Thursday, June 27, 2019 Last Updated 46 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 23 Apr 2018 02.21 PM

എനിക്കത് അനുഭവപ്പെട്ടിട്ടില്ല എന്നു കരുതി അങ്ങനെ ഇല്ലെന്ന് പറയാനാവുമോ? കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സുരഭിലക്ഷ്മി

അരങ്ങിലും വെള്ളിത്തിരയിലും ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ ഒരുങ്ങുകയാണ് സുരഭി.
Surabhi Lakshmi

കണിക്കൊന്ന പൂവു പോലെ നിഷ്‌കളങ്കമായി ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന സുരഭിലക്ഷ്മി. മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡിന്റെ മാധുര്യം മലയാളമണ്ണിലെത്തിച്ച കോഴിക്കോടുകാരി.

ഉള്‍ക്കാമ്പുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിലേക്ക് ആഴത്തില്‍ പതിഞ്ഞുപോയ സുരഭിക്ക് ദേശീയ അവാര്‍ഡ് കിട്ടിയത് കഴിഞ്ഞ വിഷുക്കാലത്താണ്.

അരങ്ങിലും വെള്ളിത്തിരയിലും ശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ ഒരുങ്ങുകയാണ് സുരഭി.

ഈ വിഷുവിനുള്ള പ്രത്യേകത ?


വലിയ പ്രത്യേകതകളൊന്നുമില്ല. ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഡല്‍ഹിയി ലായിരിക്കും. വീട്ടില്‍ ആയിരിക്കില്ല എന്ന താണ് ഒരു വിഷമം. സത്യത്തില്‍ കഴിഞ്ഞ വിഷുവാണ് ജീവിതത്തിലൊരിക്കലും മറ ക്കാന്‍ പറ്റാത്തത്. ദേശീയ അവാര്‍ഡ് കിട്ടിയത് കഴിഞ്ഞ വിഷുക്കാലത്താണ്. അതിന്റെ മാധുര്യം എപ്പോഴും കൂടെയുണ്ട്.

വീട്ടിലും വിഷുക്കണി നല്ല രീതിയില്‍ ഒരുക്കും. വിഷുക്കോടിയും വിഷുക്കണിയുമൊക്കെ സാധാരണ പോലെ തന്നെ. പണ്ടൊക്കെ വിഷുകൈനീട്ടം വാങ്ങാറായിരുന്നു പതിവ്. ഇളയകുട്ടികള്‍ക്ക് കൈനീട്ടം കൊടുക്കുന്നതാണ് ഇപ്പോഴത്തെ എന്റെ സന്തോഷം.

വീട്ടിലെ വിഷുക്കണിക്ക് ശേഷം നാട്ടിലെ റസിഡന്റ്‌സ് അസോസിയേഷനും സംഘങ്ങളുമൊക്കെ വിഷുക്കണിയുമായി വീട്ടിലേക്ക് എത്താറുണ്ട്. വീട്ടില്‍ കണി കണ്ട ശേഷമാണു മിക്കവാറും അവരെത്തുക. എങ്കിലും കൈനീട്ടം നല്‍കി അവരെ തിരിച്ചയയ്ക്കും.

എല്ലാ സ്ഥലത്തും ആഘോഷിക്കും പോലെ തന്നെയാണ് കോഴിക്കോടും വി ഷു. പടക്കം പൊട്ടിക്കലും വിഷുക്കണി യും കൈനീട്ടവുമൊക്കെയുണ്ട്. പിന്നെ ഓണമാണെങ്കിലും വിഷു ആണെങ്കിലും എല്ലാ വിഭവങ്ങള്‍ക്കുമൊപ്പം എന്തെങ്കി ലും ഒരു നോണ്‍ വെജ് കൂടി ഞങ്ങള്‍ക്കു നിര്‍ബന്ധമാണ്. വിഷുവിനു സാധാരണ കോഴിക്കറിയാണ് പ്രാധാന്യം.

സദ്യക്കൊപ്പം അതുമുണ്ടാവും. വേറെ പ്രാധാന്യം ഒന്നുമില്ലെങ്കിലും ടൊവിനോ നായകനാവുന്ന തീവണ്ടി എന്ന സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്യാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. വലിയൊരു താരനിര തന്നെയതിലുണ്ട്. അത് വിഷുക്കാലത്തു റിലീസ് ആകുന്നു എന്ന സന്തോഷമുണ്ട്.

ഛായാമുഖി സംവിധാനം ചെയ്ത പ്രശാന്ത് നാരായണ്‍ സാറിന്റെ മഹാസാഗരം എന്ന നാടകത്തില്‍ അഭിനയിക്കുകയാണിപ്പോള്‍. എം.ടിയുടെ കഥകളെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച നാടകാവതരണമാണ്. അതൊക്കെയാണ് സന്തോഷം.

മറക്കാനാവാത്ത വിഷുക്കണി ?


അതും കഴിഞ്ഞ പ്രാവശ്യത്തെ തന്നെയാണ്. വിഷു തലേന്ന് പ്രോഗ്രാമൊക്കെ കഴിഞ്ഞ് വൈകിയാണ് വീട്ടിലെത്തിയത്. പിറ്റേന്ന് ഉണര്‍ന്നതും വൈകി തന്നെയാണ്. അഭിനേത്രി മോനിഷയുടെ അമ്മ ശ്രീദേവി ചേച്ചിയാണ് എന്നെ വിളിച്ചുണര്‍ത്തിയത്. ചേച്ചി അയച്ചു തന്ന വിഷുക്കണിയായിരുന്നു അന്നത്തെ ആദ്യകണി. മറ്റെല്ലാ വിഷുക്കാലവും ഒരുപോലെ തന്നെയായിരുന്നു.

ഇങ്ങനെയൊരു വിഷുക്കാലം ഉണ്ടാകുമെന്ന് ചിന്തിച്ചി രുന്നോ ?


ഏയ് ഒരിക്കലുമില്ല. എങ്ങനെ അതൊക്കെ ചിന്തിക്കും. എല്ലാവരുടേയും കൈയില്‍ നിന്ന് കൈനീട്ടവും വാങ്ങി, എന്റെ ഇളയ കുട്ടികള്‍ക്ക് ഗമയോടെ കൈനീട്ടം നല്‍കുന്ന, വൈകിട്ട് എല്ലാവരും കൂടി ഒരുമിച്ച് പടക്കം പൊട്ടിച്ച് സന്തോഷിക്കുന്ന ഒരു വിഷുക്കാലം മാത്രമാണ് മനസ്സില്‍ ഉണ്ടായിരുന്നത്.

സിനിമാനടിയാകുമെന്നോ വിഷുക്കാലം ഇങ്ങനെയാകുമെന്നോ ഒരിക്കലും ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് കഴിഞ്ഞ വര്‍ഷം വിഷുകൈനീട്ടമായി ദേശീയ അവാര്‍ഡ് കിട്ടി. എല്ലാം ഭാഗ്യം. അതൊരു പ്രോത്സാഹനവും അംഗീകാരവും ഒക്കെയാണെന്നു മാത്രമല്ല നിറഞ്ഞ സന്തോഷമായി എപ്പോഴും കൂടെയുണ്ടാകും.

അവാര്‍ഡ് കിട്ടിയശേഷം കഥാപാത്രങ്ങള്‍ തെരെഞ്ഞെ ടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ടോ?


ആ ശ്രദ്ധ എപ്പോഴുമുണ്ടായിരുന്നു. കൂടുതല്‍ ശ്രദ്ധിക്കാന്‍ മാത്രം കഥാപാത്രങ്ങള്‍ ഇല്ലാത്തത് കൊണ്ട് വലിയ പ്രയാസമില്ല. കിട്ടുന്ന അവസരങ്ങള്‍ പരമാവധി ആത്മാര്‍ത്ഥതയോടെ ചെയ്യുക എന്നതാണ് എന്റെ തത്വം.

ഇതുവരെ ഒരു സാധാരണ നടി എന്ന നിലയില്‍ ശ്രദ്ധിച്ചിരുന്ന പ്രേക്ഷകര്‍ ഇപ്പോള്‍ ദേശീയ അവാര്‍ഡ് കിട്ടിയ നടി എന്ന രീതിയില്‍ ശ്രദ്ധിക്കുന്നു. അതുകൊണ്ട് കുറച്ചു ജാഗ്രതയുണ്ട്.

എന്നു കരുതി കൂടുതല്‍ കോണ്‍ഷ്യസാകാറില്ല. മിന്നാമിനുങ്ങിലെ കഥാപാത്രത്തിന് അവാര്‍ഡ് കിട്ടി, അതുകഴിഞ്ഞു. ഒരിക്കലുമത് എന്നിലെ നടിക്ക് ഭാരമാവില്ല. പക്ഷേ തീര്‍ച്ചയായും ഉത്തരവാദിത്തം കൂട്ടാനത് കാരണമായി. അടുത്ത ദേശീയ അവാര്‍ഡ് കിട്ടുന്നത് വരെ ഈ മാധുര്യത്തിലായിരിക്കും. ഇനി കിട്ടിയില്ലെങ്കിലും ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തങ്ങ് പോകാമല്ലോ.

അവാര്‍ഡ് കിട്ടിയെന്നു കരുതി അഭിനയത്തെ സിമ്പിളായി കാണുന്നില്ല, എന്നെത്തേടിയെത്തുന്ന ഓരോ കഥാപാത്രത്തെയും പുതുമ നഷ്ടപ്പെടാതെയാണ് സമീപിക്കുന്നത്.

സിനിമയില്‍ ന്യൂജന്‍ ഗ്രൂപ്പില്‍ ആണോ ഓള്‍ഡ് ജന്‍ ഗ്രൂപ്പിലാണോ ?


സിനിമയില്‍ ഓള്‍ഡ് ജെന്‍, ന്യൂജന്‍ എന്നിങ്ങനെ തരം തിരിക്കേണ്ട കാര്യമുണ്ടോ? ഞാന്‍ ഈ രണ്ടു വകുപ്പി ലും പെടാത്ത ആളാണ്. ഇതെന്നല്ല ഒരു ഗ്രൂപ്പിലും പെടാന്‍ ഞാനിഷ്ടപ്പെടുന്നില്ല. പക്ഷേ ഒരു ഗ്രൂപ്പും ഒഴിവാക്കുന്നില്ല. എല്ലാ ഗ്രൂപ്പിലും പെടാനാണ് എന്റെ ആഗ്രഹം.
Surabhi Lakshmi

വെള്ളിത്തിര പ്രൊഫഷനായി സ്വീകരിച്ചപ്പോള്‍ വീട്ടുകാരുടെ പിന്തുണ ?


വീട്ടുകാരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഇവിടെവരെയെത്തിയത്. പപ്പയും മമ്മിയും എല്ലാ പിന്തുണയും തന്നാണ് വളര്‍ത്തിയത്. മുത്തശ്ശി ലക്ഷ്മിയും എന്റെ പ്രൊഫഷന് ശക്തിയായി എപ്പോഴും കൂടെ നിന്നിട്ടുണ്ട്.

കുഞ്ഞുനാളില്‍ തൊട്ടു മൂത്ത ചേച്ചി സുമിതയായിരുന്നു എന്റെ ഏറ്റവും വലിയ കരുത്ത്. കുറച്ചു കൂടി വളര്‍ന്നപ്പോള്‍ മൂത്ത ചേച്ചി സുബിതയായി പ്രധാന കൂട്ട്. ഇപ്പോള്‍ എന്റെയൊപ്പം വരുന്നത് സഹോദരന്‍ സുധീഷാണ്.

അവരുടെ സ്വന്തം കാര്യങ്ങളേക്കാള്‍ എന്റെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും കലാവാസനകള്‍ക്കുമൊക്കെയാണ് എപ്പോഴും പ്രാധാന്യം കൊടുത്തിരുന്നത്. വളര്‍ച്ചയുടെ ഓരോ കാലഘട്ടങ്ങളിലും കരുത്തും താങ്ങും പ്രോത്സാഹനവും പിന്തുണയുമൊക്കെത്തന്ന് എനിക്കൊപ്പം നിന്നു.

വെള്ളിത്തിര പ്രൊഫഷന്‍ ആക്കണമെന്ന് അന്നൊന്നും ആലോചിച്ചിട്ടില്ലായിരുന്നു. കലയോട് താല്‍പര്യം ഉള്ളതുകൊണ്ടാണ് ബിരുദത്തിന് ഭരതനാട്യം തെരഞ്ഞെടുത്തത്. പിന്നീട് കേരള സംഗീത നാടക അക്കാദമിയില്‍ നിന്ന് ബിരുദാനന്തരബിരുദവുമെടുത്തു.

സിനിമയ്ക്കു വേണ്ടി പഠനമോ പഠനത്തിന് വേണ്ടി സിനിമയോ ഉപേക്ഷിച്ചില്ല. ഇപ്പോള്‍ കാലടി ശ്രീ ശങ്കരാചാര്യ കോളജില്‍ പിഎച്ച്.ഡി ചെയ്യുകയാണ്. പഠിക്കുന്നു, സിനിമ ചെയ്യുന്നു, ഇടയ്ക്ക് നാടകവുമുണ്ട്. ഒന്നും ഒന്നിനും വേണ്ടി ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല.

പ്ലസ്ടുവിന് ലൈഫ് സ്‌റ്റോക്ക് മാനേജ്മെന്റ് എടുത്തിരുന്നത് കൊണ്ട് അഭിനയം പ്രൊഫഷനാക്കിയില്ലെങ്കില്‍ ഞാനൊരു പക്ഷേ ആ മേഖല തെരെഞ്ഞെടുത്തനേ. പെട്ടെന്ന് ജോലി കിട്ടാന്‍ വേണ്ടിയാണത് പഠിച്ചത്.

എന്റെ കൂടെ പഠിച്ച മുഴുവന്‍ കുട്ടികള്‍ക്കും ആ മേഖലയില്‍ ജോലി കിട്ടി. പക്ഷേ സിനിമ എനിക്കെന്നുമൊരു പാഷനായിരുന്നു. അതിന് വീട്ടുകാരുടെ നിസ്വാര്‍ത്ഥമായ പിന്തുണ കൂടി കിട്ടിയതോടെ ഇവിടെ വരെയെത്തി. ഇപ്പോഴും എപ്പോഴുമത് കൂടെയുണ്ട്.

സിനിമ കാണുമായിരുന്നോ?


ചെറുപ്പത്തില്‍ സിനിമ കാഴ്ച പതിവായിരുന്നു. ഞങ്ങളുടെ നാട്ടിലെ ദിനേശ്, രചന എന്നീ കൊട്ടകക ളായിരുന്നു എന്റെ സിനിമാപ്രേമത്തിന് കൂടുതല്‍ സൗന്ദര്യം നല്‍കിയത്. അഞ്ചിലും ആറിലുമൊക്കെ പഠിക്കുമ്പോള്‍ എന്റെ സ്ഥിരം പരിപാടി ഒറ്റയ്ക്കു സിനിമ കാണാന്‍ പോകുന്നത് തന്നെയായിരുന്നു.

വീട്ടിലെല്ലാവരും ഉച്ചമയക്കത്തിലാകുന്ന സമയത്ത് കൂട്ടുകാരിക്കൊപ്പം കളിക്കാന്‍ പോകുവാണെന്ന് പറഞ്ഞ് ഞാന്‍ കൊട്ടകയിലേക്ക് പോകും. ആദ്യം കണ്ട സിനി മ രംഗീലയാണ്.

സുന്ദരി നീയും സുന്ദരന്‍ ഞാനും, ഖിലാഡിയോന്‍ കാഖിലാഡി, കൊക്കരക്കോ, അയലത്തെ അദ്ദേഹം, തേന്മാവിന്‍ കൊമ്പത്ത് എന്നിങ്ങനെ എണ്ണമെടുക്കാനാവത്തത്ര സിനിമകള്‍ അവിടെ കണ്ടിട്ടുണ്ട്.

സിനിമ റിലീസാകുന്ന സമയത്ത് ടൗണിലെ ടാക്കീസില്‍ സിനിമ വന്നു കഴിയും. അതും കഴിഞ്ഞ് കുറെ വൈകിയാണ് ഞങ്ങളുടെ കൊട്ടകയില്‍ സിനിമ എത്തുന്നത്. എങ്കിലും ഓരോ സിനിമാക്കാഴ്ചയും എനിക്കു തന്നിട്ടുള്ള സന്തോഷം വാക്കുകളില്‍ നിര്‍വചിക്കാനാവില്ല.

മിനിസ്‌ക്രീനില്‍ നിന്ന് ബിഗ്സ്‌ക്രീനിലേക്ക് ഒരു മാറ്റം? അതിനു ഇത്രയും പ്രേക്ഷക പ്രീതി കിട്ടുമെന്ന് ചിന്തിച്ചിരുന്നോ ?


അമൃത ടി.വിയിലെ ബെസ്റ്റ് ആക്ടര്‍ പരിപാടിയിലൂടെയാണ് ക്യാമറയ്ക്കു മുന്നിലെത്തിയത്. ബൈ ദി പീപ്പിള്‍ എന്ന സിനിമയിലൂടെയായിരുന്നു ബിഗ്സ്‌ക്രീന്‍ എന്‍ട്രി. പിന്നെയാണ് ഞാന്‍ മിനിസ്‌ക്രീ നിലേക്ക് മാറിയത്.

പ്രേക്ഷകര്‍ നമ്മളെ ഇഷ്ടപ്പെടുക, ഒരു ലൈക്കബിലിറ്റി ഉണ്ടാവുക എന്നതൊ ക്കെ വലിയ കാര്യമാണ്. അതും എം. 80 മൂസ പോലെയുള്ള ഒരു ജനപ്രിയ പര മ്പരയില്‍ കൂടിയായപ്പോള്‍ പ്രേക്ഷക സ്വീകാര്യത കൂടി. അവരുടെ വീട്ടിലുള്ള അംഗത്തെപ്പോലെ പ്രേക്ഷകര്‍ കരുതാനും തുടങ്ങി.

സിനിമയില്‍ അഭിനയിച്ചല്ല ഈ പര മ്പരയിലൂടെയാണ് കൂടുതല്‍ പ്രേക്ഷകര്‍ എന്നെ അറിഞ്ഞത്. സത്യത്തില്‍ ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴാണ് ബിഗ് സ്‌ക്രീനില്‍ ഞാനുണ്ടെന്ന് പോലും പലരും തിരിച്ചറിഞ്ഞത്.

അതുവരെ ഞാന്‍ എം.80 മൂസ മാത്രമേ ചെയ്തിട്ടുള്ളു എന്നാണ് ആളുകള്‍ വിചാരിച്ചിരുന്നത്. അവാര്‍ഡ് കിട്ടിയ ശേഷമാണു പലരും എന്റെ പല സിനിമകളും ശ്രദ്ധി ച്ചു തുടങ്ങിയത്. അതു കൊണ്ടുതന്നെ മിനിസ്‌ക്രീനും ബിഗ്സ്‌ക്രീനും അങ്ങോ ട്ടും ഇങ്ങോട്ടും ഗുണം ചെയ്തിട്ടുണ്ട്.

സിനിമാപാരമ്പര്യം ഉള്ളവര്‍ക്ക് കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടുമെന്നതു സത്യമാണോ ?


അങ്ങനെ പറയാനാവില്ല. പക്ഷേ സിനിമാ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്ന് വരുന്ന കൂടുതല്‍ അഭിനേതാക്കളും നായകനോ നായികയോ ആയിട്ടാകും സിനിമയില്‍ തുടക്കം കുറിക്കാന്‍ സാധ്യതയുള്ളത്.

കാരണമവര്‍ക്ക് പരിചയപ്പെടുത്ത ലിന്റെ ആവശ്യമില്ല. മാത്രവുമല്ല ഒരു ഓപ്പണിംഗിന് ആ പാരമ്പര്യം വളരെ നല്ലതാണ്. സ്ട്രെയിനും കുറവാണെന്നത് മറ്റൊരു കാര്യം. പക്ഷേ അള്‍ട്ടിമേറ്റായി ടാലന്റില്ലെങ്കില്‍ അവര്‍ക്കു പിടിച്ചു നി ല്ക്കാന്‍ പറ്റില്ല.

ഏതു മഹാനടന്റെ മക്കളാണെങ്കിലും അഭിനയിക്കാന്‍ അറിയില്ലെങ്കില്‍ മലയാളി പ്രേക്ഷകര്‍ ഒഴിവാക്കും. പെട്ടെന്ന് എസ്റ്റാബ്ലിഷാകാന്‍ പാരമ്പര്യം സഹായിക്കുമെന്നത് സത്യമാണ്. പക്ഷേ അഭിനയിക്കാന്‍ പ്രാപ്തിയില്ലെങ്കില്‍ വെള്ളിത്തിര അവര്‍ക്ക് പിന്നീട് അപ്രാപ്യമായി മാറും.

നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി നടിമാര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നത് പല നടികളും അടുത്തിടെ തുറന്നു പറഞ്ഞു. അതിനെക്കുറിച്ച് ?


എനിക്ക് എന്റെ അനുഭവം വച്ചേ പറയാന്‍ പറ്റു. ശീലാവതിയും സത്യവതിയുമൊന്നും ചമയുകയല്ല. എനിക്കങ്ങനെയൊരു മോശം അനുഭവം ഉണ്ടായിട്ടില്ല.

ഒന്നോ രണ്ടോ ദിവസം മാത്രം ലൊക്കേഷനിലെത്തി, കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്ത്, അതുമല്ലെങ്കില്‍ വളരെ കംഫേര്‍ട്ടാ യുള്ളവര്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്തതു കൊണ്ടുമാവാമത്. ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല.

അങ്ങനെയൊരു അനുഭവം എനിക്കുണ്ടായിട്ടില്ല എന്നതുകൊണ്ട് അങ്ങനെ അനുഭവം ഉള്ളവര്‍ ഉണ്ടാകില്ല എന്നല്ല. ഓരോരുത്തരുടേം അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും. എന്റേത് വച്ച് മറ്റുള്ളവരുടേത് താരതമ്യപ്പെടുത്താന്‍ പറ്റില്ല. എനിക്കത് അനുഭവപ്പെട്ടിട്ടില്ല, എന്നു കരുതി അങ്ങനെ ഇല്ലെന്ന് പറയാനാവുകയുമില്ല.

സ്ത്രീകള്‍ക്ക് സിനിമയില്‍ സുരക്ഷിതത്വമില്ലെന്നും കേള്‍ക്കുന്നുണ്ട് ?


എവിടെയാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉള്ളത്. സിനിമയില്‍ താരതമ്യേന സുരക്ഷിതത്വം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ചില ദിവസങ്ങളിലെ ഷൂട്ടിംഗുകളില്‍ അല്ലെങ്കില്‍ സീനുകളില്‍ പത്തിരുപത് മെയില്‍ ആര്‍ടിസ്റ്റിനൊപ്പം ഒരു ഫിമെയില്‍ ആര്‍ട്ടിസ്റ്റ് മാത്രമാവും ഉണ്ടാവുക. എന്നിട്ടും സ്ത്രീകള്‍ ആ മേഖലയില്‍ ജോലി ചെയ്യുന്നില്ലേ?

പിന്നെ സമൂഹത്തിന്റെ ഒരു ഭാഗമാണ് സിനിമയും. സമൂഹത്തിന്റെ പ്രതിഫലനം സിനിമയിലും ഉണ്ടാവും. എല്ലായിടത്തുമുള്ള പുരുഷന്മാര്‍ സിനിമയിലും കാണും. ആ സുരക്ഷിതത്വമില്ലായ്മ സിനിമയിലും ഉണ്ടാവും. അല്ലാതെ വലിയ സംഭവമായിട്ടെനിക്കു തോന്നിയിട്ടില്ല.

Surabhi Lakshmi

സിനിമയില്‍ സൗന്ദര്യമൊരു മാനദണ്ഡമാണോ ?


സൗന്ദര്യം വേണ്ട കഥാപാത്രങ്ങള്‍ക്ക് അങ്ങനെയുള്ളവര്‍ തന്നെ വേണം. സൗന്ദര്യമില്ലാത്തവര്‍ക്ക് അങ്ങനത്തെ കഥാപാത്രങ്ങള്‍ കിട്ടും. പക്ഷേ എത്രയൊക്കെ സൗന്ദര്യമില്ലാത്തവരും കുറെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് കൂടുതല്‍ സൗന്ദര്യമുള്ളതായി തോന്നാറുണ്ട്.

ഭയങ്കര സൗന്ദര്യമുള്ള സഹനടന്മാര്‍ വലിയ സൗന്ദര്യമില്ലാത്ത നായകനടനൊപ്പം അഭിനയിക്കാറില്ലേ? പക്ഷേ നായകനടനല്ലേ പ്രേക്ഷകരുടെ കണ്ണില്‍ കൂടുതല്‍ സൗന്ദര്യം. അതയാള്‍ അഭിനയിച്ചു സ്വായത്തമാക്കിയിട്ടുള്ളതാണ്. ഒരുപരിധിവരെ കഥകളിലെ നായകനായികാ സങ്കല്‍പങ്ങള്‍ പോലും സൗന്ദര്യം നോക്കിയാണല്ലോ.

കുറച്ചു സൗന്ദര്യം കുറഞ്ഞവരുടെ കഥകള്‍ പോലും കുറവാണ്. എങ്കിലും സിനിമകളില്‍ കഥകള്‍ക്കനുസരിച്ചാണ് സൗന്ദര്യം. ചിലത് കാഴ്ചയിലെ സൗന്ദര്യമാണ്, മറ്റ് ചിലത് കഥാപാത്രങ്ങളുടെ സൗന്ദര്യമാണ്. സിനിമ വിജയിക്കുന്നത് സൗന്ദര്യം മാത്രം നോക്കിയല്ല, കഥയുടെ കാമ്പു കൂടി നോക്കിയാണ്.

കടന്നു വന്ന വഴികളെക്കുറിച്ച്?


ബിഗ്‌സ്‌ക്രീനും മിനിസ്‌ക്രീനുമൊക്കെ എനിക്ക് നല്ല കഥാപാത്രങ്ങള്‍ തന്നപ്പോള്‍ പ്രേക്ഷകരതിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. എം.80 മൂസയിലെ കഥാപാത്ര ത്തിന്റെ പേരിലാണ് ആളുകള്‍ കൂടുതല്‍ അറിഞ്ഞത്.

വളര്‍ന്നു വന്ന ഗ്രാമം ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കാത്ത വ്യക്തികളി ല്ല. കോഴിക്കോടന്‍ സ്ലാങ്ങില്‍ എം.80 മൂസയില്‍ അഭിനയിച്ചപ്പോള്‍ പലരുമത് പറഞ്ഞിട്ടുമുണ്ട്.

പിന്നീടത് പലരും വേദികളില്‍ എന്നെക്കൊണ്ട് പറയിപ്പിച്ചു, പ്രേക്ഷകര്‍ക്കത് ചെടിച്ചു തുടങ്ങിയപ്പോള്‍ കോഴിക്കോടന്‍ സ്ലാങ് ഉപേക്ഷിച്ചു. എങ്കിലും എം.80 മൂസയ്ക്ക് ശേഷം പല കഥാപാത്രങ്ങളും എന്നെത്തേടിയെത്തി. അതെല്ലാം മികച്ചതു തന്നെയായിരുന്നു. അവസാനം ദേശീയ അവാര്‍ഡിന്റെ അവസാന റൗണ്ടില്‍ ഐശ്വര്യറായ്, ശബാന ആസ്മി എന്നിവരുടെ ഒപ്പമെത്തി. ഞാന്‍ പക്ഷേ അറിഞ്ഞത് ഏറ്റവുമവസാനമാണ്.

ഞാന്‍ ആരാധിക്കുന്ന, ഇഷ്ടപെടുന്ന താരങ്ങള്‍ക്കൊപ്പം മത്സരിക്കാനായതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങളും അപ്രതീക്ഷിതമാണ്. അതൊക്കെ ഈശ്വരാനുഗ്രഹം കൊണ്ട് പ്രേക്ഷകരും ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും നല്ല നാടകനടിക്കുള്ള സംഗീതനാടക അ ക്കാദമി അവാര്‍ഡും മികച്ച സിനിമാനടി ക്കുള്ള ദേശീയ അവാര്‍ഡും കിട്ടി. ആദ്യമായി ഒരേ വര്‍ഷമിതുരണ്ടും കിട്ടിയത് എനിക്കാണ്.

നാടകവും സിനിമയും പരസ്പരം ക്ലാഷാവില്ലെയെന്ന് പലരുമെന്നോട് ചോദിച്ചിട്ടുണ്ട്. രണ്ടും അഭിനയമാണ്, പക്ഷേ ശരിക്കും വ്യത്യസ്തമാണ്. രണ്ടിന്റേയും കൃത്യമായ അളവുകള്‍ മനസ്സിലാക്കി അഭിനയിക്കുന്നതിലാണ് അഭിനേതാവിന്റെ വിജയം. സീരിയല്‍ ചെയ്യുമ്പോഴും നാടകം ഒഴിവാക്കിയിട്ടില്ല. ഒരു മാസത്തെ റിഹേഴ്‌സല്‍ കഴിഞ്ഞാണ് നാടകത്തട്ടില്‍ കയറുന്നത്.

അഭിനയിക്കുന്നവരില്‍ ആരെങ്കിലുമൊരാള്‍ തെറ്റിച്ചാല്‍ നാടകം മുഴുവനായി ഇല്ലാതാകും. അതുകൊണ്ടു തന്നെ ആ വിജയത്തിന്റെ മാധുര്യവും ഇരട്ടിയാണ്. നാടകം നല്ലതോ ചീത്തയോ എന്നത് അപ്പോള്‍ത്തന്നെ അറിയാം.

സിനിമയുടെ വിജയം അറിയാന്‍ താമസമെടുക്കും. രണ്ടിന്റേയും വിജയവും സന്തോഷവുമൊക്കെ വെവ്വേറെയാണ്. എന്നെ സംബന്ധിച്ച് ഗ്രാമം മാത്രമല്ല, കുടുംബം, ചുറ്റുപാട്, ഇടപഴകുന്ന ആളുകള്‍ എന്നിവയൊക്കെ സ്വഭാവത്തെ സ്വാധീനിച്ചിട്ടുണ്ട്. കോഴിക്കോടുകാര്‍ നിഷ്‌കളങ്കരാണെന്ന് പറയാറുണ്ട്, അത് വച്ച് നോക്കുമ്പോള്‍ എന്നില്‍ നിഷ്‌കളങ്കതയുണ്ടെങ്കില്‍ അത് ചിലപ്പോള്‍ എന്റെ ഗ്രാമത്തിന്റെയും കോഴിക്കോടിന്റെയും റിഫ്‌ളക്ഷനായിരിക്കും.

നാടകങ്ങള്‍ക്കു വേണ്ടിയും സമയം മാറ്റിവയ്ക്കുന്നുണ്ടല്ലോ ?


ഫ്‌ളെക്‌സിബിളായ നടിയായി എല്ലാ ക ഥാപാത്രങ്ങളും നന്നായി ചെയ്യാന്‍ കഴിയണം. സിനിമയ്ക്കിടയില്‍ നാടകം ചെയ്യുന്നത് ഇടയ്ക്കിടയ്ക്കു റിഫ്രഷ് ആകാ ന്‍ വേണ്ടിയാണ്.

പരിമിതികളും കുഴപ്പ ങ്ങളും തിരിച്ചറിയാന്‍ ഏതൊരു നടിയും നടനും നാടകത്തിലഭിനയിക്കുന്നത് നല്ല താണെന്നാണ് എന്റെ അഭിപ്രായം. അഭിനേതാക്കള്‍ക്ക് ആത്മവിശകലനം നടത്താന്‍ നാടകം സഹായിക്കും. വ്യക്തി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അതെന്നെ പിന്തുണച്ചിട്ടുണ്ട്.

കാത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ?


നല്ല കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങിയി ട്ടേയുള്ളൂ. എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നുള്ള ആവേശത്തിലാണിപ്പോള്‍. അതുകൊണ്ട് എന്നെത്തേടിയെത്തുന്ന ഏ തു കഥാപാത്രവും ഏറ്റെടുക്കുന്നു. കുറച്ച് അഭിനേതാക്കള്‍ക്കൊപ്പം മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളു. എല്ലാ അഭിനേതാക്കള്‍ക്കൊപ്പവും നല്ല സിനിമയുടെ ഭാഗമാകണം.

ഒരുപാട് പേര്‍ക്കൊപ്പം അഭിനയിക്കണമെന്നുണ്ട്. ലാലേട്ടനെ ഒരുപാടിഷ്ടമാണ്. വല്യേയേട്ടനിലെ മമ്മുക്കയുടെ കഥാപാത്രവും ഇഷ്ടമാണ്. അഭിനേതാക്കളെക്കാള്‍ അവര്‍ സ്‌ക്രീനി ലെത്തിച്ച കഥാപാത്രങ്ങളാണ് മനസ്സിലെന്നും ഇടം പിടിച്ചിട്ടുള്ളത്. കാമ്പുള്ള കഥാപാത്രങ്ങള്‍ എന്നെക്കൊണ്ടാവും വിധം സ്ക്രീനിലെത്തിക്കണം. നിലമ്പുര്‍ ആയിഷ യുടെ ജീവിതം എന്നെങ്കിലും സിനിമയാ ക്കിയാല്‍ ആ കഥാപാത്രമാകണമെന്ന് തോന്നിയിട്ടുണ്ട്.

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW