Thursday, July 18, 2019 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 22 Apr 2018 02.21 AM

പെരുമാള്‍ മുരുകന്‍ തിരിച്ചുവരുന്നു; കറുത്ത ആടിന്റെ കഥയുമായി

uploads/news/2018/04/211038/bft2.jpg

ഇനി ആടുകളെക്കുറിച്ചു സംസാരിക്കാം. ആടുകളാകുമ്പോള്‍ എല്ലാത്തരം കെട്ടുപാടുകളില്‍നിന്നും സ്വതന്ത്രരാണല്ലോ, അസംഘടിതരും. അതുകൊണ്ട്‌ നമുക്കു പശുവിനെയും പന്നിയെയും സംസാരത്തില്‍നിന്നൊഴിവാക്കാം. ദൈവങ്ങളെക്കുറിച്ചും മിണ്ടാതിരിക്കാം. എന്തിന്‌, മനുഷ്യനെക്കുറിച്ചു പോലും ഒരക്ഷരം ഉരിയാടാതിരിക്കാം. കെട്ടകാലത്തിന്റെ ഗതികേടാണ്‌ ഈ വാക്കുകള്‍. "ഒരു കറുത്ത ആടിന്റെ കഥ" എന്ന നോവലിലൂടെ, മൗനദീക്ഷയില്‍നിന്നാര്‍ജിച്ച വര്‍ധിതവീര്യത്തോടെ എഴുത്തിലേക്ക്‌ തിരിച്ചുവരുന്ന തമിഴ്‌ നോവലിസ്‌റ്റ്‌ പെരുമാള്‍ മുരുകന്റെ വാക്കുകളാണ്‌ ഇവ.
"പൂനാച്ചി അഥവാ ഒരു കറുത്ത ആടിന്റെ കഥ" എന്നാണ്‌ അദ്ദേഹത്തിന്റെ പുതിയ നോവലിന്റെ മുഴുവന്‍ പേര്‌. തന്നിലെ എഴുത്തുകാരനു സ്വയം വധശിക്ഷയില്‍നിന്നുള്ള പുനര്‍ജന്മമെന്നോ ഉയിര്‍ത്തെഴുന്നേല്‍പ്പെന്നോ വിശേപ്പിക്കാവുന്നതാണ്‌ പെരുമാള്‍ മുരുകന്റെ അക്ഷരലോകത്തേക്കുള്ള പുനരാഗമനം.
"മാതൊരു ഭഗന്‍" എന്ന നോവല്‍ ഉയര്‍ത്തിയ വര്‍ഗീയ കോളിളക്കങ്ങള്‍ക്കൊടുവില്‍ സ്വയം വധശിക്ഷ വിധിച്ചു മൗനലോകത്തില്‍ കഴിഞ്ഞിരുന്ന പെരുമാള്‍ മുരുകന്‍ തന്റെ തൂലികയെ ജഡാവസ്‌ഥയില്‍നിന്ന്‌ മോചിപ്പിച്ചിരിക്കുകയാണ്‌ പൂനാച്ചി എന്ന ഒരു ആടിനെ മുഖ്യകഥാപാത്രമാക്കിക്കൊണ്ട്‌. സമൂഹത്തെയും വ്യവസ്‌ഥിതിയെയും വിപരീതകോണിലൂടെ നോക്കിക്കണ്ട്‌ വിമര്‍ശനവിധേയമാക്കുകയാണു നോവലില്‍ പെരുമാള്‍ മുരുകന്‍. സാമൂഹികനിര്‍മിതിയായ അധികാരവും അതുമായി ബന്ധപ്പെട്ട്‌ രൂപപ്പെടുന്ന ചൂഷണവ്യവസ്‌ഥകളും അധികാര ഗര്‍വ്‌ നിറഞ്ഞ ബ്യൂറോക്രസിയും അതു സൃഷ്‌ടിക്കുന്ന പ്രമത്തതയും ഇരയാക്കപ്പെടുന്നവന്റെ നിസഹായതയും വിധേയത്വത്തിനു നിര്‍ബന്ധിതമാക്കുന്ന സാഹചര്യങ്ങളുമെല്ലാംപൂനാച്ചിയില്‍ പ്രമേയമാകുന്നു.
മാതൊരു ഭാഗനെതിരേ 2015ല്‍ തമിഴ്‌നാട്ടിലെ തിരുച്ചെങ്കോട്‌ എന്ന ഗ്രാമത്തിലെ മത, ജാതി സംഘടനകള്‍ വധഭീഷണിയുമായി രംഗത്തുവന്നതോടെയാണ്‌ പെരുമാള്‍ മുരുകനു തന്റെ പേന എന്നെന്നേക്കുമായി വലിച്ചെറിയേണ്ട സാഹചര്യമുണ്ടായത്‌. തന്റെ പുസ്‌തകത്തിന്റെ ശേഷിക്കുന്ന പ്രതികള്‍ കത്തിച്ചുകളയാനും അന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഇനി ഒരെഴുത്തുകാരനെന്ന നിലയില്‍ തനിക്കു ജീവിതമില്ലെന്നും എന്നിലെ എഴുത്തുകാരന്‍ മരിച്ചതായി കരുതണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ്‌ അദ്ദേഹം പിറന്ന മണ്ണില്‍നിന്നു പലായനം ചെയ്‌തത്‌.
എന്നാല്‍ 2016 ജൂണില്‍ മദ്രാസ്‌ ഹൈക്കോടതിയുടെ ശക്‌തമായ ഉത്തരവാണ്‌ പെരുമാള്‍ മുരുകന്‍ എന്ന, തമിഴിലെ എക്കാലത്തെയും കരുത്തനായ എഴുത്തുകാരനു പുനര്‍ജന്മം നല്‍കിയത്‌. ഒരെഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്നു വെളിപ്പെടുത്തന്നതായിരുന്നു കോടതിവിധി. വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വായിക്കാം, അല്ലാത്തവര്‍ക്ക്‌ അതൊഴിവാക്കാം എന്ന തന്റേടമുള്ള വിധിയാണ്‌ മദ്രാസ്‌ ഹൈക്കോടതി പുറപ്പെടുവിച്ചത്‌. ഒരുപക്ഷേ പെരുമാള്‍ മുരുകന്റെ മൗനലോകത്തേക്കു വീശിയ പുതിയ വെളിച്ചമായിരുന്നു അത്‌. എഴുത്തിനു മനോബലം നല്‍കിയ വിധി.
വിവാദങ്ങളുടെ സാഹചര്യം ഒഴിവാക്കാനായിരിക്കാം പുതിയ നോവലില്‍ ഒരു ആടിനെയാണ്‌ അദ്ദേഹം കേന്ദ്രബിന്ദുവാക്കിയത്‌. പൂനാച്ചി വരുംദിനങ്ങളില്‍ ഉയര്‍ത്താനിരിക്കുന്ന സംവാദങ്ങള്‍ വലുതായിരിക്കാം.
മാതൊരു ഭഗനില്‍ താന്‍ ജനിച്ച നാടാണ്‌ കഥയുടെ ഭൂമികയെങ്കില്‍ പൂനാച്ചിയില്‍ അത്‌ വെറും സാങ്കല്‍പ്പികം. വൃദ്ധദമ്പതികള്‍ക്ക്‌ ഒരു ദിവസംമാത്രം പ്രായമായ ഒരു ആട്ടിന്‍കുട്ടിയെ ലഭിക്കുന്നതോടെയാണ്‌ നോവലിന്റെ തുടക്കം. അജ്‌ഞാതനായ ഒരാളില്‍നിന്നാണ്‌ കറുത്ത നിറമുള്ള ആട്ടില്‍കുട്ടിയെ ദമ്പതികള്‍ക്കു ലഭിക്കുന്നത്‌. എന്നാല്‍, അവര്‍ വസിക്കുന്ന ആ സാമ്രാജ്യത്തില്‍ ആടുകളെ വളര്‍ത്തുന്നതിന്‌ അധികൃതരുടെ അനുമതി ആവശ്യമാണ്‌. മാത്രമല്ല, എല്ലാ ആടുകളുടെയും ചെവിയില്‍ ചിപ്പ്‌ ഘടിപ്പിക്കേണ്ടതുണ്ട്‌. അതിനായി ആടിന്റെ പൂര്‍ണവിവരങ്ങള്‍ നല്‍കണം. ആരില്‍നിന്നു വാങ്ങി, എത്ര പണം കൊടുത്തു എന്നൊക്കെ. മറിച്ചായാല്‍ സംശയങ്ങള്‍ക്കിട നല്‍കും.
ചോദ്യങ്ങളുണ്ടാകും. ചിലപ്പോള്‍ മോഷണത്തിനു കേസാകും ഫലം. ഇതോടെ വൃദ്ധദമ്പതികള്‍ക്ക്‌ കറുത്ത ആടൊരു ഭാരമാവുകയാണ്‌. പ്രത്യേകിച്ച്‌ ആ നാട്ടിലൊന്നുംതന്നെ കറുത്ത ആടുകള്‍ ഇല്ലത്രേ. എല്ലാം വെളുത്ത നിറമുള്ളവ. പേരിനു ചിലയിടങ്ങളില്‍ തവിട്ടു നിറമുള്ള ആടുകള്‍ ഉണ്ടെന്നേയുള്ളൂ. കറുത്ത ആടിനെ സംരക്ഷിക്കുന്നതിനു വൃദ്ധദമ്പതികള്‍ നേരിടുന്ന പ്രതിസന്ധികളാണ്‌ പൂനാച്ചിയുടെ ഇതിവൃത്തം.
ചിപ്പ്‌ ഘടിപ്പിക്കുന്നതോടെ വ്യവസ്‌ഥിതിയുടെ അടിമയായി മാറുന്നുവെന്ന കാഴ്‌ചപ്പാടാണ്‌ എഴുത്തുകാരന്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തെയാണ്‌ നോവലിലെ കാലമായി സ്വീകരിച്ചിട്ടുള്ളത്‌.
ആടിന്റെ ചെവിയില്‍ ചിപ്പ്‌ ഘടിപ്പിക്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന വൃദ്ധയോട്‌ സമീപത്തുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ചിപ്പിനെക്കുറിച്ച്‌ ചോദിക്കുന്ന നിര്‍ദോഷമായ സംശയങ്ങള്‍ക്ക്‌ വൃദ്ധ നല്‍കുന്ന മറുപടിയോടെയാണ്‌ നോവല്‍ അവസാനിക്കുന്നത്‌. കറുപ്പ്‌ നിറം, പെണ്‍ജന്മം, സൃഷ്‌ടിരഹസ്യം, അനാഥത്വം, ആദിമത്തം, വിശപ്പ്‌, സ്വത്വം ഇതെല്ലാം ഒരു പെണ്‍ജീവിതത്തിന്‌ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളിലൂടെയാണ്‌ നോവലിന്റെ യാത്ര.

ജേക്കബ്‌ ബെഞ്ചമിന്‍

Ads by Google
Sunday 22 Apr 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW