Thursday, August 15, 2019 Last Updated 4 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 23 Apr 2018 03.05 PM

41 ആനകളും നിക് ഉട്ടും: ആശങ്കയുടെ ഒരു ഫ്രെയിം!

''വിയറ്റ്‌നാം യുദ്ധകാലത്ത് 'നേപാം ഗേളി'ന്റെ ചിത്രം പകര്‍ത്തി ലോകമനഃസാക്ഷിയെ പിടിച്ചുലച്ച വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് ഈയിടെ കേരളത്തിലെത്തിയിരുന്നു. അദ്ദേഹത്തിനും മറ്റൊരു പ്രശസ്ത ഫോട്ടോഗ്രാഫറായ റൗള്‍റോയ്ക്കുമൊപ്പം സഞ്ചരിച്ചതിന്റെയും സൗഹൃദം പങ്കുവച്ചതിന്റെയും ഓര്‍മ്മയാണിത്. ''
uploads/news/2018/04/211381/weeklyanubhavapacha230418.jpg

വിയറ്റ്‌നാം യുദ്ധസമയത്ത് ലോകമനഃസാക്ഷിയെ പൊള്ളിച്ച ചിത്രമാണ് കാമറയ്ക്കു നേരേ അലമുറയിട്ടു കരഞ്ഞുകൊണ്ട് ഓടിവരുന്ന നിഷ്‌കളങ്കയായ ഒരു ഒമ്പതുകാരിയുടെ ചിത്രം.

വസ്ത്രം പോലും വാരിച്ചുറ്റാതെ ജീവനും കൈയില്‍പ്പിടിച്ച് ഓടുന്ന ആ നിഷ്‌കളങ്കയായ കുരുന്ന് ലോകജനതയുടെ ഹൃദയത്തില്‍ ഒരു നീറ്റലായി- യുദ്ധങ്ങളുടെ പ്രസക്തിയെപ്പോലും ചോദ്യം ചെയ്യിപ്പിച്ച ഒരു ഫ്രെയിം.

'യുദ്ധഭീകരത' (ടെറര്‍ ഓഫ് വാര്‍) എന്നു നാമകരണം ചെയ്ത ആ ചിത്രം പകര്‍ത്തിയ വിരലുകളെ, നിക് ഉട്ട് എന്ന അസോസിയേറ്റ് പ്രസിന്റെ ഫോട്ടോഗ്രാഫറെ ആരാധനയോടെയേ കണ്ടിട്ടുള്ളു- ഞാന്‍ മാത്രമല്ല, മനുഷ്യസ്‌നേഹികളായ മുഴുവനാളുകളും. ലോകപ്രശസ്തനായ അദ്ദേഹത്തിനും മറ്റൊരു പ്രശസ്ത ഫോട്ടോഗ്രാഫറായ റൗള്‍റോയ്ക്കും ഒപ്പം സഞ്ചരിക്കാനും സൗഹൃദം പങ്കുവെക്കാനുമുള്ള ഒരവസരമുണ്ടായി എനിക്ക്.

അഭിമാനം പകരുന്നതെങ്കിലും ആശങ്ക പകരുന്ന ചില നിമിഷങ്ങള്‍ കൂടിയുണ്ടായിരുന്നു അക്കൂട്ടത്തില്‍. മാര്‍ച്ച് ഏഴിനാണു നിക് ഉട്ടും റൗള്‍റോയും കേരളസന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്.

മീഡിയ അക്കാദമി പ്രതിനിധിയായി നിക് ഉട്ടും റൗള്‍റോയും മടങ്ങുംവരെ അവരുടെ ഒപ്പമുണ്ടാകണമെന്നതാണ് എന്റെ ദൗത്യം. മാര്‍ച്ച് 10ന് ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. 11 മുതല്‍ കേരള യാത്ര ആരംഭിച്ചു.

പുലര്‍ച്ചെ തന്നെ ഞങ്ങള്‍ ശംഖുമുഖം ബീച്ചിലെത്തി കാനായിയുടെ മത്സ്യകന്യകയേയും മത്സ്യത്തൊഴിലാളികളേയും കടലോരത്തു കാറ്റു കൊള്ളാനെത്തിയവരേയുമൊക്കെ കാമറയില്‍ ഒപ്പിയെടുത്തു.

വര്‍ക്കല ശിവഗിരിയില്‍ വച്ചാണു പത്രത്തില്‍ കൗതുകകരമായ ഒരു വാര്‍ത്ത കണ്ടത്. ചാത്തന്നൂരിന് സമീപമുള്ള പാരിപ്പള്ളി കൊടിമൂട്ടില്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ ഗജമേള. 41 ആനകളുണ്ട്. വിദേശ ഫോട്ടോഗ്രാഫര്‍മാരുടെ കാമറയ്ക്കു വിരുന്നായി വേറെന്തു വേണം?

ഉച്ചഭക്ഷണത്തിനുശേഷം ഗജമേള കാണാന്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പാരിപ്പള്ളി ജംഗ്ഷനില്‍ എത്തിയപ്പോള്‍ വലിയ തിരക്ക്. രസകരമായ ഫ്‌ളോട്ടുകള്‍... കാവടി... ഹൈവേയില്‍ ഉത്സവലഹരി. ക്ഷേത്രഭാരവാഹികളോടൊപ്പം ചെറുവഴികളിലൂടെ ഉത്സവപ്പറമ്പിലെത്തി. ഇതിനിടയില്‍ നിക് ഉട്ടും റൗള്‍റോയും ഗജമേള കാണാനെത്തിയതറിഞ്ഞ ക്ഷേത്രഭാരവാഹികള്‍ ഉച്ചഭാഷിണിയിലൂടെ തന്നെ അവര്‍ക്കു സ്വാഗതമാശംസിച്ചു.

ആനകള്‍ ഒന്നൊന്നായി നെറ്റിപ്പട്ടം അണിഞ്ഞു വന്നുകൊണ്ടിരുന്നു. എം.എല്‍.എയും പ്രാദേശികനേതാക്കളും ഉത്സവക്കമ്മറ്റിക്കാരും ചേര്‍ന്ന് തിടമ്പേറ്റുന്ന ആനയുടെ സമീപത്തേക്ക് ഞങ്ങളെ കൊണ്ടുപോയി.

മേളം ശക്തമായി. തിക്കിലും തിരക്കിലും പെടാതെ ക്ഷേത്രഭാരവാഹികളും മറ്റും നിക് ഉട്ടിനും റൗളിനും മറ്റും കൈകള്‍ കോര്‍ത്ത് സുരക്ഷയൊരുക്കി.

uploads/news/2018/04/211381/weeklyanubhavapacha230418a.jpg

ജനങ്ങള്‍ ചെണ്ടയുടെ താളത്തില്‍ കൈകള്‍ വീശി. ചിലര്‍ തോര്‍ത്തുമുണ്ട് ഉയര്‍ത്തിപ്പിടിച്ച് താളമിട്ടു. ആവേശം വാനോളമുയര്‍ന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ജയന്‍, നിക് ഉട്ടിനെയും കൂട്ടി ജനങ്ങള്‍ക്കിടയിലേക്കു പോയി.

നല്ല കുറേ സ്‌നാപ്പുകള്‍ പകര്‍ത്തുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, സമയം ഏറെ ചെന്നിട്ടും ഇരുവരെയും കാണുന്നില്ല. ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പി.ആര്‍.ഡി ഉദ്യോഗസ്ഥന്‍ രാജേഷും ഞാനും ആള്‍ത്തിരക്കിനിടയില്‍ നോക്കി.

നിക് ഉട്ടിന് ഉയരം കുറവാണെങ്കിലും വെളുത്ത മുടി കാരണം കണ്ടെത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു തെരച്ചില്‍. പക്ഷേ, അദ്ദേഹത്തെ കണ്ടെത്താനായില്ല. നേരം ഇരുട്ടിത്തുടങ്ങി. ഞങ്ങളുടെയെല്ലാം നെഞ്ചില്‍ തീ വീണു. നിരന്നു നില്‍ക്കുന്ന 41 ആനകള്‍... അതിനിടെ ആവേശത്തില്‍ താളം ചവിട്ടുന്ന ജനം...

കേരളത്തിന്റെയല്ല, നമ്മുടെ രാജ്യത്തിന്റെതന്നെ അതിഥിയായ നിക് ഉട്ട് എവിടെ?!!

നിക് ഉട്ടിന്റെയോ ജയന്റെയോ കൈവശം ഫോണില്ല. ഇരുവരും പരിസരത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ മൈക്ക് പോയിന്റില്‍ എത്തിച്ചേരണമെന്ന ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പിനും ഫലമുണ്ടായില്ല. അദ്ദേഹം ഞങ്ങളുടെ കാഴ്ചവട്ടത്തുനിന്നു മറഞ്ഞിട്ട് ഒരു മണിക്കൂറിലേറെയായിരിക്കുന്നു. തെരച്ചിലുകളെല്ലാം വിഫലമായപ്പോള്‍ റൗള്‍റോയോടൊപ്പം താമസിക്കുന്ന റിസോര്‍ട്ടിലേക്കു മടങ്ങാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.

വിവരം മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബുവിനെ അറിയിച്ചു. ഫോട്ടോഗ്രാഫിയില്‍ ഏറെ കമ്പവും മുമ്പ് രണ്ടുതവണ ദേശീയ അവാര്‍ഡ് ജേതാവുമായ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെയും അറിയിച്ചു.

സന്ദേശം പലവഴിക്കു പോയി. ക്ഷേത്രത്തിലെ അനൗണ്‍സ്‌മെന്റ് തുടര്‍ന്നു കൊണ്ടിരുന്നു. നിക് ഉട്ടിനെ തിരയാന്‍ പടകളിറങ്ങി.

ഇതിനിടയില്‍ റൗള്‍റോയ്‌ക്കൊപ്പം ഞങ്ങള്‍ റിസോര്‍ട്ടിലെത്തി. നിരാശയും സങ്കടവുമെല്ലാം കൂടിക്കലര്‍ന്ന മാനസികാവസ്ഥയിലാണു ഞങ്ങളവിടെയെത്തിയത്. പക്ഷേ, എല്ലാവര്‍ക്കും അമ്പരപ്പും ആശ്വാസവും പകര്‍ന്നു കൊണ്ട് നിക് ഉട്ട് അവിടെയുണ്ടായിരുന്നു. രണ്ടുമണിക്കൂറിന്റെ പരിഭ്രാന്തിയും ആശങ്കകളും ആശ്വാസനിശ്വാസങ്ങള്‍ക്കു വഴിമാറി.

കേരളത്തില്‍ 14 ദിവസം സന്ദര്‍ശനം നടത്തിയ നിക് ഉട്ടിനെ രണ്ടുമണിക്കൂര്‍ കാണാതായ വാര്‍ത്ത അധികമാരും അറിഞ്ഞില്ല. പാരിപ്പള്ളി കൊടിമൂട്ടില്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ ഗജമേളയ്ക്ക് എത്തിച്ച ഒരാന അക്രമാസക്തനായ വാര്‍ത്ത പിറ്റേന്നത്തെ പത്രത്തില്‍ വായിക്കുകയും ചെയ്തു.

ഏതായാലും പിറ്റേന്നു മുതല്‍ നിക് ഉട്ടിനു പോലീസ് സംരക്ഷണവും ഗണ്‍മാനെയും ഏര്‍പ്പാടാക്കിയതു ഡി.ജി.പി നേരിട്ടു തന്നെ.

Ads by Google
Monday 23 Apr 2018 03.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW