തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വകാല റെക്കോഡില്‍. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 78.47 പൈസയായപ്പോള്‍ ഡീസലിന് വില 71 രൂപയുമായി. 2013 സെപ്റ്റംബര്‍ 13 നു ശേഷമുള്ള ഉയര്‍ന്ന നിരക്കാണിപ്പോള്‍. മറ്റു ജില്ലകളിലും പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ മാറ്റമില്ല.
കോട്ടയത്ത് പെട്രോള്‍ ലിറ്ററിന് 77.55 രൂപയായിരുന്നു ഇന്നലത്തെ വില. ഡീസലിന് 70.45 രൂപ. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 74.40 രൂപയാണു വില. ഡീസല്‍ നിരക്ക് 65.65 രൂപയിലെത്തി. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് വില കൂടിയതാണു വിലക്കയറ്റത്തിനു പിന്നില്‍. അന്ന് ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 76.06 ആയിരുന്നു.
രാജ്യാന്തര വിപണിയിലെ വില വര്‍ധന പ്രമാണിച്ച് എക്െസെസ് തീരുവ കുറയ്ക്കണമെന്നു എണ്ണ മന്ത്രാലയം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പത് തവണയാണു എക്െസെസ് തീരുവ കൂട്ടിയത്.
അസംസ്കൃതഎണ്ണവില ഉയര്‍ത്താനാണു സൗദി അറേബ്യയുടെ തീരുമാനം. രാജ്യാന്തര തലത്തില്‍ 2014നു ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് എണ്ണവില. അസംസ്കൃത എണ്ണവില ദിവസവും ഉയരുന്നതിനാല്‍ രാജ്യത്തെ ഇന്ധനവില വരും ദിവസങ്ങളിലും ഉയരാനാണു സാധ്യത.