Monday, January 21, 2019 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 27 Apr 2018 03.12 PM

അശ്വതി ഇന്‍ തായ്‌ലന്‍ഡ്

''യാത്രകളെ ഏറെ പ്രണയിക്കുന്ന അവതാരക അശ്വതി ശ്രീകാന്തിന്റെ തായ്ലന്‍ഡ് യാത്രയിലൂടെ...''
uploads/news/2018/04/212432/aswathitrval270418.jpg

കുസൃതിയും കുട്ടിത്തവും വിടാതെ നാടന്‍ഭാഷയില്‍ സംസാരിച്ച്, ചാനല്‍ അവതാരക സങ്കല്പങ്ങളെ മാറ്റിയെഴുതിയ ആങ്കറാണ്് അശ്വതി ശ്രീകാന്ത്. ചെറിയ ചെറിയ മണ്ടത്തരങ്ങളും തമാശകളും കാട്ടി അശ്വതി പ്രേക്ഷകരുടെ വീട്ടിലെ ഒരാളായി മാറി.

എന്നാല്‍ ജീവിതത്തില്‍ അശ്വതി ഇത്തിരി സീരിയസാണ്. ഠ ഇല്ലാത്ത മിട്ടായികള്‍ എന്ന പുസ്തകത്തിലൂടെ എഴുത്തിന്റെ ലോകത്ത് പ്രവേശിച്ചിരിക്കുകയാണ് അശ്വതി.

ഒഴിവുസമയങ്ങളില്‍ യാത്രകളും പുസ്തകവുമാണ് അശ്വതിയുടെ ലോകം. ഇനിയും ഓടി എത്താന്‍ ആഗ്രഹിക്കുന്ന തായ്ലന്‍ഡ് എന്ന സുവര്‍ണ്ണഭൂമിയെക്കുറിച്ച് അശ്വതി.

അത്ഭുതങ്ങളുടെ സുവര്‍ണ്ണഭൂമി


ഒഴിവു കിട്ടിയാല്‍ എവിടെയെങ്കിലും യാത്ര പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഞാനും ശ്രീകാന്തും. നഗരത്തിരക്കുകളേക്കാ ള്‍ പ്രകൃതിയുടെ വിശുദ്ധിയിലേക്ക് നടക്കാനാണ് ഞങ്ങള്‍ക്കിഷ്ടം.

പലയിടങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഇനിയും പോകണമെന്ന് ആഗ്രഹിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് തായ്ലന്‍ഡ്. ഞങ്ങളുടെ ഹണിമൂണ്‍ തായ്ലന്‍ഡിലായിരുന്നു. പിന്നീട് ഒരു വട്ടം കൂടി പോയി. ഫാമിലിയോടൊപ്പമായിരുന്നു ആ യാത്രകള്‍.

ഭര്‍ത്താവിന്റെ അച്ഛന്‍ തായ്ലന്‍ഡിലൊരു കമ്പനിയില്‍ ജോലി ചെയ്യുന്നതിനാല്‍ അച്ഛനും അമ്മയും അവിടെയായിരുന്നു. ആ സമയത്താണ് ഞങ്ങളവിടെ പോകുന്നത്.

പൊതുവേ എല്ലാവര്‍ക്കും ഒരു വിചാരമുണ്ട്. ബാച്ചിലേഴ്സിന് മാത്രം കൂടുതല്‍ എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന സ്ഥലമാണ് തായ്ലന്‍ഡ് എന്ന്. തെറ്റിധാരണ മാത്രമാണത്. തായ്ലന്‍ഡിന് വ്യത്യസ്തമായ, മനോഹരമായൊരു മുഖം കൂടിയുണ്ട്.

പ്രകൃതിയുടെ മനോഹാരിത അറിഞ്ഞ്, കുടുംബവുമൊത്ത് സമയം ചെലവഴിക്കാന്‍ കഴിയുന്ന മനോഹരമായ മറ്റൊരു സ്ഥലമുണ്ടാകില്ല. ഞാന്‍ വീണ്ടും പോകാന്‍ ആഗ്രഹിക്കുന്ന, സുഹൃത്തുക്കളോട് സന്ദര്‍ശിക്കാന്‍ പറയുന്ന സ്ഥലമാണ് തായ്ലന്‍ഡ്.

അവിടുത്തെ കാഴ്ചകളില്‍ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ടൈഗര്‍ ടെമ്പിളാണ്. ബുദ്ധ സന്യാസികള്‍ ഇണക്കി വളര്‍ത്തുന്ന കടുവകളാണവിടെയുള്ളത്. അടുത്ത് ചെന്ന് കാണാം. ഒപ്പമിരുന്ന് ഫോട്ടോയെടുക്കാം. കടുവകള്‍ മനുഷ്യനോട് ഇത്രയും ഇണങ്ങുമോ എന്ന് എനിക്ക് സംശയമായിരുന്നു. അവയൊക്കെ മയങ്ങിക്കിടക്കുന്നതുപോലെയാണ് തോന്നിയത്.

uploads/news/2018/04/212432/aswathitrval270418a.jpg

കുടുംബത്തോടൊപ്പം ഉറപ്പായും പോകേണ്ട മറ്റൊരു സ്ഥലം ഓപ്പണ്‍ സഫാരി ഇന്‍ സൂ പാര്‍ക്കാണ്. സത്യത്തില്‍ അവിടുത്തെ കാഴ്ചകള്‍ കണ്ട് കണ്ണ് തള്ളി നടക്കുമ്പോള്‍ സമയം പോകുന്നതറിയില്ല.

രാവിലെ കാഴ്ചബംഗ്ലാവില്‍ കയറിയാല്‍ വൈകുന്നേരമായാലും അവിടുത്തെ കാഴ്ചകള്‍ കണ്ടു തീരില്ല. ആ മൃഗശാലയില്‍ ഇല്ലാത്ത ജീവികളില്ല, സീല്‍, ഡോള്‍ഫിന്‍, ആന, ഒറാങ്ങുട്ടാങ് എന്നീ മൃഗങ്ങളുടെ ഷോയാണ് മുഖ്യ ആകര്‍ഷണം. ഓരോ ഷോയും വെല്‍പ്ലാന്‍ഡാണ്.

സുവര്‍ണ്ണ ഭൂമി


നമ്മള്‍ മാതൃകയാക്കേണ്ട ഒരുപാട് നല്ല കാര്യങ്ങള്‍ അവിടെയുണ്ട്. എടുത്തുപറയേണ്ടത് സ്വന്തം നാടിനോടും ഭാഷയോടുമുള്ള കൂറാണ്. തായ്ലന്‍ഡ് എന്നാല്‍ മാതൃഭൂമി എന്നാണ് അര്‍ത്ഥം. ഇവിടുത്തെ മാതൃഭാഷ തായ് ആണ്. ഇംഗ്ലീഷറിയാവുന്നവര്‍ വളരെ ചുരുക്കമാണ്.

ചെറുതുരുത്തുകളും കടല്‍ത്തീരങ്ങളും രാജകൊട്ടാരവും പഴമയുടെ അവശിഷ്ടങ്ങളും കലയുടെ ഉത്തമമാതൃകകളും ബുദ്ധക്ഷേത്രങ്ങളും കൊണ്ട് വര്‍ണാഭമായ ഭൂമിയാണ് തായ്‌ലന്‍ഡ്. ഇപ്പോഴും രാജഭരണമാണിവിടെ. ജനപ്രതിനിധികളും രാജാവിനോടൊപ്പം ഭരണത്തില്‍ പങ്കുചേരുന്നു.

അതുകൊണ്ടുതന്നെ ചില നിയമങ്ങള്‍ ഇവിടെ കര്‍ശനമാണ്.
1. പുകവലി അരുത്
2. മാലിന്യം അലക്ഷ്യമായി ഇട്ടാല്‍ പിഴയടയ്ക്കണം
3. അനാവശ്യമായി ഹോണ്‍ മുഴക്കരുത്. എന്നിങ്ങനെ നീളുന്നു.
നഗരത്തിന്റെ വൃത്തി എടുത്തു പറയേണ്ടതാണ്. റോഡില്‍ മഷി ഇട്ടുനോക്കിയാല്‍ പോലും അഴുക്ക്് കണ്ടുപിടിക്കാന്‍ കഴിയില്ല.

മറ്റൊന്ന് സ്ത്രീകളോടുള്ള നല്ല പെരുമാറ്റമാണ്. ഏത് പാതിരാത്രിക്കും സ്ത്രീകള്‍ക്ക് റോഡിലിറങ്ങി നടക്കാം. അവരവരുടേതായ ജോലികളില്‍ മുഴുകുന്നവരെ റോഡിന്റെ ഇരുവശവും കാണാം. അവരില്‍ നിന്നൊന്നും ഒരു തുറിച്ചുനോട്ടം പോലുമുണ്ടാകില്ല. വഴിയരികിലിരുന്ന് മദ്യപിക്കുന്നവര്‍ പോലുമുണ്ട്. അവരും ഒരു തരത്തിലും മറ്റൊരാള്‍ക്ക് ശല്യമുണ്ടാക്കുന്നില്ല. നമ്മുടെ നാട്ടിലാണെങ്കിലോ?

uploads/news/2018/04/212432/aswathitrval270418b.jpg

തായ്‌ലന്‍ഡിനെ അറിയാം


കണ്ട് ആസ്വദിക്കാന്‍ തായ്‌ലന്‍ഡില്‍ ഒട്ടേറെ കാഴ്ചകളുണ്ട്. അവയില്‍ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെക്കുറിച്ച്.

1. പട്ടായ
സെക്സ് ടൂറിസത്തിന് പ്രസിദ്ധം. തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ തെക്ക്്പടിഞ്ഞാറായാണ് പട്ടായ. ബീച്ചുകളും കൃഷിയിടങ്ങളുമാണ് കൂടുതല്‍. പാരാഗ്ലൈഡിങ്ങിനും അണ്ടര്‍ വാട്ടര്‍ കടല്‍യാത്രയ്ക്കും സൗകര്യമുണ്ട്.പട്ടായയില്‍ ഡോള്‍ഫിന്‍ സ്ട്രീറ്റ്, ഗോള്‍ഡന്‍ ബീച്ച് സ്ട്രീറ്റ്, വോക്കിങ് സ്ട്രീറ്റ് എന്നിവയാണ് പ്രധാനപ്പെട്ടവ. റോഡിനിരുവശത്തും കടകള്‍, റസ്‌റ്റോറന്റുകള്‍, മസാജ് പാര്‍ലറുകള്‍, വലിയ മാളുകള്‍, ഹോസ്റ്റ് ബാറുകള്‍, ഗോഗോ ബാറുകള്‍ എന്നിവ കാണാം.

2. ചിയാങ്ങ് റൈ
തായ്ലന്‍ഡിലെ പടിഞ്ഞാറന്‍ നഗരം. ഇവിടെയാണ് രാജ്യത്തെ പ്രധാന വ്യാപാരയിടമായ ഗോള്‍ഡന്‍ ട്രയാംഗിള്‍.

3. പൈ
വടക്കന്‍ പ്രദേശമായ ഈ ഗ്രാമം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു നഗരമാണ്. ട്രക്കിംഗിനും സാഹസികതയ്ക്കും പറ്റിയ ഇടം കൂടിയാണിത്.

4. ഫാനം റംഗ്
കിഴക്ക് പടിഞ്ഞാറന്‍ സ്ഥലമായ ഇവിടം നിര്‍ജീവമായ അഗ്‌നിപര്‍വത പ്രദേശമാണ്. 10ാം നുറ്റാണ്ടിലോ 13ാം നൂറ്റാണ്ടിലോ പണികഴിപ്പിച്ച ഇവിടുത്തെ പ്രശസ്തമായ ശിവ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ആരെയും ആകര്‍ഷിക്കും.

5. റെയലേ
കടല്‍ത്തീരവും അതിനോട് ചേര്‍ന്നുള്ള ട്രക്കിംഗിന് കയറാന്‍ പറ്റിയ മലകളുമാണ് ഈ സുന്ദര സ്ഥലത്തിന്റെ പ്രത്യേകത.

uploads/news/2018/04/212432/aswathitrval270418c.jpg

6. ഖാവോ സോക്ക് നാഷണല്‍ പാര്‍ക്ക്
തായ്ലന്‍ഡിലെ സുന്ദരമായ വനമേഖല. വന്യജീവികള്‍ നിറഞ്ഞ സ്ഥലങ്ങളും, ചെറു തടാകങ്ങളും ചുണ്ണാമ്പുപാറകളും നിറഞ്ഞ പ്രദേശമാണ് ഖാവോ സോക്ക് നാഷണല്‍ പാര്‍ക്ക്.

7. അയുത്തായ
1350 പണികഴിപ്പിച്ച നദീതട നഗരമാണ് അയുത്തത്വ. ഇതൊരു ദ്വീപാണ്. പുരാതനമായ കെട്ടിടങ്ങളും അന്തരീക്ഷവുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

8. കാഞ്ചനാബുരി
പടിഞ്ഞാറന്‍ തായ്ലാന്‍ഡിലെ വെള്ളച്ചാട്ടങ്ങളും വനങ്ങളും നിറഞ്ഞ മേഖലയാണ് കാഞ്ചന്‍ബുരി.

9. ചിയാങ്ങ് മയി
മലകളാല്‍ ചുറ്റപ്പെട്ട ഒരു നഗരം. മനോഹരമായ കാഴ്ചകളും മലകളും ട്രക്കിംഗ് സൗകര്യങ്ങളുമാണ് ഇവിടെയുള്ളത്.

10. തായ്‌ലന്‍ഡ് ദ്വീപുകള്‍
ലോകത്തിലെ മനോഹരമായ ബീച്ചുകള്‍ നിറഞ്ഞ ദ്വീപാണിത്. അതിലൊന്നാണ് കോ ചാങ്ങ് ദ്വീപ്.

11. കോ ചാങ്ങ് ദ്വീപ്
തായ്ലന്‍ഡ് ഉള്‍ക്കടലില്‍, അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന കൊ ചാങ്ങ് ദ്വീപ് സുന്ദരിയായ ഒരു മത്സ്യകന്യകയാണ്. ആന സവാരിയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം.

ഈ കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞ് തായ്‌ലന്‍ഡില്‍ നിന്ന് മടങ്ങാം.

uploads/news/2018/04/212432/aswathitrval270418d.jpg

How to reach


ഐ.ആര്‍.സി.ടി.സി. (ഇന്‍ഡ്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ്)യുടെ കൊച്ചി തായ്‌ലഡ് എയര്‍ പാക്കേജ് ഉപയോഗിക്കാം. കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലെ ഡോണ്‍ മുവാങ്ങ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാന സൗകര്യമുണ്ട്.

ഒരു വ്യക്തിക്ക് 47601 രൂപയാണ് നിരക്ക്. (സീസണനുസരിച്ച് നിരക്ക് വ്യത്യാസപ്പെടാം)മികച്ച ടൂര്‍ പാക്കേജുകള്‍ അറിയാന്‍ makemytrip.com അടക്കമുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Aswathy’s Tips

കോമഡി സൂപ്പര്‍നൈറ്റ്സ് എന്ന പ്രോഗ്രാമിലെ അശ്വതി റൗണ്ട് കണ്ടിട്ടില്ലേ? ഇവിടെയും അശ്വതി പതിവ് തെറ്റിക്കുന്നില്ല. തായ്ലന്‍ഡില്‍ വച്ചുണ്ടായ അനുഭവം പങ്കുവയ്ക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍പ്പെടുത്തുന്നു.

ഒരു ദിവസം പുറത്ത് പോയപ്പോള്‍ ടാക്സി ഒരിടത്ത് പാര്‍ക്ക് ചെയ്തു. പിന്നിലെ സീറ്റില്‍ നിന്നിറങ്ങാനായി ഡോര്‍ തുറന്നതും ഒരു ബൈക്ക് ടാക്സി ഡോറില്‍ വന്നിടിച്ചു.

ഞങ്ങളുടെ തെറ്റല്ല, അയാള്‍ റോങ് സെഡിലാണ് വന്നത്. ഞങ്ങളുടെ ഡ്രൈവര്‍ക്കോ ബൈക്കിലുള്ളവര്‍ക്കോ ഇംഗ്ലീഷറിയില്ല. ഞങ്ങള്‍ക്കാകട്ടെ ഇംഗ്ലീഷും മലയാളവുമല്ലാതെ അറിയില്ല.

എട്ടിന്റെ പണി കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ, അവര്‍ പണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഉടനെ ടൂറിസ്റ്റുകളുടെ സഹായത്തിനായുള്ള പോലീസെത്തിയെങ്കിലും അവര്‍ക്കും ഇംഗ്ലീഷറിയില്ല.

ഞങ്ങള്‍ക്ക് പറയാനുള്ളതൊന്നും അവര്‍ കേട്ടില്ലെന്ന് മാത്രമല്ല പാസ്പോര്‍ട്ട് വാങ്ങി വയ്ക്കുകയും ചെയ്തു. കിളി പോയ അവസ്ഥയിലായി ഞങ്ങള്‍. അവസാനം അച്ഛന്‍ തായ് ഭാഷ അറിയാവുന്ന ആരെയോ കൊണ്ടുവന്ന് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. പണം കൊടുത്ത് പ്രശ്നം ഒത്തുതീര്‍പ്പാക്കിയ ശേഷമാണ് പാസ്പോര്‍ട്ട് തിരികെ കിട്ടിയത്.

uploads/news/2018/04/212432/aswathitrval270418e.jpg

എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില ചെറിയ ടിപ്‌സുകള്‍ തരാം......

1. മറ്റൊരു രാജ്യത്ത് പോകുമ്പോള്‍ കഴിവതും ആ നാട്ടിലുള്ളവരുമായി ഒരു പ്രശ്നവുമുണ്ടാക്കരുത്.
2. പണം കൊടുത്ത് തീര്‍ക്കാവുന്ന പ്രശ്നങ്ങളില്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് പണം നല്‍കി പ്രശ്നം പരിഹരിക്കുക.
3. ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം, പാസ്പോര്‍ട്ടാകട്ടെ, മറ്റ് രേഖകള്‍ എന്തുമാകട്ടെ, അവയൊന്നും അപരിചിതരുടെ കൈയില്‍ കൊടുക്കരുത്.
4. ഇന്ത്യക്കാര്‍ക്കിഷ്ടപ്പെടുന്ന ഒട്ടേറെ സ്വാദിഷ്ഠ വിഭവങ്ങള്‍ ഇവിടെയുണ്ട്. പക്ഷേ അതേക്കുറിച്ചറിയാവുന്ന ആരോടെങ്കിലും ചോദിച്ച് മനസിലാക്കണമെന്ന് മാത്രം. ഇല്ലെങ്കില്‍ പണി പാലുംവെള്ളത്തിലും കിട്ടും.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW