Friday, June 21, 2019 Last Updated 22 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 19 Apr 2018 04.11 PM

ആരോഗ്യമുള്ള ഗര്‍ഭപാത്രത്തിന് കൗമാരം മുതല്‍ ശ്രദ്ധ

uploads/news/2018/04/210246/pregncycare190418.jpg

'ഗര്‍ഭാശയം' എന്ന പദത്തേക്കാളും യൂട്രസ് എന്ന പദമായിരിക്കും കൗമാരക്കാരിലും മറ്റും ഇന്ന് ഏറെ പരിചിതമായിരിക്കുന്നത്. ആയുര്‍വേദത്തില്‍ യോനിയില്‍ ഒരു ശംഖിന്റെ മൂന്നു വലയങ്ങളില്‍ മൂന്നാമത്തെ വലയത്തില്‍ സ്ഥിതിചെയ്യുന്ന അവയവത്തെയാണ് ഗര്‍ഭാശയം എന്നു പ്രതിപാദിച്ചിരിക്കുന്നത്

അനാദി കാലത്തുണ്ടായതെന്നു കരുതുന്ന ആയുര്‍വേദ വൈദ്യശാസ്ത്ര ശാഖയില്‍ വളരെ വ്യക്തമായും ശാസ്ത്രീയമായും പ്രായോഗികമായും ഗര്‍ഭാശയ - ആര്‍ത്തവ - ഗര്‍ഭ രോഗാവസ്ഥകളെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമാര്‍ന്ന ഗ്രന്ഥത്തില്‍പ്പെടുത്തിയിട്ടുള്ള ചരകസംഹിതയില്‍ തുടങ്ങുന്നു അവയെല്ലാം.

മനുഷ്യന് സന്താനങ്ങള്‍ ഉണ്ടാകുന്നതിന് മൂലകാരണം സ്ത്രീകളാണ്. അതിനാല്‍ 20 തരം യോനീ രോഗങ്ങളും ഗര്‍ഭാശയ രോഗങ്ങളും ഗര്‍ഭകാല രോഗങ്ങളും അവയ്ക്കുള്ള ചികിത്സയും ആയുര്‍വേദത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മിഥ്യാഹാരവിഹാരങ്ങളാലും, വാതാദി ദോഷങ്ങള്‍ ദുഷിപ്പിക്കുന്ന ആര്‍ത്തവത്താലും, ബീജ ദോഷങ്ങളാലും, ജന്മാന്തര കൃതപാപങ്ങളാലും ആണ് രോഗങ്ങള്‍ ഉണ്ടാകുന്നത് എന്നും അവിടെ പ്രതിപാദിച്ചിരിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ദുര്‍ലഭമായി ലഭിക്കുന്ന ഒന്നാണ് നരജന്മം എന്നു ശങ്കരാചാര്യരും മറ്റും പറഞ്ഞിരിക്കുന്നു. ആ നരജന്മത്തിന് അടിസ്ഥാനമാകുന്നത് തീര്‍ച്ചയായും സ്ത്രീയും അവളുടെ ഗര്‍ഭ പാത്രവും തന്നെയാണ്. മനുഷ്യകുലം നിലനില്‍ക്കുന്നതിന് ഏറ്റവും കൂടുതല്‍ ത്യാഗം സഹിക്കുന്നതും സ്ത്രീകള്‍ തന്നെയാണ്.

കൗമാരം മുതല്‍


'ഗര്‍ഭാശയം' എന്ന പദത്തേക്കാളും യൂട്രസ് എന്ന പദമായിരിക്കും കൗമാരക്കാരിലും മറ്റും ഇന്ന് ഏറെ പരിചിതമായിരിക്കുന്നത്. ആയുര്‍വേദത്തില്‍ യോനിയില്‍ ഒരു ശംഖിന്റെ മൂന്നു വലയങ്ങളില്‍ മൂന്നാമത്തെ വലയത്തില്‍ സ്ഥിതിചെയ്യുന്ന അവയവത്തെയാണ് ഗര്‍ഭാശയം എന്നു പ്രതിപാദിച്ചിരിക്കുന്നത്. ജന്മനാ ഉണ്ടാവുന്നതാണെങ്കിലും ശരിയായ രീതിയില്‍ ഉള്ള പ്രവര്‍ത്തനം തുടങ്ങുന്നത് മാസമുറ (ഋതുമതി) ആവുന്നതോടുകൂടിയാണെന്നു പറയാം.

അവിടം മുതല്‍ മാസമുറ നിലയ്ക്കുന്ന പ്രായംവരെ സ്ത്രീ വളരെയധികം ശ്രദ്ധ ഗര്‍ഭാശയത്തിന് നല്‍കേണ്ടതാണ്. എന്നാല്‍ ലോക ജനസംഖ്യയിലെ 14 ശതമാനം സ്ത്രീകളും ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളാല്‍ പീഡിതരാണ്. ചികിത്സയ്ക്കായി ഭിഷഗ്വരന്മാരെ സമീപിക്കുന്ന സ്ത്രീകളില്‍ 75 ശതമാനം പേരും ഗര്‍ഭാശയ രോഗങ്ങളാല്‍ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഭീതിയോടെ കൗമാരം


സാധാരണഗതിയില്‍ ഒരു പെണ്‍കുട്ടിയില്‍ 11 വയസിനും 16 വയസിനും ഇടയില്‍ ആദ്യാര്‍ത്തവം ആരംഭിക്കുന്നു. 34 ദിവസം ഈ ആര്‍ത്തവം ദൃശ്യമാവുകയും ഓരോ 28 ദിവസത്തിലും വീണ്ടും ഇതാവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതില്‍ 14 - 16 ദിവസത്തില്‍ അണ്ഡോത്സര്‍ജ്ജനം നടക്കുകയും ചെയ്യുന്നു.

ശാരീരികമായ ഈ പ്രവര്‍ത്തനത്തെപോലും അസുഖങ്ങളായി കരുതി ഭയവിഹ്വലതയോടെ സമീപിച്ച് മരുന്നുകള്‍ സേവിക്കുന്ന ആധുനിക സമൂഹത്തില്‍ ആദ്യമേ തന്നെ വേണ്ടത് ഇത്തരം ദിവസങ്ങളില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാലും മറ്റും ഉണ്ടാകുന്ന ശാരീരികമാറ്റങ്ങളെ പറ്റിയുള്ള അവബോധം തന്നെയാണ്.

രോഗം എന്തെന്നും രോഗാവസ്ഥ അല്ലാത്തതെന്തെന്നും തിരിച്ചറിയാനുള്ള വഴികാട്ടല്‍തന്നെയാണ് രോഗപ്രതിരോധത്തിനുള്ള ആദ്യചുവട്. സ്വന്തം മാതാവ് തന്നെയാണ് കൗമാരത്തിലെ ഇത്തരം ഭയവിഹ്വലതകള്‍ അകറ്റാന്‍ ഏറ്റവും മികച്ച ആള്‍. ആര്‍ത്തവം തുടങ്ങുന്നതിനു മുന്‍പ് ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ പറ്റി 9-ാം വയസുമുതല്‍ തന്നെ കുട്ടിയെ പറഞ്ഞു ധരിപ്പിക്കാന്‍ തുടങ്ങാവുന്നതാണ്.

കൂട്ടുകാരില്‍ നിന്നും, വെബ്‌സൈറ്റുകളില്‍ നിന്നും ലഭിക്കുന്ന അറിവുകളില്‍ ശരിയേത് തെറ്റേത് എന്ന് പഠിപ്പിക്കേണ്ടത് നിശ്ചയമായും അമ്മമാരും, മുതിര്‍ന്നവരും ഗുരുക്കന്‍മാരുമാണ്.

ഋതുമതി ആവുമ്പോള്‍ ശ്രദ്ധിക്കുക


ആദ്യാര്‍ത്തവത്തോടനുബന്ധിച്ച് 11-ാം വയസില്‍ തന്നെ ചില പരിചരണങ്ങള്‍ ചെയ്യുന്നത് ഗര്‍ഭാശയരക്ഷയ്ക്ക് അത്യാവശ്യമാണ്. അത്തരം ചിട്ടകള്‍ക്ക് ആയുര്‍വേദം എന്നു പറയുന്നതിനേക്കാള്‍ മുത്തശിവൈദ്യം എന്നുപറയുന്നതാവും ഉത്തമം.

1. ധാന്വന്തരം തൈലമോ, ബലാശ്വഗന്ധാദി തൈലമോ തേച്ചുകുളിക്കുക.
2. വൈദ്യനിര്‍ദേശപ്രകാരം വിരേചനം (വയറിളക്കുക) ചെയ്യുക.
3. അരിവറുത്തുപൊടിച്ച് തെങ്ങിന്‍ ചക്കരയും തേങ്ങയും എള്ളും അയമോദകവും മഞ്ഞളും ചേര്‍ത്തി സേവിക്കുക.
4. എരിവ്, പുളി, ഉപ്പ് ഉപയോഗം കുറയ്ക്കുക
5. കല്യാണഘൃതമോ, സുകുമാരഘൃതമോ 1 ടീസ്പൂണ്‍ കാലത്ത് ഭക്ഷണത്തിനു മുന്‍മ്പ് സേവിക്കുക.
6. പഞ്ചജീരക ഗുഡം 1 സ്പൂണ്‍ കിടക്കാന്‍ നേരം സേവിക്കുക.
7. മാനസികമായി പിരിമുറുക്കങ്ങള്‍ ഇല്ലാതിരിക്കുക. വിശ്രമം എടുക്കുക.
8. ആര്‍ത്തവ ദിനങ്ങളില്‍ തലനനയ്ക്കാതിരിക്കുക. (ഈയിടെയായി നടത്തിയ പഠനങ്ങളില്‍ തലനനയ്ക്കുന്നത് ഹോര്‍മോണ്‍ വ്യതിയാനവും ശാരീരിക വ്യതിയാനങ്ങളും വര്‍ധിക്കുന്നതിന് സഹായിക്കുന്നു എന്നാണ് തെളിയുന്നത്.)ഇത്തരം ശ്രദ്ധയില്‍ നിന്നുള്ള അകന്നുപോവല്‍ തന്നെയാണ് ഇന്നത്തെ കാലത്ത് ലോക ജനതയെ ഗ്രാഹിച്ച വന്ധ്യത്വത്തിനുള്ള മുഖ്യകാരണം എന്നുതന്നെ പറയാം.

uploads/news/2018/04/210246/pregncycare190418a.jpg

തിരിച്ചറിയാം ആര്‍ത്തവത്തില്‍


ആര്‍ത്തവത്തില്‍ ഉണ്ടാവുന്ന വേദനയും ആര്‍ത്തവ രക്തത്തിന്റെ നിറത്തിലും, രൂപത്തിലും ഉള്ള വ്യത്യാസങ്ങള്‍ക്കും അനുസരിച്ച് 8 തരത്തിലുള്ള ആര്‍ത്തവദോഷങ്ങളെപറ്റി ആയുര്‍വേദം പ്രതിപാദിച്ചിരിക്കുന്നു.

ഇവ തിരിച്ചറിയാന്‍ ശരിയായ ആര്‍ത്തവ രക്തത്തിന്റെ ലക്ഷണങ്ങള്‍ താഴെ വിവരിക്കുന്നു. ആര്‍ത്തവ രക്തം കോലരക്കിന്റെ നിറത്തോടും മുയലിന്റെ രക്തം പോലെയും ഇരിക്കും. ഈ രക്തം പുരണ്ട വസ്ത്രം കഴുകിയാല്‍ കറപിടിക്കാതെ ശുദ്ധമാവുകയും ചെയ്യുന്നു.

മാസം തോറും ഉണ്ടാവുക, വേദന, വഴുവഴുപ്പ്, നീറ്റല്‍ ഇവയില്ലാതെ മൂന്നുമുതല്‍ അഞ്ചു ദിവസംവരെ കട്ടപിടിക്കാതെയും, ചുവപ്പുനിറത്തിലും ഉണ്ടാവുക. ഈ പറഞ്ഞ ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമായി കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങണം.

ഗര്‍ഭാശയ രോഗങ്ങള്‍

1. അകാലകൗമാരം:


ആദ്യാര്‍ത്തവം 7-8 വയസിനു മുന്‍പ് കാണുന്നു

2. നഷ്ടാര്‍ത്തവം:


ആര്‍ത്തവമില്ലായ്മയാണിത്. 15 വയസിനു ശേഷവും മാസക്കുളി കാണാത്തവരും ഒന്നോ രണ്ടോ തവണ മാസക്കുളി ആയി പിന്നീട് കാണാത്തവരും ഇതില്‍പ്പെടുന്നു. തൈറോയിഡ് രോഗങ്ങളും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇതിനു സഹായമാവും ഗര്‍ഭപാത്രത്തിന്റെ അഭാവമോ, പൂര്‍ണ വളര്‍ച്ചയെത്താത്ത ഗര്‍ഭാശയമോ ഇതിന് കാരണമാണ്.

3. ടര്‍ണര്‍ സിന്‍ഡ്രോം :


ജനിതക തകരാറിനാല്‍ അണ്ഡാശയത്തിലെ സൃഷ്ടിവൈകല്യങ്ങള്‍ നിമിത്തം ആദ്യാര്‍ത്തവവും, കൗമാരാഗമനവും ഇല്ലാതാകുന്ന അവസ്ഥ.

4. കൃച്ഛാര്‍ത്തവം:


കഠിനമായ വയറു വേദനയോടുകൂടിയ ആര്‍ത്തവം. ഗര്‍ഭാശയ പേശികളുടെ സങ്കോചക്കുറവും, ഗര്‍ഭാശയത്തിലെ മുഴകളോ, ഗ്രന്ഥികളോ, മറ്റോ ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.

5. അത്യാര്‍ത്തവം:


അമിതമായ രക്തസ്രാവം. സാധാരണ 50 -120 മില്ലി ലിറ്റര്‍ വരെയാണ് ഒരാര്‍ത്തവ കാലത്ത് നഷ്ടപ്പെടുന്നത്. ഗര്‍ഭാശയ മുഴകളും, വീക്കങ്ങളും ഗ്രന്ഥികളും പെട്ടെന്നുണ്ടാകുന്ന മാനസിക വ്യതിയാനങ്ങളും ഇതിനു സഹായമാണ്.

6. വെള്ളപോക്ക് :


കൊഴുത്തും കട്ടിയായും കൂടുതല്‍ അളവിലും ഉണ്ടാവുന്ന യോനീ സ്രവങ്ങള്‍. വയറെരിച്ചില്‍, മൂത്രതടസം, ക്ഷീണം, തളര്‍ച്ച, ശരീരം മെലിച്ചില്‍, തലകറക്കം എന്നിവ ഇതിന് അനുബന്ധമായി കണ്ടുവരുന്നു.

7. ലോക്കിയ :


പ്രസവ ശേഷം 10 -14 ദിവസം ചുവപ്പു നിറത്തിലുള്ള സ്രാവം ഉണ്ടാവുന്നതാണിത്. ഇത്തരം ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള കാരണം പ്രധാനമായും ഗര്‍ഭാശയത്തിലുള്ള ഗ്രന്ഥി, അര്‍ബുദം, വളര്‍ച്ചകള്‍, അണ്ഡകോശങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ എന്നിവയാണ്.

75 ശതമാനം ഗര്‍ഭനിരോധന മരുന്നുകളും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നവയും ഇത്തരം രോഗങ്ങളിലേക്കുള്ള ചവിട്ടുപടി ആവുകയും ചെയ്യുന്നു. ആധുനിക നാപ്കിന്‍ പാഡുകളില്‍ നിറച്ചിരിക്കുന്ന അബ്‌സോര്‍ബന്റ് റയോണ്‍സ്, ഡയോക്‌സിന്‍ മുതലായവ ഗര്‍ഭാശയ അര്‍ബുദത്തിന് സാധ്യത കൂട്ടുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എന്തുതന്നെ ആയാലും വിദഗ്ധ വൈദ്യനിര്‍ദേശപ്രകാരം മാത്രം ചെയ്യുന്ന ചികിത്സതന്നെയാണ് ഉത്തമം.

പ്രതിവിധി മരുന്നും പഥ്യവും


15-16 വയസുവരെ ആദ്യാര്‍ത്തവം തുടങ്ങിയിട്ടില്ലെങ്കില്‍ വിദഗ്ധ പരിശോധനക്ക് വിധേയമാവണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം വയറിനു അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തുകയോ, രക്ത പരിശോധനകള്‍ നടത്തുകയോ ചെയ്യുകയാണ് വേണ്ടത്. യോനീനാളം അടഞ്ഞിരിക്കുകയോ, ജന്മനാ ഗര്‍ഭപാത്രമില്ലായ്മയോ ഗര്‍ഭാശയത്തില്‍ മറ്റു വൈകല്യങ്ങള്‍ ഉണ്ടാവുകയോ ചെയ്യുക.

മുഴകള്‍ ഗര്‍ഭാശയത്തിലോ അണ്ഡാശയത്തിലോ യോനീനാളത്തിലോ എന്നു തിരിച്ചറിയാനും അവ അപകടകാരികള്‍ ആയ ഗ്രന്ഥികളോ കാന്‍സര്‍ കോശങ്ങളോ ആണോ എന്നും തിരിച്ചറിയാന്‍ ട്രാന്‍സ് വജൈനല്‍ അള്‍ട്രാ സോണോഗ്രഫി പരിശോധന ലഭ്യമാണ്. പി.സി.ഓ.ഡി, അഡിനോമയോസിസ്, തുടങ്ങിയരോഗങ്ങള്‍ തിരിച്ചറിയാന്‍ ഇവ സഹായിക്കുന്നു.

കടപ്പാട്:
ഡോ. സന്ദീപ് കിളിയന്‍കണ്ടി
ചീഫ് ഫിസിഷന്‍
ചാലിയം ആയുര്‍വേദിക്‌സ് സ്‌പെഷ്യാലിറ്റി സെന്റര്‍ റിസര്‍ച്ച് ക്ലിനിക്ക്,
ചാലിയം കടലുണ്ടി, കോഴിക്കോട്

Ads by Google
Ads by Google
Loading...
TRENDING NOW