Wednesday, June 26, 2019 Last Updated 59 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Apr 2018 03.13 PM

ദ് റിയല്‍ ടേക്ക് ഓഫ്...

''ഇറാഖിലെ അഗ്നിപരീക്ഷകള്‍ക്കൊടുവില്‍ രക്ഷപ്പെട്ടു നാട്ടിലേക്ക് ടേക്കോഫ് ചെയ്ത നഴ്‌സ് മെറീന ജോസിന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെ?''
uploads/news/2018/04/209610/merinajosph170418b.jpg

വെടിയൊച്ചകള്‍ക്കും നിലവിളി ശബ്ദങ്ങള്‍ക്കും നടുവില്‍ ജീവനു വേണ്ടി യാചിക്കുമ്പോള്‍ അവരുടെ ഹൃദയം നിറയെ ഉറ്റവരുടെ ഓര്‍മ്മകളായിരുന്നു.

കണ്‍മുന്നി ല്‍ ചിന്നിച്ചിതറിത്തെറിക്കുന്ന മനുഷ്യശരീരങ്ങള്‍ക്കു നടുവില്‍ ജീവന്‍ പണയം വച്ച് അവര്‍ കാത്തിരുന്നു, ഉറ്റവര്‍ക്കരികിലേക്കെത്താം എന്ന വിശ്വാസവുമായി.

ഒടുവില്‍ ആ ദിനമെത്തി, ഇറാഖിലെ തികൃതില്‍ ഐ.എസ്.ഭീകരര്‍ ചോരക്കളം തീര്‍ത്ത ആശുപത്രിയില്‍ നിന്ന് ജീവന്‍ കൈയില്‍ പിടിച്ച് 19 മലയാളികളടങ്ങുന്ന നഴ്‌സുമാരുടെ സംഘം നീണ്ട പോരാട്ടത്തിനൊടുവില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.

തളരാതെ ദിനരാത്രങ്ങള്‍ അവര്‍ക്ക് കരുത്തു പകര്‍ന്ന് കൂടെയുണ്ടായിരുന്നത് മെറീന ജോസ് എന്ന കോട്ടയംകാരിയാണ്. 2014 ജൂലൈ അഞ്ചിന് മെറീനയും 19 മലയാളികളടങ്ങുന്ന നഴ്‌സുമാരുടെ സംഘവും ഉറ്റവര്‍ക്കരികിലെത്തി.

വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കറുത്ത ദിനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മെറീന ജോസിന്റെ മനസ്സ് പിടയുകയാണ്.

21 ദിവസങ്ങള്‍ നീണ്ട യാതനകള്‍ക്കൊടുവില്‍ നാട്ടിലേക്കെത്തിയപ്പോള്‍ മുതല്‍ ഭൂമിയിലെ മാലാഖ മെറീന ജോസായി. ഉള്ളുപിടയുന്ന വേദനയിലും മെറീന ഒപ്പമുള്ളവരേയും തന്റെ കൈപ്പിടിയിലൊതുക്കി.

അന്ന് മറ്റുള്ളവര്‍ക്ക് ആശ്വാസവും തണലുമായത് മെറീന ജോസെന്ന കോട്ടയം കാരിയാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം മെറീന അനുഭവിച്ച യാതനകള്‍ വെള്ളിത്തിരയിലേക്കെത്തി, ടേക്ക് ഓഫ് എന്ന സിനിമയായി. മെറീന അതില്‍ സമീറയായി.

തിരശ്ശീല വിട്ട് ജീവിതത്തിലേക്കെത്തുമ്പോള്‍ നായികയുടെ സ്ഥാനത്ത് സമീറയല്ല, മെറീനയാണ്. കഴിഞ്ഞവര്‍ഷം ഹിന്ദിയില്‍ സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദ ഹൈയും ഇതേ വിഷയമാണവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം മെറീന ജോസ് അനുഭവങ്ങളിലൂടെ കൂടുതല്‍ കരുത്തയായി.

പുതിയൊരു മെറീനയായി. തന്റെ ജീവിതമടക്കം ലോകമെങ്ങും മെഗാഹിറ്റായിത്തീരുമ്പോഴും ജീവിതവഴികളില്‍ അതിജീവനത്തിനായി പാടുപെടുകയാണ് മെറീന. അവര്‍ക്കുമുന്നില്‍ ഈസ്റ്ററും വിഷുവും എല്ലാം ഒരുപോലെ. മക്കളെ നല്ല നിലയിലെത്തിക്കണം. അതാണിന്ന് മെറീനയുടെ ആഗ്രഹം.

ഇപ്പോള്‍ മെറീന നഴ്‌സല്ല. വീടിനടുത്തുള്ള ബേക്കറിയിലാണ് ജോലി. വലിയ പ്രശ്‌നങ്ങളില്ലാതെ ജീവിതം മുമ്പോട്ട് പോകുന്നു.

uploads/news/2018/04/209610/merinajosph170418.jpg

ടേക്ക് ഓഫ് സംസ്ഥാന അവാര്‍ഡ് വരെ നേടി. എന്തുതോന്നുന്നു ?


അതെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല. അവര്‍ ആ സിനിമയ്ക്ക് വേണ്ടി നന്നായി പ്രവര്‍ത്തിച്ചു. അതിന്റെ ഫലവും കണ്ടു. അത്രമാത്രം. ടേക്ക് ഓഫിന്റെ ര ണ്ടാം പകുതിയിലെ ദൃശ്യങ്ങളാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചത്.

എങ്കിലും സി നിമ എന്നെ അത്രമാത്രം തൃപ്തിപ്പെടുത്തിയില്ല. കാരണം സിനിമയല്ലല്ലോ ജീവിതം. ടേക്ക് ഓഫില്‍ കാണിച്ചതിനുമപ്പുറം ജീവിതത്തില്‍ ഞാനനുഭവിച്ചിട്ടുണ്ട്. ഞങ്ങള്‍ അനുഭവിച്ച യാതനകളുടെ ഒരംശം മാത്രമേ ടേക്ക് ഓഫില്‍ ഉള്ളൂ.

എങ്ങനെയാണ് ടേക്ക് ഓഫിന്റെ പ്രവര്‍ത്തകര്‍ സമീപിച്ചത് ?


ഒരു ഡോക്യുമെന്ററി ചെയ്യാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞാണ് സംവിധായകന്‍ മഹേഷ് നാരായണനും സുഹൃത്തുക്കളും എന്നെ കാണാനെത്തിയത്. എന്റെ അനുഭവങ്ങളൊക്കെ ചോദിച്ചറിഞ്ഞ് അവര്‍ പോ യി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ അവര്‍ക്കൊപ്പം നടി പാര്‍വ്വതിയുമുണ്ടായിരുന്നു.

ഇറാഖില്‍ എനിക്കഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്നും, പാര്‍വ്വതിയാണ് നായികയെന്നും പറഞ്ഞു. അന്ന് പാര്‍വ്വതി എന്റെ വീട്ടിലെത്തി ഒരുപാട് സംസാരിച്ചു. ഞാന്‍ എന്റെ അനുഭവങ്ങളെക്കുറിച്ചു പറഞ്ഞു.

സിനിമ കണ്ടില്ലേ? കണ്ടിട്ടെന്ത് തോന്നി?


സിനിമയും പാര്‍വ്വതിയുടെ അഭിനയവും വളരെ നന്നായിട്ടുണ്ട്. എങ്കിലും ഞങ്ങള്‍ നഴ്‌സുമാര്‍ അന്നനുഭവിച്ചതിന്റെ അത്രയൊന്നും സിനിമയില്‍ കാണിച്ചിട്ടില്ല.

ഇത്തരം സംഭവങ്ങളെക്കുറിച്ച് ആദ്യമായി അറിയുന്നൊരാള്‍ക്ക് വലിയ അത്ഭുതമൊക്കെ തോന്നിയേക്കാം. പക്ഷേ, സിനിമയില്‍ കണ്ടതിലും ഭീകരമായിരുന്നു അന്ന് ഇറാഖിലെ അവസ്ഥ.

സംഭവം നടന്നിട്ട് വര്‍ഷങ്ങളിത്ര പിന്നിട്ടിട്ടും ഇപ്പോഴും ഇതെല്ലാം എന്റെ കണ്‍മുമ്പിലുണ്ട്. തികൃതിലേയും മൊസൂളിലേയും ദിനരാത്രങ്ങള്‍ക്കൊടുവില്‍ 45 നഴ്‌സുമാര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഇപ്പോഴും അവിശ്വസനീയമാണ്.

തലയില്‍ തോക്കുചൂണ്ടിയ ഭീകരരുടെ മുഖം ഇപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്. അന്ന് ഇറാഖിലെ യുദ്ധഭൂമിയില്‍ എല്ലാവരുടേയും ജീവിതം അവസാനിക്കുമെന്നാണ് കരുതിയത്.

uploads/news/2018/04/209610/merinajosph170418a.jpg

ജോലി ചെയ്തിരുന്ന നാളുകളത്രയും പേടിച്ചരണ്ടാണ് കഴിച്ചു കൂട്ടിയത്. സംഭവം നടക്കുന്ന ദിവസം, എനിക്കൊപ്പമുള്ള 44 നഴ്‌സുമാരേയും ഭീകരര്‍ അവരുടെ ബസില്‍ കയറ്റി. ഞങ്ങള്‍ കയറിയതിന് തൊട്ടു പിന്നാലെ ഞാന്‍ ജോലി ചെയ്ത ആശുപത്രി അവര്‍ ബോംബിട്ട് നശിപ്പിച്ചു.

ഒരു പകലും രാത്രിയും നിര്‍ത്താതുള്ള യാത്രയായിരുന്നു. ഇതിനിടെ മനസ്സലിവ് തോന്നിയ ഭീകരര്‍ വെള്ളവും കുറച്ച് ഭക്ഷണവും തന്നു.

സത്യത്തില്‍ ഞങ്ങളെയെല്ലാം കൊല്ലാന്‍ കൊണ്ടുപോവുകയാണെന്നാണ് തോന്നിയത്. ബസില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ കാണുന്നത് തകര്‍ന്ന കെട്ടിടങ്ങളും നിലവിളി ശബ്ദങ്ങളും മാത്രം.

തിരിച്ചെത്തിയപ്പോള്‍ നാട്ടില്‍ ജോലിക്ക് ശ്രമിച്ചില്ലേ ?


ഇറാഖില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയതോടെ പലരും ജോലി നിര്‍ത്തി. കുറച്ചുപേര്‍ ബഹ്‌റൈനിലും മറ്റും ജോലിയില്‍ പ്രവേശിച്ചു. പക്ഷേ പ്രതീക്ഷിച്ചതു പോലെ എനിക്ക് ജോലി കിട്ടിയില്ല. നാട്ടില്‍ ജോലിക്ക് ശ്രമിച്ചിട്ടും വലിയ മെച്ചമൊന്നുമില്ല. ശമ്പളം തന്നെ വലിയ പ്രശ്‌നം. ഭൂമിയിലെ മാലാഖമാരെന്ന പേരു മാത്രമേയുള്ളൂ.

ജോലിക്കനുസരിച്ചു ശമ്പളമൊന്നുമില്ല. ഇപ്പോള്‍ ഞാനൊരു ബേക്കറിയിലാണ് ജോലി ചെയ്യുന്നത്. മക്കളെ പഠിപ്പിച്ച് ഒരു നിലയിക്കെത്തിക്കണ്ടേ? ജീവനുള്ളിടത്തോളം ജീവിച്ചല്ലേ പറ്റൂ? ദൈവം തോല്‍പ്പിച്ചാല്‍ മാത്രമേ തോല്‍ക്കൂ. മറ്റാരു തോല്‍പ്പിക്കാന്‍ ശ്രമിച്ചാലും നടക്കില്ല.

കുടുംബത്തെക്കുറിച്ച് ?


കോട്ടയത്തിനടുത്തു പൂവത്തലത്താണ് വീട്. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമാണ് താമസം. ഭര്‍ത്താവിന് ഖത്തറിലായിരുന്നു ജോലി. ഇപ്പോള്‍ നാട്ടിലുണ്ട്.

അന്നത്തെ ലൈഫിനെക്കുറിച്ച് ഇടയ്ക്ക് ഓര്‍മിക്കാറുണ്ടോ ?


തീര്‍ച്ചയായും. അതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെയാണ് എന്റെ മനസ്സിലുള്ളത്. ആ പ്രശ്‌നങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചതേയില്ല. അന്നെനിക്കൊപ്പമുണ്ടായിരുന്നവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.

തിരിച്ചുവരവിന്റെ നാളില്‍ എന്റെ മക്കള്‍ പോലും വിചാരിച്ചു, ഞാന്‍ മരിച്ചെന്ന്. പക്ഷേ ബന്ധുക്കളും ഞാന്‍ അറിയാത്തവര്‍ പോലും എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. എര്‍ബിന്‍ വിമാനത്താവളത്തില്‍ നിന്ന് നെടുമ്പാശ്ശേരിക്കുള്ള വിമാനത്തില്‍ കയറിയപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസമായത്.

uploads/news/2018/04/209610/merinajosph170418c.jpg

തിരിച്ചുവരവിന്റെ നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ?


മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്ത പരിചയമുള്ളതുകൊണ്ട് അറബിയും ഹിന്ദിയുമെല്ലാം അറിയാമായിരുന്നു. അതുകൊണ്ടാണ് ഭീകരരോട് സംസാരിക്കാനും മറ്റുള്ളവര്‍ക്ക് ആശ്വാസമാകാനും സാധിച്ചത്. നഴ്‌സുമാരില്‍ സീനിയറായിരുന്നു ഞാന്‍.

അന്ന് ഇന്ത്യന്‍ എംബസിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും മാധ്യമങ്ങളും ഞങ്ങളുടെ മോചനത്തിനായി ആത്മാര്‍ത്ഥമായി ശ്രമിച്ചു. അവരോടെല്ലാമുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല.

നടി പാര്‍വ്വതിയുമായി നല്ല സൗഹൃദമുണ്ടായിരുന്നില്ലേ. ഇപ്പോള്‍ എങ്ങനെയാണ് ?


ഇവിടെ വന്നപ്പോഴുള്ള അടുപ്പമേയുള്ളൂ. സിനിമയുടെ പ്രൊമോഷനുവേണ്ടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍, എനിക്ക് താല്പര്യമില്ലാഞ്ഞിട്ടു കൂടി ഞാന്‍ പോയി. സിനിമയ്ക്ക് അംഗീകാരങ്ങള്‍ കിട്ടിയപ്പോഴും, പാര്‍വ്വതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം കിട്ടിയപ്പോഴും ഒരു നന്ദി വാക്ക് പറയാന്‍ പോലും അവരെന്നെ വിളിച്ചില്ല.

ചിത്രവുമായി ബന്ധപ്പെട്ട ആരും വിളിച്ചില്ല. ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി, അവരുടെ താല്പര്യങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കിയത്. എനിക്കതില്‍ നീരസമൊന്നുമില്ല. എല്ലാ മനുഷ്യരും ഒരുപോലല്ലല്ലോ.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Tuesday 17 Apr 2018 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW