Friday, June 29, 2018 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 04.05 PM

ചൂടുവെള്ളം ആരോഗ്യകരം

'''ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക, ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങള്‍ നീക്കുക, നാഡികളുടെ പ്രവര്‍ത്തനം, ശ്വസനം, വിസര്‍ജനം തുടങ്ങിയ നിരവധി ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്''
uploads/news/2018/04/209307/hotwater160418.jpg

ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ജലം ആവശ്യമാണ്. അതിനാല്‍ ദിവസവും ശരാശരി 8 - 9 ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തിന്റെ ക്ഷീണവും അസ്വസ്ഥതയും അകറ്റാനും ഇതു സഹായിക്കും.

ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക, ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങള്‍ നീക്കുക, നാഡികളുടെ പ്രവര്‍ത്തനം, ശ്വസനം, വിസര്‍ജനം തുടങ്ങിയ നിരവധി ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്.

പക്ഷേ, ദാഹമകറ്റാന്‍ തണുത്ത വെള്ളം കുടിക്കാന്‍ തല്പര്യപ്പെടുന്നവരാണ് ഏറെയും. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. അതുകൊണ്ടുതന്നെ ശീതളപാനീയങ്ങള്‍ക്ക് ഇക്കാലത്ത് ആവശ്യക്കാര്‍ ഏറെയാണ്.

എന്നാല്‍ തണുത്തവെള്ളം കുടിക്കുന്നതിനേക്കാള്‍ ആരോഗ്യകരം ചെറുചൂടുവെള്ളമാണ്. തിളപ്പിച്ചാറിയ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിനു പലവിധത്തില്‍ പ്രയോജനപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ശരിയായ ദഹനത്തിനും ശോധനയ്ക്കും


ആഹാരശേഷം തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൊഴുപ്പടങ്ങിയ പദാര്‍ഥങ്ങള്‍ കട്ടിയാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ശരിയായ ദഹനപ്രക്രിയയും മലശോധനയും തടസപ്പെടുത്തും. ഇങ്ങനെ കുടലില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് അര്‍ബുദത്തിനു വരെ കാരണമാകുന്നു.

എന്നാല്‍ തണുത്ത വെള്ളത്തിനു പകരം ആഹാരത്തിനു ശേഷം ചെറു ചൂടുവെള്ളം കുടിക്കുന്നത് ഇത്തരത്തിലുള്ള അപകടസ്ഥിതി ഒഴിവാക്കാന്‍ സഹായിക്കും.

ശരിയായ ശോധനയ്ക്ക് ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ അതിന്റെ ഫലമായി മലബന്ധം ഉണ്ടാകാം. വയര്‍ കാലിയായ സമയത്ത് രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കും.

അമിതഭാരം നിയന്ത്രിക്കാം


രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത ചെറുചൂടുവെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ഇതു സഹായിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കാന്‍ ചൂടുവെള്ളം കുടിക്കുന്നത് വളരെയധികം പ്രയോജനപ്പെടും.

ഭക്ഷണം കഴിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് രണ്ടു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതു അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും. ഇത് ഭക്ഷണത്തിലൂടെ കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നത് നിയന്ത്രിക്കാനും അമിത ശരീരഭാരം ഒഴിവാക്കാനും സഹായിക്കും.

വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്


അമിതമായി വ്യായാമം ചെയ്യുമ്പോഴും വേനല്‍ക്കാലത്തും ശരീരത്തില്‍നിന്നും ജലാംശവും ധാതുലവണങ്ങളും കൂടുതലായി നഷ്ടപ്പെടും. ഇതു ശാരീരിക ക്ഷീണത്തിനു കാരണമാകും. ഒപ്പം ശരീരത്തിലെ താപനിലയില്‍ വ്യത്യാസം ഉണ്ടാകുകയും ചെയ്യും.

വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന ഓക്‌സിഡേറ്റിവ് പ്രഷര്‍ കുറച്ച് ശരീരത്തെ സംരക്ഷിക്കുന്നതിനു ജലം സഹായിക്കുന്നു. മൂക്കടപ്പിനും തൊണ്ടയിലെ അസ്വസ്ഥതകള്‍ക്കും പരിഹാരം നേടാന്‍ ചെറു ചൂടുവെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. ചൂടുവെള്ളം കുടിക്കുമ്പോള്‍ അന്നനാളത്തിലും ശ്വാസകോശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കഫം ഇളകി പോകുകയും ഇത് സുഗമമായ ശ്വസനത്തിന് സഹായിക്കുകയും ചെയ്യും.

uploads/news/2018/04/209307/hotwater160418a.jpg

ആര്‍ത്തവകാല വേദനയ്ക്ക് ആശ്വാസം


അടിവയറ്റിലെ പേശികള്‍ വലിഞ്ഞു മുറുകുന്നതുപോലെയുള്ള വേദന ആര്‍ത്തവകാലത്ത് സാധാരണമാണ്. ചെറുചൂടുവെള്ളം കുടിക്കുന്നത് പേശികളുടെ അയവിനു സഹായിക്കുന്നു. അതിലൂടെ ആര്‍ത്തവകാലത്തെ വേദനയ്ക്ക് ആശ്വാസം ലഭിക്കും. കൂടാതെ ചര്‍മ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ചൂടുവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

സ്റ്റീംബാത്ത് നടത്തി ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ മാറ്റുന്ന രീതി ഇന്ന് സര്‍വസാധാരണമാണ്. എന്നാല്‍ ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരതാപനില വര്‍ധിച്ച് ശരീരം വിയര്‍ക്കുന്നു.

ഈ വിയര്‍പ്പിനോടൊപ്പം ചര്‍മ്മത്തിലുള്ള ഹാനികരമായ രാസവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം കൂട്ടുന്നു. ദിവസവും ആവശ്യത്തിനു വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഒഴിവാക്കി യൗവനം നിലനിര്‍ത്തുന്നതിനു സഹായിക്കുന്നു.

മുടിയഴകിനും ആരോഗ്യത്തിനും


ചര്‍മ്മത്തിനു ലഭിക്കുന്ന അതേ ഗുണങ്ങള്‍ തന്നെ ചൂടുവെള്ളം കുടിക്കുമ്പോള്‍ ശിരോചര്‍മ്മത്തിനും ലഭിക്കുന്നു. തന്മൂലം താരന്‍ കുറയും. ആരോഗ്യവും തിളക്കവും വൃത്തിയുമുള്ള മുടി ലഭിക്കുന്നു. പതിവായി ചൂടുവെള്ളം കുടിക്കുമ്പോള്‍ വിയര്‍പ്പിലൂടെ ചര്‍മ്മത്തിലെ അഴുക്കും പൊടിപടലങ്ങളും ഇല്ലാതാകുന്നു. ഇതിന്റെ ഫലമായി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത തടയുന്നു.

ചെറുചൂടുവെള്ളം രക്തക്കുഴലുകള്‍ ചുരുങ്ങുന്നത് തടഞ്ഞു നിര്‍ത്തി രക്തയോട്ടം സുഗമമാക്കുന്നു. പേശികളുടെ വലിച്ചില്‍ കുറയ്ക്കുകയും കൈകള്‍ക്കും കാലുകള്‍ക്കും കടച്ചില്‍ മൂലമുണ്ടാകുന്ന വേദന ഇല്ലാതാക്കുകയും ചെയ്യുന്നു. പേശികളിലേക്കും വിവിധ അവയവങ്ങളിലേക്കുമുള്ള രക്തയോട്ടം വര്‍ധിക്കുന്നതിനും ചെറുചൂടുവെള്ളം കുടിക്കുന്നത് ഉത്തമമാണ്.

അകാലവാര്‍ധക്യം തടയുന്നു


ശരീരത്തിലെ അഴുക്ക് പുറന്തള്ളാന്‍ ചൂടുവെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണ്. ചൂടുവെള്ളം കുടിക്കുന്നത് ത്വക്കിന്റെ ആരോഗ്യത്തെ സംരക്ഷിച്ച് ഫ്രീറാഡിക്കലുകള്‍ ഉണ്ടാകുന്നത് തടയുന്നു. ഇതിന്റെ ഫലമായി ആരോഗ്യമുള്ള തിളങ്ങുന്ന ചര്‍മ്മം ലഭിക്കുന്നു.

ശരീരത്തിനു ആവശ്യമായ പോഷകങ്ങളെ ആഗിരണം ചെയ്യാനും അതുകൊണ്ടുണ്ടാകുന്ന പോഷകക്കുറവ് പരിഹരിക്കാനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

കൂടാതെ മൈഗ്രേന്‍, ചെന്നിക്കുത്ത് എന്നിവ കുറയ്ക്കാനും ചെറുചൂടുവെള്ളത്തിനാകും. ഏകാഗ്രത ലഭിക്കാനും വൈകാരിക സ്ഥിതിയില്‍ വ്യതിയാനം, തലവേദന, ഓര്‍മക്കുറവ് എന്നിവ അനുഭവപ്പെടുന്നവര്‍ അത് പരിഹരിക്കാനും ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുന്നത് അത്യുത്തമമാണ്.

ജലജന്യരോഗങ്ങള്‍ തടയാം


നാം കുടിക്കുന്ന ഓരോ തുള്ളി ജലത്തിലും സൂക്ഷ്മാണുക്കളായ ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ എന്നിവ അടങ്ങിയിട്ടുണ്ടാകും. ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കും. തിളപ്പിച്ച വെള്ളം കുടിക്കുന്നതുകൊണ്ട് ഈ സൂക്ഷ്മാണുക്കള്‍ നശിക്കുകയും പകര്‍ച്ചവ്യാധികളായ ടൈഫോയിഡ്, കോളറ എന്നിവയെ തടയാനും സാധിക്കും.

ഗ്യാസ്‌ട്രോ എന്റൈറ്റിസ് ലക്ഷണങ്ങളായ വയറിളക്കം, ഓക്കാനം, ഛര്‍ദി എന്നിവ തടയുന്നതിനുള്ള പരിഹാരമാണ് ചൂടുവെള്ളം കുടിക്കുന്നത്. നെഞ്ചെരിച്ചില്‍ കുറച്ച് വയറിലെ അണുബാധയും നെഞ്ചുവേദന, പുറംവേദന തുടങ്ങിയ അസ്വസ്ഥതകള്‍ നീക്കാനും സഹായകമാണ്.

പ്രമേഹമുള്ളവര്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. അതിനായി ഇടയ്ക്കിടെ ചെറുചൂടുവെള്ളം കുടിക്കുക. വിളര്‍ച്ച, മൂത്രനാളികളിലെ അണുബാധ, വൃക്കയിലെ കല്ലുകള്‍ തുടങ്ങിയ പലരോഗങ്ങള്‍ക്കും തിളപ്പിച്ച വെള്ളം ഒരു തെറാപ്പിയായി ഉപയോഗിക്കുന്നു.

പ്രീതി ആര്‍. നായര്‍
ചീഫ് ക്ലിനിക്കല്‍ ന്യുട്രിഷനിസ്റ്റ്
എസ്. യു. ടി ഹോസ്പിറ്റല്‍
പട്ടം, തിരുവനന്തപുരം .

തയാറാക്കിയത് : നീതു സാറാ ഫിലിപ്പ്

Ads by Google
Monday 16 Apr 2018 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW