Thursday, July 18, 2019 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 20 Apr 2018 03.18 PM

സാറ്റലൈറ്റ് ഓണേഴ്‌സ് ആണ് മലയാളസിനിമയെ നശിപ്പിച്ചത്- പ്രതാപ് പോത്തന്‍

uploads/news/2018/04/210554/ciniINWPrathapPothan200418.jpg

പ്രതാപ് പോത്തന്‍ സിനിമയെ പ്രണയിക്കാന്‍ തുടങ്ങിയിട്ട് നാല്പതുവര്‍ഷം പിന്നിട്ടിരിക്കുന്നു. അഭിനയത്തിലും സംവിധാനത്തിലും തൊട്ടതെല്ലാം പൊന്നാക്കിയുള്ള വിജയരഥത്തിലേറിയുള്ള പ്രയാണം പ്രതാപ് പോത്തനെന്ന പ്രതിഭയെ വ്യത്യസ്തനാക്കി.

ആരുടെ മുന്നിലും നട്ടെല്ല് വളയ്ക്കാതെ സ്വന്തം കഴിവില്‍ ആത്മവിശ്വാസത്തിന്റെ ഉള്‍ക്കരുത്തുമായി സിനിമയുടെ ജാലകപ്പടികളിലെത്തിയപ്പോള്‍ പ്രതാപ് പോത്തനെ ഹൃദയപൂര്‍വം സ്വീകരിക്കാന്‍ ഭരതനും പത്മരാജനും ഉണ്ടായിരുന്നു.

ഊട്ടിയിലെ പ്രശസ്തമായ വിദ്യാലയത്തില്‍നിന്നും പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സിനിമയില്‍ നിറഞ്ഞുനിന്ന നിര്‍മ്മാതാവ് ഹരിപോത്തന്‍ പ്രതാപ് പോത്തന്റെ മനസ്സിനെ കീഴടക്കി. അത് സിനിമയിലേക്കുള്ള പ്രതാപ് പോത്തന്റെ കടന്നുവരവിനെ അനായാസമാക്കി.

മലയാളസിനിമയിലെ എക്കാലത്തെയും ലെജന്‍ഡുകളിലൊരാളായ സംവിധായകന്‍ ഭരതന് പ്രതാപ് പോത്തനെ വല്ലാത്ത ഇഷ്ടമായിരുന്നു. തകരയെന്ന ചിത്രത്തില്‍ നായകനാക്കാന്‍ പ്രതാപ് പോത്തനെ തീരുമാനിച്ചപ്പോള്‍ പലരും നെറ്റിചുളിച്ചു. പക്ഷേ തന്റെ മനസ്സിലെ തകരയായി പ്രതാപ് പോത്തന്‍ ജീവിക്കുമെന്ന് ഭരതന് ഉറപ്പുണ്ടായിരുന്നു. തകര സൂപ്പര്‍ഹിറ്റായതോടെ പ്രതാപ് പോത്തനും വളരുകയായിരുന്നു.

സിനിമയില്‍ നാല്‍പ്പതുവര്‍ഷം പിന്നിടുമ്പോഴും അഭിനയത്തിലും സംവിധാനത്തിലും പ്രതാപ് പോത്തന്‍ മനസ്സര്‍പ്പിക്കുകയാണ്. പാലക്കാട്ടെ കൊല്ലങ്കോട് ചിത്രീകരണം നടന്ന 'പച്ചമാങ്ങ'യെന്ന ചിത്രത്തിന്റെ സെറ്റിലാണ് പ്രതാപ് പോത്തനെ കണ്ടത്.

? തകര, രതിനിര്‍വ്വേദം ഉള്‍പ്പെടെയുള്ള സിനിമകളുടെ പ്രചോദനമാണ് പച്ചമാങ്ങയെന്നാണ് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. പച്ചമാങ്ങയിലെ കഥാപാത്രത്തെക്കുറിച്ച്...


ഠ കഴിഞ്ഞ വര്‍ഷമാണ് ഈ ചിത്രത്തിന്റെ കഥ ഷാജി എന്നോടു പറഞ്ഞത്. റെയില്‍വേയില്‍ കീമാനായ ബാലനെന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് വിശദമായി പറഞ്ഞുതന്നിരുന്നു. ഇതിനിടയില്‍ എനിക്ക് അസുഖം വന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞവര്‍ഷം, തുടങ്ങേണ്ടിയിരുന്ന സിനിമയായിരുന്നു പച്ചമാങ്ങ. എനിക്ക് അസുഖം വന്നതുകൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്.

? അസുഖം ബാധിച്ച് മാസങ്ങളോളം ചികിത്സയിലായപ്പോള്‍ സിനിമയില്‍ സജീവമാകാന്‍ കഴിയുമെന്നു തോന്നിയിരുന്നോ...


ഠ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ഒരിക്കല്‍ ലണ്ടനില്‍ വെച്ചാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഞാന്‍ ധാരാളമായി യാത്ര ചെയ്യുന്നതുകൊണ്ട് ഉറക്കം തീരെ കുറവായിരുന്നു. അസുഖം കൂടിയപ്പോള്‍ ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ലീവ് അപ്നിയ എന്ന അസുഖമാണ് എന്നെ ബാധിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

ഹീമോ ഗ്ലോബിന്റെ അളവ് വളരെ കുറവായിരുന്നു. മാത്രമല്ല അനീമിക്കായിരുന്നു. നല്ല സീരിയസ്സായിരുന്നതിനാല്‍ പൂര്‍ണമായും റെസ്റ്റ് വേണമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് ഞാന്‍ വീണ്ടും ക്യാമറയുടെ മുന്നിലേക്ക് തിരിച്ചെത്തിയത്.

uploads/news/2018/04/210554/ciniINWPrathapPothan200418a.jpg

? സിനിമയിലെത്തിയിട്ട് നാല്പതുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍....


ഠ സിനിമ സമ്മാനിച്ച വ്യത്യസ്തമായ ഒരുപാട് അനുഭവങ്ങള്‍ വിസ്മൃതിയിലേക്ക് വലിച്ചെറിയപ്പെടാതെ ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെ കുളത്തിങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനാണ് ഞാന്‍. അഞ്ചാമത്തെ വയസ് മുതല്‍ ഊട്ടിയിലെ പ്രശസ്തമായ ഗ്ലോറ ലൗ ഡെയില്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്.

ഊട്ടിയിലെ സ്‌കൂള്‍ ജീവിതം കഴിഞ്ഞതും മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ജോയിന്‍ ചെയ്തു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി കോളജില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ നല്ലൊരു ജോലിയായിരുന്നു മനസ്സില്‍. സെയില്‍ ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിലാണ് ഞാന്‍ ആദ്യം ജോലിക്കു ജോയിന്‍ ചെയ്തത്. പിന്നീട് അഡ്‌വര്‍ടൈസ്‌മെന്റ് ഫീല്‍ഡിലേക്ക് വഴിമാറി.

ബോബ്‌സ് അഡ്വര്‍ടൈസിംഗ്, മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് മാര്‍ക്കറ്റിങ്, സിക്‌സ് സ്റ്റാര്‍സ് തുടങ്ങിയ പരസ്യക്കമ്പനികളില്‍ ജോലിയില്‍ സജീവമായി. പ്രധാനമായും പരസ്യചിത്ര രംഗത്ത് കോപ്പി റൈറ്ററായാണ് ഞാന്‍ ജോലി ചെയ്തത്.

? മലയാളസിനിമയില്‍ സജീവമായിരുന്ന താങ്കളുടെ സഹോദരന്‍ ഹരിപോത്തന്റെ പ്രചോദനമാണോ താങ്കളെ സിനിമയിലേക്കെത്തിച്ചത്.


ഠ തീര്‍ച്ചയായും സിനിമയില്‍ സജീവമായിരുന്ന എന്റെ സഹോദരന്‍ എനിക്ക് സിനിമയിലേക്ക് വരാന്‍ പ്രചോദനം തന്നെയായിരുന്നു. പല സിനിമാക്കാരുമായും സൗഹൃദം സ്ഥാപിക്കാനും എനിക്കു കഴിഞ്ഞു. ബാലുമഹേന്ദ്രയുമായും ഭരതനുമായും നല്ല പരിചയമുണ്ടായിരുന്നു.

സഹോദരനെപ്പോലെ ഒരു നടനാകണമെന്ന് ഞാനും ആഗ്രഹിച്ചു. ആരവം എന്ന ചിത്രത്തിലൂടെ ഭരതനാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. എന്റെ റോള്‍ കാര്യമായി ശ്രദ്ധിക്കപ്പെടുന്നതായിരുന്നില്ല. ഭരതന് എന്നോട് പ്രത്യേക സ്‌നേഹമുണ്ടായിരുന്നതുകൊണ്ട് തകരയില്‍ തകരയെന്ന കേന്ദ്രകഥാപാത്രമായി ഭരതന്‍ എന്നെ സെലക്ട് ചെയ്തു.

തകരയ്ക്കു ശേഷമാണ് ബാലുമഹേന്ദ്രയുടെ അഴിയാത കോലങ്കള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഈ ചിത്രം വന്‍ ഹിറ്റായതോടെ ടോപ്പ് പ്രൊഡ്യൂസേഴ്‌സ് എന്നെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാന്‍ മുന്നോട്ടുവന്നു. മലയാളത്തിലാണെങ്കില്‍ ചാമരവും നവംബറിന്റെ നഷ്ടവുമൊക്കെ ഹിറ്റായി മാറി.

? സംവിധാന രംഗത്തും താങ്കള്‍ ശോഭിച്ചിരുന്നുവല്ലോ...


ഠ അതെ, സിനിമയില്‍ അഭിനയിക്കുമ്പോഴും ഫിലിം മേക്കിങ്ങിലും ഞാന്‍ ശ്രദ്ധിച്ചിരുന്നു. തമിഴില്‍ വീണ്ടും ഒരു കാതല്‍കഥൈയിലൂടെയാണ് ഞാന്‍ സംവിധായകനായി മാറിയത്. തകരയിലേയും ചാമരത്തിലെയും എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടിരുന്ന വാസുവേട്ടനെന്ന് ഞാന്‍ വിളിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍ എനിക്കുവേണ്ടി തിരക്കഥയെഴുതി.

അങ്ങനെയാണ് ഋതുഭേദമെന്ന ചിത്രത്തിലൂടെ ഞാന്‍ മലയാളസിനിമയിലും സംവിധായകനായി മാറിയത്. ഋതുഭേദത്തിന്റെ സബ്ജക്ട് നായര്‍ കുടുംബത്തിലെ കഥയായതിനാല്‍ പ്രതാപ് പോത്തനെ ഒഴിവാക്കണമെന്ന് ചിലര്‍ എം.ടി.യോട് പറഞ്ഞു. പക്ഷേ എം.ടി. സമ്മതിച്ചില്ല.

ഋതുഭേദം പ്രതാപ് പോത്തന്‍ നന്നായി ചെയ്യുമെന്ന് എം.ടി. പരസ്യമായി പറഞ്ഞതോടെ എനിക്കെതിരെ കരുക്കള്‍ നീക്കിയവര്‍ക്ക് നിരാശയായി. ഋതുഭേദം റിലീസ് ചെയ്തപ്പോള്‍ ബസ്റ്റ് ഡയറക്ടര്‍ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് എനിക്ക് ലഭിച്ചു. ഇതിനിടയില്‍ തമിഴില്‍ ഞാന്‍ സംവിധാനം ചെയ്ത 'ജീവ'യും വന്‍ ഹിറ്റായി മാറി. മലയാളത്തില്‍ ചെയ്ത മറ്റൊരു ശ്രദ്ധേയമായ ചിത്രമായിരുന്നു ഡെയ്‌സി.

ശിവാജി ഫിലിംസിന്റെ ബാനറില്‍ കമലഹാസനെ നായകനാക്കി സംവിധാനം ചെയ്ത വെട്രിവിഴായും പ്രഭുവിനെ നായകനാക്കി സംവിധാനം ചെയ്ത മൈ ഡിയര്‍ മാര്‍ത്താണ്ഠനും സൂപ്പര്‍ഹിറ്റായി മാറി. തെലുങ്കില്‍ നാഗാര്‍ജുനയെ നായകനാക്കി ചെയ്ത 'ചൈതന്യ' യെന്ന ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയി.

മലയാളത്തില്‍ ഞാന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം ഒരു യാത്രാമൊഴിയായിരുന്നു. എനിക്കേറെ പ്രിയപ്പെട്ട ശിവാജി സാറിനെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്ത ഒരുയാത്രാമൊഴിയെന്ന ചിത്രവും ഈ ചിത്രത്തില്‍ ഇളയരാജ സംഗീതം നല്‍കിയ ഗാനങ്ങളും പ്രേക്ഷകരുടെ മനസ്സുകളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട്.

? ഒരു യാത്രാമൊഴിക്കുശേഷം ഇന്‍ഡസ്ട്രിയില്‍നിന്നും ബോധപൂര്‍വം മാറിനില്‍ക്കുകയായിരുന്നോ...


ഠ സ്വാഭാവികമായും സിനിമയില്‍നിന്നും ഒരിടവേള ഞാന്‍ ആഗ്രഹിച്ചിരുന്നു. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലേക്ക് മാറി. തമിഴില്‍ ധാരാളം പരസ്യചിത്രങ്ങള്‍ ചെയ്തു. എം.ആര്‍.എഫിന്റെ പരസ്യചിത്രവും ഞാനാണ് സംവിധാനം ചെയ്തത്. നാല് വര്‍ഷത്തോളം പരസ്യചിത്രരംഗത്തു തന്നെയായിരുന്നു.
uploads/news/2018/04/210554/ciniINWPrathapPothan200418b.jpg

? സിനിമയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിരുന്ന താങ്കള്‍ നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറ
യ്ക്കു മുന്നിലെത്തി


ആഷിഖ് അബുവിന്റെ 22 ഫീമെയ്ല്‍ കോട്ടയത്തിലൂടെയാണ് ഞാന്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത്. ഈ ചിത്രത്തില്‍ വല്ലാത്തൊരു സ്വഭാവമുള്ള ക്യാരക്ടറായിരുന്നു എന്റേത്. 22 ഫീമെയ്ല്‍ കോട്ടയം പുറത്തിറങ്ങിയതോടെ സ്ത്രീകള്‍ എന്നോട് സംസാരിക്കാന്‍ തന്നെ മടിച്ചിരുന്നു. പല പെണ്ണുങ്ങളും എന്നെ പേടിയോടെയാണ് നോക്കിയിരുന്നത്.

ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍ ആയിരുന്നു മറ്റൊരു ചിത്രം. ഈ ചിത്രവും ശ്രദ്ധേയമായൊരു ഇമേജാണ് എനിക്കുണ്ടാക്കി തന്നത്. കഥയുടെ കരുത്തും ലാല്‍ ജോസിന്റെ സൂക്ഷ്മതയാര്‍ന്ന സംവിധാന മികവുമാണ് ഈ ചിത്രത്തെ വിജയത്തിലേക്ക് നയിച്ചത്. അയാളും ഞാനും തമ്മില്‍ കണ്ട് നിരവധി ഡോക്ടര്‍മാര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു.

22 ഫീമെയ്ല്‍ കോട്ടയം, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പന്ത്രണ്ടോളം അവാര്‍ഡുകളാണ് എനിക്കു ലഭിച്ചത്. അഭിനയത്തിനിടയില്‍ അഞ്ജലി മേനോന്റെ സ്‌ക്രിപ്റ്റില്‍ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പുകള്‍ നടത്തിയെങ്കിലും ആ പ്രോജക്ടില്‍ നിന്നും എനിക്ക് പിന്മാറേണ്ടി വന്നു.

? മലയാളസിനിമയിലെ കോക്കസ് താങ്കളെ ബോധപൂര്‍വം അവഗണിക്കാന്‍ ശ്രമിക്കുകയാണെന്ന് ഫീല്‍ ചെയ്തിട്ടുണ്ടോ...


ഠ തീര്‍ച്ചയായും. സത്യം പറഞ്ഞാല്‍ എനിക്ക് ഗ്രൂപ്പിസമോ, സിനിമയിലെ പ്രത്യേക താരം പൊളിറ്റിക്‌സോ അറിയില്ല. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എല്ലാ കാലത്തും വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം എന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്. ഇപ്പോള്‍ സിനിമയില്‍ മുഴുവന്‍ പൊളിറ്റിക്‌സാണ്.

സ്വന്തം കഴിവുകൊണ്ട് ഉയരങ്ങളിലെത്തുന്ന ആളെ താഴേയ്ക്ക് ഇറക്കാനാണ് പലരും ശ്രമിക്കുന്നത്. ഇതിന്റെയൊക്കെ പിന്നില്‍ കുശുമ്പാണ്. യഥാര്‍ത്ഥത്തില്‍ സാറ്റലൈറ്റ് ഓണേഴ്‌സാണ് സിനിമയെ നശിപ്പിച്ചത്. ഇവര്‍ ഒരുതരം ഹോം ബിസിനസ്സാക്കി സിനിമയെ മാറ്റി. വെബ്ബ് സൈറ്റിലൂടെ സിനിമകള്‍ റിലീസ് ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്.

എനിക്കെതിരെ കോക്കസുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രതാപ് പോത്തന്‍ അഭിനയിച്ച സിനിമയാണെങ്കില്‍ വേണ്ടെന്നു പറയുന്ന സാറ്റലൈറ്റ് ഓണേഴ്‌സ് ഇവിടെയുണ്ട്. ഞാന്‍ അഭിനയിച്ച നല്ലൊരു സിനിമ പലവിധത്തിലുള്ള മുടന്തന്‍ ന്യായീകരണങ്ങള്‍ പറഞ്ഞ് റിലീസിങ് തടഞ്ഞിരിക്കുകയാണ്. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രമാണിത്.

ഈ ചിത്രത്തിലെ വയസ്സനായ ലോനപ്പന്‍ എന്ന കഥാപാത്രത്തെ അഭിനയിച്ച് പ്രതിഫലിപ്പിച്ചതിന് ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി ഫിലിം അവാര്‍ഡ് എനിക്കാണ് ലഭിച്ചത്. പക്ഷേ ചിത്രം തിയേറ്ററുകളില്‍ എത്താത്തതുകൊണ്ട് ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.

? കുടുംബത്തെക്കുറിച്ച്...


ഠ ഭാര്യ അമല. ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഏക മകള്‍ കെയ നല്ലൊരു ഗായികകൂടിയാണ്. ബോംബെ സൊഫയ കോളജില്‍നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ കെയ ചെന്നൈ സ്വര്‍ഗഭൂമി സംഗീത കോളജില്‍ന്നാണ് സംഗീതം പഠിച്ചത്. ഇപ്പോള്‍ പരസ്യചിത്രരംഗത്ത് സജീവമാണ്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Friday 20 Apr 2018 03.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW