Wednesday, April 24, 2019 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 03.34 PM

നടനചാരുതയുടെ ആളൊരുക്കം

'''ഒരു പണിയുമില്ലാത്തവര്‍, മാനസിക വളര്‍ച്ചയില്ലാത്തവര്‍ ഇവരൊക്കെയാണ് സ്ത്രീ വിരുദ്ധം, പുരുഷ വിരുദ്ധം എന്നൊക്കെ പുലമ്പിക്കൊണ്ടിരിക്കുന്നത്. എനിക്കതിനോട് യോജിക്കാന്‍ കഴിയില്ലല്ല. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയ ഇന്ദ്രന്‍സ് നയം വ്യക്തമാക്കുന്നു.''
uploads/news/2018/04/209302/indrans160418.jpg

കൃത്യമായി അളവെടുത്ത് തയ്ച്ചതുപോലെയാണ് ഇന്ദ്രന്‍സിന്റെ ജീവിതം. തിരുവനന്തപുരം കുമാരപുരത്തെ സുരേന്ദ്രന്‍ എന്ന തയ്യല്‍ക്കാരനില്‍ നിന്നു മലയാള സിനിമയുടെ നെറുകയിലേക്ക് ഇന്ദ്രന്‍സ് വന്നപ്പോള്‍, മലയാളത്തിന് ലഭിച്ചത് എന്നെന്നും എവിടെയും അഭിമാനപുരസ്സരം കാഴ്ചവയ്ക്കാവുന്ന മികച്ച നടനെയാണ്.

ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി ആഹ്ളാദനിറവില്‍ നില്‍ക്കുമ്പോഴും ഇന്ദ്രന്‍സിന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്്. വൈകിയെങ്കിലും അംഗീകാരം ലഭിച്ചതിന്റെ നിര്‍വൃതി. ചിരിപ്പിച്ചും പിന്നീട് കരയിച്ചും നീങ്ങിയ ഇന്ദ്രന്‍സിന് ഇത് അര്‍ഹിക്കുന്ന അംഗീകാരം. കൈനീട്ടമായി കിട്ടിയ അവാര്‍ഡിന്റെ മധുരത്തെക്കുറിച്ച് ഇന്ദ്രന്‍സ്.

വിഷുക്കൈനീട്ടമായി കിട്ടിയ അവാര്‍ഡല്ലേ?


ഒരുപാട് സന്തോഷം. ഇത്തവണ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡ് കിട്ടാന്‍ താമസിച്ചു എന്ന തോന്നലൊന്നും എനിക്കില്ല. കഴിഞ്ഞ വര്‍ഷം പരിഗണിച്ചപ്പോഴും സന്തോഷം തോന്നി. ഇപ്പോള്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ കൂടുതല്‍ക്കാലം ഈ ആഹ്ളാദം നിലനില്‍ക്കും.

36 വര്‍ഷം, 500 സിനിമകള്‍, തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തി തോന്നുന്നുണ്ടോ?


തീര്‍ച്ചയായും. അഭിനയമോഹമാണ് എന്നെ സിനിമയിലെത്തിച്ചത്. വസ്ത്രാലങ്കാരത്തിലൂടെ സിനിമയിലെത്തുമ്പോള്‍ നല്ലൊരു തയ്യല്‍ക്കാരനാവണമെന്നും എന്നെങ്കിലും അഭിനയിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. അഭിനയിക്കുന്നതിന് പ്രായം ഒരു പ്രശ്‌നം അല്ലല്ലോ, അവസരമല്ലേ പ്രധാനം?

സിനിമയില്‍ വസ്ത്രാലങ്കാരത്തിന് തയ്യലറിയാവുന്ന ഒരാളെ ആവശ്യമുണ്ടെന്നറിഞ്ഞപ്പോള്‍ വേറൊന്നുമാലോചിച്ചില്ല. എങ്ങനെയും അവസരം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു, സിനിമാക്കാരുമായി സഹകരിക്കാന്‍ ഒരവസരം കിട്ടുമ്പോള്‍ പാഴാക്കരുതല്ലോ? പിന്നീട് പലരുടേയും സഹായിയായി നിന്നു. ക്രമേണ അതൊരു ഇഷ്ടമായി. പിന്നെ ചെറിയ സീനുകളില്‍ അഭിനയിച്ചു തുടങ്ങി. അങ്ങനെ സിനിമ ഉപജീവനമാര്‍ഗ്ഗമായി മാറി.

തുടര്‍ന്ന് ജീവിതത്തിലുണ്ടായതെല്ലാം നേട്ടങ്ങളാണ്. വര്‍ഷങ്ങളായി സിനിമയില്‍ സഹകരിക്കാന്‍ പറ്റുന്നു, നല്ല വേഷങ്ങള്‍ കിട്ടുന്നു, ജീവിത സൗകര്യങ്ങളും മെച്ചപ്പെട്ടു. അങ്ങനെ നോക്കുമ്പോള്‍ ഇന്നുവരെ എനിക്ക് കിട്ടിയിട്ടുള്ളതില്‍ സംതൃപ്തിയേ ഉള്ളൂ.

സിനിമയിലെത്തും മുമ്പും ശേഷവും ഫാഷനില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?


ശ്രദ്ധിക്കാറുണ്ട്. പണ്ട് സിനിമയ്ക്കാവശ്യമുള്ള വസ്ത്രങ്ങള്‍ തയ്യല്‍ക്കാരന്‍ അളവെടുത്ത് തയ്ക്കുകയായിരുന്നു. ഇന്നാകട്ടെ ഡിസൈനര്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കു ന്നു. അതോടെ ജോലി എളുപ്പമായി.

ഓരോ കാലത്തും ആ കാലത്തിനനുസരിച്ചുള്ള വസ്ത്രങ്ങളാണ് സിനിമയില്‍ ഉപയോഗിക്കുന്നത്. ഇന്നുള്ള ഡ്രസ്സുകളില്‍ പലതും പണ്ടുമുണ്ടായിരുന്നു. ആ ട്രെന്‍ഡുകള്‍ അനുകരിക്കാനുള്ള പ്രവണത അന്നും ഇന്നുമുണ്ട്.

സ്ഫടികം സിനിമ ഇറങ്ങിയ സമയത്ത് മോഹന്‍ലാലിന്റെ ഡ്രസ് പാറ്റേണ്‍ ഒരുപാട് പേര്‍ അനുകരിച്ചിരുന്നു. മമ്മൂക്കയും മോഹന്‍ലാലും ഇടുന്ന ഷര്‍ട്ടുകള്‍ ഇഷ്ടപ്പെടുന്നവരുണ്ടായിരുന്നു. താരങ്ങളെ ഇഷ്ടപ്പെടുന്നതുകൊണ്ട് അവരുടെ സ്‌റ്റൈല്‍ ഫോളാ ചെയ്യാറുമുണ്ട്.

സെറ്റിലെത്തുമ്പോള്‍ എന്റെ കഥാപാത്രത്തിന്റെ കോസ്റ്റിയൂമിനെക്കുറിച്ച് അന്വേഷിക്കാറുണ്ട്. അഭിപ്രായം ചോദിച്ചാല്‍ പറയുമെന്നല്ലാതെ ഒരാളുടെ ജോലിയില്‍ ഞാന്‍ കൈകടത്താറില്ല.

uploads/news/2018/04/209302/indrans160418a.jpg
* ഇന്ദ്രന്‍സ്, ഭാര്യ ശാന്തകുമാരി, മകന്‍ മഹേന്ദ്രന്‍, മരുമകള്‍ സ്വാതി

വസ്ത്രധാരണത്തില്‍ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി?


അങ്ങനെയാരുമില്ല, ചിലര്‍ ചില വസ്ത്രങ്ങള്‍ ഇടുമ്പോള്‍ ഇഷ്ടം തോന്നാറുണ്ട്, ചിലപ്പോള്‍ തീരെ ഇഷ്ടമാകാറുമില്ല. മലയാളത്തില്‍ നല്ല സെന്‍സുള്ള കോസ്റ്റിയൂം ഡിസൈനര്‍മാരുണ്ട്. കൊച്ചിന്‍ സതീശന്‍, സമീറ സനീഷ് അങ്ങനെ പലരും.അവര്‍ സിനിമയ്ക്ക് വേണ്ടി ചെയ്യുന്ന വസ്ത്രങ്ങളൊക്കെ മികച്ചവയായിരിക്കും.

ഭാര്യയ്ക്കും മക്കള്‍ക്കും വസ്ത്രത്തിലും ഫാഷനിലും നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടോ?


ഇല്ല. അവര്‍ക്കിഷ്ടമുള്ളത് സെലക്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ വൃത്തിയുള്ളതാവണം. ഭംഗിയും വൃത്തിയും വൃത്തികേടുകളുമൊക്കെ ചൂണ്ടിക്കാണിക്കാറുണ്ട്, ശകാരിക്കാറുണ്ട്. പണ്ടൊക്കെ ഭാര്യയും മക്കളുമൊരുമിച്ച് പോയി വസ്ത്രങ്ങള്‍ സെലക്ട് ചെയ്യുമായിരുന്നു. ഇപ്പോഴെല്ലാം മക്കള്‍ക്ക് വിട്ടുകൊടുത്തു.

അവരുടെ മേല്‍ക്കോയ്മയാണിപ്പോള്‍. അവര്‍ സെലക്ട് ചെയ്തത് മിക്കപ്പോഴും ഇഷ്ടമാകാറുണ്ട്, ഇല്ലെങ്കിലത് തുറന്നു പറയും, അല്ലാതെ അവര്‍ക്കെന്ത് തോന്നും എന്ന് വിചാരിച്ച് അഭിപ്രായം പറയാതിരിക്കില്ല.

സിനിമയിലെ ഫാഷന്‍ ട്രെന്‍ഡുകള്‍ അനുകരിക്കുന്നതിനെക്കുറിച്ച്?


സിനിമയെ, കഥാപാത്രത്തെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിനനുസരിച്ചാണ് അനുകരണം. ചെറു പ്രായത്തില്‍ നിഷ്‌ക്കളങ്കരായ കുട്ടികള്‍ക്ക് ഇഷ്ട താരങ്ങളെ അനുകരിക്കാന്‍ തോന്നും.

താരങ്ങള്‍ പുകവലി, മദ്യപാനം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറയുന്നതും അതുകൊണ്ടാണ്. ഇഷ്ടമുള്ള ആള്‍ പരസ്യമായി എന്തെങ്കിലും ചെയ്താല്‍ അത് നല്ലതാണെന്ന് കുട്ടികള്‍ക്ക് തോന്നും. വസ്ത്രധാരണത്തിലും സംഭവിക്കുന്നതിതാണ്.

വിവാഹങ്ങള്‍ക്കും മറ്റും വസ്ത്രങ്ങളിലും ആഭരണങ്ങളിലും ആഡംബര പ്രവണത ഏറിവരുന്നു. ഈ മനോഭാവത്തെക്കുറിച്ച്്?


അതൊക്കെ പുതിയ കുട്ടികളുടെ രീതിയല്ലേ? ദാരിദ്ര്യമൊന്നുമില്ല, ആവശ്യത്തിന് കാശുണ്ടെങ്കില്‍ എന്തുമാകാമല്ലോ? അതവരുടെ സ്വാതന്ത്ര്യമല്ലേ?

പണ്ട് തയ്ച്ച വസ്ത്രങ്ങള്‍ക്കായിരുന്നു ഡിമാന്‍ഡ്്, ഇന്നത് ബ്രാന്‍ഡുകളായി. ബ്രാന്‍ഡഡ് വസ്ത്രങ്ങളോടുള്ള മനോഭാവം?


അതൊരു വിശ്വാസമാണ്. ബ്രാന്‍ഡിന്റെ ക്വാളിറ്റി, ഫിനീഷിങ് ഇതൊക്കെ നോക്കുന്നതുകൊണ്ടാവാം അത്തരം സാധനങ്ങളോട് പ്രിയം തോന്നുന്നത്. മറ്റൊന്ന് പരസ്യങ്ങളുടെ സ്വാധീനമാണ്. വിഷമാണെങ്കിലും നല്ല ആര്‍ട്ടിസ്റ്റിനെ വച്ച് നല്ല പരസ്യം കൊടുത്താല്‍ ആളുകള്‍ വാങ്ങി കഴിക്കും. ജനങ്ങള്‍ പാവങ്ങളല്ലേ? അവരെ പറ്റിക്കാന്‍ എളുപ്പമാണ്.

രാഷ്ട്രീയക്കാരായാല്‍ വെള്ള വസ്ത്രമേ ധരിക്കാവൂ എന്നൊരു ധാരണയുണ്ട്. എന്ത് തോന്നുന്നു?


ഈ ചിന്താഗതി മാറുന്നുണ്ട്, കോണ്‍ഗ്രസുകാരാണെങ്കില്‍ ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരം ഖാദി വസ്ത്രങ്ങള്‍ ഉപയോഗിച്ചു വന്നതാണ്. ഇപ്പോഴതില്‍ മാറ്റം വരുന്നുണ്ട്. നേതാക്കളെല്ലാം വസ്ത്രധാരണത്തില്‍ വ്യത്യസ്തത പരീക്ഷിക്കുന്നുണ്ട്. മന്ത്രിമാരായ സുനില്‍ കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ ഇവരെല്ലാം മാറ്റങ്ങള്‍ പരീക്ഷിക്കുന്നവരാണ്.

രാഷ്ട്രീയക്കാര്‍ക്ക് വെള്ള വസ്ത്രമേ പാടുള്ളൂ എന്നതൊരു സങ്കല്‍പ്പം മാത്രമാണ്. സിനിമയിലാകട്ടെ, രാഷ്ട്രീയക്കാര്‍ക്ക് വെള്ളവസ്ത്രമാണ് പതിവ്, ഇപ്പോഴതൊരു പഴഞ്ചന്‍ ഏര്‍പ്പാടാണ്.

വെള്ള വസ്ത്രമാണ് യേശുദാസിന്റെ ഐഡന്റിറ്റി. അത്തരം ഡ്രസ് കോഡിനെപ്പറ്റി..?


അതൊക്കെ ഓരോരുത്തരുടെ മനസാണ്. ദാസ് സാറാണെങ്കില്‍ ചെറുപ്പം മുതല്‍ ഉപയോഗിക്കുന്ന വാച്ചിന്റെ സ്ട്രാപ്പ്, ചെരിപ്പ് എല്ലാം വെള്ളയാണ്. പലരും ഇതനുകരിക്കാറുമുണ്ട്. ദാസ് സാറിന്റെ പാട്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് അദ്ദേഹത്തേയും ഇഷ്ടമായിരിക്കും. അപ്പോള്‍ അദ്ദേഹത്തിന്റെ രീതികളും അനുകരിക്കും.

ചിലര്‍ എല്ലാ കാര്യങ്ങളിലും ലാളിത്യം കാത്ത് സൂക്ഷിക്കുന്നവരാണ്. കുറച്ച് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരായിരിക്കും. അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്.

uploads/news/2018/04/209302/indrans160418c.jpg

താങ്കളുടെ ലളിതമായ വസ്ത്രധാരണത്തിന് പിന്നില്‍ ?


