Wednesday, November 07, 2018 Last Updated 33 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 27 Apr 2018 07.47 PM

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേയ്ക്ക് എത്തിയത് നാലരലക്ഷം കോടി രൂപ, ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ വിപണിയായി ഇന്ത്യ

uploads/news/2018/04/212465/7.jpg

ന്യൂഡല്‍ഹി : ലോകത്തിന്റെ തൊഴില്‍വിപണിയായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ലോകത്തേറ്റവും കൂടുതല്‍ പ്രവാസി പൗരന്മാരുള്ള രാജ്യമാണ് ഇന്ത്യ. ഏതുരാജ്യത്തു ചെന്നാലും അവിടെ ഇന്ത്യക്കാരുണ്ടാകും. ഏറെക്കാലമായി വിദേശപണമെത്തുന്ന രാജ്യങ്ങളുടെ നിരയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍, അടുത്തകാലത്ത് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. 2017-ല്‍ ഈ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ഇന്ത്യയിലേക്ക് അക്കൊല്ലം എത്തിയത് നാലരലക്ഷം കോടി രൂപയാണെന്ന് ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വിദേശത്തുനിന്നുള്ള പണംവരവില്‍ 9.9 ശതമാനത്തിന്റെ വര്‍ധനവാണ് 2017-ല്‍ രേഖപ്പെടുത്തിയത്. ഇതോടെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനവും ഇന്ത്യ തിരിച്ചുപിടിച്ചതെന്ന് ലോകബാങ്കിന്റെ മൈഗ്രേഷന്‍ ആന്‍ഡ് റെമിറ്റന്‍സ് ഔട്ട്ലുക്ക് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്. ഇന്ത്യയില്‍നിന്ന് പുറത്തേയ്ക്ക് പണം പോകുന്നതിലും സമാനമായ വര്‍ധനയുണ്ടായിട്ടുണ്ട്. 2017-ല്‍ ഇന്ത്യയില്‍നിന്ന് പുറത്തേക്ക് പോയത് 38,000 കോടി രൂപയാണ്. ഇന്ത്യയില്‍ ജോലി ചെയ്ത് പണം നാട്ടിലേക്കയക്കുന്നവരില്‍ ഏറെയും തൊട്ടയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതിലേറെയും ബംഗ്ലാദേശികളാണ്. പുറത്തേക്ക് പോകുന്ന 38,000 കോടിയുടെ 71 ശതമാനവും (ഏകകദേശം 26,500 കോടി രൂപ) ബംഗ്ലാദേശിലേക്കാണ് എത്തുന്നത്. നേപ്പാളിലേക്ക് 6643 കോടി രൂപയും ശ്രീലങ്കയിലേക്ക് 3300 കോടി രൂപയും 2017ല്‍ പോയതായി ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗള്‍ഫ് രാജ്യങ്ങളാണ് ഇപ്പോഴും ഇന്ത്യയിലേക്കെത്തുന്ന വിദേശപണത്തിന്റെ മുഖ്യസ്രോതസ്. അതില്‍ത്തന്നെ യുഎഇയാണ് ഒന്നാമത്. ഇന്ത്യയിലേക്കെത്തുന്ന പണത്തിന്റെ 20 ശതമാനവും യു.എ.ഇയില്‍നിന്നാണ്. 2017-ല്‍ അവിടെനിന്ന് ഇന്ത്യയിലെത്തിയത് 91,681 കോടി രൂപയാണ്. 17 ശതമാനം വിദേശപണവുമായി അമേരിക്കയിലെ പ്രവാസികള്‍ രണ്ടാം സ്ഥാനത്തുണ്ട്. അമേരിക്കയില്‍ നിന്ന് 2017-ല്‍ 77,729 കോടി രൂപയെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി അറേബ്യ (74,407 കോടി രൂപ), കുവൈറ്റ് (30,560 കോടി രൂപ), ഖത്തര്‍ (27,238 കോടി രൂപ) എന്നീ രാജ്യങ്ങളിലെ പ്രവാസികളും ഇന്ത്യയിലേക്കെത്തുന്ന വിദേശപണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഇന്ത്യയിലേക്കെത്തുന്ന ആകെ വിദേശപണത്തിന്റെ 55.6 ശതമാനവും സംഭാവന ചെയ്യുന്നത് ഗള്‍ഫ് മേഖലയിലെ ആറ് രാജ്യങ്ങളില്‍ നിന്നാണ്. എല്ലാ മേഖലയിലും മിക്കവാറും രാജ്യങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യമുണ്ട്. അതുകൊണ്ടാണ് വിദേശത്തുനിന്നുള്ള പണംവരവില്‍ ഇന്ത്യ മുന്നിട്ടുനില്‍ക്കുന്നതും. ലോകത്താകെയുള്ള വിദേശവരുമാനത്തിന്റെ 11.2 ശതമാനത്തോളമാണ് 2017-ല്‍ ഇന്ത്യയിലേക്ക് എത്തിയത്.

സമീപകാലത്ത് ഇന്ത്യയില്‍നിന്ന് ഒന്നാം സ്ഥാനം തട്ടിയെടുത്ത ചൈന ഇക്കുറി രണ്ടാം സ്ഥാനത്തേക്കുപോയി. നാലേകാല്‍ ലക്ഷം കോടിരൂപയാണ് ചൈനയിലേക്ക് 2017-ല്‍ വിദേശത്തുനിന്നെത്തിയത്. ഫിലിപ്പീന്‍സ് (2.18 ലക്ഷം കോടി രൂപ), മെക്സിക്കോ (രണ്ടുലക്ഷം കോടിരൂപ), ഫ്രാന്‍സ് (1.68 ലക്ഷം കോടിരൂപ) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. 2017ലെ കണക്കനുസരിച്ച് ലോകത്ത് മറ്റുരാജ്യങ്ങളിലായി ജീവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 1.64 കോടിയാണ്. മെക്സിക്കോയിലെ 1.19 കോടി ജനങ്ങളും റഷ്യയിലെ 1.1 കോടി ജനങ്ങളും പ്രവാസികളാണ്. ഒരുകോടി പ്രവാസികളുമായി ചൈന നാലാം സ്ഥാനത്താണ് നില്‍ക്കുന്നത്. ബംഗ്ലാദേശില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരേറെയാണെങ്കിലും ഇതിന് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. നിയമപരമായ കുടിയേറ്റമാണെങ്കില്‍മാത്രമേ, പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ കണക്കുകളും കൃത്യമാകൂ.

Ads by Google
Friday 27 Apr 2018 07.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW