Friday, June 14, 2019 Last Updated 39 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Apr 2018 04.08 PM

ശൈവാരാധനയുടെ പ്രാധാന്യം

ആകാശം, വായു, അഗ്നി, ജലം, പ്രഥ്വി, സൂര്യന്‍, ചന്ദ്രന്‍, മനസ്സ് എന്നിവ ചേര്‍ന്നതാണ് അഷ്ടമൂര്‍ത്തി. ശിവാരാധകര്‍ ശിവനെ പല രൂപത്തില്‍ ആരാധിക്കുന്നു. അഘോരം, വൈദികം, പാശുപതം, വീരശൈലം, ലിംഗായതം തുടങ്ങി അനേകം ആരാധന സമ്പ്രദായകങ്ങളുണ്ട്.
uploads/news/2018/04/209928/joythi180418.jpg

പുരാണ മതമനുസരിച്ച് ത്രിമൂര്‍ത്തികളില്‍ സംഹാര മൂര്‍ത്തിയായാണ് ശിവനെ സങ്കല്പിച്ചിട്ടുള്ളത്. 'ശിവ'ശബ്ദം തന്നെ മംഗളവാചകമാണ്. വേദങ്ങളില്‍ രുദ്രന്‍ എന്നല്ലാതെ ശിവന്‍ എന്നൊരു ദേവനെക്കുറിച്ച് പരാമര്‍ശമില്ല.

പുരാണങ്ങളില്‍ ശിവപര്യായമായിട്ടോ ശിവന്റെ മൂര്‍ത്തിഭേദമായിട്ടോ 'രുദ്ര'പദം ഉപയോഗിച്ചിരിക്കുന്നു. ശിവന് മൂന്നു കണ്ണുകള്‍ ഉണ്ടെന്നാണ് പുരാണ വര്‍ണന. ഒരു കണ്ണ് നെറ്റിയിലാണ്. ആ കണ്ണ് തുറന്നാല്‍ അതില്‍നിന്നും സംഹാരാഗ്നി പുറത്തുവരുമെന്നാണ് കഥ. സര്‍പ്പങ്ങളെയാണ് ശിവന്‍ ഭൂഷണമായി ധരിക്കുന്നത്.

ഉടയാട ആനത്തോലും, വാഹനം വൃഷഭവും (കാളയും), കുറി ചുടലഭസ്മവും, ആയുധം പിനാകവും, പത്‌നി പാര്‍വ്വതിയും, പുത്രന്മാര്‍ സ്‌കന്ദനും ഗണപതിയും ആണ്. ഗംഗയെ ശിരസ്സില്‍ വഹിക്കുന്നുവെന്നും സങ്കല്പം.

കൈലാസമാണ് വാസസ്ഥാനം. നന്ദികേശന്‍, കുണ്‌ഡോദരന്‍, ചണ്ഡന്‍, കുംഭോദരന്‍ തുടങ്ങിയവരാണ് പാര്‍ഷദന്മാര്‍. വിജ്ഞാനങ്ങളെല്ലാം ശിവനില്‍നിന്നും പുറപ്പെട്ടുവെന്നാണ് സങ്കല്പം.

പുരാതന ഋഷിമാര്‍ ഈ പ്രപഞ്ചത്തെ നോക്കിക്കണ്ടത് ശിവനായിട്ടത്രേ. ആകാശത്തു കാണുന്ന ചന്ദ്രക്കല ശിവന്റെ ഭൂഷണവും സൂര്യന്‍ മൂന്നാമത്തെ കണ്ണുമായി സങ്കല്പിച്ചു. ശിവന്‍ ദിഗംബരന്‍ (ദിക്കാകുന്ന വസ്ത്രമുള്ളവന്‍) ആണ്.

പ്രകൃതിയുടെ അതിര് ദിക്കാണെന്ന വ്യംഗ്യാര്‍ത്ഥമാണ് ഇതിലുള്ളത്. ശിവന്റെ ജട ആകാത്തെ കാര്‍മേഘവും ഗംഗ കാര്‍മേഘത്തില്‍നിന്നും വീഴുന്ന ജലവുമാണ്. ശരീരത്തു ധരിച്ചിരിക്കുന്ന ഭസ്മം കണങ്ങളാണ്. കണങ്ങളുടെ സംഘാതമാണ് പ്രപഞ്ചം എന്ന് സൂചന. അര്‍ദ്ധനാരീശ്വരനായി ശിവനെ സങ്കല്പിച്ചതിനര്‍ത്ഥം സ്ത്രീപുരുഷസംഗമമാണ് ജീവജാലങ്ങളുടെ പിറവിക്ക് കാരണമെന്ന് കാണിക്കാനാണ്.

ശിവന്റെ വാഹനം വൃഷഭം ആണല്ലോ. വൃഷഭത്തിന് 'ധര്‍മ്മം' എന്നൊരര്‍ത്ഥമുണ്ട്. കാളയ്ക്ക് നാലു കാലുകള്‍ ഉള്ളതുപോലെ ധര്‍മ്മത്തിനും നാലു പാദങ്ങള്‍ സങ്കല്പിക്കപ്പെട്ടിട്ടുണ്ട്. സത്യം, ദയ, ധര്‍മ്മം ഇന്ദ്രിയനിഗ്രഹം എന്നിവയാണ് ആ നാലു പാദങ്ങള്‍.

ഒരു കാലു നഷ്ടപ്പെട്ടാല്‍ ധര്‍മ്മത്തിന് നിലനില്‍പ്പില്ല. ധര്‍മ്മത്തിന്റെ അഥവാ വൃഷഭത്തിന്റെ പുറത്തിരിക്കുന്ന പ്രപഞ്ചം ശിവം (മംഗളം) ആകും എന്ന സങ്കല്പമാണ് പ്രതീകാത്മകയായി ഋഷിമാര്‍ കഥാരൂപത്തില്‍ അവതരിപ്പിച്ചത്.

ആകാശം, വായു, അഗ്നി, ജലം, പ്രഥ്വി, സൂര്യന്‍, ചന്ദ്രന്‍, മനസ്സ് എന്നിവ ചേര്‍ന്നതാണ് അഷ്ടമൂര്‍ത്തി. ശിവാരാധകര്‍ ശിവനെ പല രൂപത്തില്‍ ആരാധിക്കുന്നു. അഘോരം, വൈദികം, പാശുപതം, വീരശൈലം, ലിംഗായതം തുടങ്ങി അനേകം ആരാധന സമ്പ്രദായകങ്ങളുണ്ട്.

മിക്ക പുരാണങ്ങളിലും ശിവന്റെ കഥകളുണ്ട്. ശിവപുരാണവും ഹാലാസ്യ മാഹാത്മ്യവും ശിവപരങ്ങളായ ഗ്രന്ഥങ്ങളാണ്. ഭാരതത്തിലും വിദേശങ്ങളിലുമായി അനേകായിരം ശിവക്ഷേത്രങ്ങളുണ്ട്. ശിവനെ അര്‍ദ്ധനാരീശ്വരനായും ശങ്കരനാരായണനായും ജ്യോതിര്‍ലിംഗമായും മറ്റും പ്രതിഷ്ഠിച്ചു പൂജിച്ചുവരുന്നു.

ശിവന്റെ പന്ത്രണ്ടു ജ്യോതിര്‍ലിംഗങ്ങള്‍ ഭാരതത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. സോമനാഥക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, രാമേശ്വരം ക്ഷേത്രം, ഉജ്ജയിനിയിലെ മഹാകാലേശ്വരക്ഷേത്രം, മാള്‍വയിലെ ഓംകാരേശ്വരക്ഷേത്രം, കേദാരനാഥം, മല്ലികാര്‍ജ്ജുനക്ഷേത്രം (ശ്രീശൈലം), ത്രൈയംബകേശ്വരക്ഷേത്രം, വൈദ്യനാഥം, ഭീമശങ്കരം, നാഗേശ്വരം, ഘുഷ്‌മേശ്വരം എന്നിവിടങ്ങളിലാണ് ജ്യോതിര്‍ലിംഗപ്രതിഷ്ഠകള്‍ ഉള്ളത്.

കേരളത്തില്‍ വൈക്കം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, തൃക്കണ്ടിയൂര്‍, ചെങ്ങന്നൂര്‍ മഹാദേവര്‍ ക്ഷേത്രം, സര്‍വ്വം സ്വയംഭൂവായ ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രം തുടങ്ങിയവ ശിവക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം, ചിദംബരം, തഞ്ചാവൂര്‍ എന്നിവിടങ്ങളിലും എല്ലോറ, മധുര, കൈലാസം എന്നിവിടങ്ങളിലും ഉള്ള ശിവക്ഷേത്രങ്ങള്‍
ലോകപ്രസിദ്ധങ്ങളാണ്.

'ശിവം' എന്നത് നിര്‍ഗ്ഗുണവും നിരാകാശവുമായ ഈശ്വരനാമമാകുന്നു. ശിവം ആകൃതിയില്ലാത്തതും ശിവന്‍ ആകൃതിയുള്ളതുമാകുന്നു. അദ്ധ്യാത്മ സാധനയിലെ പുരോഗതിയനുസരിച്ച്, വ്യക്തികളുടെ മനഃപാകതയനുസരിച്ച് ഈശ്വരത്വത്തിന്റെ ഭാഗികമായ അറിവും അനുഭൂതിയും ലഭിക്കും.

'പഞ്ചായതന' പൂജയിലെന്നപോലെ 'ശിവ'ത്തെ 'ശിവനാ'യും ശിവനെത്തന്നെ സൃഷ്ടി-സ്ഥിതി-ലയ കര്‍ത്താവായും ആരാധിക്കുമ്പോള്‍ ഒരേ ശിവന്‍ പല രൂപഭാവങ്ങളില്‍ ദര്‍ശനമരുളും.

'തന്മേ മനഃ ശിവ സങ്കല്പമസ്തു' എന്ന് യജുര്‍വേദം ഉദ്‌ബോധിപ്പിക്കുന്നു. അതായത് 'നമ്മുടെ മനസ്സ് സര്‍വ്വോപരി ഉത്തമമായ ശിവസങ്കല്പത്തോടു കൂടിയതായിരിക്കട്ടെ'

കരിമുളയ്ക്കല്‍ അജയകുമാര്‍
ഫോണ്‍: 9495017553

Ads by Google
Wednesday 18 Apr 2018 04.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW