Friday, May 17, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 26 Apr 2018 03.07 PM

മോനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പറ്റാതെ വരുന്നത് ഒരു സങ്കടം തന്നെയാണ്: ടി. വി അനുപമ ഐ.എ.എസ്.

ആലപ്പുഴ ജില്ലാ കളക്ടര്‍ ടി. വി അനുപമ തന്റെ കുടുംബത്തെക്കുറിച്ചും വിഷു ഓര്‍മകളെക്കുറിച്ചും...
uploads/news/2018/04/212187/tvanupama260418.jpg

സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന... സ്വതന്ത്ര ചിന്താഗതിയുള്ള... അഴിമതിക്കെതിരെ പോരാടുന്ന... കേരളത്തിന്റെ അഭിമാനമായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയാണ് ടി. വി അനുപമ. ഇപ്പോള്‍ ആലപ്പുഴ ജില്ലാ കളക്ടറായ അനുപമയ്ക്ക് നാടിനെക്കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്.

ജോലിത്തിരക്കിനൊപ്പം വീട്ടുകാര്യങ്ങളും ഭംഗിയായി കോര്‍ത്തിണക്കിക്കൊണ്ടുപോകുന്ന നല്ലൊരു കുടുംബിനി കൂടിയാണ് ഈ ഐ.എ.എസുകാരി.

അമ്മൂമ്മയുടെ അനുക്കുട്ടി


വിഷുവോ ഓണമോ ഏത് ആഘോഷമായാലും എന്റെ മനസിലേക്ക് അമ്മൂമ്മ സരോജനിയമ്മയുടെ മുഖമാണ് ആദ്യം ഓടിയെത്തുന്നത്. വാര്‍ധക്യച്ചുളിവുകള്‍ വീണ കവിളുകള്‍ വിരിയിച്ചുള്ള ചിരിയും ആഘോഷങ്ങള്‍ നടത്താനുള്ള ചുറുചുറുക്കും ഇപ്പോഴും അമ്മൂമ്മയ്ക്കുണ്ട്.

മലപ്പുറത്ത് പൊന്നാനിയിലുള്ള ഞങ്ങളുടെ തറവാട്ടിലാണ് എല്ലാക്കൊല്ലവും വിഷു ആഘോഷിക്കുന്നത്. കോളജില്‍ പഠിച്ച കാലയളവൊഴിച്ചാല്‍ ഞാന്‍ എവിടെയായാലും വിഷുവിന് വീട്ടിലെത്തിയിരുന്നു. ഇപ്പോഴും അങ്ങനെതന്നെ.

രണ്ട് വര്‍ഷം മുന്‍പുവരെ അമ്മൂമ്മ തന്നെയാണ് വിഷുക്കണിയൊരുക്കുകയും സദ്യവട്ടം തയാറാക്കുകയും ചെയ്തിരുന്നത്. ഇപ്പോള്‍ വാര്‍ധക്യസഹജമായ അസുഖങ്ങളൊക്കെ ഉളളതുകൊണ്ട് എല്ലാത്തില്‍നിന്നും പിറകോട്ട് നില്‍ക്കുകയാണ് അമ്മൂമ്മ.

കണിയൊരുക്കുന്നതുമാത്രമല്ല, അച്ഛന്റെ വക വിഷുക്കോടിയും അമ്മൂമ്മയുടേയും അമ്മയുടേയും വക ഉഗ്രന്‍ സദ്യയും കൈനീട്ടവുമൊക്കെ സുഖമുള്ള ഓര്‍മയാണ്.

ഞാന്‍ മുതിരുന്നതുവരെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും കൂടെയായിരുന്നു. അതുകൊണ്ട് അവരോട് പ്രത്യേക സ്നേഹമാണ്. ഇപ്പോള്‍ മാസത്തിലൊന്നോ, രണ്ട് മാസം കൂടുമ്പോഴോ ഒക്കെയേ വീട്ടിലെത്താന്‍ കഴിയുന്നുള്ളൂ എന്നൊരു വിഷമം ഉണ്ട്.

കൊന്ന പൊട്ടിച്ച വിഷുക്കാലം


വിഷുക്കാലമാകുമ്പോള്‍ ഓര്‍മകള്‍ കടന്നുചെല്ലുന്നത് ബാല്യത്തിലേക്കുകൂടിയാണ്. ചെറുപ്പത്തില്‍ കണിവയ്ക്കാന്‍ പൂക്കള്‍ തേടി പോകുന്നത് ഞങ്ങള്‍ കുട്ടികളാണ്.

ഒരു വിഷുത്തലേന്ന് ഞാനും അനുജന്‍ ആനന്ദും കൂടി ഒരു സാഹസം ചെയ്തു. അവധി ദിവസമായതുകൊണ്ട് എല്ലാവരും ഉച്ചയുറക്കത്തിലായിരുന്നു. ആ സമയത്ത് ഞങ്ങള്‍ സൈക്കിളുമെടുത്ത് ആരോടും പറയാതെ ദൂരെ ഒരിടത്ത് കണിക്കൊന്നപ്പൂവ് പൊട്ടിക്കാന്‍ പോയി.

uploads/news/2018/04/212187/tvanupama260418a.jpg

ആനന്ദ് മരത്തിന്റെ മുകളില്‍ കയറി പൂവ് അടര്‍ത്തി താഴെയിട്ടുകൊണ്ടിരുന്നപ്പോള്‍ ഞങ്ങളെ കാണാനില്ലെന്നുപറഞ്ഞ് നാട്ടുകാരില്‍ ആരൊക്കെയോ അന്വേഷിച്ച് വന്നു. അന്ന് വീട്ടില്‍നിന്ന് കിട്ടിയ വഴക്കിനും അടിക്കും കണക്കില്ല.

ഞങ്ങളുടെ ഉണ്ണിക്കണ്ണന്‍...


അയാന്‍ പിറന്ന ശേഷമുള്ള രണ്ടാമത്തെ വിഷുവാണിത്. ഇത്തവണയും ഞാനും ഭര്‍ത്താവ് ക്ലിന്‍സനും മകന്‍ അയാനും പൊന്നാനിയിലെ തറവാട്ടിലാണ് വിഷു ആഘോഷിക്കുന്നത്. അവനെ കണ്ണുപൊത്തി കണികാണിക്കാന്‍ പോകുന്ന ത്രില്ലിലാണ് എന്റെ അമ്മ രമണി.

അമ്മ ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗസ്ഥയാണ്. ജോലിയുള്ളതുകൊണ്ട് എന്റേയും കുഞ്ഞിന്റെയും കൂടെ വന്ന് നില്‍ക്കാന്‍ പറ്റാത്ത വിഷമമുണ്ട്. അതുകൊണ്ട് ഞങ്ങള്‍ വീട്ടില്‍ ചെന്നുനില്‍ക്കുമ്പോള്‍ മോനോടൊപ്പം ചെലവഴിക്കുന്ന സമയമാണ് അമ്മയുടെ വലിയ സന്തോഷം.

ഓടിയെത്താന്‍ കൊതിക്കും...


ജോലിയും വീടും എല്ലാംകൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ കുറച്ച് പ്രയാസമാണ്. അക്കാര്യത്തില്‍ ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യേണ്ടിവരും. വീട്ടിലിരിക്കുന്ന സമയം വളരെ കുറവാണ്. അതിന്റെ വിഷമങ്ങളുണ്ട്.

കഴിയുന്നതും ഓഫീസ് ജോലി തീര്‍ത്ത് എട്ട് മണിയാകുമ്പോഴെങ്കിലും വീട്ടിലേക്ക് വരാന്‍ നോക്കാറുണ്ട്. ജോലിയുടെ ടെന്‍ഷനും കാര്യങ്ങളുമൊക്കെ മാറ്റിവച്ചിട്ടാണ് ഇങ്ങോട്ടേക്ക് വരുന്നത്.

മോന്റെ മുഖമോര്‍ക്കുമ്പോള്‍, അവനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പറ്റാതെ വരുന്നത് ഒരു സങ്കടം തന്നെയാണ്. അവനിപ്പോള്‍ ഓടിക്കളിക്കുന്ന പ്രായമാണ്.

ആ കളിചിരിയും കൊഞ്ചലുമൊക്കെ കുറേ മിസ് ചെയ്യാറുണ്ട്. ക്ലിന്‍സണ്‍ എറണാകുളത്താണ് ജോലിചെയ്യുന്നത്. ശനിയും ഞായറും ദിവസങ്ങളില്‍ ആലപ്പുഴയില്‍ ഞങ്ങളുടെ അടുത്തേക്ക് വരാറുണ്ട്.

ഷെറിങ് പവിത്രന്‍

Ads by Google
Thursday 26 Apr 2018 03.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW