Wednesday, July 03, 2019 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Apr 2018 04.06 PM

അഭിനയം നിര്‍ത്തിയാലോ എന്നും ആലോചിച്ചു ലിയോണ ലിഷോയ്

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ യുവ നടി, ലിയോണ ലിഷോയ്. കരുത്താര്‍ന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ സ്ഥാനം പിടിക്കാനൊരുങ്ങുന്ന ലിയോണയുടെ വിശേഷങ്ങളിലൂടെ...
uploads/news/2018/04/211933/leonalishoyINW250418.jpg

ആന്‍മരിയകലിപ്പിലാണ് എന്ന ചിത്രത്തിലെ അമ്മ വേഷത്തിന് ശേഷം ലിയോണ ലിഷോയിയുടെ സമയമായിരുന്നു. ഒട്ടും ആത്മവിശ്വാസമില്ലാതിരുന്ന കാലത്തു നിന്ന് ലിയോണ ഒരുപാട് ദൂരം സഞ്ചരിച്ചു.

വിശ്വാസപൂര്‍വം മന്‍സൂര്‍, മായാനദി എന്നീ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഊട്ടി ഉറപ്പിക്കുകയാണീ പെണ്‍കുട്ടി. സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടായതിന്റെ സന്തോഷം ലിയോണയുടെ വാക്കുകളിലുണ്ട്.

അഭിനയം പറ്റിയ ഫീല്‍ഡല്ലെന്ന് ചിന്തിച്ചിരുന്ന കാലം തനിക്കുണ്ടായിരുന്നു എന്ന് പറയുമ്പോഴും ലിയോണയുടെ മുഖത്തൊരു പുഞ്ചിരിയുണ്ട്. കണിക്കൊന്നയുടെ നൈര്‍മല്യവും നിറവുമുള്ള പുഞ്ചിരി. വിജയം കൈയ്യെത്തിപ്പിടിച്ച ലിയോണ ലിഷോയ് കന്യക വിഷുക്കണിയോട്.

കണിയും കൈനീട്ടവും?


വിഷുവെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്കാദ്യമെത്തുന്നത് വിഷുക്കണിയും കൈനീട്ടവുമാണ്. രാവിലെ അമ്മ കണികാണിക്കാന്‍ വിളിച്ചുണര്‍ത്തും. ഞാനും ചേട്ടനും കണ്ണടച്ച് കണി കാണാന്‍ പോകും. വഴിയില്‍ എവിടെയെങ്കിലും തട്ടും. എങ്കിലും കണ്ണ് തുറക്കില്ല.

കണി കണ്ടുകഴിഞ്ഞാല്‍ പിന്നെ ഒരോട്ടമാണ്, കൈനീട്ടം വാങ്ങാന്‍. കൈനീട്ടത്തിന്റെ കാര്യം വരുമ്പോഴാണ് പ്രശ്‌നം. എനിക്ക് 50 രൂപയാണെങ്കില്‍ ചേട്ടന് 100 രൂപയാണ് കൊടുക്കുന്നത്. ആ സമയത്ത് ചേട്ടനോട് കുശുമ്പ് തോന്നിയിരുന്നു.

സിനിമയില്‍ വന്നശേഷം ഞാന്‍ എല്ലാവര്‍ക്കും കൈനീട്ടം കൊടുത്തു തുടങ്ങി. ആദ്യമായി അച്ഛനും അമ്മയ്ക്കും കൈനീട്ടം കൊടുത്തതാണ് ഏറ്റവും സുന്ദരമായി തോന്നിയ വിഷു ഓര്‍മ്മ.

ഞങ്ങള്‍ തൃശ്ശൂരുകാര്‍ക്ക് വിഷുവിന് ഒഴിച്ചു കൂടാനാവാത്ത ഒന്നു കൂടിയുണ്ട്, വിഷുക്കട്ട. ആ രുചി എപ്പോഴും നാവിലുണ്ടാവും. അച്ഛമ്മ ഉണ്ടായിരുന്നപ്പോള്‍ തറവാട്ടിലായിരുന്നു ബന്ധുക്കളെല്ലാവരും വിഷു ആഘോഷിച്ചിരുന്നത്. ഇപ്പോള്‍ ഞങ്ങളുടെ വീട്ടിലാണ് എല്ലാവരും ഒത്തു കൂടുന്നത്.

അഭിനയം രക്തത്തിലുള്ളതായിരുന്നല്ലോ?


സിനിമയിലേക്കുള്ള വരവ് യാദൃശ്ചികമാമാണ്. ആദ്യമായി അവസരം വരുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. പിന്നെ പരസ്യങ്ങള്‍ ചെയ്തു തുടങ്ങി, കുറച്ചൊക്കെ ധൈര്യമായി. ആ സമയത്ത് അച്ഛന്റെ സുഹൃത്ത് സിനിമയ്ക്കായി സമീപിച്ചപ്പോള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. കലികാലമെന്ന ആദ്യ ചിത്രത്തില്‍ ശാരദാമ്മയുടെ മകളായിട്ടാണഭിനയിച്ചത്.

പിന്നീട് ചെറിയ ചെറിയ റോളുകള്‍... അഭിനയിച്ചു തുടങ്ങിയശേഷമാണ് സിനിമയോട് ഇഷ്ടം തോന്നിയത്. ഇനിയും ധാരാളം സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നി. അഭിനയം സീരിയസായി എടുക്കാമെന്ന് കരുതി. അങ്ങനെ തുടര്‍ച്ചയായി അഭിനയിച്ചു.

എന്നിട്ടും ഒരു ബ്രേക്കിനായി ആന്‍മരിയ കലിപ്പിലാണ് വരെ കാത്തിരിക്കേണ്ടി വന്നു?


ആദ്യ സിനിമ കഴിഞ്ഞപ്പോഴേക്കും ജവാന്‍ ഓഫ് വെള്ളിമല കിട്ടി. ആ സിനിമ ഇറങ്ങാതെ മറ്റൊരു സിനിമയും കമ്മിറ്റ് ചെയ്യരുത് എന്ന് പറഞ്ഞിരുന്നു.

പിന്നീട് സിനിമയോട് ഇഷ്ടം കൂടി വന്നപ്പോള്‍ നല്ല കഥാപാത്രങ്ങള്‍ സെലക്ട് ചെയാന്‍ തുടങ്ങി. പക്ഷേ സമയദോഷമെന്നല്ലാതെ എന്ത് പറയാന്‍, ഏറ്റ സിനിമകളില്‍ ചിലത് പാതി വഴി മുടങ്ങി.

അതോടെ സങ്കടമായി. കാരണം സിനിമയ്ക്ക് വേണ്ടി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. കാട്ടില്‍ താമസിച്ചു, ഒരുപാട് യാത്ര ചെയ്തു. അത്രയും കഷ്ടപ്പെട്ടിട്ടും ഫലം കാണാതെ വന്നപ്പോള്‍ നിരാശ തോന്നിയെന്നത് സത്യമാണ്. അഭിനയം എനിക്ക് പറ്റിയ പണിയല്ലെന്ന് പോലും തോന്നി. ഞാന്‍ ശ്രമിക്കാത്തതുകൊണ്ടാണോ? എന്ന് ആലോചിച്ചു.

ചാന്‍സിനുവേണ്ടി സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ എനിക്കാവില്ലെന്ന് ആദ്യമേ അറിയാമായിരുന്നു. അവസരം കിട്ടിയാല്‍ ആത്മാര്‍ത്ഥമായി ചെയ്യാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്ന കാല ത്ത് നല്ല വേഷങ്ങള്‍ കിട്ടിയില്ല. പിന്നീടാണ് ആന്‍മരിയ കലിപ്പിലാണ് കിട്ടുന്നത്.

uploads/news/2018/04/211933/leonalishoyINW250418a.jpg

അച്ഛെനപോലെ ചെറു വേഷങ്ങളില്‍ ഒതുങ്ങിപ്പോയപ്പോള്‍...?


