Thursday, July 04, 2019 Last Updated 10 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 22 Apr 2018 08.44 AM

പോലീസിനു ജനകീയമുഖം നല്‍കി ചക്കരക്കല്‍ എസ്.ഐ; ആഘോഷങ്ങളുടെ പേരില്‍ വാഹനം തടഞ്ഞു പണപ്പിരിവിനെതിരേ പോസ്റ്റിട്ട് 'ആക്ഷന്‍ ഹീറോ ബിജു'

uploads/news/2018/04/211051/SI.jpg

കണ്ണൂര്‍: വരാപ്പുഴ ചവിട്ടിക്കൊലയുടെയും ക്രൂരമര്‍ദനത്തിന്റെയും പേരില്‍ പ്രതിക്കൂട്ടിലായ പോലീസിനു ജനകീയമുഖം നല്‍കി ചക്കരക്കല്‍ എസ്.ഐ: പി. ബിജു. ആഘോഷങ്ങളുടെ പേരില്‍ വാഹനങ്ങള്‍ തടഞ്ഞുള്ള അനധികൃത പണപ്പിരിവിനെതിരേ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടാണു ബിജു വ്യത്യസ്തനായത്. നിര്‍ബന്ധിത പണപ്പിരിവിനു വിധേയരായവരടക്കം നിരവധിപേര്‍ ബിജുവിനെ പിന്തുണച്ചു രംഗത്തെത്തി.

ചക്കരക്കല്ല് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂരില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി നിര്‍ബന്ധിത പണപ്പിരിവു നടത്തുന്നെന്നു പോലീസില്‍ പരാതി ലഭിച്ചിരുന്നു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കേസെടുക്കാതെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നീട് പോലീസിനെ അപകീര്‍ത്തിപ്പെടുത്തുംവിധം മേഖലയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

അന്വേഷണത്തിനുപോയവരെ വാഹനം അടക്കം തടഞ്ഞു വയ്ക്കുകയും ചെയ്തു. വന്‍ പോലീസ് സന്നാഹം എത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. പോലീസിനെക്കുറിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പ്രചാരണമുണ്ടായ സാഹചര്യത്തിലാണു സംഘടിതശക്തിക്കു മുന്നില്‍ നിസഹായരാകുന്ന സാധാരണക്കാര്‍ക്കൊപ്പം എന്നും പോലീസുണ്ടാകുമെന്നു വ്യക്തമാക്കി എസ്.ഐ. ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഓനെനിക്കു സന്തോഷത്തോടെ മനസറിഞ്ഞു തന്നതാ...' കൈക്കൂലി വാങ്ങുന്നവര്‍ അതിനെ ന്യായീകരിക്കാന്‍ സ്ഥിരം പറയുന്ന ഡയലോഗ് ആണിത്. ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മുത്തപ്പന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മേലേചൊവ്വ, മട്ടന്നൂരിലെ തിരക്കേറിയ ഹൈവേയിലെ ഏച്ചൂര്‍ ടൗണില്‍ എല്ലാ വാഹനങ്ങളും തടഞ്ഞു നിര്‍ത്തി പണപ്പിരിവ് നടത്തിയവരും മേല്‍ സൂചിപ്പിച്ച കൈകൂലിക്കാര്‍ പറഞ്ഞ അതേ ന്യായീകരണം തന്നെയാണ് നിരത്തുന്നത്.

ഞങ്ങള്‍ കൈനീട്ടി വണ്ടി തടഞ്ഞു നിര്‍ത്തി ചോദിച്ചപ്പോള്‍ അവര്‍ സ്വമേധയാ സന്തോഷത്തോടെ തന്നതാ...! ഇനി വസ്തുത എന്താണെന്നു പരിശോധിക്കാം. സ്വന്തമായി വണ്ടിയുള്ളവരില്‍ മിക്കവാറും എല്ലാവരും ഇത്തരം പണപ്പിരിവിനു വിധേയരായിട്ടുണ്ടാകും. ചിലപ്പോള്‍ ഒരുദിവസം തന്നെ രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ പൈസ കൊടുക്കേണ്ടി വന്നിട്ടുമുണ്ടാകും. എങ്കില്‍ ചോദ്യം ഇതൊക്കെയാണ്.

1. നിയമപരമായി ഈ വിധത്തില്‍ വാഹനം തടയുന്നത് തെറ്റല്ലേ?

2. പൈസ ഇല്ലെന്നു പറഞ്ഞ സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ചീത്ത കേള്‍ക്കലിനും ഭീഷണിപ്പെടുത്തലിനും വിധേയരായിട്ടില്ലേ?

3. നിര്‍ത്താതെ പോകാന്‍ ശ്രമിച്ചപ്പോള്‍ ഓടിവന്ന് വണ്ടിയുടെ ബോഡിയില്‍ ഇടിക്കുകയും ശകാരിക്കുകയും ചെയ്തിട്ടില്ലേ?

4. സംഘടിത ശക്തിയെ പേടിച്ചിട്ടു മാത്രമല്ലേ നിങ്ങള്‍ പൈസ കൊടുത്തിട്ടുണ്ടാകുക?

5. ഇതിനൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടെ? പോലീസും നിയമവുമൊക്കെ എവിടെപ്പോയെന്നു നിങ്ങള്‍ ആശങ്കപ്പെട്ടിട്ടുണ്ടാവില്ലേ?

6.ഏതോ നാട്ടിലെ ആഘോഷങ്ങള്‍ക്ക് മറ്റേതോ നാട്ടുകാരനായ ഞാനെന്തിന് പൈസ കൊടുക്കണം എന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകില്ലേ?

7. പിരിച്ചെടുക്കുന്ന പൈസയില്‍ ഒരു ഭാഗം ബിവറേജസില്‍ എത്തിയിട്ടുണ്ടാവുമെന്ന് ന്യായമായും നിങ്ങള്‍ സംശയിച്ചിട്ടുണ്ടാവില്ലേ?

8. അത്യാവശ്യ കാര്യങ്ങള്‍ക്കു തിരക്കു പിടിച്ചു പോകുന്നതിനിടയിലുള്ള ഈ തടഞ്ഞു പിരിവ് നിങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ടാവില്ലേ?

ഇതില്‍ ഒന്നോ അതില്‍ കൂടുതലോ ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍, ഇരകളായ നിങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ടത് നിയമത്തിന്റ ബാധ്യതയല്ലേ? ഇത്തരം സന്ദര്‍ഭത്തില്‍ നിങ്ങളെ സംരക്ഷിക്കേണ്ടതും സുഗമമായ സഞ്ചാരസ്വാതന്ത്ര്യം ഒരുക്കിത്തരേണ്ടവരുമായ ഞങ്ങള്‍ പോലീസ് ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന വിധത്തില്‍ മാറി നില്‍ക്കുകയാണോ വേണ്ടത്? ഏച്ചൂരില്‍ വാഹനം തടഞ്ഞു പണപ്പിരിവു നടത്തിയവര്‍ തെറ്റു തിരുത്താന്‍ തയാറല്ല എന്നതാണ് പിന്നീട് അവര്‍ പോലീസിനെ തടഞ്ഞതിലൂടെ വ്യക്തമാവുന്നത്. ഒറ്റയ്ക്കൊറ്റയ്ക്കു പാവങ്ങളായ പലരും സംഘടിതരാകുമ്പോള്‍ വേട്ടക്കാരന്റെ കുപ്പായമെടുത്തണിയുന്നത് ഒരു മാസ് സൈക്കോളജി ആണ്.

പാവങ്ങളായ ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി പിന്നില്‍നിന്നു കളി നിയന്ത്രിച്ചവരെ കണ്ടെത്താനുള്ള ആര്‍ജവം പോലീസിനുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ ധാരാളമായി പ്രചരിക്കുന്നുണ്ട്. നന്മയും തിന്മയും സത്യവും അസത്യവും തിരിച്ചറിയാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ട്. പോലീസ് ഒരാഘോഷങ്ങള്‍ക്കും എതിരല്ല. പക്ഷേ, ആഘോഷത്തിന്റെ മറവിലുള്ള സംഘടിത അന്യായ പ്രവൃത്തികള്‍ വച്ചുപൊറുപ്പിക്കുകയില്ല. കൈകെട്ടി നോക്കി നില്‍ക്കുകയുമില്ല... പൂച്ചയുടെ മുന്നില്‍ ഭയന്നു നിസഹായനായിപ്പോകുന്ന എലിയുടെ കൂടെത്തന്നെയാണ് ഞങ്ങള്‍... മരിക്കുവോളം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW