Wednesday, June 12, 2019 Last Updated 6 Min 15 Sec ago English Edition
Todays E paper
Ads by Google
ടെസ്സ ഇഗ്നേഷ്യസ്
Thursday 19 Apr 2018 01.35 PM

അച്ഛന്‍ സ്വപ്നം ക​ണ്ടതെല്ലാം നേടി മകള്‍ വന്നപ്പോള്‍ അരികില്‍ അച്ഛനില്ല: കലാമണ്ഡലം ഗീതാനന്ദന്റെ മകള്‍ നടി ശ്രീലക്ഷ്മി മനസ്സു തുറക്കുന്നു

uploads/news/2018/04/210222/sreelakshmi.gif

വികടകുമാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് നൈര്‍മ്മല്യ ഭംഗിയോടെ മറ്റൊരു നായിക കൂടി കടന്നു വരികയാണ്. അന്തരിച്ച ഓട്ടംതുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്റെ മകള്‍ ശ്രീലക്ഷ്മി ഗീതാനന്ദന്‍. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മയൂഖം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ആ കൗമാരക്കാരിക്കായി കാത്തിരിക്കുന്നത് സിനിമ തന്നെയാണെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം തെളിഞ്ഞു.

കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അച്ഛന്റെ പാതയിലാണ് കലയെ ധ്യാനിച്ച് ജീവിക്കുന്ന ഈ മകളും. കാലിക്കട്ട് യൂണിവേഴ്‌സിറ്റി മൂന്നു വര്‍ഷം കലാതിലകമായിരുന്ന ശ്രീലക്ഷ്മിക്ക് സിനിമയില്‍ നിന്ന് നിരവധി അവസരങ്ങള്‍ വന്നെങ്കിലും നൃത്തത്തില്‍ സജീവമാവുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അച്ഛന്റെ സ്വപ്നം പോലെ മകള്‍ സിനിമയില്‍ സജീവമാകുമ്പോള്‍ ഒപ്പം അച്ഛനില്ലെന്ന ദുഖം മാത്രം.

വിവാഹ ശേഷം ബഹറിനില്‍ താമസമാക്കിയെങ്കിലും നൃത്തത്തെ കൈവിടാന്‍ ശ്രീലക്ഷ്മി ഒരുക്കമല്ല. ബഹ്‌റിനില്‍ നൃത്ത വിദ്യാലയം നടത്തുന്ന ശ്രീലക്ഷ്മി ഇനി തനിക്കൊപ്പം സിനിമയുമുണ്ടാകുമെന്ന ഉറപ്പ് നല്‍കുന്നു. അച്ഛനെക്കുറിച്ചും സിനിമയെക്കുറിച്ചും തന്റെ സ്വപ്നങ്ങളെക്കുറിച്ചും ശ്രീലക്ഷ്മി മംഗളം ഓണ്‍ലൈനിനോട് മനസ്സു തുറന്നു.

നിരവധി അവസരങ്ങളുണ്ടായിട്ടും നീണ്ട 13 വര്‍ഷത്തെ ഇടവേള. എങ്ങനെയാണ് 'വികടകുമാരനി'ലേയ്‌ക്കെത്തിയത്?

തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് വികടകുമാരനിലേയ്‌ക്കെത്തിയത്. വെക്കേഷന് നാട്ടിലുണ്ടായിരുന്ന സമയത്ത് പ്രൊഡ്യൂസര്‍ അരുണ്‍ ചേട്ടന്‍ (അരുണ്‍ ഘോഷ്) ഫോണില്‍ വിളിച്ചു. അദ്ദേഹം ഞങ്ങളുടെ കുടുംബ സുഹൃത്തുമാണ്. ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ടെന്നും അഭിനയിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. കഥാപാത്രത്തെക്കുറിച്ചും പറഞ്ഞു തന്നു. അങ്ങനെ ഇത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

uploads/news/2018/04/210222/sreelakshmi-set.gif

'മയൂഖ'ത്തിന് ശേഷം എന്തുകൊണ്ട് ഇത്രയും വര്‍ഷത്തെ ഇടവേള വന്നു?സിനിമയില്‍ അഭിനയിക്കുന്നതിനോട് അമ്മയ്ക്ക് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ കല്ല്യാണം കഴിഞ്ഞതോടെ അതിനുള്ള അനുവാദവും, സ്വാതന്ത്ര്യവും ലഭിച്ചു. എന്റെ ഭര്‍ത്താവ് ശ്രീജിനേട്ടന്‍ ഏറെ പിന്തുണ നല്‍കുന്നുണ്ട്. ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു.

ബോബന്‍-വിഷ്ണു-ധര്‍മജന്‍, ഈ ഹിറ്റ്-എനര്‍ജറ്റിക് കൂട്ടുകെട്ടിനൊപ്പം ജോലി ചെയ്തപ്പോഴുണ്ടായ എക്‌സ്പരീയന്‍സ്?


ഏറ്റവും മനോഹരവും രസകരവുമായ അനുഭവമായിരുന്നു അത്. ബോബന്‍ ചേട്ടനും വിഷ്ണു ചേട്ടനുമൊക്കെ തികച്ചും വിനയമുള്ള താരജാഡയൊട്ടുമില്ലാത്ത ആളുകളാണ്. ജൂനിയര്‍ താരമെന്നോ സീനിയര്‍ താരമെന്നോ ഉള്ള വ്യത്യാസമൊന്നും ആരോടുമില്ലായിരുന്നു. എല്ലാവര്‍ക്കും തുല്യ ബഹുമാനവും പരിഗണനയും നല്‍കി. ഷൂട്ടിങ് കഴിഞ്ഞാലുടന്‍ ഞങ്ങളെല്ലാം കൂടി അടുത്തുള്ള വെള്ളചാട്ടത്തിലേയ്ക്ക് പോകും, പിന്നെ രാത്രി തട്ടുകടയിലേയ്ക്ക്. ക്യാമറാമാന്‍ അജയ് ചേട്ടനും (അജയ് ഡേവിഡ് കച്ചാപ്പള്ളി) എല്ലാത്തിനും ഞങ്ങള്‍ക്കൊപ്പം കൂടും. അജയ് ചേട്ടനും വില്ലന്‍ വേഷം ചെയ്ത ജിനു ചേട്ടനും ഡയറക്ടര്‍ റാഫി സാറുമൊക്കെ എന്നെ ഒരുപാട് സഹായിച്ചു. ശരിക്കും എനര്‍ജറ്റിക്കായ ഒരു ടീമായിരുന്നു അത്.
uploads/news/2018/04/210222/sreelakshmi-3.gif

നൃത്തലോകത്ത് നിന്ന് അഭിനയത്തിലേയ്ക്ക് മാറുമ്പോഴുള്ള വെല്ലുവിളിയെന്താണ്? അതിനെയെങ്ങനെ നേരിടുന്നു?


കലാമണ്ഡലം ഗീതാനന്ദന്‍ എന്ന പേരിലാണ് എന്റെ അസ്ഥിത്വവും നിലനില്‍പ്പും. ജീവിതത്തില്‍ എന്നെ നയിച്ചതു മുഴുവന്‍ അച്ഛനാണ്. എന്ത് ചെയ്യണം എന്ത് ചെയ്യരുതെന്ന് കൃത്യമായി പറഞ്ഞു തരുമായിരുന്നു. അമ്മ കഴിഞ്ഞ 31 വര്‍ഷമായി ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു. അമ്മ സിനിമയില്‍ ഡാന്‍സ് കൊറിയോഗ്രാഫറുമാണ്. അച്ഛന് സിനിമയില്‍ അടുത്ത ബന്ധങ്ങളുണ്ടായിരുന്നു. അതുകൊണ്ട് സിനിമാലോകം എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഗീതാനന്ദന്‍ എന്ന പേര് എന്റെ അഭിമാനമാണ്. എന്റെ കരിയര്‍ മുഴുവന്‍ ആ പേര് എന്റെ കൂടെയുണ്ടാവണം.

ഇനി മുന്നോട്ടുള്ള യാത്രയില്‍ നൃത്തമാണോ സിനിമയാണോ മനസ്സില്‍? അടുത്ത പ്രോജക്ട്?


ഒരു പ്ലാനും ഇല്ലെന്നതാണ് സത്യം. കാരണം ശ്രീനിവാസന്‍ സാര്‍ പറഞ്ഞതു ദൈവത്തെ ചിരിപ്പിക്കണമെങ്കില്‍ നമ്മളുടെ ആഗ്രഹങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ മതി. അതുകൊണ്ട് വലിയ ആഗ്രഹങ്ങളൊന്നും പറയാനില്ല. പക്ഷേ നല്ലൊരു നടിയായും നര്‍ത്തകിയായും തുടരും. ഞാന്‍ എന്റെ മേഖലയില്‍ അറിയപ്പെടണമെന്നത് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ്.
uploads/news/2018/04/210222/sree-family.gif
അമ്മ, സഹോദരന്‍, അച്ഛന്‍ എന്നിവര്‍ക്കോപ്പം ശ്രീലക്ഷ്മി

കുടുംബം?


അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. നിങ്ങള്‍ക്കറിയാവുന്നതു പോല അച്ഛന്‍ കലാമണ്ഡലം ഗീതാനന്ദന്‍. അമ്മ ശോഭ ഗീതാനന്ദന്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ്. സഹോദരന്‍ ദുബായില്‍ താമസിക്കുന്നു. ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അമ്മയ്ക്ക് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. കഷ്ടപ്പെട്ട് നമ്മള്‍ അവതരിപ്പിക്കുന്ന കലയ്ക്ക് ലഭിക്കുന്ന പിന്തുണയും അഭിനന്ദനങ്ങളും അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നു. സമയം വരുമെന്ന് വിചാരിച്ച് കാത്തിരിക്കരുത്, നമ്മള്‍ക്ക് ലഭിക്കുന്ന സമയത്ത് ചെയ്യുന്നത് നന്നായി ചെയ്യുക, സത്യമുള്ള കലാകാരനായി ജീവിക്കുക എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ഒരു കലാകാരനാവുകയെന്നത് ദൈവീകമായ അനുഗ്രഹമാണ്. അങ്ങനെയൊരു അച്ഛനെ മാത്രമാണ് ഞാന്‍ പിന്തുടരുന്നത്. അച്ഛന്റെ വേര്‍പാട് ഏറ്റവും വലിയ നഷ്ടമാണ്. ആ ശൂന്യത ശരിക്കും അറിയുന്നുണ്ട്. ശ്രീലക്ഷ്മി പറഞ്ഞു.

Ads by Google
ടെസ്സ ഇഗ്നേഷ്യസ്
Thursday 19 Apr 2018 01.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW