ജനനം, വളര്‍ച്ച, പൂര്‍ണ്ണാവസ്ഥ, ശരീരക്ഷയം, മരണം ഇവ മനുഷ്യന്റെ അവസ്ഥാന്തരങ്ങളാണ്. ഇതിന്റെ എല്ലാം പ്രധാന സ്ഥാനമാണ് ഗൃഹം. ജീവിക്കാന്‍ ആഹാരവും വസ്ത്രവുംപോലെ അനിവാര്യമാണ് ഗൃഹവും. സുഖജീവിതത്തിന് അത്യന്താപേക്ഷിതമായ വാസസ്ഥലത്തിന്റെ അപര്യാപ്തത മനുഷ്യനെ മാത്രം സംബന്ധിക്കുന്ന കാര്യമല്ല; മറിച്ച് സകല പ്രാണികള്‍ക്കും ഒരുപോലെ ബാധകമാണ്.
ഒരു പാര്‍പ്പിടം എന്നത് ലോകത്തോളം തന്നെ പഴക്കമുള്ള മനുഷ്യന്റെ ആഗ്രഹമാണ്. അങ്ങനെയുള്ള ഗൃഹം നിര്‍മ്മിക്കുമ്പോള്‍ വാസ്തുശാസ്ത്രത്തിലെ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഉചിതമായിരിക്കും. ഗൃഹവും അതിലുള്ള മുറികളും ഉത്തമ ചുറ്റിലായിരിക്കണം നിര്‍മ്മിക്കേണ്ടത്. എങ്കില്‍ മാത്രമേ ഐശ്വര്യവും മനഃസമാധാനവും ഉണ്ടാവുകയുള്ളൂ.
ക്ഷേത്രത്തിനടുത്തുള്ള വസ്തു വാങ്ങരുത്. ഗ്രാമവാസികളെ ഉപദ്രവിക്കുന്ന ക്ഷുദ്രദേവതകളെ ഗ്രാമദേവത നിയന്ത്രിച്ചു നിര്‍ത്തിയിരിക്കും. പക്ഷേ, രാത്രിയിലും മറ്റും ഈ ക്ഷുദ്രജീവികള്‍ സ്വതന്ത്ര സഞ്ചാരം നടത്തും. ക്ഷേത്രത്തിനടുത്ത് താമസിക്കുന്നവരെ അവ ബാധിക്കും. അതുകൊണ്ട് നക്ഷത്രദേവതയുടെ നോട്ടം പതിയുന്ന പ്രദേശത്തിനകത്ത് ഗൃഹസ്ഥര്‍ താമസിക്കരുത്. സന്ന്യാസിമാര്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും താമസിക്കാം. ക്രിസ്തീയ- മുസ്ലീം പള്ളികള്‍ക്കും ഈ നിയമം ബാധകമാണ്.
വയല്‍, സമുദ്രം, നദി, പര്‍വ്വതം, സന്ന്യാസിമാരുടെ ആശ്രമങ്ങള്‍, ജന്തുക്കളെ വളര്‍ത്തുന്ന സ്ഥലങ്ങള്‍ ഇവയുടെ വളരെ അടുത്തായും താമസിക്കരുത്.
ദേവാലയങ്ങളുടെ പൊക്കത്തിന് സമമായോ, കുറവായോ പൊക്കമുള്ള മനുഷ്യാലയം വളരെ ഉത്തമമാണ്. ശാന്തദേവനായ വിഷ്ണുവിന്റെ പുറകിലും ഇടതുവശത്തും ഉഗ്രമൂര്‍ത്തികളായ കാളി, നരസിംഹം, ശിവന് ഇവരുടെ വലതുവശത്തും മുമ്പിലും വീടു നിര്‍മ്മിച്ച് താമസിക്കുന്നത് ആപല്‍ക്കരമാണ്.
ദേവന്റെ ആസ്ഥാനത്തേക്കാള്‍ ഉയരമുള്ള ഭൂമിയില്‍ ഉയരമുള്ള മനുഷ്യാലയം ശുഭമാണെന്ന് ഒരാചാര്യനും അഭിപ്രായപ്പെടുന്നില്ല. ക്ഷേത്ര കോമ്പൗണ്ടില്‍നിന്ന് 100 കോല് (1 കോല് = 72 സെ.മീ) അകന്നിരിക്കുന്ന ഗൃഹം ശുഭമാണ്. ക്ഷേത്രത്തിനടുത്ത് വീടുവയ്ക്കാന്‍ ജ്യോതിഷിയുമായി ബന്ധപ്പെടണം.
5. ജലവീഥി (വാരിവീഥി) :- പടിഞ്ഞാറു താഴ്ന്ന് കിഴക്ക് ഉയര്‍ന്ന ഭൂമി. ഇവിടെ താമസിച്ചാല്‍ ദാരിദ്ര്യമാണ് ഫലം.
6. നാഗവീഥി (ഫണവീഥി) :- അഗ്നികോണ് താഴ്ന്ന് വായുകോണ് ഉയര്‍ന്ന ഭൂമി. പുത്രനാശമാണ് ഇവിടെ താമസിക്കുന്നവര്ക്കുണ്ടാവുക.
7. ഗജവീഥി (മാതംഗവീഥി) :- തെക്കുഭാഗം ഉയര്‍ന്ന് വടക്കുഭാഗം താഴ്ന്ന ഭൂമി. ഇവിടെ താമസിച്ചാല്‍ ധനാഭിവൃദ്ധിയുണ്ടാകും.
8. ധാന്യവീഥി :- ഈശാനകോണ് താഴ്ന്ന് നിര്യതികോണ് (കന്നിമൂല) ഉയര്‍ന്ന ഭൂമി. ഇവിടെത്തെ താമസം സര്‍വ്വ ഐശ്വര്യങ്ങളും നല്‍കും.
മദ്ധ്യഭാഗം ഉയര്‍ന്ന ഭൂമിയിലും കിഴക്ക് ഉയര്‍ന്ന ഭൂമിയിലും വീടുവച്ചാല്‍, പത്തുവര്‍ഷം അഭിവൃദ്ധിയുണ്ടാകും. അഗ്നികോണോ, തെക്കുഭാഗമോ ഉയര്‍ന്ന ഭൂമിയില്‍ വീടുപണിതാല്‍, നൂറുവര്‍ഷം അഭിവൃദ്ധിയുണ്ടാകും.
നിര്യതികോണ് ഉയര്‍ന്നിരിക്കുന്ന ഭൂമിയില്‍ വീടുവച്ചാല്‍ ആയിരം വര്‍ഷം അഭിവൃദ്ധിയുണ്ടാകും. പടിഞ്ഞാറ് ഉയര്‍ന്ന ഭൂമിയില്‍ വീടു പണിതാല്‍ അഞ്ഞൂറുവര്‍ഷം അഭിവൃദ്ധിയുണ്ടാകും. വായുകോണ് ഉയര്‍ന്ന ഭൂമിയില്‍ പന്ത്രണ്ടുവര്‍ഷവും വടക്കു ഉയര്‍ന്ന ഭൂമിയില്‍ എട്ട് വര്‍ഷവും ഈശാനുകോണ്‍ ഉയര്‍ന്ന ഭൂമിയില്‍ ആറ് വര്‍ഷവും അഭിവൃദ്ധിയുണ്ടാകും.
പ്രസ്തുത വിസ്താരത്തിനുള്ളില്ക്കൂടി ഗൃഹം, ഉപഗൃഹം, അങ്കണം, കിണര്‍, കുളം എന്നിവയുടെ മദ്ധ്യസൂത്രം വരുവാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അതിനെ സൂത്രവേധമെന്ന് പറയും.
ഇതില്‍ കിഴക്ക് വശത്ത് സൂത്രവേധമുണ്ടായാല്, ആ ഗൃഹത്തില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്തൃവിരഹവും അഗ്നികോണില്‍ വേധമുണ്ടായാല്‍, ഗൃഹവാസികള്‍ക്ക് കുഷ്ഠരോഗവും തെക്കുവശത്തു വേധമുണ്ടായാല്‍ ശത്രുപീഡയും നിര്യതികോണില് വേധമുണ്ടായാല്‍ പുത്രനാശവും പടിഞ്ഞാറ് വശത്ത് വേധമുണ്ടായാല്‍ ധനനാശവും വായുകോണില്‍ വേധമുണ്ടായാല്‍, വാതരോഗവും വടക്കുവശത്ത് വേധമുണ്ടായാല്‍ വംശനാശവും ഈശാനകോണില് വേധമുണ്ടായാല്‍ ധാന്യനാശവും ഫലമാകുന്നു.
1. കിടപ്പുമുറി: - കന്നിമൂലയില്‍ (തെക്കുപടിഞ്ഞാറ്) ഗൃഹനാഥന് ഉത്തമം. അഗ്നികോണില്‍ (തെക്കുകിഴക്ക്) ആയാല്‍ ദമ്പതി കലഹത്തിന് സാധ്യത, കുട്ടികള്‍ക്ക് പഠിക്കാന്‍ ഉചിതം. ഈശാനകോണില് (വടക്കുകിഴക്ക്) കിടപ്പുമുറി, സ്ത്രീകള്‍ക്ക് ചിത്തഭ്രമത്തിന് സാധ്യതയുള്ളതിനാല്‍ ഒഴിവാക്കുന്നതാണ് നല്ലത്. വായുകോണില്‍ (വടക്കുപടിഞ്ഞാറ്) ചൂട് കുറവായതിനാല്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കും പ്രസവിച്ചവര്‍ക്കും ഉചിതമാണ്.
2. അടുക്കള : - അഗ്നികോണില്‍ (തെക്കുകിഴക്ക്) ഉത്തമം. എന്നാല്‍ ചൂട് കൂടുതലായിരിക്കും. ഈശാനകോണില് (വടക്കുകിഴക്ക്) അടുക്കള ഉചിതമാണ്. വായുകോണില്‍ (വടക്കുപടിഞ്ഞാറ്) അടുക്കളയാകാം. എന്നാല്‍ ആഹാരത്തിന്റെ ഗന്ധം വീടുമുഴുവന്‍ പരക്കും. നിര്യതികോണില് (തെക്കുപടിഞ്ഞാറ്) അടുക്കള പാടില്ല. കിടപ്പുമുറിയേക്കാള്‍ വലുതാകരുത് അടുക്കള. 16ഗ്ഗ ഒ 8 അ 6ചുറ്റില്‍ അടുക്കള നിര്‍മ്മിച്ചാല്‍ അതിനെ ഏകാദശിസ്ഥിതിയെന്ന് പറയും, അന്നം മുട്ടും.
3. ഊണുമുറി :- അടുക്കള സ്ഥാനങ്ങള്‍ ഉചിതം. കന്നിമൂല ഒഴികെ മറ്റു ഭാഗങ്ങളില്‍ ഊണ്‍മുറി ആകാം.
4. പൂജാമുറി :- ഈശാനകോണിലും കന്നിമൂലയിലും കിഴക്ക് ഇന്ദ്രപദത്തിലും പടിഞ്ഞാറ് വരുണ പദത്തിലും, പൂജാമുറി ആകാം. പൂജാമുറി താഴത്തെ നിലയില്‍ തന്നെ വേണം. ഭൂമിസ്പര്‍ശം ഉണ്ടായിരിക്കണം. ചിത്രങ്ങള്‍ കിഴക്ക് അഭിമുഖമായിരുന്നാല്‍ നല്ലത്. ബെഡ്റൂമിന്റേയും അടുക്കളയുടേയും ടോയ്ലറ്റിന്റേയും ബാത്ത് മൂറിന്റേയും ചുവരുകള്‍ പൂജാമുറിയുടെ ചുവരുമായി ചേര്‍ന്നുവരാന്‍ പാടില്ല.
5. ശൗചാലയം (ടോയ്ലറ്റ്) :- കോണുകളിലും സൂത്രങ്ങളിലും (ബ്രഹ്മസൂത്രം, യമസൂത്രം) ടോയ്ലറ്റ് നിര്‍മ്മിക്കാന്‍ പാടില്ല. ബ്രഹ്മസൂത്രത്തിലും (കിഴക്കുപടിഞ്ഞാറ്) യമസൂത്രത്തിലും (തെക്കുവടക്ക്) ശൗചാലയമായാല് യഥാക്രമം പതിവിയോഗവും ആയുര്പീഡയുമാണ് ഫലം.
6. വാഹനാലയം :- കിഴക്കോ, വടക്കോ കാര്‍ ഷെഡ് നിര്‍മ്മിക്കാം. തെക്കുഭാഗത്തു നിര്‍മ്മിക്കുകയാണെങ്കില്‍ കന്നിമൂല (തെക്കുപടിഞ്ഞാറ്) ഒഴിവാക്കണം. കിഴക്കും വടക്കും നിര്‍മ്മിക്കുന്ന കാര്‍ ഷെഡിന്റെ മേല്‍ക്കൂര കെട്ടിടത്തിന്റെ മേല്‍ക്കൂരയേക്കാള്‍ താഴ്ന്നിരിക്കണം. ഷെഡില്‍നിന്ന് വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ വാതിലുകള്‍ ഉണ്ടാകരുത്.
7. ഗോവണി :- ഈശാനകോണും ബ്രഹ്മസ്ഥാനവും (വീടിന്റെ മദ്ധ്യഭാഗം) ഒഴിച്ച് എവിടെ വേണമെങ്കിലും ഗോവണി പണിയാം. തെക്ക്, പടിഞ്ഞാറ്, തെക്കു പടിഞ്ഞാറ് ഭാഗത്ത് ഗോവതി പണിയാം. ഘടികാരക്രമത്തില്‍ ആയിരിക്കണം ഗോവണി; പടികള്‍ ഒറ്റ സംഖ്യയിലും. പ്രധാന വാതിലിന് നേരെ എതിരായി ഗോവണി വരാതിരിക്കാന്‍ ശ്രദ്ധിക്കണം.
8. കിണര്‍ :- കിണറിന്റെ പ്രധാന സ്ഥാനം ഈശാനകോണിളാണ്. കുംഭരാശിയില്‍ ഉത്തമം. മീനം, മേടം രാശികളില് മദ്ധ്യമം. മകരരാശിയില്‍ അധമം. മിഥുനരാശിയില്‍ സന്താനനാശം. ധനുരാശിയില്‍ സ്ത്രീനാശം. കന്നിരാശിയില്‍ മൃതിയും ഫലമാകുന്നു. വാസ്തുമണ്ഡലത്തിലെ പദങ്ങളില്‍ കിഴക്ക് ഇന്ദ്രപദത്തിലും പടിഞ്ഞാറ് വരുണപദത്തിലും വടക്ക് സോമപദത്തിലും കൂപസ്ഥാനമുണ്ട്.
9. സെപ്ടിക്ക് ടാങ്ക്:- വടക്കായാല്‍ ധനനഷ്ടവും വടക്കു കിഴക്കായാല്‍ കച്ചവട നഷ്ടവും. കിഴക്കായാല്‍ മാനഹാനിയും തെക്കു കിഴക്കയാല് ആരോഗ്യനാശവും തെക്കായാല്‍ കളത്രനഷ്ടവും തെക്കു പടിഞ്ഞാറായാല്‍ മരണവും പടിഞ്ഞാറായാല്‍ മനഃക്ലേശവും വടക്കു പടിഞ്ഞാറായാല്‍ ഉത്തമവും ഫലം.
10. ഗേറ്റ് :- കിഴക്ക് ജയന്തപദം, ഇന്ദ്രപദം ഇവയിലും തെക്ക് ഭാഗത്ത് വിതഥപദത്തിലും ഗൃഹക്ഷത പദത്തിലും പടിഞ്ഞാറ് ഭാഗത്ത് പുഷ്പദന്തപദത്തിലും വരുണപദത്തിലും വടക്ക് മുഖ്യപദത്തിലും ഭല്ലാടപദത്തിലും ഗേറ്റു നിര്‍മ്മിക്കാം.
11. വൃക്ഷങ്ങള്‍ :- കിഴക്ക് ഭാഗത്ത് ഇലഞ്ഞിയും പേരാലും പ്ലാവും തെക്കുഭാഗത്ത് പുളിയും അത്തിയും കമുകും പടിഞ്ഞാറ് ഭാഗത്ത് അരയാലും ഏഴിലം പാലയും തെങ്ങും വടക്കുഭാഗത്ത് ഇത്തിയും നാഗമരവും മാവും വളര്‍ത്താവുന്നതാണ്. അരയാല്‍ നില്‍ക്കുന്നത് പടിഞ്ഞാറല്ലെങ്കില് അഗ്നിബാധയും ഇത്തി തെക്കു നിന്നാല്‍ ചിത്തഭ്രമവും പേരാല്‍ പടിഞ്ഞാറു നിന്നാല്‍, ശത്രുവിന്റെ ആയുധം കൊണ്ടുള്ള മുറിവും അത്തി വടക്കുനിന്നാല് ഉദരരോഗവും ഭവിക്കും.
വീടിന്റെ ഇരുവശത്തും പുറകിലും കുമിഴ്, കൂവളം, കടുക്കാമരം എന്നിവയും കൊന്ന, നെല്ലി, ദേവദാരു വൃക്ഷം, പ്ലാശ്, അശോകം, ചന്ദനം, പുന്ന, വേങ്ങ, കരിങ്ങാലി, ഇവയും വാഴ, കുരുക്കുത്തിമുല്ല, വെറ്റിലക്കൊടി മുതലായവ എല്ലാ സ്ഥാനത്തും ശോഭനമാണ്. മുരിങ്ങ, ശീമപ്ലാവ്, നാരകം ഇവ കാമ്പൗണ്ടിന് പുറത്ത് വളര്‍ത്താവുന്നതാണ്.