എടത്വ : അജ്ഞാത ജഡമെന്നു കരുതിയായിരുന്നു നാട്ടുകാരായ ചെറുപ്പക്കാര്‍ നോക്കി നിന്നത്. എന്നാല്‍ ജീവന്റെ തുടിപ്പ് ഉണ്ടെന്നറിഞ്ഞതോടെ ചെറുപ്പക്കാര്‍ വെള്ളത്തിലേക്കു ചാടി കരയ്ക്കെടുത്ത്, ആശുപത്രിയിലെത്തിച്ചു. തോട്ടില്‍ ഒഴുകിയെത്തിയ സ്ത്രീയുടെ മുഖം വെള്ളത്തിലേക്കു ചാഞ്ഞുകിടന്ന ഇല്ലിക്കമ്പില്‍ തട്ടിയതോടെ കൈ ചെറുതായി ഉയര്‍ന്നതോടെയാണ് ജീവനുണ്ടെന്ന് മനസ്സിലായത്.
എടത്വ കോയില്‍മുക്ക് കിഴക്കേടത്ത് പരേതനായ തമ്പിയുടെ ഭാര്യ പുഷ്പ (52) ആണ് വെള്ളത്തില്‍ വീണ് ഒഴുകി നടന്നത്. വെള്ളത്തില്‍ സ്ത്രീയുടെ മൃതദേഹം ഒഴുകിനടക്കുന്നെന്ന വിവരം അറിഞ്ഞ് ഒട്ടേറെ പേര് ഓടിയെത്തി. വിവരം പൊലീസിനെയും അറിയിച്ചു. ഇതിനിടയിലാണ് ഇല്ലിക്കമ്പില്‍ തടഞ്ഞ 'മൃതദേഹ'ത്തിന്റെ കൈ ഉയര്‍ന്നത്. ജീവനുള്ള ദേഹമാണെന്നു മനസിലായയുടന്‍ ചാടിയിറങ്ങി കരയ്ക്കെടുക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു പുഷ്പ. ഉടനെ എടത്വയില്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രിയും പുഷ്പയ്ക്കു ബോധം വീണ്ടുകിട്ടിയിട്ടില്ലെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കോയില്‍മുക്ക് പേരങ്ങാട് സ്കൂളിനു സമീപം കരിങ്ങോഴിക്കല്‍ തോട്ടില്‍ കുഴിപടവ് പാടശേഖരത്തിന്റെ മോട്ടോര്‍ തറയ്ക്കു സമീപം ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. പുഷ്പയുടെ വീട്ടിലെ മോട്ടോര്‍ കേടായതിനാല്‍ രണ്ടു ദിവസമായി വെള്ളം പമ്പ് ചെയ്യാന്‍ കഴിഞ്ഞില്ല. തോട്ടിലേക്ക് ഇട്ടിരുന്ന മോട്ടോറിന്റെ വാല്‍വില്‍ പോള കയറുന്നതു പതിവായതിനാല്‍ അത് എടുത്തു മാറ്റാന്‍ വെള്ളത്തിലിറങ്ങിയപ്പോള്‍ കാല് വഴുതി വീണതാകാമെന്നു ബന്ധുക്കള്‍ പറഞ്ഞു. ഒഴുക്കുണ്ടായിരുന്നെങ്കിലും ആഴം കുറവായതു രക്ഷയായി. വീടിനു സമീപത്തു നിന്നു നൂറു മീറ്ററോളം ഒഴുകി നീങ്ങിയ പുഷ്പ അര മണിക്കൂറോളം വെള്ളത്തിലായിരുന്നു. കോയില്‍മുക്ക് കൊല്ലന്റെ കിഴക്കേതില്‍ സുരേഷ്, ചെമ്പകശ്ശേരില്‍ അനന്തു, മാരാമുറ്റത്ത് അഖില്‍, പരുത്തിക്കല്‍ ജോജന്‍, ജോബി എന്നിവരാണു വെള്ളത്തില്‍ച്ചാടി പുഷ്പയെ കരയ്ക്കെടുത്തത്.