ഞാനും അച്ഛനും ഒരേ സ്വഭാവക്കാരാണ്. ചാന്‍സിനുവേണ്ടി ആരെയെങ്കിലും പരിചയപ്പെട്ട് ആ ബന്ധം നിലനിര്‍ത്തി, ഒരവസരം ചോദിച്ചു വാങ്ങാന്‍ ഞങ്ങള്‍ക്കറിയില്ല.

സിനിമയില്‍ നല്ലൊരു ചാന്‍സ് വേണമെങ്കില്‍ അത് ചോദിച്ച് വാങ്ങണമെന്നത് എഴുതപ്പെടാത്ത നിയമമാണ്. ഒരുപാട് പുതുമുഖങ്ങള്‍ സിനിമയില്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സംവിധായകര്‍ക്ക് ഒരുപാട് ചോയ്സുമുണ്ട്. അവരില്‍ നിന്ന് എന്നെ സെലക്ട് ചെയ്യാന്‍ മാത്രം കോണ്‍ടാക്ടുകളും എനിക്കില്ല.

ലിയോണ എവിടെയാണ്? കാണാന്‍ കിട്ടുന്നില്ലല്ലോ? കൊച്ചിയില്‍ സെറ്റില്‍ ചെയ്യൂ എങ്കിലേ അവസരങ്ങള്‍ കിട്ടൂൂ എന്നൊക്കെ പലരും എന്നോട് പറഞ്ഞു. സിനിമയുടെ പ്രമോഷന് പോകുമെന്നല്ലാതെ മറ്റ് പ്രോഗ്രാമിലൊക്കെ പങ്കെടുക്കാന്‍ മടിയാണ് എനിക്കും അച്ഛനും.

കസ്തൂരിമാനിലാണ് അച്ഛന് നല്ലൊരു വേഷം കിട്ടിയത്. അത്തരമൊരു വേഷം കൊടുക്കാന്‍ ലോഹിസാേറ ധൈര്യപ്പെട്ടുള്ളൂ എന്ന് അച്ഛന്‍ ഇന്നും പറയാറുണ്ട്.

സിനിമയില്‍ അച്ഛന്റെ ഉപദേശങ്ങള്‍...?


അഭിനയിക്കുമ്പോള്‍ കഥാപാത്രമായി ചിന്തിക്കാന്‍ ശ്രമിക്കണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇമോഷണല്‍ സീനുകള്‍ അഭിനയിക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. എത്ര ശ്രമിച്ചാലും കരച്ചില്‍ വരില്ല. അച്ഛന്‍ പറഞ്ഞു, ഇങ്ങനുള്ള സീനുകള്‍ വരുമ്പോള്‍ നമ്മുടെ ജീവിതത്തിലുണ്ടായ സങ്കടങ്ങള്‍ ഓര്‍ക്കൂ, അപ്പോള്‍ നിനക്ക് സങ്കടം വരുമെന്ന്. അതല്ലാതെ അഭിനയത്തില്‍ അച്ഛന്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നിട്ടില്ല.

കൂടുതല്‍ അഭിനയിക്കുമ്പോള്‍ എല്ലാം തനിയെ പഠിക്കും എന്നാണ് പറയുന്നത്. അച്ഛന്റെ മകള്‍ എന്ന നിലയില്‍ ഇന്‍സ്ട്രിയില്‍ എനിക്കെപ്പോഴുമൊരു റെസ്പെക്റ്റുണ്ട്. പുതുമുഖങ്ങളുടെ പ്രശ്നങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല.

ആന്‍മരിയ കലിപ്പിലാണ് നു ശേഷം നിറയെ നല്ല കഥാപാത്രങ്ങള്‍ തേടിയെത്തി?


കുറച്ചു കാലം കൂടി നോക്കാം, നല്ല വേഷങ്ങള്‍ കിട്ടിയില്ലെങ്കില്‍ അഭിനയം നിര്‍ത്താം എന്നൊക്കെ തോന്നിയ കാലത്താണ് ആന്‍മരിയ വരുന്നത്. അതിനു ശേഷമാണ് ഞാന്‍ ട്രാക്കിലാവുന്നത്.

ആന്‍മരിയ കഴിഞ്ഞു പി.ടി കുഞ്ഞുമുഹമ്മദ് സാറിന്റെ വിശ്വാസപൂര്‍വം മന്‍സൂറില്‍ അഭിനയിച്ചു. പിന്നീട് ചെയ്ത ഹാദിയ വിജയമായിരുന്നില്ലെങ്കിലും എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ക്വീനിലൊക്കെ ചെറിയ റോളാണെങ്കിലും, എന്തെങ്കിലും പെര്‍ഫോം ചെയ്യാനായി എന്നൊരു സാറ്റിസ്ഫാക്ഷന്‍ ഉണ്ടായി.

കരിയറില്‍ നിര്‍ണ്ണായകമായ മായാനദിയിലെ സമീറയെക്കുറിച്ച്?


മായാനദി ചെയ്യുന്ന സമയത്ത് ശരിക്കും കണ്‍ഫ്യൂഷനിലായിരുന്നു. ചെയ്യണോ വേണ്ടയോ എന്ന് പല തവണ ആലോചിച്ചു. കാരണം ഓഡീഷന്‍ കഴിഞ്ഞിട്ടും കഥയെന്താണെന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല. സ്‌ക്രിപ്റ്റും വായിക്കാന്‍ തന്നില്ല.

അഭിനേതാക്കള്‍ക്കൊന്നും കഥയെക്കുറിച്ചറിയില്ല. ഷോട്ടിന് മുമ്പ് സീന്‍ മാത്രം പറഞ്ഞു തരും. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വ്യക്തമായ ധാരണകളൊന്നുമില്ലാതെയാണ് ലൊക്കേഷനിലേക്ക് പോയത്.

അപ്പു എന്ന കഥാപാത്രത്തിന്റെ സുഹൃത്താണെന്നേ പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. ഒരു സുഹൃത്ത് കഥാപാത്രം ഇനി ചെയ്യണോ എന്ന് സംശയമുണ്ടായിരുന്നു. അത്രയും നല്ലൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യുന്നത് തന്നെ വലിയൊരു കാര്യമാണല്ലോ എന്നോര്‍ത്തപ്പോള്‍ വേണ്ടെന്ന് വയ്ക്കാനും തോന്നിയില്ല.

സമീറ ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചതേയില്ല. സിനിമ കണ്ടപ്പോഴാണ് ശരിക്കും എന്താണ് മായാനദി എന്ന് മനസിലാകുന്നത് തന്നെ. ഈ സിനിമ വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ വലിയൊരു നഷ്ടമായേനെ.

വിവാഹത്തോടെ നടികള്‍ മാത്രം സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുന്നു. എന്തുകൊണ്ടാണിങ്ങനെ?


ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ? അവര്‍ക്കതില്‍ പ്രശ്നമില്ലെങ്കില്‍ പിന്നെ എന്താണ് കുഴപ്പം? മലയാളത്തില്‍ തിളങ്ങി നിന്ന സമയത്താണ് സംവൃത സുനില്‍ കല്യാണം കഴിച്ചത്. ആ സമയത്ത് സംവൃത കല്യാണം കഴിക്കരുതായിരുന്നു എന്ന് ഒരു സഹസംവിധായകന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

കല്യാണം കഴിക്കരുതെന്ന് ആരോടും പറയാന്‍ നമുക്ക് കഴിയില്ലല്ലോ? പക്ഷേ സെലിബ്രിറ്റികള്‍ പബ്ലിക് പ്രോപ്പര്‍ട്ടികളാണ്, അവരുടെ കാര്യത്തില്‍ മറ്റുള്ളവര്‍ക്കും എന്തും തീരുമാനിക്കാം എന്ന അവസ്ഥയാണ്. വിവാഹശേഷം സിനിമയില്‍ അഭിനയിക്കരുത് എന്നൊന്നുമില്ല. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കില്‍ തുടര്‍ന്നും അഭിനയിക്കാം.

ആശ ചേച്ചി (ആശ ശരത്) യുടെ കാര്യം നോക്കൂ. ചേച്ചി ദുബായില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണെങ്കിലും നാട്ടില്‍ വന്ന് അഭിനയിക്കുന്നുണ്ട്. ഒരു സിനിമ കഴിഞ്ഞാല്‍ ചേച്ചി വീട്ടില്‍ പോയി ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങളൊക്കെ നോക്കി, ഡാന്‍സ് ക്ലാസും മാനേജ് ചെയ്യും. ദിവസങ്ങള്‍ക്കു ശേഷം അടുത്ത സിനിമ കമ്മിറ്റ് ചെയ്യും. ചേച്ചിക്കങ്ങനെ മാനേജ് ചെയ്യാന്‍ കഴിയുന്നുണ്ട്. ഇതിലൊന്നും അത്ര തല പുകയ്ക്കേണ്ട കാര്യമില്ല.

uploads/news/2018/04/211933/leonalishoyINW250418c.jpg

മലയാളത്തിലെ അവസരങ്ങളില്‍ തൃപ്തയാണോ?


തൃപ്തയാണ്. പക്ഷേ ഇടയ്ക്കെപ്പോഴോ നിരാശ തോന്നിയിരുന്നു. പിന്നീട് നല്ല സിനിമകള്‍ കിട്ടിയതുകൊണ്ട് ആ നിരാശയെ മറികടക്കാന്‍ കഴിഞ്ഞു. ആഗ്രഹിച്ച് സിനിമയില്‍ വന്നയാളല്ല ഞാന്‍, സിനിമയില്‍ എത്തിയശേഷമാണ് അഭിനയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുതുടങ്ങിയത്. നാളുകളായി ഒരവസരത്തിനായി പരിശ്രമിക്കുന്നവരുണ്ട്, അവരെവച്ച് ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് ശേഷം വന്നവരില്‍ പലരും സ്റ്റാറായിട്ടുണ്ട്.

അതാലോചിച്ച് നെര്‍വസാകാറില്ല. എനിക്ക് നല്ലൊരു ആക്ടറായാല്‍ മതി. അതുകൊണ്ടാണ് കഥാപാത്രങ്ങളില്‍ സെലക്ടീവാകുന്നത്. ആന്‍മരിയ കലിപ്പിലാണ് അഭിനയിച്ചപ്പോള്‍, അമ്മ വേഷം ചെയ്യണമായിരുന്നോ എന്ന് പലരും ചോദിച്ചു. എനിക്ക് ആ സമയത്ത് അത്തരത്തിലൊരു കഥാപാത്രം ആവശ്യമായിരുന്നു. അതുകൊണ്ടാണത് ചെയ്തത്.

സിനിമയില്‍ ആരെങ്കിലും മാറ്റിനിര്‍ത്തിയതായി തോന്നിയിട്ടുണ്ടോ?


അങ്ങനെയൊന്നുമില്ല. പക്ഷേ ചില കഥകള്‍ കേട്ടശേഷം ഈ കഥാപാത്രം എനിക്കൊരിക്കലും കിട്ടാന്‍ പോകുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നവരെ സംവിധായകരും ക്യാമറാമാന്മാരുമൊക്കെ പെട്ടെന്ന് ഓര്‍ക്കും. അവര്‍ക്കായിരിക്കും മുന്‍ഗണന കൊടുക്കുന്നത്. അതൊന്നുമൊരു തെറ്റല്ല. എനിക്കുവേണ്ടി അങ്ങനെ സംസാരിക്കാന്‍ ആരുമില്ല.

കൊതിപ്പിച്ചു കടന്നുപോയ കഥാപാത്രങ്ങള്‍?


ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കിട്ടിയ ഒറ്റമുറിവെളിച്ചം എന്ന സിനിമയിലേക്ക് എന്നെ വിളിച്ചതാണ്. രസമുള്ള കഥാപാത്രമായിരുന്നു. ചെയ്യണമെന്നുമുണ്ടായിരുന്നു. ഷൂട്ടിന് തുടര്‍ച്ചയായ 22 ദിവസം വേണമായിരുന്നു.

ആ സമയത്ത് ഞാന്‍ മായാനദിയിലും ക്വീനിലും മറഡോണയിലും അഭിനയിക്കുകയായിരുന്നു. പിന്നെ സംവിധായകരും അണിയറപ്രവര്‍ത്തകരുമൊക്കെ പുതിയ ആള്‍ക്കാരും. മുമ്പ് പല അബദ്ധങ്ങളും പറ്റിയിട്ടുള്ളതുകൊണ്ട് പുതിയ ടീമെന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ രണ്ട് വട്ടം ആലോചിക്കും.

കഥ വായിച്ചപ്പോള്‍ ശരിക്കും ഇംപ്രസ്ഡായിരുന്നു. പക്ഷേ ഒരു തരത്തിലും ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമായിരുന്നില്ല. അല്ലെങ്കില്‍പിന്നെ മായാനദിയും ക്വീനും മറ ഡോണയുമൊക്കെ വേണ്ടെന്ന് വയ്ക്കണമായിരുന്നു. ഞാന്‍ അഭിനയിച്ചില്ലെങ്കിലും ആ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ സന്തോഷം തോന്നി.

ഞാന്‍ ചെയ്യേണ്ട കഥാപാത്രം ചെയ്തത് വിനീത കോശിയാണ്. അഭിനയിച്ചില്ലെങ്കിലും ഷൂട്ടിംഗ് വിശേഷങ്ങളൊക്കെ എനിക്കവര്‍ മെസേജ് ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ സിനിമ ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന നിരാശയുണ്ടായിരുന്നു.

ഒന്നിലേറെ നടികളുമായി നായികാസ്ഥാനം പങ്കുവയ്ക്കുമ്പോള്‍ മത്സരബുദ്ധി തോന്നിയിട്ടുണ്ടോ?


എനിക്ക് തോന്നിയിട്ടില്ല. മറ്റുള്ളവരുടെ കാര്യം അറിയില്ല. അഭിനയിക്കുന്നവര്‍ക്ക് തോന്നില്ലെങ്കിലും സെറ്റിലുള്ള ചിലരൊക്കെ നായിക, സെക്കന്‍ഡ് ഹീറോയിന്‍ എന്ന വേര്‍തിരിവ് കാണിക്കാറുണ്ട്. നായികയേക്കാള്‍ കരുത്തുറ്റ കഥാപാത്രമായിരിക്കും രണ്ടാമത്തെ നായികയുടേത്, പക്ഷേ അങ്ങനെ ആരും ചിന്തിക്കാറില്ല.

മായാനദി ചെയ്യുന്ന സമയത്ത് ഇത്തരത്തിലുള്ള ഒരു പ്രശ്നവും ഫീല്‍ ചെയ്തിട്ടേയില്ല. അപ്പു(ഐശ്വര്യ ലക്ഷ്മി)വാണ് നായികയെന്നത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഐശ്വര്യയ്ക്കും എനിക്കും ദര്‍ശനയ്ക്കും തുല്യ പ്രാധാന്യമുണ്ട്. പ്രമോഷന്‍ സമയത്ത് ഇന്റര്‍വ്യൂന് വേണ്ടി വിളിക്കുമ്പോള്‍ മൂന്ന് നായികമാരും വേണമെന്നാണ് പറയുന്നത്.

ടൊവിനോ, ഐശ്വര്യലക്ഷ്മി ഇവരുടെ ഭക്ഷണം,താമസം തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെയാണോ അതുപോലെ തന്നെയുള്ള സൗകര്യങ്ങള്‍ എനിക്കും ദര്‍ശനയ്ക്കും കിട്ടിയിരുന്നു. വേറൊരു സെറ്റിലും ഇങ്ങനെയൊന്ന് ഞാന്‍ കണ്ടിട്ടില്ല. എല്ലായിടത്തും നായകനും നായികയ്ക്കും മാത്രം പ്രാധാന്യം നല്‍കുന്നതായി തോന്നിയിട്ടുണ്ട്. പണ്ടുതൊട്ടേയുള്ള ഒരു രീതിയാണിത്.

uploads/news/2018/04/211933/leonalishoyINW250418b.jpg

ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തി?


അമ്മയും അച്ഛനും. അമ്മയുടെ സെറോക്സ് കോപ്പിയാണ് ഞാന്‍. ഷൂട്ടിന് പോകുമ്പോള്‍ അമ്മയേയും കൂടെ കൂട്ടണമെന്ന് അച്ഛനാണ് പറഞ്ഞത്. ഞാന്‍ ബംഗളൂരുവിലാണ് പഠിച്ചത്.

കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാനാകും എന്നൊരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ നമ്മള്‍ കാണുന്ന ലോകമല്ല സിനിമയുടേത്. അതുകൊണ്ട് കൂട്ടിന് അമ്മയേയും കൂട്ടിക്കോളൂ എന്ന് പറഞ്ഞു. അന്ന് മുതല്‍ എവിടെയും അമ്മ എനിക്കൊപ്പമുണ്ടാകും.

അമ്മയേയും എന്നെയും ഒരുമിച്ച് കാണുമ്പോള്‍ ഇതാരാണ്?? എന്നാരെങ്കിലും ചോദിച്ചാല്‍, അവര്‍ പോയി കഴിയുമ്പോള്‍ എന്നെ കണ്ടിട്ട് നിന്റെ ചേച്ചിയാണെന്ന് തോന്നിക്കാണും അതാ.. എന്നൊക്കെ പറഞ്ഞ് അമ്മ തന്നെ ചിരിക്കും. ലൊക്കേഷനില്‍ വരുമ്പോള്‍ അമ്മയോട് അഭിനയിക്കാന്‍ ചിലരൊക്കെ ആവശ്യപ്പെടാറുണ്ട്. ഏയ് എനിക്കഭിനയിക്കാന്‍ അറിയില്ലല്ല എന്ന് പറഞ്ഞ് മാറി നിന്നിട്ടേയുള്ളൂ.

അമ്മ ഒരു ടിപ്പിക്കല്‍ മലയാളി അമ്മയാണ്. 19ാം വയസില്‍ കല്യാണം കഴിച്ചു, കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ജീവിച്ചു. ഇടയ്ക്ക് ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ സമയത്ത് ഒരു ജോലിയുടെ ആവശ്യമില്ലെന്നായിരുന്നു അച്ഛന്റെ നിലപാട്. അച്ഛന്‍, ചേട്ടന്‍, ഞാന്‍ എന്നതായിരുന്നു അമ്മയുടെ ലോകം.

ഞങ്ങളാണെങ്കില്‍ സുഹൃത്തുക്കള്‍ക്കുവേണ്ടി സമയം മാറ്റി വയ്ക്കാറുണ്ട്, അവര്‍ക്കൊപ്പം യാത്ര ചെയ്യാറുണ്ട്. പക്ഷേ അമ്മയ്ക്ക് എന്‍ജോയ്മെന്റ് ഒന്നുമില്ലായിരുന്നു. പക്ഷേ യാത്രയൊക്കെ ചെയ്യാന്‍ ഇഷ്ടമായിരുന്നു. ഇടയ്ക്കൊക്കെ പഴയ സുഹൃത്തുക്കളെ വിളിച്ച് സൗഹൃദം പുതുക്കിക്കൂടേ എന്ന് അമ്മയോട് ഞാന്‍ ചോദിക്കാറുണ്ട്. പക്ഷേ വീട്ടിലെ കാര്യങ്ങളുമായി ഒതുങ്ങിക്കൂടിയിരിക്കാനായിരുന്നു ഇഷ്ടം.

എനിക്കൊപ്പം സെറ്റില്‍ വന്നു തുടങ്ങിയപ്പോഴാണ് അമ്മ കുറച്ച് ബിസിയായത്. വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടണ്ട ആളായിരുന്നില്ല അമ്മ, ശരിക്കും ടാലന്റഡാണ്. എല്ലാവരോടും നല്ല കമ്പനിയാണ്, അമ്മയുടെ കുടുംബത്തിലുള്ളവരോടും ആങ്ങളമാരോടുമൊക്കെ ഭയങ്കര കമ്പനിയാണ്. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാന്‍ അമ്മയ്ക്കറിയാം.

സ്വന്തം ഇഷ്ടത്തേക്കാള്‍ ഞങ്ങളുടെ കാര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമാണ് പ്രാധാന്യം കൊടുക്കുന്നത്. അമ്മയ്ക്ക് വേണ്ടി മാത്രമായി ജീവിച്ചിട്ടില്ല. ആ ഒരു കാര്യത്തിലേ എനിക്ക് വിഷമം തോന്നിയിട്ടുള്ളു. അമ്മയുടെ ഇഷ്ടങ്ങളെന്തൊക്കെയാണെന്നറിയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും നിങ്ങളുടെ ഇഷ്ടമാണ് എന്റെ ഇഷ്ടം എന്നേ പറഞ്ഞിട്ടുള്ളൂ.

വളരെ ബോള്‍ഡായ എല്ലാത്തിലും പോസിറ്റിവിറ്റി കാണുന്ന ആളാണ് അമ്മ. അമ്മയുടെ ചില സ്വഭാവങ്ങളൊക്കെ എനിക്കും കിട്ടിയിട്ടുണ്ട്. ചില സമയത്ത് അമ്മ എന്നോടും ഞാന്‍ തിരിച്ചും ദേഷ്യപ്പെടാറുണ്ട്.

പക്ഷേ വേറെ ആരെങ്കിലും എന്നെ വഴക്കു പറഞ്ഞാല്‍ കഥ മാറും. എന്റെ മകള്‍ ചെയ്തത് എന്താണെന്ന് എനിക്കറിയാമെന്ന് പറഞ്ഞ് അമ്മ അവരോട് വഴക്കുണ്ടാക്കും. ഞാന്‍ ചെയ്തതിലെ പോസിറ്റീവ് വശങ്ങള്‍ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാനും ശ്രമിക്കും.

വിവാഹത്തെക്കുറിച്ച്..?


എന്തായാലും വിവാഹം കഴിക്കും. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നൊക്കെ പലരും പറഞ്ഞു തുടങ്ങി. എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ എനിക്കൊരു കൂട്ട് വേണം. ഇപ്പോഴാണെങ്കില്‍ എന്തിനും ഏതിനും അമ്മ കൂട്ടുണ്ട്. ഒറ്റയ്ക്ക് നടക്കാന്‍ ഇഷ്ടമുള്ള ആളല്ല ഞാന്‍. കല്യാണത്തിന്റെ സമയമാകുമ്പോള്‍ നടക്കുമെന്ന് വിശ്വസിക്കുന്നു.

എന്റെ സ്വഭാവങ്ങളൊക്കെ മനസിലാക്കുന്ന ഒരു പങ്കാളിയെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നെ മാനേജ് ചെയ്യാന്‍ കഴിയുന്ന ആളായിരിക്കണം. അത്രയൊക്കെയുള്ളൂ സങ്കല്‍പ്പങ്ങള്‍.

പുതിയ പ്രോജക്ടുകള്‍?


ടൊവിനോ നായകനായ മറഡോണയാണ് റിലീസ് ചെയ്യാനുള്ള സിനിമ. നല്ല നല്ല സിനിമകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്....

അശ്വതി അശോക്

Ads by Google
Wednesday 25 Apr 2018 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW