Thursday, June 13, 2019 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 26 Apr 2018 02.52 PM

പനി വന്നാലുടന്‍ അത് ന്യുമോണിയ ആയി മാറുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

കുട്ടികളുടെ ആരോഗ്യം
uploads/news/2018/04/212181/asdrkidscar260418.jpg

പാദരക്ഷ ധരിച്ചാല്‍ കുഞ്ഞ് വീഴുന്നു

എന്റെ മകനുവേണ്ടിയാണ് ഈ കത്ത്. കുട്ടിക്ക് 3 വയസ്. ഒരു വയസു മുതല്‍ ചെരുപ്പ് ധരിപ്പിക്കുന്നുണ്ട്. നടക്കാന്‍ തുടങ്ങിയതിനു ശേഷം കുഞ്ഞ് കാലിടറി വീഴാന്‍ തുടങ്ങുന്നു. എന്നാല്‍ ചെരുപ്പിടാത്ത അവസരത്തില്‍ വളരെ വേഗത്തിലും ശരിയായ രീതിയിലുമാണ് നടക്കുന്നത്. ചെരുപ്പിട്ട് നടന്ന് ശീലിക്കാന്‍ എങ്ങനെയാണ് പരിശീലനം നല്‍കേണ്ടത്? ഏതുപ്രായം മുതലാണ് കുട്ടികളെ ചെരുപ്പ് ധരിച്ചു നടക്കാന്‍ ശീലിപ്പിക്കേണ്ടത്?
------- അനന്തു , ശാന്തന്‍പാറ

മാതാപിതാക്കള്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ കുട്ടികളെ സോക്‌സും ഷൂവും ശീലിപ്പിക്കാറുണ്ട്. കുഞ്ഞ് കാലുറച്ച് നടന്നു തുടങ്ങുന്ന 15 - 18 മാസം പ്രായമാകുമ്പോള്‍ സാധാരണ ചെരുപ്പ് ധരിപ്പിക്കാം. കാലില്‍ നിന്നും അഴിഞ്ഞു പോകാത്ത, കെട്ടുള്ള പാദരക്ഷകള്‍ കുട്ടികളെ ധരിപ്പിക്കുന്നതാണ് നല്ലത്. മൂന്നു വയസുള്ള കുട്ടിയെ സാധാരണ വള്ളിച്ചെരുപ്പ് ധരിപ്പിക്കാം.

എന്തായാലും താങ്കളുടെ കുഞ്ഞിന് നടപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കത്തില്‍ വ്യക്തമാണ്. ചെരുപ്പ് ശീലമാവാത്തതാണ് കുഞ്ഞിന്റെ പ്രശ്‌നം. ഇത് കാലക്രമത്തില്‍ കുഞ്ഞിനു ശീലമാവുകയും ഇപ്പോഴുള്ള പ്രശ്‌നത്തിന് പരിഹാരമാവുകയും ചെയ്യും. അതിനാല്‍ ഇക്കാര്യത്തെ ഓര്‍ത്ത് ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല.

ശരീരത്തിന് വളവ്


എന്റെ മകന് 2 വയസുണ്ട്. മെലിഞ്ഞ ശരീരപ്രകൃതമാണ്. മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി അവന്റെ നടുവിന് മുന്നിലേക്ക് അല്‍പം വളവ് കൂടുതലുള്ളതായി തോന്നുന്നു. ഇത് ഡോക്ടറെ കാണിക്കേണ്ട ഗുരുതരമായ എന്തെങ്കിലും പ്രശ്‌നമാണോ? ഭാവിയില്‍ ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ടോ?
------- റീന ഐസക് , തിരുവനന്തപുരം

രണ്ടു വയസ് പ്രായമായ കുട്ടി അല്‍പം മുന്നോട്ട് വയര്‍ ഉന്തി ഞെളിഞ്ഞ് നടക്കുന്നത് സ്വാഭാവികമാണ്. പ്രായത്തിന്റെ പ്രത്യേകതകള്‍കൊണ്ടാണിത്. ശരീരഭാരം ക്രമീകരിച്ച് ശരിയായവിധം നടക്കാന്‍ പഠിക്കുമ്പോള്‍ ഈ പ്രശ്‌നവും പരിഹരിക്കപ്പെടും.

ഇതൊരു രോഗമായോ രോഗ ലക്ഷണമായോ കണക്കാക്കേണ്ടതില്ല. എന്നാല്‍ അസ്വഭാവികമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ പരിശോധന നടത്താവുന്നതാണ്. ഇതിനായി കുട്ടികളുടെ ഡോക്ടറെ നേരില്‍ കണ്ട് പരിശോധന നടത്തണം.

ദേഹത്തു ചൊറിച്ചില്‍


4 വയസുള്ള എന്റെ മകള്‍ക്കു വേണ്ടിയാണീ കത്ത്. കുളിപ്പിച്ചു കഴിഞ്ഞയുടനെ ദേഹം മുഴുവന്‍ ചൊറിച്ചിലാണ്. ചൊറിഞ്ഞു തടിക്കുന്നുമുണ്ട്. കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. മറ്റ് അവസരങ്ങളിലൊന്നും ചൊറിച്ചില്‍ അനുഭവപ്പെടുന്നുമില്ല. ഇത് എന്ത് അസുഖമാണ്? എന്താണ് ഇതിന് പ്രതിവിധി?
------- വിജിത രാജ് , കൊടുങ്ങല്ലൂര്‍

കിണറ്റില്‍ നിന്നും വെള്ളമെടുത്ത് കുളിപ്പിക്കുമ്പോള്‍ മാത്രമാണോ കുഞ്ഞിന് ഈ പ്രശ്‌നം ഉണ്ടാകുന്നതെന്ന് വ്യക്തമല്ല. കിണറ്റിലെ വെള്ളം ഉപയോഗിക്കുമ്പോള്‍ മാത്രമാണ് ചൊറിച്ചില്‍ അനുഭവപ്പെടുന്നതെങ്കില്‍ വെള്ളത്തിന്റെ തകരാറായിരിക്കാനാണ് സാധ്യത. ഏതെങ്കിലും തരത്തില്‍ മലിനമായ വെള്ളമുപയോഗിക്കുമ്പോള്‍ ഇത്തരത്തില്‍ ചര്‍മത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്.

വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശം കുഞ്ഞിന്റെ ശരീരത്തില്‍ അലര്‍ജിയുണ്ടാക്കുന്നു എന്നുവേണം കത്തില്‍ നിന്നും മനസിലാക്കാന്‍. താങ്കള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ കുളിപ്പിക്കാതെ നോക്കുക. എന്നിട്ടും ചൊറിച്ചില്‍ മാറുന്നില്ലെങ്കില്‍ കുഞ്ഞിനെ ഡോക്ടറെ കാണിക്കുക.

പനിയെത്തുടര്‍ന്ന് ന്യുമോണിയ


എന്റെ മകന് 5 വയസ്. മെലിഞ്ഞ ശരീരപ്രകൃതമാണ്. അവന് മിക്കവാറും ദിവസങ്ങളില്‍ അസുഖങ്ങളാണ്. ഇതുമൂലം മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ പോകാന്‍ കഴിയാറില്ല. കുഞ്ഞായിരുന്നപ്പോള്‍ ക്ഷയം വന്നിരുന്നു. ഇപ്പോള്‍ പനി വന്നാലുടന്‍ അത് ന്യുമോണിയ ആയി മാറുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കുട്ടിയുടെ അസുഖം പൂര്‍ണമായി മാറാന്‍ എന്തു ചെയ്യണം?
------- അനീഷ്‌കുമാര്‍ , മണ്ണാര്‍കാട്

കുട്ടികള്‍ സ്‌കൂളില്‍ പോയിത്തുടങ്ങുന്ന ആദ്യത്തെ ഒന്നു രണ്ടു വര്‍ഷങ്ങളില്‍ ചില ശാരീരിക ബുദ്ധിമുട്ടുകളും രോഗങ്ങളും അസ്വസ്ഥതകളും ഉണ്ടാകാനിടയുണ്ട്. വീട്ടിലെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ നിന്നും പെട്ടെന്നൊരു മാറ്റമുണ്ടാകുന്നതുകൊണ്ടാണിത്.

ഇതിന്റെ ഫലമായി പുറത്തുനിന്നുമുള്ള പലതരത്തിലുള്ള അലര്‍ജികളും അണുബാധയും കുട്ടിയെ ബാധിക്കാനിടയുണ്ട്. പല അന്തരീക്ഷത്തില്‍ നിന്നും വീടുകളില്‍ നിന്നും വരുന്ന കുട്ടികളാണ് സ്‌കൂളില്‍ ഒരുമിച്ച് ചേരുന്നത്.

ഇവിടെ രോഗാണുക്കള്‍ ധാരാളമുണ്ടാകും. ഈ സാഹചര്യത്തില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ താങ്കളുടെ മകന് രോഗപ്രതിരോധ ശേഷി കുറവുണ്ടെന്നോ രോഗമുണ്ടെന്നോ അര്‍ഥമില്ല.

മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ അഞ്ചുവയസുകാരന് അടിക്കടി രോഗം ഉണ്ടാകുന്നത് ഗൗരവമായി കാണേണ്ടതില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും വിദഗ്ധ പരിശോധന നടത്തണം.

മൂത്രത്തിന് നിറവ്യത്യാസം


എന്റെ മകള്‍ക്ക് രണ്ടു വയസ്. കുറച്ചു നാളുകളായി കുട്ടിയുടെ മൂത്രം കടുത്ത മഞ്ഞ നിറത്തില്‍ പോകുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ മൂത്രം ചുടീലാണെന്ന് പറഞ്ഞു. ഏകദേശം മൂന്നു മാസമായി ഇങ്ങനെ കണ്ടുതുടങ്ങിയിട്ട്. മൂത്രമൊഴിക്കുമ്പോള്‍ കുട്ടിക്ക് വേദന അനുഭവപ്പെടുന്നുണ്ട്. ഡോക്ടര്‍ ഗുളികയും മരുന്നും തന്നു. മരുന്നു കഴിക്കുമ്പോള്‍ കുറവ് ഉണ്ടാവുമെങ്കിലും പിന്നീട് വീണ്ടും മൂത്രം മഞ്ഞനിറത്തില്‍ കാണുന്നു. എന്തുകൊണ്ടാണിത്?
------ നിര്‍മ്മല ,കൊല്ലം

കുട്ടിക്ക് മൂത്രം ചുടീല്‍ ഉണ്ടെന്ന് മനസിലാക്കിയ സ്ഥിതിക്ക് ആന്റിബയോട്ടിക്കുകള്‍ കഴിച്ച് രോഗം ചികിത്സിക്കുക. അതിനു ശേഷം അള്‍ട്രാ സൗണ്ട് സ്‌കാനിംഗും എം.സി.യു പരിശോധനകളും നടത്തി തകരാറ് കൃത്യമായി കണ്ടെത്തണം. അത്തരത്തില്‍ തകരാര്‍ കണ്ടെത്തിയാല്‍ അതിനായി പ്രത്യേക ചികിത്സ നടത്തേണ്ടതാണ്.

അടിവസ്ത്രങ്ങള്‍ സമയാസമയങ്ങളില്‍ മാറ്റാത്തതും ശുചിത്വക്കുറവും കുട്ടികളില്‍ മൂത്രത്തില്‍ അണുബാധയ്ക്ക് കാരണമായേക്കാം. ഇത്തരം കാര്യങ്ങളില്‍ കൂടി മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW