Friday, June 28, 2019 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 27 Apr 2018 12.28 AM

ആള്‍ദൈവങ്ങളുടെ സ്വന്തം നാട്‌

'' ലിഗയുടെ ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഓരോ കേരളീയനുമുണ്ട്‌. ആന്‍ഡ്രുവിനെ മാനസികരോഗിയാക്കി നാടുകടത്തിയെന്ന ആരോപണം എന്തും ചെയ്യാന്‍ മടിക്കാത്ത കേരള പോലീസിന്റെ ക്രൂരമുഖം ബോധ്യപ്പെടുത്തുന്നു. ഏതു സര്‍ക്കാരിന്റെ കാലത്തും പോലീസില്‍ മാറ്റമില്ല. ക്രൂരതയുടെ കൊടിക്കു നിറഭേദമില്ല. ''
uploads/news/2018/04/212283/Ligacase270418.jpg

െദെവത്തിന്റെ നാടെന്നു വിളിച്ച്‌ ചിലര്‍ കേരളത്തെ അപമാനിക്കുന്നു; ആള്‍െദെവങ്ങളുടെ നാടെന്നു വിളിക്കേണ്ടതിനു പകരം. കേരളം ദുര്‍മരണങ്ങളുടെ നാടാണ്‌. ആള്‍െദെവങ്ങളുടെ അന്തേവാസിയായി കഴിഞ്ഞ ലിത്വേനിയ സ്വദേശി ലിഗ, ആളൊഴിഞ്ഞ കോവളം തീരത്തെ കണ്ടല്‍ക്കാട്ടില്‍ തല വേര്‍പെട്ട്‌ ജീര്‍ണിച്ചു കാണപ്പെട്ടതോടെ കേരളം കുപ്രസിദ്ധമായി കഴിഞ്ഞു.

കേരളത്തിലെ ഏതെങ്കിലും രാഷ്‌ട്രീയ കക്ഷികളിലോ സമുദായങ്ങളിലോ ഉള്‍പ്പെട്ട ഒരു സ്‌ത്രീയായിരുന്നു കണ്ടല്‍ക്കാട്ടില്‍ പകുതി അഴുകി കിടന്നതെങ്കില്‍ കേരളം കത്തുമായിരുന്നു. വനിതാ നേതാക്കളുടെ ദുഃഖം താങ്ങാനാകാതെ ടെലിവിഷന്‍ സ്‌ക്രീനുകള്‍ പൊട്ടിത്തെറിക്കുമായിരുന്നു. കേരള നിയമസഭയില്‍ രണ്ടു മന്ത്രിമാര്‍ ഉള്‍പ്പടെ ആറു വനിതാ അംഗങ്ങളുണ്ട്‌. ആറു പേരും ഭരണപക്ഷത്ത്‌; ലിഗയ്‌ക്കുവേണ്ടി സ്വന്തം സഹോദരി കേരളം മുഴുവന്‍ പോസ്‌റ്റര്‍ ഒട്ടിച്ചു കരഞ്ഞുനടന്നതു സ്വന്തം മണ്ഡലങ്ങളില്‍ പോസ്‌റ്ററുകള്‍ പതിഞ്ഞിട്ടും ഈ ജനപ്രതിനിധികള്‍ അറിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയില്‍ വല്ല ബലാത്സംഗവും നടക്കുന്നുണ്ടോയെന്ന്‌ അറിയാന്‍ വടക്കോട്ടു വാതിലും തുറന്നിട്ടിരിക്കുകയാണ്‌ കേരളത്തിലെ വനിതാ ജനപ്രതിനിധികള്‍.

പരസ്യമായി മുല കാട്ടി രസിക്കാന്‍, മാറുതുറക്കല്‍ സമരത്തിനാഹ്വാനം ചെയ്‌ത വനിതാ പുലികളുടെ നാടാണ്‌ കേരളം. നടന്‍ ദിലീപ്‌ നടിയെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നു പോലീസുകാര്‍ ആരോപിച്ചത്‌ പത്രത്തില്‍ വായിച്ച്‌ ഇനിമേല്‍ ദിലീപിന്റെ സിനിമകള്‍ കാണില്ലെന്നാക്രോശിച്ച വനിതാ പോരാളികള്‍ക്കു ലിഗയുടെ ജീര്‍ണിച്ച ശരീരം കണ്ടിട്ട്‌ ഒന്നും തോന്നുന്നില്ല. സ്വന്തം സമുദായക്കാര്‍ക്കോ രാഷ്‌ട്രീയക്കാര്‍ക്കോ മേലുവേദനിക്കുമ്പോള്‍ ഇവര്‍ മുദ്രാവാക്യം എഴുതും; ചാനലില്‍ വന്നു ചുമയ്‌ക്കും. ലിഗ കേരളത്തിലെ ഒരു ജാതി രാഷ്‌ട്രീയത്തിലും ഉള്‍പ്പെടുന്നില്ല എന്നതാണ്‌ കേരളത്തിലെ വനിതാ ജനപ്രതിനിധികളുടെയും വിമോചനപോരാളികളുടെയും സ്വത്വ പ്രശ്‌നം.

ജനപ്രതിനിധികള്‍ നിസംഗരാണെങ്കില്‍ പിന്നെ പോലീസിനെമാത്രം എന്തിനു ശപിക്കണം? കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്ന നിലയ്‌ക്ക്‌ അവര്‍ പ്രവര്‍ത്തിച്ചു; അത്രതന്നെ. പഴയ മലയാള സിനിമകളില്‍ എത്ര ലക്ഷം സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്നു കണ്ടുപിടിക്കാന്‍ സമയം കളയുന്ന വിഷാദ ദേവിമാരുടെ നാടാണിത്‌. ജീര്‍ണിച്ച ലിഗയുടെ ജാതിയും രാഷ്‌ട്രീയവും തങ്ങള്‍ക്കു പറ്റുന്നതാണോ എന്നറിയാത്തതു കൊണ്ടാവും ഇവര്‍ മിണ്ടാത്തത്‌.
സ്‌ത്രീകളുടെ ക്ഷേമത്തിന്റെ പേരില്‍ പ്രതിമാസം വന്‍തുക ചെലവാക്കുന്ന വനിതാ കമ്മിഷന്‍ മാത്രമല്ല. സ്‌ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതിയും കേരളത്തിലുണ്ട്‌. ലിഗയുടെ ദുര്‍മരണ വഴി ആള്‍െദെവങ്ങളുടെ പടിക്കലെത്തിയേക്കുമെന്ന ഭയമാകാം ഇവര്‍ക്ക്‌. ആള്‍െദെവങ്ങളുടെ സ്വന്തം നാടിന്‌ ആശംസകള്‍. ലിഗയുടെ സഹോദരി ഇലിസയും ലിഗയുടെ ജീവിത പങ്കാളി ആന്‍ഡ്രൂസും കേരളം മുഴുവന്‍ അലഞ്ഞ വാര്‍ത്തയുടെ ദൃശ്യങ്ങള്‍ ഏതൊരു മലയാളിയുടെയും ഉള്ളിലുണ്ട്‌.

ഇലിസയുടെ അന്വേഷണം സഹോദരസ്‌നേഹത്തിന്റെ സമാനതകളില്ലാത്ത പ്രഖ്യാപനമാണ്‌. കുടുംബബന്ധങ്ങളുടെ പേരില്‍ വ്യാജ സ്വയംസ്‌തുതി നടത്തുന്ന കേരളീയര്‍ക്കുള്ള സന്ദേശം. ഇലീസയുടെ വെളിപ്പെടുത്തല്‍ ലോകം മുഴുവന്‍ അറിയാന്‍ തുടങ്ങിയിരിക്കുന്നു. അവരിങ്ങു തിരികെ വരുമെന്ന ഒഴുക്കന്‍ പോലീസ്‌മറുപടിയില്‍ മലയാളികള്‍ക്കു പുതുമ കാണില്ല. പൗരാവകാശം സംരക്ഷിക്കപ്പെടുന്ന നിയമസംവിധാനം ശക്‌തമായ നാട്ടില്‍നിന്നു വരുന്നവര്‍ക്ക്‌ അഡ്‌ജസ്‌റ്റ്‌മെന്റ്‌ മറുപടിയോടു പൊരുത്തപ്പെടാനാവില്ല.

ലിഗയുടെ ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഓരോ കേരളീയനുമുണ്ട്‌. ആന്‍ഡ്രുവിനെ മാനസികരോഗിയാക്കി നാടുകടത്തിയെന്ന ആരോപണം എന്തും ചെയ്യാന്‍ മടിക്കാത്ത കേരള പോലീസിന്റെ ക്രൂരമുഖം ബോധ്യപ്പെടുത്തുന്നു. ഏതു സര്‍ക്കാരിന്റെ കാലത്തും പോലീസില്‍ മാറ്റമില്ല. ക്രൂരതയുടെ കൊടിക്കു നിറഭേദമില്ല. കണ്ടല്‍കാട്ടില്‍ ശിരസറ്റ്‌ ജീര്‍ണിച്ച പ്രിയപ്പെട്ടവളെ നോക്കി ആന്‍ഡ്രൂസ്‌ എന്ന ദൗര്‍ഭാഗ്യവാന്‍ കുനിഞ്ഞിരിക്കുന്ന കാഴ്‌ച ആള്‍െദെവങ്ങളുടെ നാട്ടിലെ നിരാശ്രയന്റേതാണ്‌. ഇതാ ലോക ടൂറിസം മാപ്പില്‍ കോവളം തെരയുന്നവര്‍ക്കു മുന്നില്‍ പകുതി അഴുകിയ യുവതിയും വിങ്ങിപ്പൊട്ടുന്ന വിദേശിയും.

ബലാത്സംഗത്തിനു വധശിക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം ഉണ്ടാകുന്നു; സമൂഹം പിന്തുണയ്‌ക്കുന്നു. സി.പി.എം. പോളിറ്റ്‌ബ്യൂറോ അംഗം വൃന്ദാ കാരാട്ട്‌ പരസ്യമായി എതിര്‍ക്കുന്നു; ചെറിയ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മുതിര്‍ന്ന സ്‌ത്രീയുടെ ഉത്‌കണ്‌ഠ.

Ads by Google
Ads by Google
Loading...
TRENDING NOW