപ്പെട്ടിരുന്നു. അത് തന്നെയാണ് അങ്കിൾ എന്ന സിനിമയുടെ മികവ്.
uploads/news/2018/04/212635/6.jpg

പരാജയപ്പെട്ട ഒരു നടനായി തീർന്നിരുന്നു മമ്മൂട്ടി എന്ന മഹാനടൻ. ആരാധകരുടെ പിന്ബലത്തിൽ മാത്രം മുന്നോട്ടു ഓരോ ചിത്രങ്ങളിലും നടിച്ചു പോകുമ്പോൾ പലപ്പോഴും തോന്നിയിട്ടുള്ളത് അത് അദ്ദേഹത്തിന്റെ അമിതമായ സിനിമ എന്ന ഭ്രമത്തിന്റെ പുറത്തുള്ള യാത്രയാണെന്നാണ്. മഹാനടനായിട്ടും സിനിമയോടുള്ള അദ്ദേഹത്തിന്റെ വൈകാരികത അമിതമാണ്, അതൊരുതരം വൈറസ് പോലെ ബാധിച്ചു അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നു. അവിടെ ആരാധകരോ, അഭിപ്രായങ്ങളോ മമ്മൂട്ടി എന്ന മഹാനടനെ തെല്ലും ബാധിക്കാറില്ല. പക്ഷെ ആ യാത്രകളിൽ ഇടയ്ക്കെങ്കിലും അദ്ദേഹത്തെ തേടി ചില മികച്ച കഥാപാത്രങ്ങളെത്തുന്നു. അത്തരത്തിൽ ഒന്ന് തന്നെയാണ് അങ്കിൾ എന്ന ഗിരീഷ് ദാമോദർ ചിത്രം എന്ന് സംശയമില്ലാതെ പറയാം. ഒരുപക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ നവാഗതരായ സംവിധായകരുടെ കൂടെ ജോലി ചെയ്ത നടൻ മമ്മൂട്ടി തന്നെയാകും. അത്തരത്തിലൊരു പേരാണ് ഗിരീഷ് ദാമോദറിന്റേതും. ഊട്ടിയിൽ എഞ്ചിനീയറിങ് പഠിക്കുന്ന ശ്രുതി എന്ന പെൺകുട്ടിയുടെ രണ്ടു ദിവസത്തേക്കുള്ള കാവൽ മാലാഖയാണ് കെ കെ എന്ന കൃഷ്ണകുമാർ. സുഹൃത്തുക്കൾക്ക് തീരെ നല്ല അഭിപ്രായമില്ലാത്ത കെ കെ ആളൊരു ശ്രീകൃഷ്ണനാണ്. പെൺകുട്ടികളെ ഒട്ടും വെറുതെ വിടാത്ത ഒരു വിഷയലമ്പടൻ. ആ വ്യക്തിയുടെ കൂടെ സ്വന്തം മകൾ യാത്ര ചെയ്യുന്നതിന്റെ ആധിയിൽ ഒരച്ഛൻ, ഒടുവിൽ അവരുടെ യാത്രകളിലെ അസാധാരണമായ വഴിത്തിരിവുകൾ, അവർ കാണുന്ന മനുഷ്യർ, അവരോടു സമൂഹം ഇടപെടുന്ന വിധം ഇതൊക്കെയാണ് അങ്കിൾ സംസാരിക്കുന്നത്.

അങ്കിൾ ഒരു തികഞ്ഞ സ്ത്രീപക്ഷ സിനിമയാണ്. ജോയ് മാത്യു എന്ന എഴുത്തുകാരന്റെ ആർജ്ജവം അത്രയും പ്രകടമായ തിരക്കഥ. അത് പറഞ്ഞു പോകുന്ന വഴികളത്രയും സുതാര്യമാണ്, ഓരോ ഇടത്തും അവ കറങ്ങി തിരിഞ്ഞെത്തുന്നത് പെണ്ണിന്റെ അസ്വാതന്ത്ര്യങ്ങളിലേയ്ക്കും അവൾ കാരണം ചുളിയുന്ന മുഖങ്ങളിലേയ്ക്കുമാണ്. ജോയ് മാത്യുവിന്റെ നാടകങ്ങളിൽ മനോഹരമായി അവതരിപ്പിക്കപ്പെടുന്ന സ്ത്രീ പ്രാമുഖ്യവും പൊളിറ്റിക്കൽ സറ്റയറും വളരെ മനോഹരമായി അങ്കിളിൽ ഇഴ ചേർന്ന് കിടപ്പുണ്ട്. അതൊരിക്കലും അമ്പരപ്പിക്കുന്നില്ല, കാരണം ആക്ഷേപ ഹാസ്യങ്ങൾ തുറന്ന മനസ്സോടെ സംസാരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന സിനിമാക്കാരനായ എഴുത്തുകാരനാണ് ജോയ് മാത്യു. സിനിമയിലെ ജോയ് മാത്യു അവതരിപ്പിക്കുന്ന വിജയൻ എന്ന കഥാപാത്രത്തിന്റെ പേര് പോലും അവതരിപ്പിക്കപ്പെടുന്ന വളരെ രസകരമായ ഒരു തലമുണ്ട്, അത് തന്നെയാണ് ഈ ചിത്രത്തിന്റെ സൂക്ഷ്മമായ ആസ്വാദനം. പക്ഷെ ഏറ്റവും വ്യത്യസ്തമാവുക ഇത്തരം സറ്റയറുകൾ ഉപയോഗിച്ചിരിക്കുന്നത് എപ്പോഴും വാചാലരാകുന്ന പുരുഷന്മാരുടെ വാക്കുകളിലല്ല, മറിച്ചു വെറും വീട്ടമ്മയെന്നു കരുതി മാറ്റി വായിക്കപ്പെടുന്ന ഒരു സ്ത്രീയിലൂടെയാണ് എന്നതാണ്. ഇവിടെ അവൾ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്നവളാണ് , ബ്ലാക്ക് ഹ്യൂമറുകളെ മനസ്സിലാക്കാൻ കെൽപ്പുള്ളവളാണ്. അതുകൊണ്ടു തന്നെ അങ്കിൾ എന്ന ചിത്രത്തെ ഒരു രണ്ടാം കാഴ്ചയിൽ ആഴമേറെയുള്ള ഒരു സ്ത്രീപക്ഷ സിനിമയായി വ്യാഖ്യാനിക്കാം.

ശ്രുതി എന്ന പെൺകുട്ടി അവളുടെ അച്ഛന്റെ സുഹൃത്തായ കെ കെയോടൊപ്പം ഊട്ടിയിൽ നിന്നും കോഴിക്കോട് വരെ അയാളുടെ കാറില്‍ ഒരു രാവും പകലും സഞ്ചരിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. അത്തരമൊരു യാത്രയിൽ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ത്രില്ലിംഗ് ആയ നിമിഷങ്ങൾ സിനിമയ്ക്കുണ്ട്. കെ കെയെ അത്രത്തോളം വിശ്വസിക്കാമോ എന്ന് സംശയമുള്ള ശ്രുതി ഏതൊരു പെൺകുട്ടിയെ പോലെയും ഇന്നത്തെ കാലത്തിന്റെ ചങ്കൂറ്റമുള്ള പെൺകുട്ടിയാണ്. പക്ഷെ സ്വാഭാവികമായും ഒറ്റപ്പെടുന്ന അവസ്ഥകളിൽ അവൾ ഭയപ്പെടുന്നുണ്ട്, അയാളെ അവൾ പലപ്പോഴും സംശയത്തോടെയും ഭീതിയുടെയും നോക്കുന്നുണ്ട്. കെ കെ വഴിയിൽ നടത്തിയ പല പ്രവൃത്തികളും ചങ്കിടിപ്പോടെ മാത്രമേ കാഴ്ചക്കാർക്ക് അണ്ടിരിക്കാനാകൂ. ഒരുപക്ഷെ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനെക്കാൾ കൂടുതൽ ആധി പിടിച്ചിരിക്കുന്നത് ശ്രുതിയുടെ അച്ഛൻ തന്നെയാണ്. കെ കെയെ കുറിച്ച് അയാളുടെ സ്ത്രീ വിഷയ സ്വഭാവത്തെ കുറിച്ച് നന്നായി അറിഞ്ഞിട്ടും അയാളുടെ കൂടെയുള്ള മകളുടെ യാത്രയെ ഒരു കാരണവശാലും തടയാൻ കഴിയാത്ത ഒരു അച്ഛന്റെ സ്വാഭാവികമായ ഭീതി എത്രമാത്രം അച്ഛന്മാരുടെയും അമ്മമാരുടെയും മുഖത്ത് നിത്യവും കാണുന്നതാണ്! ഉറങ്ങാനാകാതെ പതറി പതറി , ഒന്നിലും ശ്രദ്ധ കൊടുക്കാനാകാതെ ഓരോ നിമിഷവും തള്ളി നീക്കുമ്പോൾ അസുഖകരമായ ഒരു വാർത്ത ഒരിക്കലും കേൾക്കല്ലേയെന്നു ഓരോ പെൺകുട്ടിയുടെയും മാതാപിതാക്കൾ ഓരോ സമയവും ആഗ്രഹിക്കുന്നുണ്ട്, അത്തരമൊരു പ്രാർത്ഥന ഈ ചിത്രത്തിലുണ്ട്. അത് ഓരോ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനയാണ്. വിജയന്റെയും അയാളുടെ ഭാര്യയുടെയും മുഖങ്ങൾക്കും ആ സാമ്യമുണ്ട്!

വർഷങ്ങൾക്കിപ്പുറമാകും ഇത്രമേൽ സൂക്ഷ്മമായ ഭാവങ്ങൾ ഒളിപ്പിക്കപ്പെട്ട ഒരു മമ്മൂട്ടി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്! മുന്നറിയിപ്പിൽ പോലും അവസാന നിമിഷം മാത്രം പുറത്തെത്തുന്ന ഭ്രമിപ്പിക്കുന്ന ഭാവങ്ങൾ അങ്കിളിൽ ഉടനീളമുണ്ട്. വിഷയലമ്പടനായ ഒരു പുരുഷന്റെ ഭാവങ്ങളിൽ നിന്നും നിസ്സംഗനായ, നിസ്സഹായനായ ഒരു പുരുഷന്റെ അവസ്ഥയിലേക്കുള്ള ഭാവമാറ്റങ്ങൾ വളരെ സൂക്ഷ്മമാണ്. കഥയറിയുന്ന, അത് എങ്ങനെ അവതരിപ്പിക്കണമെന്നറിയുന്ന ഒരു സംവിധായകന്റെ മുന്നിലെത്തുമ്പോൾ എങ്ങനെയാണ് മമ്മൂട്ടിയെ പോലെയൊരു മഹാനടൻ അഭിനയ മികവ് കാണിക്കുന്നതെന്ന് അങ്കിൾ വെളിപ്പെടുത്തും. ഗിരീഷ് ദാമോദർ എന്ന നവാഗത സംവിധായകന് ഇക്കാര്യത്തിൽ തീർച്ചയായും അഭിമാനിക്കാം. സദാചാരത്തിന്റെ കറുത്ത ചിറകുകൾ വിരുത്തി പറക്കുന്ന ഒരുകൂട്ടം മനുഷ്യരെ കണക്കറ്റു പരിഹസിക്കുന്നുണ്ട് ഈ സിനിമ. ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചു നടന്നാലോ യാത്ര ചെയ്താലോ തകർന്നു വീഴുന്ന ഒന്നല്ല സ്ത്രീത്വം എന്ന് ഈ സിനിമ പറയുന്നു. തകർന്നു പോകുന്നത് മാനുഷികമായ ചില അവസ്ഥകളാണ് , ആദിവാസിയായ മധുവിന്റെ മരണ മുഖത്തെ സെൽഫി ചിത്രങ്ങളും വഴിയരികിൽ രക്തമൊലിച്ചു കിടക്കുന്ന അപകടത്തിൽ പെട്ടവന്റെ രക്ത ചിത്രങ്ങളുമൊക്കെ വൈറലാക്കപ്പെടുമ്പോൾ നഷ്ടപ്പെട്ടു പോകുന്നതും അതെ മാനുഷിക മുഖങ്ങൾ തന്നെയാണ്. ആ വൃത്തികെട്ട സൈക്കോ-മെന്റാലിറ്റിയിലേക്കാണ് ഈ ചിത്രത്തിലെ പല വാചകങ്ങളും വന്നു വീഴുന്നത്. പക്ഷെ അത് ഉറക്കെ സമൂഹത്തിന്റെ മുഖത്ത് നോക്കി പറയുന്നത് ഒരു സ്ത്രീയാകുമ്പോൾ അവിടെ കയ്യടി ഉറപ്പായും ഉണ്ടാകണം. കാരണം അവൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് അവൾ തന്നെയാകുന്നു.

uploads/news/2018/04/212635/5.jpg

പിങ്ക് എന്ന സിനിമയിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രം പറഞ്ഞതും ക്വീൻ എന്ന ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച കഥാപാത്രം പറഞ്ഞതും കൈയടിയോടെയാണ് വരവേറ്റത്, അതെ കാര്യം ഒരു സ്ത്രീ പറയുമ്പോൾ അതിനു അതിനേക്കാൾ ആയിരം മടങ്ങു ഊർജ്ജത്തോടെ തന്നെ കയ്യടിക്കണം. കാരണം സദാചാര വിഷയത്തിൽ ഏറ്റവും കൂടുതൽ ഇരയാക്കപ്പെട്ടതും കുറ്റവാളിയാക്കപ്പെട്ടതും വൈറലാക്കപ്പെട്ടതും അവൾ തന്നെയാണ്.! അതുകൊണ്ടു തന്നെ മറ്റാര് പറയുന്നതിനേക്കാളും ഊർജ്ജം അവൾ പറയുന്നതിനുണ്ടാകും! അഭിനയം ഭ്രമായി കൊണ്ട് നടക്കുന്ന, അമിതമായ വൈകാരികതയും ജീവിതവുമായി കൊണ്ട് നടക്കുന്ന മമ്മൂട്ടി എന്ന മെഗാതാരത്തിന്റെ താരജാഡകൾ തെല്ലുമില്ലാത്ത ഒരു ചിത്രമെന്ന നിലയിൽ അങ്കിൾ വിസ്മയിപ്പിക്കും. പക്ഷെ ഇതിലെ പ്രധാന കഥാപാത്രം ഒരു സ്ത്രീയാണ്, അതാരാണെന്നത് തികച്ചും സസ്പെൻസ്.കഥാവസാനം മാത്രം വെളിപ്പെടുന്ന മികച്ച സസ്പെൻസ്. അപ്രതീക്ഷിതമായ സന്ദർഭങ്ങളിലൂടെയാണ് പലപ്പോഴും ഇതിലെ ഓരോ കഥാപാത്രങ്ങളും സഞ്ചരിക്കുന്നത്. ട്രാവൽ മൂവിയായ അങ്കിൾ വയനാടൻ കാടുകളുടെ വന്യതയും എടുത്തു കാണിക്കുന്നുണ്ട്. സി ഐ എ എന്ന ചിത്രത്തിന് ശേഷം കാർത്തിക മുരളീധരന്റെ രണ്ടാമത്തെ ചിത്രമാണ് അങ്കിൾ. ഒറ്റയ്ക്കായി പോകുന്ന ഒരു പെൺകുട്ടിയുടെ വിഹ്വലതകൾ പലപ്പോഴും മനോഹരമായി പറഞ്ഞത് കാർത്തികയുടെ കണ്ണുകളും ചുണ്ടുകളുമായിരുന്നു. ഓരോ പെൺകുട്ടിയും കടന്നു പോകുന്ന യാത്രകളാണ് ശ്രുതി നടത്തുന്നതെന്ന് അവളുടെ കണ്ണുകൾ പലപ്പോഴും വെളിപ്പെടുത്തുന്നുണ്ടായിരുന്നു.

മുത്തുമണിയുടെ 'അമ്മ വേഷം നാളുകൾക്കു ശേഷം എടുത്തു പറയേണ്ടതായി. അനാവശ്യമെന്നു ആദ്യ കാഴ്ചയിൽ തോന്നുന്ന ചില കഥാപാത്രങ്ങൾ കഥാവസാനം അപ്രതീക്ഷിതമായ വഴിത്തിരിവുകൾ കഥയുടെ ഘടനയ്ക്ക് ഉണ്ടാക്കുന്നത് അതിശയത്തോടെ കാണാം. അത് തിരക്കഥയുടെ മികവ് തന്നെ. ഷട്ടറിനു ശേഷം ജോയ് മാത്യു എന്ന തിരക്കഥാകൃത്തിൽ നിന്നും സിനിമാ പ്രണയികൾ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്നു പലപ്പോഴും വന്ന ട്രോളുകൾ സാക്ഷിയാണ്. ആ തിരക്കഥ ഇത്തവണയും പാളിയില്ല, സൂക്ഷമമായ പല ചലനങ്ങളും ആ വരികളിൽ എഴുതി ചേർക്കപ്പെട്ടിരുന്നു. അത് തന്നെയാണ് അങ്കിൾ എന്ന സിനിമയുടെ മികവ്.

Ads by Google
Ads by Google
Loading...
TRENDING NOW