ആവശ്യമുള്ളതിലൊന്നും ഞാന്‍ പിശുക്ക് കാണിക്കാറില്ല. പക്ഷേ എനിക്കിത്രയും മതി എന്ന് വിചാരിച്ചിട്ടാണ്. പണ്ടത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ ലളിതമായിട്ടാണ് ജീവിക്കുന്നതെന്ന് പറയാനും പറ്റുന്നില്ല. സ്വഭാവത്തിനനുസരിച്ച് രൂപപ്പെട്ട് വന്നതാകും. ബോധപൂര്‍വം ഒന്നും ചെയ്യേണ്ട എന്നാണ് വിചാരിക്കുന്നത്.

ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോവില്ല എന്നല്ലേ? ഇങ്ങനെയാണ് ശീലിച്ചത്. മറ്റൊരു സ്‌റ്റൈല്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുമാകാം. ധാരാളിത്തം കാണിക്കാന്‍ കൂടുതല്‍ പണം വേണം. ഞാന്‍ ഇനിയും കൂടുതല്‍ സിനിമകളില്‍ അഭിനയിക്കേണ്ടി വരും. അതൊക്കെ ഒഴിവാക്കാനാണ് ശ്രമം.

ജീവിതത്തില്‍ സീരിയസാണോ?


അല്ല. പക്ഷേ സീരിയസായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഞാനും സീരിയസാകും. അല്ലാത്തപ്പോള്‍ പൊതുവേ അയഞ്ഞ സ്വഭാവമാണ്. അപരിചിത വിഷയങ്ങളിലേക്ക് പോകാതെ ഒതുങ്ങിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. എന്നാല്‍ ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെടാറുമുണ്ട്.

കോമഡിയും സീരിയസ് വേഷങ്ങളും അഭിനയിച്ചു. കൂടുതല്‍ ഇഷ്ടം ഏതിനോടാണ്?


അങ്ങനെ പറയാന്‍ കഴിയില്ല. അഭിനയിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. കോമഡി ചെയ്യാന്‍ ഒരു തയാറെടുപ്പ്, ഒരു മൂഡ്, സീരിയസ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ അതിനുവേണ്ടിയുള്ള തയാറെടുപ്പ്, മറ്റൊരു മൂഡ്. രണ്ടായാലും അതിനൊരു ആത്മാവുണ്ടായാല്‍ നന്നാകും. ഇല്ലെങ്കിലത് മുഴച്ചു നില്‍ക്കും. രണ്ടും ഒരുപോലെ ബുദ്ധിമുട്ടാണ്. എന്നാലങ്ങനെ കഠിനവുമല്ലതാനും.

ശരീരപ്രകൃതി അഭിനയത്തെ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടല്ലോ?


ശരിയാണ്. പക്ഷേ എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഓരോ കഥാപാത്രവും ഏല്‍പ്പിക്കുന്നവര്‍ എന്തു ഉദ്ദേശത്തിലാണ് അതെനിക്ക് തന്നതെന്നറിയില്ല. ഒരുപക്ഷേ എന്റെ രൂപം ആ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നത് കൊണ്ടാവാം അത്തരം കഥാപാത്രങ്ങള്‍ എനിക്ക് കിട്ടുന്നത്.

സിനിമയില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടിയിട്ടുണ്ടോ?


അവഗണനയൊന്നുമുണ്ടായിട്ടില്ല. ഈ മേഖലയില്‍ തന്നെ നില്‍ക്കണമെന്നുള്ളതുകൊണ്ടാണ് തുടക്കത്തില്‍ തൊഴിലായി തയ്യല്‍ ജോലി തെരഞ്ഞെടുത്തത്. നല്ല നല്ല അവസരം കിട്ടുമ്പോള്‍ മടുപ്പ് തോന്നുകയേ ഇല്ല.

സിനിമയിലെത്തിയശേഷം പണി കിട്ടുന്നുണ്ട്, പണം കിട്ടുന്നുണ്ട്. നല്ല സൗഹൃദങ്ങള്‍ ഉണ്ടാകുന്നുണ്ട്. നല്ല ഭക്ഷണം, പാര്‍പ്പിടം, എല്ലാം കിട്ടുന്നുണ്ട്. എന്റെ അല്ലലൊക്കെ മാറിയത് സിനിമയില്‍ വന്നശേഷമാണ്. അതുകൊണ്ട് തന്നെ ഒരു വിവേചനമുണ്ടായതായി തോന്നിയിട്ടില്ല.

ഒരു സമയത്ത് സിനിമയില്‍ നല്ല കോമഡി കൂട്ടുകെട്ടുകളുണ്ടായിരുന്നു. അവരുമായുള്ള വ്യക്തിപരമായ അടുപ്പം?


ഒരോ സിനിമയിലും ഓരോ കൂട്ടാണ് കിട്ടുന്നത്. ഓരോ ലൊക്കേഷനില്‍ ചെല്ലുമ്പോഴും അവിടെ ആരൊക്കെയുണ്ടെന്നന്വേഷിക്കും. അവരെത്തും മുമ്പ് തയാറെടുക്കും. ചിലപ്പോള്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന ആളുമൊത്ത് കോമ്പിനേഷന്‍ സീനുകളുണ്ടാവില്ല. ലൊക്കേഷനിലെത്തുമ്പോഴേക്കും അവര്‍ പോയിട്ടുണ്ടാകും. അങ്ങനെയൊക്കെ വരുമ്പോള്‍ വിഷമം തോന്നും.

ഇപ്പോഴും ഇങ്ങനെയൊക്കെയാണ്. ഈ സന്തോഷത്തിനിടെ നിനച്ചിരിക്കാതെ ചില വേര്‍പാടുകളുണ്ടാകും. പത്മരാജന്‍ സാര്‍, നരേന്ദ്രപ്രസാദ് സാര്‍, ഐ.വി ശശി സാര്‍, എന്‍.എഫ് വര്‍ഗീസ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, രാജന്‍.പി.ദേവ്, കലാഭവന്‍ മണി തുടങ്ങി ഒരുപാട് പ്രതിഭകള്‍, ജനങ്ങള്‍ക്ക് കൊടുക്കാനുള്ളത് കൊടുത്ത് തീരാതെ, മോഹം തീരാതെ നമ്മളെ വിട്ടുപോയി.

ഇവരുടെ വിയോഗം സത്യമാണെന്ന് വിശ്വസിക്കുന്നതുവരെ ഒരുപാട് വിഷമിച്ച് പോകും. എന്ത് ചെയ്യാം, അത് ഉള്‍ക്കൊള്ളുകയേ നിവൃത്തിയുള്ളൂ. ചിലപ്പോ ള്‍ ദൈവം സന്തോഷം വാരിക്കോരി തരും. അതിനൊപ്പം ചെറുതായി നോവിക്കുകയും ചെയ്യും.

ഇപ്പോള്‍ സ്ത്രീ വിരുദ്ധമെന്ന പേരില്‍ സിനിമ വിമര്‍ശിക്കപ്പെടുന്നുണ്ടല്ലോ ?


കഥയായാലും സിനിമയായാലും അതൊരു വ്യക്തിയുടെ ഭാവനയില്‍ നിന്നുണ്ടാവുന്നതാണ്. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ ഇതേച്ചൊല്ലി കലഹിച്ചുകൊണ്ടിരിക്കും. ഒരു പണിയുമില്ലാത്തവര്‍, മാനസിക വളര്‍ച്ചയില്ലത്തവര്‍ ഇവരൊക്കെ യാണ് സ്ത്രീ വിരുദ്ധം, പുരുഷ വിരുദ്ധം എന്നൊക്കെ പുലമ്പിക്കൊണ്ടിരിക്കുന്നത്. എനിക്കതിനോട് യോജിക്കാന്‍ കഴിയില്ല.

ഏതൊരു കഥയും പൊതുജനമധ്യത്തിലെത്തുമ്പോള്‍ ഏത് പ്രായക്കാര്‍ക്കും ഒരുമിച്ചിരുന്ന് കാണാന്‍ പറ്റുന്നതായിരിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. സ്ത്രീ വിരുദ്ധനായ ഒരു കഥാപാത്രമാണെങ്കില്‍ അങ്ങനെയേ അവതരിപ്പിക്കാന്‍ പറ്റൂ. അല്ലെങ്കില്‍ അങ്ങനൊരു കഥാപാത്രം ഉണ്ടാവുകയില്ലല്ലോ.

ജീവിതത്തില്‍ സ്വാധീനിച്ച സ്ത്രീകള്‍?


അമ്മ, ഭാര്യ, മകള്‍, മരുമകള്‍ എല്ലാവരും ഓരോ കാലത്തും എന്നെ സ്വാധീനിച്ചവരാണ്. സ്ത്രീകളില്‍ അമ്മയാണ് ഏറ്റവും വലിയ ആശ്രയം, അതുകഴിഞ്ഞാന്‍ ഭാര്യ. നിയന്ത്രിച്ചും പ്രോത്സാഹിപ്പിച്ചും സന്തോഷിപ്പിച്ചും അവര്‍ ഒപ്പം നില്‍ക്കും. പുരുഷന് സ്ത്രീ വലിയൊരു പ്രചോദനമാണ്. ഒരാള്‍ ജീവിതത്തില്‍ എത്ര വളര്‍ന്നാലും താഴേക്ക് പോയാലും അതില്‍ സ്ത്രീയുടെ സ്വാധീനം വളരെ വലുതായിരിക്കും.

ഒഴിവു സമയങ്ങള്‍ ?


എത്ര ദിവസം വീട്ടില്‍ വെറുതേയിരുന്നാലും ബോറടിക്കില്ല. കളിയും ചിരിയുമായി സമയം പോകുന്നതേ അറിയില്ല. ചെടികള്‍ പരിപാലിച്ചും അടുക്കളയില്‍ ഭാര്യയെ സഹായിച്ച് ഉപദ്രവിച്ചും അവരുടെ ശകാരം കേട്ടും മക്കളുടെ കാര്യങ്ങള്‍ നോക്കിയും കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിച്ചും ദിവസം പെട്ടെന്ന് കടന്നുപോകും.

പിന്നെ വായിക്കണമെന്ന് തോന്നുമ്പോള്‍ വായിക്കും, ടിവി കാണും. ദാരിദ്രമൊന്നുമില്ലെങ്കില്‍ ഇതൊക്കെ നടക്കും. അത്യാവശ്യം സിനിമയൊക്കെയായി സാമ്പത്തിക ബുദ്ധിമുട്ടില്ലാതിരിക്കുന്ന സമയമാണെങ്കില്‍ ഇതൊക്കെ ആസ്വദിക്കാം.

ഇപ്പോള്‍ ആരും പുസ്തകം വായിക്കില്ലെന്ന് പറഞ്ഞാലും ഒരുപാട് എഴുത്തുകാരുണ്ട്, ധാരാളം പുസ്തകങ്ങള്‍ ഇറങ്ങുന്നുണ്ട്. പണ്ടെങ്ങും കണ്ടിട്ടില്ലാത്ത രീതിയില്‍ പുസ്തകശാലകളുണ്ട്, പ്രസിദ്ധീകരണങ്ങളുണ്ട്. ഒന്നിനും ഒരു പഞ്ഞവുമില്ല. എല്ലാ മനുഷ്യരും അഭിരുചികളോടുകൂടി നന്നായി തന്നെ ജീവിക്കുന്നുണ്ട്.

uploads/news/2018/04/209302/indrans160418b.jpg
* ഇന്ദ്രന്‍സിന്റെ മകള്‍ മഹിത, ഭര്‍ത്താവ് ശ്രീരാജ്, മക്കളായ ശ്രീഹരി, ശ്രീ ശരണ്‍

പാചകത്തില്‍ താല്‍പര്യമുണ്ടോ?


പാചകത്തിന്റെ എ ബി സി ഡി അറിയില്ല. കിട്ടുന്നതു കഴിക്കും, ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ. വീട്ടിലെല്ലാവര്‍ക്കും നാടന്‍ ഭക്ഷണമാണ് ഇഷ്ടം. പുറത്തും വലിയ വിഭവങ്ങളൊന്നും പരീക്ഷിക്കാറില്ല. ഭക്ഷണപ്രിയനൊന്നുമല്ല. പക്ഷേ ഒരു നേരമെങ്കിലും ചോറ് കിട്ടിയില്ലെങ്കില്‍ പ്രശ്നമാണ്. കേരളം വിട്ടുപോകുമ്പോള്‍ ആകെയുള്ളൊരു പേടി ഇതുമാത്രമാണ്.

ഈശ്വരവിശ്വാസിയാണോ?


അതെ. സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതുമൊക്കെ പ്രപഞ്ച സത്യമാണ്. ആ സത്യത്തെ ജീവിതത്തോട് ചേര്‍ക്കുന്നതും ചേര്‍ക്കാതിരിക്കുന്നതും ഓരോരുത്തരുടെ ഇഷ്ടമാണ്. എങ്കിലും പ്രപഞ്ച സത്യത്തെ ഭയ ഭക്തിയോടെ കാണണം. ഏതോ ഒരു ശക്തി നമ്മളെ നയിക്കുന്നു ണ്ട്. അങ്ങനെ പറഞ്ഞു ശീലിച്ചതുകൊണ്ടുതന്നെ ദൈവത്തെ നിഷേധിക്കാനില്ല.

വിഷു ഓര്‍മ്മകള്‍?


കണികണ്ടുകൊണ്ടാണ് വിഷു ദിവസം തുടങ്ങുന്നത്. പിന്നെ കുളിച്ച് അമ്പലത്തില്‍ പോകും. ശ്രീകൃഷ്ണ ക്ഷേത്രമാണെങ്കില്‍ കൂടുതല്‍ നല്ലത്. അത് കുട്ടിക്കാലം മുതലേയുള്ള ശീലമാണ്.

അമ്പലത്തില്‍ പോയി തൊഴുതിട്ട് കുറച്ചുനേരം ആ പരിസരത്ത് തന്നെ ചുറ്റിപ്പറ്റി നില്‍ക്കും. മുതിര്‍ന്നവരാരെങ്കിലും തൊഴാന്‍ വന്നാല്‍ കൈനീട്ടം തരുമെന്ന പ്രതീക്ഷയിലാണത്. അന്നതിന്റെ മൂല്യമൊന്നുമറിയില്ലെങ്കിലും കിട്ടുന്ന കാശ് സൂക്ഷിച്ചുവയ്ക്കും.

വിഷുവിന്റെ തലേന്ന് വൈകുന്നേരമാകുമ്പോഴേക്കും കണിവയ്ക്കാനുള്ള സാധനങ്ങള്‍ ഒരുക്കാന്‍ തുടങ്ങും. പൂക്കളും പഴങ്ങളുമൊക്കെ ശേഖരിച്ച് കൊണ്ടുവരും. കാശ്കൊടുക്കാതെ കിട്ടുന്നതാണ്. ഇപ്പോള്‍ എല്ലാ വിഷുവിനും വീട്ടിലുണ്ടാവില്ല. ജോലിയാണ് പ്രധാനം. അതുകൊണ്ടുതന്നെ ചിലപ്പോള്‍ ലൊക്കേഷനിലായിരിക്കും. എവിടെയാണോ അവിടെ ആഘോഷിക്കും.

അശ്വതി അശോക്
ഫോട്ടോ ശബരി വാര്യര്‍

Ads by Google
Ads by Google
Loading...
TRENDING NOW