Tuesday, June 18, 2019 Last Updated 8 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 03.40 PM

കുട്ടിക്കാലം തൊട്ട് മനസ്സില്‍ സൂക്ഷിച്ച ദിവ്യ വിനോദിന് സ്വന്തമായി; അവളുടെ ആഗ്രഹം പോലെപഠിപ്പിച്ച് ജോലിയും വാങ്ങി നല്‍കി; ഒടുവില്‍ കൂലിപ്പണിക്കാരന്റെ വിയര്‍പ്പിന്റെ മണം അവള്‍ക്ക് പിടിക്കാതെയായി. വിനോദിന് ലഭിച്ചതാകട്ടെ ഡിവോഴ്സ് നോട്ടീസും

''ഭര്‍ത്താവ് കൂലിപ്പണിക്കാരനാണെന്നു പറയുന്നത് അവള്‍ക്ക് അപമാനമായി. എന്റെ ശരീരത്തിലെ വിയര്‍പ്പുമണവും അവളെ അസ്വസ്ഥയാക്കി.''
uploads/news/2018/04/209615/Weeklyfamilycourt160418.jpg

സ്‌നേഹബന്ധങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത സമൂഹത്തിലാണ് നാം ഇന്നു ജീവിക്കുന്നത്. ഒരുമിച്ചു കഴിഞ്ഞവര്‍ ഒരുനിമിഷത്തെ വാശിക്ക് ശത്രുക്കളായി മാറുന്നു. ഇത്തരം നിരവധി കേസുകള്‍ എന്റെ മുന്നില്‍ വരാറുണ്ട്.

ജീവനുതുല്യം സ്‌നേഹിച്ച ഭാര്യ തനിക്കെതിരേ ഡിവോഴ്‌സ് നോട്ടീസയച്ചു എന്നുപറഞ്ഞാണ് വിനോദ് എന്ന ചെറുപ്പക്കാരന്‍ എത്തിയത്. അതിനു പിന്നിലെ സാഹചര്യം അയാള്‍ പറഞ്ഞതിങ്ങനെ:

''എന്റെ അച്ഛന്റെ സഹോദരിയുടെ മകളാണു ദിവ്യ. കുട്ടിക്കാലം മുതല്‍ എനിക്കവളെ ഇഷ്ടമായിരുന്നു. പഠനത്തില്‍ മോശമായിരുന്ന ഞാന്‍ കഷ്ടിച്ചാണ് എല്ലാക്ലാസുകളിലും ജയിച്ചത്.

അവളാണെങ്കില്‍ ഒന്നാമതും. അതുകൊണ്ടുതന്നെ എന്റെ ഇഷ്ടം അവളോടു തുറന്നുപറയാന്‍ ഭയമായിരുന്നു. ആരെയും അറിയിക്കാതെ ഞാനത് മനസില്‍ കൊണ്ടുനടന്നു.

സാമ്പത്തികബുദ്ധിമുട്ട് കാരണം പ്ലസ്ടു കഴിഞ്ഞ് ദിവ്യ പഠനം നിര്‍ത്തി. പിന്നെ അടുത്തുളള ടെക്‌സ്റ്റയില്‍ ഷോപ്പില്‍ ജോലിക്കു പോയി. അധികം വൈകാതെ അവളെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. അതറിഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെ തകര്‍ന്നുപോയി.

കുട്ടിക്കാലം മുതല്‍ ഞാന്‍ ഉളളില്‍ കൊണ്ടുനടന്ന പെണ്‍കുട്ടി മറ്റൊരാളുടേതാകാന്‍ പോകുന്നു!
ചെറുതിലേ പഠിക്കാന്‍ മണ്ടന്‍, മുതിര്‍ന്നപ്പോള്‍ ചെയ്യുന്ന ജോലി മോശമാണെന്ന തോന്നല്‍... ഇത്തരത്തിലുളള അപകര്‍ഷത മൂലമാണ് ഇഷ്ടം തുറന്നുപറയാന്‍ കഴിയാഞ്ഞത്.

ദിവ്യയെ നഷ്ടപ്പെടുമെന്നായപ്പോള്‍ എന്തുംവരട്ടെ എന്നുകരുതി ഞാന്‍ അമ്മയോട് എല്ലാം പറഞ്ഞു. അമ്മ ഇക്കാര്യം ദിവ്യയുടെ വീട്ടില്‍ സംസാരിച്ചപ്പോള്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു.

അവളുടെ വീട്ടിലെ സ്ഥിതി അറിയാവുന്നതുകൊണ്ട് ലളിതമായ വിവാഹം മതിയെന്ന് ഞാന്‍തന്നെ പറഞ്ഞു.
വിവാഹശേഷം ദിവ്യയുടെ ലോകം ഞാന്‍ മാത്രമായിരുന്നു. അവളുടെ സാമീപ്യം എനിക്കും ആശ്വാസമായി. തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ഞാന്‍ അവളോടു ചോദിച്ചു.

താല്‍പ്പര്യമില്ലെന്ന് എനിക്കുവേണ്ടി അവള്‍ കളവുപറഞ്ഞു. എന്നാലും അവളുടെ ഉള്ളറിഞ്ഞ്, പഠനത്തിനുളള എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്തുകൊടുത്തു.
''എന്നെ ഇത്രയധികം മനസിലാക്കുന്ന ചേട്ടനെ കിട്ടിയത് എന്റെ ഭാഗ്യം.'' അവള്‍ പറഞ്ഞു.

ഡിഗ്രിക്കുശേഷം ബി.എഡിനു പോകണമെന്ന് അവള്‍ ആഗ്രഹം പ്രകടിപ്പിച്ചു. എല്ലാം അവളുടെ ഇഷ്ടത്തിനു ഞാന്‍ വിട്ടുകൊടുത്തു. ഇതിനിടെ ഞങ്ങള്‍ക്കൊരു മകന്‍ ജനിച്ചു. ദിവ്യയുടെ പഠനത്തിനു തടസമുണ്ടാകാതെ എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കിയത്.

പഠനശേഷം ദിവ്യ ജോലിക്കു ശ്രമിച്ചെങ്കിലും എല്ലായിടത്തും ലക്ഷങ്ങളാണ് ഡൊണേഷന്‍ ആവശ്യപ്പെട്ടത്. അത്രയും വലിയ തുക എന്റെ കൈയില്‍ ഇല്ലായിരുന്നു. മറ്റൊരു വഴിയുമില്ലാതെ വന്നപ്പോള്‍ ചെത്തുതൊഴിലാളിയായ ഞാന്‍ എന്റെ 'യൂണിയന്‍ ചെത്ത്' മറ്റൊരാള്‍ക്കു നല്‍കി സ്‌കൂളില്‍ കെട്ടിവയ്ക്കാനുളള പണം വാങ്ങി.

അങ്ങനെ ദിവ്യയ്ക്കു ജോലികിട്ടി. ആദ്യമൊക്കെ എന്റെയും മോന്റെയും കാര്യങ്ങള്‍ക്ക് അവള്‍ കുറവൊന്നും വരുത്തിയില്ല. സ്ഥിരമായി ഒരു ജോലിയില്ലാതിരുന്നതുകൊണ്ട് കുറച്ചുനാള്‍ കഴിഞ്ഞ് ഞാന്‍ കൂലിപ്പണിക്കു പോയി തുടങ്ങി.

ജോലികിട്ടി അധികനാള്‍ കഴിയുംമുമ്പ് ദിവ്യ ആകെ മാറിപ്പോയി. ഭര്‍ത്താവ് കൂലിപ്പണിക്കാരനാണെന്നു പറയുന്നത് അവള്‍ക്ക് അപമാനമായി. എന്റെ ശരീരത്തിലെ വിയര്‍പ്പുമണവും അവളെ അസ്വസ്ഥയാക്കി. ഓരോ നിമിഷവും അവള്‍ എന്നില്‍നിന്ന് അകന്നുകൊണ്ടിരുന്നു.

വേറെ എന്തെങ്കിലും ജോലിക്കു പോകാന്‍ അവള്‍ എന്നെ നിര്‍ബന്ധിച്ചു. പത്താംക്ലാസ് മാത്രമുളള എനിക്ക് വേറെ എന്തു ജോലികിട്ടാന്‍?

പിന്നീട് എന്റെയമ്മയോടും അവള്‍ കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങി. അതു കേട്ടുനില്‍ക്കാന്‍ കഴിയാതെ ഞാന്‍ പ്രതികരിച്ചു. അതിന്റെ പേരില്‍ മോനെയുംകൂട്ടി അവള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി.

തിരിച്ചുവിളിക്കാന്‍ അമ്മ എന്നെ നിര്‍ബന്ധിച്ചെങ്കിലും ഞാന്‍ കൂട്ടാക്കിയില്ല. സ്വന്തം ഇഷ്ടത്തിനു പോയതല്ലേ... തനിയെ തിരിച്ചുവരട്ടെ എന്ന് ഞാനും വാശിപിടിച്ചു. പക്ഷേ പിണങ്ങിപ്പോയ അവള്‍ മടങ്ങിവന്നില്ല. പകരം വന്നത് ഇതാണ്...''

വിതുമ്പിക്കൊണ്ട് ഭാര്യ അയച്ച വക്കീല്‍ നോട്ടീസ് വിനോദ് എനിക്കുനേരേ നീട്ടി.

''എന്തു വിലകൊടുത്തിട്ടായാലും എനിക്കെന്റെ മകനെ തിരിച്ചുവേണം.''
അതായിരുന്നു അയാളുടെ ആവശ്യം.

മകനുവേണ്ടി വാശിയും പിണക്കവും അവസാനിപ്പിക്കാന്‍ ഇരുകക്ഷികളോടും ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനു തയ്യാറായില്ല. കേസ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നു.

Ads by Google
Tuesday 17 Apr 2018 03.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW