Saturday, June 15, 2019 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Apr 2018 02.49 PM

നടി ചാര്‍മ്മിളയുടെ കഥ ; അച്ഛനറിയാതെ ലാല്‍സാറിന് ഉമ്മ കൊടുത്തു

uploads/news/2018/04/211653/ciniINWCharmila240418.jpg

നാല്‍പ്പത്തിമൂന്ന് മലയാള സിനിമകളില്‍ അഭിനയിച്ച ചാര്‍മ്മിള തമിഴിലും തെലുങ്കിലും കന്നഡത്തിലും തന്റേതായ സാന്നിധ്യം തെളിയിക്കുകയായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചാര്‍മ്മിള ധനത്തിലൂടെ മോഹന്‍ലാലിന്റെ നായികയാവുന്നത്.

പ്രണയവും വിരഹവും ചാര്‍മ്മിളയുടെ ജീവിതത്തെ മറ്റൊരു തലത്തിലൂടെ നയിക്കുകയായിരുന്നു. സിനിമയിലൂടെ സമ്പാദിച്ച പണവും വീടും ജീവിതത്തിന്റെ ആഘോഷത്തിനിടയില്‍ നഷ്ടപ്പെട്ടു പോയപ്പോള്‍ ചാര്‍മ്മിളയുടെ പ്രതീക്ഷ ഒമ്പതു വയസുകാരനായ മകനില്‍ മാത്രമായി.

ഇരിങ്ങാലക്കുടയില്‍ ചിത്രീകരണം നടന്ന 'കൊച്ചിന്‍ ശാദി ഗ്ഗ@ ചെന്നൈ 03' എന്ന ചിത്രത്തിന്റെ സെറ്റിലാണ് ചാര്‍മ്മിളയെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി ചാര്‍മ്മിള മനസ്സ് തുറക്കുകയാണ്.

? ഒരുപാട് തിക്തമായ അനുഭവങ്ങളിലൂടെ കടന്നുവന്ന ചാര്‍മ്മിള അഭിനയശാഖയിലേക്കുള്ള രണ്ടാം വരവില്‍ സജീവമാവുകയാണല്ലോ...


ഠ ശരിയാണ്. മറ്റൊരാള്‍ക്കും ഉണ്ടാകാത്ത തരത്തിലുള്ള അനുഭവങ്ങള്‍ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഇന്ന് ഞാന്‍ ശരിക്കും ഒറ്റപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അഭിനയം എന്റെ തൊഴിലാണ്.

അതുകൊണ്ടുതന്നെ അഭിനയത്തില്‍ ഞാന്‍ കൂടുതല്‍ സജീവമാവുകയാണ്. മലയാളത്തില്‍ കാക്കിനക്ഷത്രമെന്ന ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്.

പിന്നെ, നീണ്ട ഇടവേളയ്ക്കു ശേഷം ലാല്‍ജോസിന്റെ വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ വീണ്ടും ക്യാമറയ്ക്കു മുന്നില്‍ സജീവമായത്. റെഡ് സിംങ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമായിരുന്നു.

പത്താംക്ലാസിലെ പ്രണയമെന്ന ചിത്രത്തില്‍ അമ്മവേഷവും പ്രിയപ്പെട്ടവനെന്ന ചിത്രത്തില്‍ രാജസേനന്‍ സാറിന്റെ സഹോദരിയായും അഭിനയിച്ചു. തമിഴില്‍ ഇവന്‍വേറെ മാതിരി, നാന്‍, വിലാസം, നന്‍പര്‍കള്‍ നടപണി മണ്‍ട്രം, അന്തമാന്‍, കന്നിരാസി, എവന്‍ ഇവന്‍, കാതലിച്ച് പാര്‍, വേട്ടൈ ആട്, വിളിത്തിരിയാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അമ്മവേഷത്തിലാണ് അഭിനയിക്കുന്നത്.

മഞ്ജിത്ത് ദിവാകര്‍ സംവിധാനം ചെയ്യുന്ന കൊച്ചിന്‍ ശാദി ഗ്ഗ@ ചെന്നൈ 03 എന്ന മലയാള ചിത്രത്തില്‍ നായികയുടെ അമ്മയായി അഭിനയിക്കുന്നു.

? ചാര്‍മ്മിളയുടെ കുടുംബപരമായ പശ്ചാത്തലത്തെക്കുറിച്ച്...


ഠ അച്ഛന്‍ ഡോ. മനോഹര്‍, അമ്മ ഹൈസിന്ത്.യു.കെ.ജി.ക്ക് പഠിക്കുമ്പോഴാണ് നല്ലതൊരു കുടുംബം എന്ന ചിത്രത്തില്‍ ശിവാജിയങ്കിളിന്റെ മകളായി അഭിനയിച്ചത്. ബാലാജി അങ്കിളും ശിവാജി അങ്കിളും എന്റെ അച്ഛന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ബാലതാരമായി അഭിനയിക്കുമ്പോള്‍തന്നെ എന്റെ അഭിനയത്തെക്കുറിച്ച് ബാലാജി അങ്കിളിന് നല്ല അഭിപ്രായമായിരുന്നു.

സമയമാവുമ്പോള്‍ എന്നെ നായികയായി അഭിനയിപ്പിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്ന് അച്ഛന്‍ ബാലാജി അങ്കിളിനോട് സൂചിപ്പിച്ചിരുന്നു.

ചെന്നൈ ഹോളി ഏഞ്ചല്‍സ് കോണ്‍വന്റില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ബാലാജി അങ്കിള്‍ മുഖേന ധനമെന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ ഓഫര്‍ വന്നത്. ബാലാജി അങ്കിളിന്റെ മകളുടെ ഭര്‍ത്താവായ മോഹന്‍ലാല്‍ സാറാണ് നായകനെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു.

uploads/news/2018/04/211653/ciniINWCharmila240418c.jpg

? ധനത്തില്‍ മോഹന്‍ലാലിന്റെ നായികയായുള്ള എക്‌സ്പീരിയന്‍സിനെക്കുറിച്ച്.


ഠ പാലക്കാടാണ് ധനത്തിന്റെ ചിത്രീകരണം നടന്നത്. സംവിധായകന്‍ സിബി മലയില്‍ സാറ് എന്നെ നേരില്‍ കണ്ടിരുന്നില്ല. ഫോട്ടോ കണ്ടതുകൊണ്ട് ഹൈറ്റ് അറിഞ്ഞിരുന്നില്ല.

ഡാന്‍സ് പഠിച്ചിട്ടുണ്ടോയെന്ന് സിബി സാറ് ചോദിച്ചിരുന്നു. ഇല്ലെന്നു ഞാന്‍ മറുപടി പറഞ്ഞു. ചാര്‍മ്മിളയാണ് ഈ ചിത്രത്തിലെ നായികയെന്ന് സിബി സാറ് പറഞ്ഞപ്പോള്‍ ശരിക്കും പറഞ്ഞാല്‍ ആത്മവിശ്വാസമുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ സാറ് നല്ല കെയറായിരുന്നു.

ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ലാല്‍ സാറ് എനിക്ക് ഐസ്‌ക്രീമൊക്കെ വാങ്ങിച്ചു തരുമായിരുന്നു. ചെന്നൈയിലെ വിജയ ലാബില്‍ വച്ചാണ് ഞാന്‍ ധനം കണ്ടത്. ആദ്യചിത്രമെന്ന നിലയില്‍ ലാല്‍സാറുമൊത്തുള്ള അഭിനയം വല്ലാത്തൊരു എക്‌സ്പീരിയന്‍സായിരുന്നു.

? അങ്കിള്‍ബണ്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുമ്പോള്‍ അച്ഛന്റെ കര്‍ശനമായ നിയന്ത്രണം ഉണ്ടായിരുന്നു...


ഠ സത്യം പറഞ്ഞാല്‍ ധനത്തിനു ശേഷം ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് അച്ഛന് ഒട്ടും താല്പര്യമില്ലായിരുന്നു. പഠിച്ച് ജോലി ലഭിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.

ഓഫറുകള്‍ വരുമ്പോള്‍ പല ഡിമാന്റുകളും അച്ഛന്‍ മുന്നോട്ടുവച്ചു. ഡിമാന്റുകള്‍ കേട്ടിട്ടെങ്കിലും എന്നെ വിളിക്കാതാവട്ടെ എന്നായിരുന്നു അച്ഛന്‍ ചിന്തിച്ചത്.

വൈകിട്ട് ആറരയ്ക്കു ശേഷം ഷൂട്ടിങ്ങില്‍ പങ്കെടുക്കില്ല, ഗ്ലാമര്‍ ഡ്രസ്സ് ധരിക്കില്ല, കെട്ടിപ്പിടിക്കില്ല, ഉമ്മവയ്ക്കില്ല, ടോപ്പ് ആങ്കിളില്‍ ക്യാമറ വയ്ക്കരുത് ഉള്‍പ്പെടെ പത്തു കാര്യങ്ങളാണ് എഗ്രിമെന്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ഭദ്രന്‍ സാറിന്റെ അങ്കിള്‍ ബണ്‍ എന്ന ചിത്രത്തില്‍ ഇത്തരം ഉപാധികളോടെയാണ് അഭിനയിക്കാന്‍ തയാറായത്.

ഞാന്‍ ലാല്‍സാറിനെ ഉമ്മവയ്ക്കുന്ന സീനുണ്ടായിരുന്നു. സെറ്റില്‍ അച്ഛനുണ്ടായിരുന്നതുകൊണ്ട് എന്റെ അരികില്‍നിന്ന ലാല്‍സാറിന് തന്ത്രപരമായ ആക്ഷനിലൂടെയാണ് ഞാന്‍ ഉമ്മ നല്‍കിയത്.

? കാബൂളിവാലയെന്ന ചിത്രത്തിലെ ലൈലയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ...


ഠ കാബൂളിവാലയിലെ കഥാപാത്രമായ ലൈല എന്റെ റിയല്‍ ലൈഫുമായി ബന്ധപ്പെട്ട കഥാപാത്രമായാണ് എനിക്കു തോന്നിയിട്ടുള്ളത്. വിവിധ കളറുകളിലുള്ള ഡ്രസ്സ് ധരിച്ച് നല്ല മേക്കപ്പോടെയാണ് ക്യാമറയുടെ മുന്നിലെത്തിയത്. വിനീതിന്റെ നായികയായ ലൈല നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു.

? ചാര്‍മ്മിളയുടെ നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ച്...


ഠ ഇല്ല, അതിനെക്കുറിച്ച് ഞാനൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്ന ഒരാളെ വീണ്ടും വലിച്ചിഴയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമുക്ക് മറ്റ് വിഷയങ്ങളിലേക്കു കടക്കാം.

? എത്രതന്നെ മറക്കാന്‍ ശ്രമിച്ചാലും ചാര്‍മ്മിളയുടെ ജീവിതത്തില്‍ കാമുകനടന് സ്ഥാനമുണ്ടായിരുന്നല്ലോ...


ഠ അതു സത്യം തന്നെയായിരുന്നു. ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായി ആറു ചിത്രങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചു. കടല്‍, കമ്പോളം, രാജധാനി, രാജകീയം, സ്‌പെഷല്‍ സ്‌ക്വാഡ്, അറേബ്യ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലാണള് ഞാന്‍ നായികയായത്.

കട്ടപ്പനയില്‍ രാജധാനിയുടെ ചിത്രീകരണം നടക്കുമ്പോഴാണ് എന്റെ അച്ഛന് ഹാര്‍ട്ട് അറ്റാക്കായത്. അച്ഛനെ ആശുപത്രിയിലാക്കി. ഭാഷ അറിയില്ല. സഹായിക്കാന്‍ ആരുമില്ല. അത്തരമൊരു സാഹചര്യത്തില്‍ എന്റെ അച്ഛനെ നോക്കാന്‍ രണ്ടുമാസം എന്റെ കൂടെയുണ്ടായിരുന്നു.

അച്ഛനെ അദ്ദേഹം നല്ലതുപോലെ നോക്കിയിരുന്നു. സ്വാഭാവികമായും ഞാനും അദ്ദേഹവും കുടുതല്‍ അടുക്കുകയായിരുന്നു. ജീവിതത്തില്‍ ഒന്നിക്കാനുള്ള പ്രണയം തന്നെയായിരുന്നു. പിന്നെ, എല്ലാം കഴിഞ്ഞ് അദ്ദേഹം എന്നെ ഉപേക്ഷിച്ചപ്പോള്‍ വല്ലാത്തൊരു ഷോക്കായിരുന്നു.

അക്കാലത്ത് ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് പത്രങ്ങളിലൊക്കെ ഞാന്‍ ഇന്റര്‍വ്യൂ നല്‍കിയിരുന്നു. അതു വായിച്ചിട്ടെങ്കിലും എന്നെ വിവാഹം കഴിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിച്ചു. പിന്നെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ എന്റെ പ്രതീക്ഷ മുഴുവന്‍ ഇല്ലാതായി.

? പ്രണയത്തിന്റെ പേരില്‍ ഒരുപാട് നായികനടിമാര്‍ ജീവനൊടുക്കിയിട്ടുണ്ട്. ചാര്‍മ്മിളയും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചല്ലോ. അതൊരു മോശം തീരുമാനമായിരുന്നുവെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ...


ഠ തീര്‍ച്ചയായും, പ്രണയം നഷ്ടപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത് മണ്ടത്തരമായിരുന്നു എന്ന് എല്ലായ്‌പ്പോഴും തോന്നാറുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ജീവിച്ചു കാണിക്കുകയാണ് വേണ്ടതെന്നുള്ള തോന്നല്‍ എന്റെ ഉള്ളിലുണ്ടായിരുന്നു.
uploads/news/2018/04/211653/ciniINWCharmila240418b.jpg

? മലയാളത്തിലും തമിഴിലും ചാര്‍മ്മിള വീണ്ടും സജീവമാകുമ്പോഴും തികഞ്ഞ മദ്യപാനിയായ നടിയാണെന്ന പ്രചാരണം ഇന്‍ഡസ്ട്രിയില്‍ ശക്തമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ...


ഠ ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയാണ്. ചെറുപ്പം മുതല്‍ക്കേ ഞങ്ങളുടെ വീട്ടില്‍ ഭക്ഷണത്തോടൊപ്പം വൈനും ബിയറും കഴിക്കുമായിരുന്നു. അതില്‍ യാതൊരു തെറ്റും തോന്നിയിരുന്നില്ല.

അടിവാരമെന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു അദ്ദേഹം എന്നില്‍നിന്നും അകന്നത്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ ബ്രാണ്ടി കഴിച്ചിരുന്നു. അക്കാലത്ത് എങ്ങനെയെങ്കിലും മരിക്കണമെന്ന ആഗ്രഹത്താല്‍ ഉറക്കഗുളിക ധാരാളം ഉപയോഗിച്ചിരുന്നു.

എന്റെ അവസ്ഥയില്‍ അച്ഛന്‍ വല്ലാതെ ദുഃഖിച്ചിരുന്നു. സങ്കടങ്ങള്‍ മറക്കാന്‍ ഞാന്‍ വിവാഹിതയായെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീടാണ് രണ്ടാമതായി രാജേഷെന്ന ചെറുപ്പക്കാരനെ വിവാഹം കഴിച്ചത്.

എന്റെ മകന്‍ അഡോണിസ് ജൂഡ് ജനിച്ചതോടെ എന്റെ ജീവിതമാകെ മാറിമറിഞ്ഞു. ജീവിക്കാനുള്ള പ്രതീക്ഷയായി. ഇപ്പോള്‍ എന്റെ മകനു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജീവിതപ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് പണത്തിന്റെ വില ഞാനറിയുന്നത്.

? മികച്ച നടിയായി സാമ്പത്തികമായി നല്ല നിലയിലായിരുന്ന ചാര്‍മ്മിള ഇന്ന് ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നു പറഞ്ഞാല്‍...


ഠ 43 മലയാള സിനിമകളിലാണ് ഞാന്‍ അഭിനയിച്ചത്. ഇതില്‍ 38 സിനിമകളിലും ഞാനായിരുന്നു നായിക. തമിഴില്‍ 22 ചിത്രങ്ങളില്‍ 11-ലും നായികയായി.

കന്നടത്തിലും തെലുങ്കിലും ഓരോ ചിത്രങ്ങളില്‍ നായികയായി. നല്ലൊരു സമ്പാദ്യംതന്നെ എനിക്കുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഓരോ ഘട്ടങ്ങളിലുമുണ്ടായ നിരാശ എന്നെ കൂടുതല്‍ തളര്‍ത്തുകയായിരുന്നു.

സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനോടൊപ്പം ആഘോഷിച്ചു തീര്‍ത്തു. സത്യത്തില്‍ ജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. സാലിഗ്രാമത്തിലുണ്ടായിരുന്ന എന്റെ ഫ്ളാറ്റ് വില്‍ക്കേണ്ടിവന്നു.

ഞാന്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. അടുത്തകാലത്താണ് ഭര്‍ത്താവായിരുന്ന രാജേഷുമായുള്ള ഡൈവേഴ്‌സ് നടന്നത്. ഇപ്പോള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടിയ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.

? ചാര്‍മ്മിളയെന്ന അഭിനേത്രിയുടെ ഇന്നത്തെ ജീവിതത്തെക്കുറിച്ച്...


ഠ ഇന്ന് ജീവിക്കാന്‍ എനിക്ക് യാതൊരുവിധ മാര്‍ഗ്ഗവുമില്ല. ചെന്നൈയിലെ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. അമ്മ പൂര്‍ണ്ണമായും കിടപ്പിലാണ്.

ഞാന്‍ ഷൂട്ടിംഗിനായി വരുമ്പോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ചുറ്റും കടക്കാരാണ്. ഞാന്‍ ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തും.

എന്റെ മകന്‍ അഡോണിസ് ജൂഡിന്റെ സ്‌കൂള്‍ ഫീസ് നല്‍കുന്നത് തമിഴ് നടികര്‍ സംഘത്തിന്റെ സാരഥിയും നടനുമായ വിശാലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ ഞാന്‍ തയാറായത്.

uploads/news/2018/04/211653/ciniINWCharmila240418a.jpg

? 43-കാരിയായ ചാര്‍മ്മിളയുടെ ജീവിതത്തിലേക്ക് പ്രണയമാണെന്നുപറഞ്ഞ് പുതുതായി ഒരാള്‍ കടന്നുവന്നാല്‍ സ്വീകരിക്കുമോ...


ഠ ഒരിക്കലുമില്ല, കാരണം എന്റെ യൗവനം മുഴുവന്‍ പ്രണയിച്ചുതീര്‍ത്തു. ഇനി ഞാന്‍ തന്നെ ഏതെങ്കിലും പ്രണയത്തില്‍ ചാടണമെന്നു തീരുമാനിച്ചാല്‍ എന്റെ മകന്‍ ഒരിക്കലും സമ്മതിക്കില്ല.

? ചാര്‍മ്മിളയുടെ ജീവിതത്തിലൂടെ കടന്നുവന്ന് മോശമായ അനുഭവങ്ങള്‍ സമ്മാനിച്ചവരോട് വെറുപ്പ് തോന്നാറുണ്ടോ...


ഠ ആരെയും ഞാന്‍ കുറ്റപ്പെടുത്താറില്ല. എല്ലാം എന്റെ വിധിയെന്നു കരുതി സമാധാനിക്കുകയാണ്. ഞാനിപ്പോള്‍ എല്ലാം ജീസസ്സില്‍ അര്‍പ്പിച്ചിരിക്കുകയാണ്. ഞാനിപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം ജീസസ്സിന്റെ കൃപയാണ്.

? ചാര്‍മ്മിള മലയാളസിനിമയിലേക്ക് വീണ്ടും കടന്നുവരുമ്പോള്‍...


ഠ എന്നെ ഞാനാക്കിയത് മലയാള പ്രേക്ഷകരാണ്. ഇന്‍ഡസ്ട്രിയില്‍ പുതിയ ഒരുപാട് ടെക്‌നീഷ്യന്മാരുണ്ട്. ഏതു റോളും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: സുരേഷ് കുനിശ്ശേരി

Ads by Google
Tuesday 24 Apr 2018 02.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW