Monday, April 22, 2019 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Apr 2018 04.23 PM

ഗര്‍ഭകാലവും കുഞ്ഞോമനയും

'' ആരോഗ്യവാനായ ഒരു കുഞ്ഞ് പിറക്കാന്‍ അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പ്രധാനമാണ് ഗര്‍ഭകാലത്ത് പോഷകാഹാരം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമുള്ള പോഷകങ്ങള്‍ ലഭിച്ചിരിക്കണം.''
uploads/news/2018/04/209932/GOODPARENTING180418.jpg

ഗര്‍ഭിണികളില്‍ ചുരുക്കം ചിലര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നമാണ് ഭര്‍ത്തൃഗൃഹത്തിലെ പീഡനം. ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഗര്‍ഭിണിയുടെ പിരിമുറുക്കം വര്‍ദ്ധിപ്പിക്കും.

ഇത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. ഗര്‍ഭിണിയെ ഒറ്റപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും അപമാനിക്കുന്നതും പീഡനമുറകളാണ്. ഇത് അമിതമായാല്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിന് പോലും ആപത്താണ്.

ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ ഭര്‍ത്താവ് ജോലിക്കായി ഗള്‍ഫിലേക്കോ, മറ്റ് ദൂരദേശങ്ങളിലേക്കോ പോകുന്നത് ശരിയല്ല. ഭര്‍ത്താവിനെ പിരിഞ്ഞിരിക്കുന്ന ഗര്‍ഭിണിയുടെ ആധിയും പിരിമുറുക്കവും കുഞ്ഞിന് പകര്‍ന്നുകിട്ടും.

വഴക്കിട്ട് അല്ലെങ്കില്‍ ബന്ധം വേര്‍പെടുത്തി പിരിഞ്ഞിരിക്കുന്ന ഗര്‍ഭിണിയുടെ മാനസിക സംഘര്‍ഷം വിവരണാതീതമാണ്. ആ കുഞ്ഞിന്, വളര്‍ന്നുവരുമ്പോള്‍, സാധാരണ കുട്ടികളെക്കാള്‍ കൂടുതല്‍ ടെന്‍ഷനും പിരിമുറുക്കവും ഉണ്ടാകാതിരിക്കില്ല.

കുഞ്ഞിന്റെ വരവ് യാദൃച്ഛികമാകരുതെന്ന് മുമ്പേ സൂചിപ്പിച്ചതാണല്ലോ. പ്ലാന്‍ ചെയ്തു പരസ്പര ധാരണയോടെ എടുത്ത ഒരു തീരുമാനത്തിന്റെ ഫലമാകണമത്. കുട്ടിയുടെ വരവിനെ പ്രതീക്ഷയോടെ രണ്ടപേരും കാത്തിരിക്കുകയും വേണം.

ആരോഗ്യവാനായ ഒരു കുഞ്ഞ് പിറക്കാന്‍ അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പ്രധാനമാണ് ഗര്‍ഭകാലത്ത് പോഷകാഹാരം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമുള്ള പോഷകങ്ങള്‍ ലഭിച്ചിരിക്കണം.

ഗര്‍ഭിണിക്ക് വയറില്‍ അടിയോ, ആഘാതമോ ഉണ്ടായാല്‍ അത് അബോര്‍ഷനിലേക്കോ, തൂക്കം കുറഞ്ഞ കുഞ്ഞിന്റെ ജനനത്തിലേക്കോ നയിച്ചെന്ന് വരാം. ഈ സുപ്രധാനകാലഘട്ടത്തില്‍ ഭര്‍ത്താവുമായി വഴക്കിടുന്നതും അമ്മായിയമ്മയുമായി സംഘര്‍ഷമുണ്ടാകുന്നതും ശരിയല്ല.

സ്ഥിരമായി ഭര്‍ത്താവ് വൈകിവരുന്നത് പിരിമുറുക്കത്തിലേക്ക് നയിക്കും. ഫ്‌ളാറ്റിലാണെങ്കിലും വീട്ടിലാണെങ്കിലും കൂട്ടിനൊരു സ്ത്രീയുള്ളത് ഗുണം ചെയ്യും. ഒറ്റയ്ക്കാകുമ്പോഴുള്ള ആകുലചിന്തകള്‍ ഉണ്ടാകില്ലെന്ന് മാത്രമല്ല, ആരെങ്കിലും കൂട്ടിനുള്ളത് മനസ്സിനെ ശാന്തമാക്കും.

പുറത്ത് ജോലിക്ക് പോകുന്നുണ്ടെങ്കില്‍ ഭാര്യയും ഭര്‍ത്താവും ഏതാണ്ട് ഒരുമിച്ചിറങ്ങുകയും തിരിച്ച് വരികയും ചെയ്യാന്‍ ശ്രമിക്കുക. ഉല്ലാസപ്രദമായി സമയം ചെലവിടാനുള്ള ഉപാധികളും വേണ്ടുവോളം ഉണ്ടായിരിക്കണം.

എല്ലായ്‌പ്പോഴും കുത്തിയിരിക്കാതെ കൊച്ചുകൊച്ച് ജോലികള്‍ ചെയ്യുക. കുറച്ചൊക്കെ നടക്കുക, ശരീരത്തിന് വ്യായാമം കൊടുക്കുക. പോഷകാഹാരവും ശാരീരിക ഊര്‍ജ്ജ്വസ്വലതയും മാനസിക സന്തോഷവുമാണ് നല്ല കുഞ്ഞിനെ ലഭിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍.

തള്ളവിരല്‍ കുടിക്കുമ്പോള്‍


ഇത് ലോകമെമ്പാടുമുള്ള കുട്ടികളില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ്. പറയത്തക്ക ദോഷങ്ങളൊന്നുമില്ല. ഇതിലൂടെ ഒരുതരത്തിലുള്ള സുരക്ഷിതത്വബോധം കുഞ്ഞ് ഉണ്ടാക്കിയെടുക്കുന്നുണ്ട്. ഇതോര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ല.

രണ്ട് വയസ്സാകുന്നതോടെ ഈ ശീലം മാറിക്കിട്ടും. കുപ്പിപ്പാല്‍ നിര്‍ത്തുന്നതു കൊണ്ടോ, മുലയൂട്ടല്‍ അവസാനിപ്പിക്കുന്നതുകൊണ്ടോ ഒക്കെയാകാം ഈ ശീലം തുടങ്ങാനുള്ള കാരണം.

ഈ ശീലം തടയാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ (വിരല്‍ വായില്‍നിന്ന് കൂടെക്കൂടെ എടുത്ത് മാറ്റിയാല്‍) ഇത് കുറേക്കാലം നിലനിന്നേക്കാം. മുതിര്‍ന്ന കുട്ടി അതും നഴ്‌സറിയിലോ, സ്‌കൂളിലോ പോയിത്തുടങ്ങുമ്പോള്‍ തള്ളവിരല്‍ കുടിക്കുന്നത് മോശമല്ലേ? അങ്ങനെ സംഭവിക്കുന്നതിന്റെ പുറകില്‍ മാതാപിതാക്കളാണെന്ന് മനസ്സിലാക്കുക.

കുഞ്ഞുന്നാളില്‍ വിരല്‍ കുടിക്കുന്നത് തടയാതിരിക്കുക, വായില്‍നിന്ന് തള്ളവിരല്‍ കൂടെക്കൂടെ എടുത്ത് മാറ്റാതിരിക്കുക. ശീലം താനേ കെട്ടടങ്ങിക്കൊള്ളും.

വികൃതിത്തരം കൂടുമ്പോള്‍


അടുക്കളയിലെത്തുന്ന കുട്ടി എല്ലാം പരിശോധിക്കും, തൊടും, പിടിച്ച് തിരിക്കും, കൈയിട്ടുനോക്കും, കുട്ടിയെ സസൂക്ഷ്മം ശ്രദ്ധിച്ച് കൊണ്ടിരിക്കണം. പൊള്ളലേല്‍ക്കാതെ, ചൂടുവെള്ളം വീഴാതെ നോക്കുകയും വേണം. കണ്ടതെല്ലാം വായിലേക്ക് കൊണ്ടുപോകുന്ന സമയമാണിത്. കത്തിയും കത്രികയും മറ്റും കുട്ടിക്കെത്താവുന്നിടത്ത് വയ്ക്കാതിരിക്കുക.

ബാത്ടബ്ബില്‍ ഒറ്റയ്ക്കിരുത്തി പോകരുത്. വെള്ളത്തില്‍ കൈകാലിട്ടടിച്ച് രസിക്കാന്‍ കുഞ്ഞിന് താല്പര്യമായിരിക്കും. വിദേശങ്ങളില്‍ ബാത്ടബ്ബില്‍ കുട്ടികള്‍ വീണ് മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ബക്കറ്റിലായാലും പാത്രത്തിലായാലും വെള്ളത്തില്‍ കുട്ടിയെ ഒറ്റയ്ക്കിരുത്തിപ്പോകരുത്.

ഇഴഞ്ഞ് നീങ്ങുമ്പോള്‍ കുഞ്ഞിനെ കൂടുതല്‍ ശ്രദ്ധിക്കണം. ഇഴഞ്ഞ് നീങ്ങുന്നത് കുടുംബം മൊത്തമിരുന്ന് വീക്ഷിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നല്ലതാണ്. നടക്കാന്‍ പ്രോത്സാഹിപ്പിക്കാം. കുട്ടി നില്‍ക്കുമ്പോള്‍ അല്പം ദൂരെയിരുന്ന് വിളിക്കുക. നടന്നു ഓടിവരുമ്പോള്‍ എടുത്തഭിനന്ദിക്കുക.

അഭിനന്ദനമാണ് കുട്ടിയുടെ വിജയത്തിന് പിന്നില്‍. എന്നാല്‍ ശിക്ഷ നടപ്പാക്കേണ്ട സാഹചര്യങ്ങളില്‍ അതിന് മടി കാണിക്കുകയുമരുത്.

ഇടതുകൈയനാകുമ്പോള്‍


നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഇടതുകൈകൊണ്ട് കുട്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് തടഞ്ഞ് വലതുകൈകൊണ്ട് ചെയ്യിപ്പിക്കുന്ന അമ്മമാരെ കാ ണാറുണ്ട്. അങ്ങനെ ചെയ്യരുത്. ഇടത് കൈയ്യന്മാരാണ് മിടുക്കരാവാന്‍ കൂടുതല്‍ സാധ്യതയുള്ളത്.

മഹാന്മാരെ പരിശോധിച്ചാല്‍ അവരില്‍ പലരും 'ഇടത്ത'ന്മാരാണെന്ന് മനസ്സിലാകും. ഇടതുകൈയ്യന്മാര്‍ക്ക് മസ്തിഷ്‌ക്കത്തിന്റെ രണ്ട് അര്‍ദ്ധഗോളഭാഗങ്ങളേയും ഒരേ രീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയും.

കുട്ടികള്‍ പലവിധം


ഓരോ കുട്ടിയും വ്യത്യസ്തനായിരിക്കും. ഒരു കുട്ടിയെപ്പോലെ മറ്റൊരാള്‍ ഉണ്ടാകില്ല. 'ഐഡന്റിക്കല്‍ ട്വിന്‍സ്' മാത്രമാണ് ഇതിനൊരപവാദം. ചില കുട്ടികള്‍ക്ക് ചുറുചുറുക്ക് കുറവായിരിക്കും. ജന്മനാ അലസരായ കുട്ടികളുമുണ്ട്.

മുടിയന്മാരായ മാതാപിതാക്കള്‍ക്കാണ് അലസരായ കുട്ടികളുണ്ടാകാന്‍ കൂടുതല്‍ സാധ്യത. ശാന്തപ്രകൃതരായ അച്ഛനമ്മമാരുടെ കുട്ടികള്‍ ശാന്തപ്രകൃതരായിരിക്കും.

ചില കുട്ടികള്‍ പെട്ടെന്ന് അടുക്കും ചിട്ടയുമുള്ള ജീവിതരീതികളിലേക്ക് വരും. മറ്റ് ചിലര്‍ ഇതിന് നേര്‍ വിപരീത സ്വഭാവക്കാരായിരിക്കും. എവിടെച്ചെന്നാലും സാഹചര്യം വൃത്തികേടാക്കും. സാധനങ്ങള്‍ അവിടെയും ഇവിടെയും വലിച്ച് വാരിയിടും.

ചില കുഞ്ഞുങ്ങള്‍ ഉന്മേഷവും സൗഹാര്‍ദ്ദവും നിറഞ്ഞവരായിരിക്കും. അവര്‍ എളുപ്പത്തില്‍ ആരുമായും ഇണങ്ങും. പൊതുവേ പ്രസന്നവദനരായിരിക്കുകയും ചെയ്യും.

ചിലര്‍ക്ക് ശ്രദ്ധപിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല. മറ്റ് ചിലര്‍ക്ക് മനസ്സിനെ ഏകാഗ്രമായി നിര്‍ത്താന്‍ എളുപ്പമായിരിക്കും. അങ്ങനെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാകും.ഊര്‍ജ്ജം കൂടുതലുളള കുട്ടികള്‍ക്ക് ശാന്തമായിരിക്കാനേ കഴിയില്ല. ഇവര്‍ വികൃതികളായിരിക്കും. പലപ്പോഴും അനുസരണക്കേട് കാണിക്കുകയും ചെയ്യും.

ധിക്കാരികളായ കുട്ടികളുണ്ട്. സദാ കുഴപ്പക്കാര്‍. എല്ലാവരുമായും വഴക്കിടും. കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ പിടിവാശി കാണിക്കും. ഇവരെ വളര്‍ത്തിയെടുക്കാന്‍ താരതമ്യേന ബുദ്ധിമുട്ട് കൂടുതലായിരിക്കും. വളര്‍ന്നുവന്നാലും ഈ സ്വഭാവരീതികള്‍ കുറെയൊക്കെ നിലനില്‍ക്കാതിരിക്കില്ല.

ബുദ്ധിയും ഉത്സാഹശീലവും പാരമ്പര്യമായി ലഭിച്ചിട്ടുള്ള കുട്ടികള്‍ മാര്‍ക്ക് കൂടുതല്‍ വാങ്ങും. മടിയുള്ള, ബുദ്ധി കുറഞ്ഞ കുട്ടികള്‍ക്ക് മാര്‍ക്ക് കുറയും, തോല്‍ക്കും. തീരെ ബുദ്ധി കുറഞ്ഞവര്‍ അലസരും കൂടിയാണെങ്കില്‍ ജയിക്കാന്‍ ബുദ്ധിമുട്ടേണ്ടിവരും.

പാട്ട് പാടാനോ, വരയ്ക്കാനോ, നൃത്തം വയ്ക്കാനോ ഒക്കെ താല്പര്യമുളള കുട്ടികള്‍ ഉണ്ടാകും. ഓരോ കുട്ടിയേയും മനസ്സിലാക്കുകയാണ് മാതാപിതാക്കാള്‍ ആദ്യം ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ ശരിയായ രീതിയില്‍ കുഞ്ഞിനെ വളര്‍ത്താനാകൂ. ബുദ്ധി കുറഞ്ഞ കുഞ്ഞ് മാര്‍ക്ക് കുറച്ച് വാങ്ങുന്നതുകൊണ്ട് അവനെ ശിക്ഷിക്കുന്നത് തെറ്റല്ലേ?

കുട്ടി ക്ലാസ്സിലൊന്നാമനാകണമെന്ന് നിര്‍ബ്ബന്ധം പിടിക്കുന്നത് മണ്ടത്തരമല്ലേ? പാരമ്പര്യ ഘടകങ്ങള്‍ അനുസരിച്ചല്ലേ കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ! ഓരോ കുട്ടിയിലുമുള്ള നൈസര്‍ഗിക വാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ഏ റ്റവും ഉത്തമമായ മാര്‍ഗ്ഗം.

കുട്ടികളെ പൊതുവില്‍ പ്രശ്‌നക്കാരെന്നും നല്ല കുട്ടികളെന്നും തരംതിരിക്കാം. അമ്മമാരില്‍ത്തന്നെ നല്ലവരും മോശമായവരും ഉണ്ട്. പ്രശ്‌നക്കാര്‍ നല്ല അമ്മമാരുടെ കൈയില്‍ കിട്ടിയാല്‍ അവരുടെ ഭാവി സുരക്ഷിതമായിരിക്കും. മോശമായ അമ്മമാരുടെ കൈകളിലെത്തിയാലാണ് കുഴപ്പം. ഇതിനെക്കുറിച്ച് ദീര്‍ഘമായി പിന്നീട് പ്രതിപാതിക്കാം.

വ്യക്തിത്വ പ്രത്യേകതകള്‍ പാരമ്പര്യമായി ലഭിക്കുന്നതാണ്. കുട്ടിയുടെ ക്ലാസിലെ പ്രകടനം, സ്വഭാവം, പ്രകൃതം, ഭാവങ്ങള്‍ ഇവ പാരമ്പര്യ പ്രത്യേകതകള്‍ക്കനുസരിച്ചാണ് രൂപപ്പെടുക. പാരമ്പര്യവും വളര്‍ത്തുന്ന രീതികളുമാണ് ഉയര്‍ന്നുപോകാനും തോല്‍ക്കാനും കുട്ടിയെ സഹായിക്കുന്നത്.

പ്രൊഫ. പി.എ.വര്‍ഗീസ്
മോട്ടിവേഷന്‍ ട്രെയിനര്‍ ഫാമിലി കൗണ്‍സിലര്‍
കൊച്ചി , 0484 4064568

Ads by Google
Ads by Google
Loading...
TRENDING NOW