ക്രൈസ്റ്റ് ചര്‍ച്ച്: ലോകത്തെ ഏറ്റവും വലിയ വിനോദസഞ്ചാര മേഖലകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ന്യൂസിലന്റില്‍ വിദഗ്ദ്ധ തൊഴിലുകളുടെ പട്ടികയില്‍ വേശ്യാവൃത്തിയും. പട്ടികയില്‍ പറയുന്ന സ്കില്‍ ലെവല്‍ 5 ല്‍ എത്തിയാല്‍ ലൈംഗികത്തൊഴിലും എസ്കോര്‍ട്ടും ഉയര്‍ന്ന നിലയില്‍ കണക്കാക്കപ്പെടുകയു വേതനത്തില്‍ കാര്യമായ വ്യത്യാസവും വരുമെന്ന ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു. ഈ തൊഴില്‍ സ്വീകരിക്കുന്നവര്‍ക്ക് സെക്കന്ററി വിദ്യാഭ്യാസവും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും വേണമെന്ന് അധികൃതര്‍ പറയുന്നു.
ലൈംഗിക വൃത്തി സ്കില്‍ഡ് വര്‍ക്കേഴ്സ് പട്ടികയില്‍ എത്തിയതോടെ ന്യൂസിലന്റില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീസ അപേക്ഷയിലെ 'തൊഴില്‍ വൈദഗ്ദ്ധ്യം' സംബന്ധിച്ച കോളത്തില്‍ ഇനി 'വേശ്യാവൃത്തി' എന്നോ 'എസ്കോര്‍ട്ട്' എന്നോ രേഖപ്പെടുത്തനാകും. രാജ്യത്ത് തൊഴിലാളി ക്ഷാമമുള്ള തൊഴിലുകളുടെ പട്ടികയില്‍ പക്ഷേ വേശ്യാവൃത്തി ഉള്‍പ്പെട്ടില്ല. അതേസമയം താല്‍ക്കാലിക വിസയില്‍ എത്തി ലൈംഗികത്തൊഴില്‍ എടുക്കാനോ ലൈംഗികവൃത്തി ജോലിയാക്കി റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാനോ ബുദ്ധിമുട്ടായിരിക്കും. അതേസമയം ഇതുവരെ ഈ ജോലിക്കായി ആരെങ്കിലും വിസാ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നതാണ് പ്രത്യേകത.
വേശ്യാവൃത്തി സ്വീകരിച്ചിരിക്കുന്നവര്‍ക്ക് തൊഴിലെടുക്കാന്‍ ഏറ്റവും മികച്ച സാഹചര്യങ്ങള്‍ ഒരുക്കുന്ന രാജ്യങ്ങളില്‍ ഒന്നായ ന്യൂസിലന്റില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് വേശ്യാവൃത്തി തന്നെ കുറ്റകരമല്ല എന്ന നിയമം 2003 ല്‍ പാസ്സാക്കി എടുത്തത്. അനധികൃതമായിരുന്നെങ്കിലും വേശ്യാവൃത്തി വ്യാപകമായി മാറിയതോടെ ലൈംഗികത്തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് വേശ്യാവൃത്തി നിയമപരമായി മാറ്റിയത്. ആന്‍സ്കോ നിയമപ്രകാരം ലെവല്‍ 5 സ്കില്‍ഡ് വിഭാഗത്തില്‍ പെടുന്ന ലൈംഗികത്തൊഴിലാളിക്ക് മണിക്കൂറില്‍ 36.44 ന്യൂസിലന്റ് ഡോളറാണ് കൂലി കണക്കാക്കുന്നത്. അതായത് 40 മണിക്കൂര്‍ കൊണ്ട് ഒരാള്‍ക്ക് 75,795 ഡോളര്‍ കണ്ടെത്താന്‍ കഴിയുമെന്ന് സാരം.
അതേസമയം പുതിയ നിയമത്തിന്റെ ചുവട് പിടിച്ച് വിദേശി ലൈംഗികത്തൊഴിലാളികള്‍ വ്യാപകമായി ഇവിടേയ്ക്ക് വരാന്‍ കാരണമാകുമെന്നും പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നത് വര്‍ദ്ധിക്കാനും കാരണമാകുമെന്നാണ് ഇത്തരം തൊഴിലാളികളുടെ ആശങ്ക. ലൈംഗിക തൊഴിലിന് മാത്രമായുള്ള വിദേശികളുടെ വരവ് കൂടുമെന്നു ലിസാ ലൂയിസ് എന്ന ലൈംഗികത്തൊഴിലാളി പറയുന്നു. വേശ്യാവൃത്തി വൈദഗ്ദ്ധ തൊഴിലില്‍ ഉള്‍പ്പെടുത്തിയ വിവരം ന്യൂസിലന്റില്‍ ഈ തൊഴില്‍ ചെയ്യുന്നവര്‍ക്ക് പോലും അറിയില്ലെന്നും അവര്‍ പറയുന്നു. അതേസമയം താല്‍ക്കാലിക വിസ നല്കി ഏജന്‍സികള്‍ക്കും തങ്ങളുടെ തൊഴിലാളികളെ ന്യൂസിലന്റില്‍ പാര്‍പ്പിച്ച് തൊഴില്‍ ചെയ്യിക്കാനാകില്ല.