Monday, July 22, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 02.29 PM

പൂമരത്തിലൂടെ എബ്രിഡ് ഷൈന്‍ പറഞ്ഞത്

uploads/news/2018/04/209293/CiniINWabridshine160418b.jpg

കാമ്പസ് സിനിമകള്‍ ഒരുപാടുണ്ട് മലയാളത്തില്‍. പക്ഷേ ഉപരിപ്ലവമായി കാമ്പസിനെ സമീപിച്ചവയാണ് അവയിലേറെയും. നമ്മുടെ കാമ്പസുകളുടെ യഥാതഥ ചിത്രങ്ങളല്ല അവ നമുക്ക് കാട്ടിത്തന്നത്. കാമ്പസിനെ പശ്ചാത്തലമാക്കിയ ചില മായക്കാഴ്ചകള്‍ മാത്രം. അവയില്‍ നിന്നൊക്കെയും വേറിട്ട് നില്‍ക്കുന്നു എബ്രിഡ് ഷൈന്‍ ഒരുക്കിയ പൂമരം.

ആക്ഷന്‍ ഹീറോ ബിജുവിലൂടെ നമ്മുടെ പോലീസ് സ്‌റ്റേഷന്റെ അകത്തളക്കാഴ്ചകള്‍ തികഞ്ഞ റിയലിസ്റ്റിക് രീതിയില്‍ വെള്ളിത്തിരയിലെത്തിച്ച എബ്രിഡ്, പൂമരത്തിലൂടെ നമുക്ക് കാട്ടിത്തരുന്നത് തീര്‍ത്തും റിയലിസ്റ്റിക്കായ നമ്മുടെ കാമ്പസിന്റെ അന്തരീക്ഷമാണ്.

സര്‍വ്വകലാശാലാ കലോത്സവങ്ങളുടെ അരങ്ങുകള്‍ക്കരികിലൂടെ അഞ്ചുനാള്‍ നടന്നുനീങ്ങുന്നതിന്റെ അനുഭവങ്ങളാണ്, രണ്ടര മണിക്കൂര്‍ കൊണ്ട് ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നത്. നിറയെ പൂ ചൂടി നില്‍ക്കുന്ന ഒരു പൂമരത്തിന്റെ നിറപ്പകിട്ടാര്‍ന്ന കാഴ്ച പോലെയാണീ സിനിമ. പൂമരം പകരുന്ന തണലും പൂക്കളുടെ മണവുമുണ്ട് ഈ സിനിമയ്ക്ക്.

2016 ല്‍ ചിത്രീകരിച്ചു തുടങ്ങിയതാണീ ചിത്രം. മലയാളികളുടെ പ്രിയനടന്‍ ജയറാമിന്റെ മകന്‍ കാളിദാസന്‍ ആദ്യമായി നായകനാകുന്ന മലയാളചിത്രം എന്ന നിലയില്‍ തുടക്കത്തിലേ വന്‍ ആകാംക്ഷയുണര്‍ത്തിയ ചിത്രം കൂടിയാണിത്.

പക്ഷേ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പോയവാരം പൂമരം തീയേറ്ററിലെത്തിയത്. ഇത്രയധികം മേയ്ക്കിംഗ് നീണ്ടുപോയ മലയാള ചിത്രങ്ങള്‍ ഏറെയില്ല. അതുകൊണ്ടുതന്നെ റിലീസിനെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ട്രോളല്‍ ഏറ്റ് വാങ്ങിയ മറ്റൊരു ചിത്രവുമില്ല.

ചിത്രീകരണത്തിന്റെ നാളുകളില്‍ അതേപ്പറ്റി ഒരക്ഷരം മിണ്ടാത്ത എബ്രിഡ്‌ഷൈന്‍, പൂമരത്തിന്റെ ചിത്രീകരണത്തെപ്പറ്റി, അതിന്റെ റിലീസ് വൈകിയതിനെപ്പറ്റി, ചിത്രത്തിലൂടെ താന്‍ വ്യക്തമാക്കാനുദ്ദേശിച്ച ആശയങ്ങളെപ്പറ്റി സിനിമാമംഗളത്തിന്റെ താളുകളിലൂടെ ഇതാ മനസ്സ് തുറക്കുന്നു.

? പൂമരത്തിന്റെ റിലീസ് ഇത്രയേറെ വൈകിയതെന്താണ്...


ഠ ഇതൊരു കാമ്പസ് ചിത്രമാണ്. അതും സര്‍വ്വകലാശാലാ കലോത്സവത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്നതാണിതിന്റെ ഭൂരിപക്ഷം സീനുകളും. അവ ചിത്രീകരിക്കേണ്ടത് കാമ്പസ് പശ്ചാത്തലത്തിലുമാണ്.

മഹാരാജാസ് കോളേജ്, ഏറ്റുമാനൂര്‍ മംഗളം കോളജ് ഓഫ് എഞ്ചിനിയറിംഗ്, കോതമംഗലം കോളേജ്, തലയോലപ്പറമ്പ് കോളേജ് തുടങ്ങി കുറേ കാമ്പസുകളിലായാണ് ഇത് ചിത്രീകരിച്ചത്. അവിടങ്ങളിലൊക്കെ അധ്യയനം ഇല്ലാത്ത ദിവസങ്ങള്‍ നോക്കിയാണ് ചിത്രീകരിച്ചത്. അതിനാല്‍ കുറേ നാളുകളെടുത്തു.

പിന്നെ ഇതിലെ അഭിനേതാക്കള്‍.കണ്ണൂര്‍, കാലിക്കറ്റ്, കൊച്ചി, മഹാത്മാഗാന്ധി തുടങ്ങി കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളിലും നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇതിലഭിനയിച്ചത്. അവരുടെ പഠനവും കലാപ്രവര്‍ത്തനവും തടസ്സപ്പെടാത്ത വിധത്തിലാണ് ചിത്രീകരണം തുടര്‍ന്നത്. അതും ചിത്രീകരണം നീളാനിടയാക്കി.

അതിലുമുപരി പത്തോളം ഗാനങ്ങള്‍ ഉള്ള സിനിമയാണിത്. സാധാരണ സീനുകള്‍ ചിത്രീകരിക്കാന്‍ വേണ്ടതിലധികം സമയം വേണം ഗാനചിത്രീകരണത്തിനും എഡിറ്റിംഗിനും. ഇതിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനും ഒരുപാട് സമയവും എഫര്‍ട്ടും വേണ്ടിവന്നു. അങ്ങനെയാണ് ഇതിന്റെ മേയ്ക്കിംഗ് നീണ്ടുപോയത്. റിലീസിന് മുന്‍പ് ഇതു പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകില്ല. അതുകൊണ്ടാണ് ട്രോളുകളോടന്ന് പ്രതികരിക്കാതിരുന്നത്.

? പല കലകളുടെ സമ്മേളനമാണ് സിനിമ എന്ന് പറയാറുണ്ട്. ഈ സിനിമ അതിനൊരുദാഹരണമാണ്. പാട്ട്, നൃത്തം, തുള്ളല്‍, കഥകളി, മിമിക്രി, മൈം, മോഹിനിയാട്ടം തുടങ്ങി ഒട്ടു മിക്ക കലകളും ഇതിലാവിഷ്‌കരിച്ചിട്ടുണ്ട്.


ഠ അതെ. സര്‍വ്വകലാശാലാ കലോത്സവത്തെ പശ്ചാത്തലമാക്കിയപ്പോള്‍ അതൊക്കെയും ചിത്രീകരിക്കേണ്ടിവന്നു. നമ്മുടെ സമ്പന്നമായ കലാപാരമ്പര്യത്തിന്റെ ഒരു പരിച്‌ഛേദം ആയി ഈ ചിത്രത്തെ കാണാം എന്ന് ചിലര്‍ സൂചിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍നിന്ന് കലാരംഗത്ത് മികവ് തെളിയിച്ചവരെയാണ് അഭിനേതാക്കളായി കാസ്റ്റ് ചെയ്തത്. അവരുടെ പ്രകടനത്തിന്റെ മാറ്റുരയ്ക്കല്‍ കൂടിയാണ് അത്തരം രംഗങ്ങള്‍.

? അതിന് വേണ്ടിവന്ന പ്രയത്‌നങ്ങള്‍


ഠ ഇതിലവതരിപ്പിച്ച എല്ലാ കലകളെപ്പറ്റിയും മിനിമം ബോധ്യമെങ്കിലും ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ഉണ്ടാവണം. എങ്കിലേ അവ വേണ്ടവിധം ചിത്രീകരിക്കാനാവൂ. അതേപ്പറ്റിയുള്ള പഠനങ്ങള്‍ക്ക് ഏറെ നാള്‍ മാറ്റിവെയ്‌ക്കേണ്ടിവന്നു.

ചിത്രത്തില്‍ എതു വേണം എതു വേണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത് സംവിധായകനാണ്. അതായത് ചിത്രത്തില്‍ എന്തുള്‍പ്പെടുത്തണം എന്നതില്‍ അവസാനവാക്ക് പറയേണ്ടയാള്‍. ചിത്രീകരിക്കുന്ന വിഷയത്തില്‍ അടിസ്ഥാന ധാരണ, അല്ലെങ്കില്‍ ജ്ഞാനം ഉണ്ടെങ്കിലേ അത് സാധ്യമാവൂ. അതിനു വേണ്ടി കുറേ റിസര്‍ച്ച് ചെയ്തിരുന്നു.

uploads/news/2018/04/209293/CiniINWabridshine160418a.jpg

? കലോത്സവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ എന്ന ആശയം എങ്ങനെ കിട്ടി. പണ്ട് മാധ്യമ ഫോട്ടോഗ്രാഫര്‍ ആയിരുന്ന കാലത്ത് കലോത്സവങ്ങള്‍ കവര്‍ ചെയ്യാന്‍ പോയ അനുഭവത്തില്‍ നിന്നാണോ.


ഠ കോളേജില്‍ പഠിക്കുന്ന കാലത്ത് സര്‍വ്വകലാശാലാ കലോത്സവത്തില്‍ ഞാനും മത്സരാര്‍ത്ഥിയായിരുന്നു തലയോലപ്പറമ്പില്‍ പഠിക്കുമ്പോള്‍ മിമിക്രി മത്സരാര്‍ത്ഥിയായി യൂണിവേഴ്‌സിറ്റി കലോത്സവങ്ങളില്‍ പങ്കാളിയായിരുന്നു.

അന്നു കണ്ടറിഞ്ഞ കാര്യങ്ങള്‍, പിന്നെ മാധ്യമ ഫോട്ടോഗ്രാഫറായി കലോത്സവ വേദിയില്‍ പോയ കാലത്ത് കിട്ടിയ അനുഭവങ്ങള്‍ എന്നിവയൊക്കെ ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിലും ചിത്രീകരണത്തിലും എനിക്ക് തുണയായിട്ടുണ്ട്

.എന്നാല്‍ കാമ്പസ്സുകളിലെ സര്‍ഗാത്മകതയാണ്, കലയാണ് എല്ലാ കലഹങ്ങള്‍ക്കുമുള്ള പരിഹാരം എന്നൊരാശയമാണ് ഈ ചിത്രമെടുക്കാനുളള പ്രചോദനം. നമ്മുടെ കുട്ടികളുടെ സര്‍ഗശേഷിയെ ക്രിയാത്മകമായി തിരിച്ചുവിടേണ്ടതാണ് എന്ന ആശയം.

? ജയറാമിന്റെ മകന്‍ കാളിദാസനെ നായകനായി ലോഞ്ച് ചെയ്യുന്ന സിനിമയാണിത്.എന്നാല്‍ നായികയുമായുള്ള റൊമാന്‍സോ, നൃത്തമോ, വില്ലനുമായുള്ള ഫൈറ്റോ ഒന്നുമില്ലാത്ത ഒരു വേഷമാണ് കാളിദാസന് ഇതില്‍. എങ്ങനെയാണ് കാളിദാസനെയും ജയറാമിനെയും ഈ കഥാപാത്രത്തിന്റെ കാര്യത്തില്‍ കണ്‍വിന്‍സ് ചെയ്തത്.


ഠ അമാനുഷികതയുള്ള ഒരു കഥാപാത്രമല്ല എന്നാദ്യമേ സൂചിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഇതിവൃത്തം മുന്നോട്ടു വെയ്ക്കുന്ന ആശയം അവര്‍ക്കിഷ്ടമായി. മഹാരാജാസ് കോളേജിലെ ചെയര്‍മാന്‍.

എല്ലാവരെയും മോട്ടിവേറ്റ് ചെയ്യുന്നൊരാള്‍.ആ കഥാപാത്രത്തിന്റെ അന്ത:സത്ത ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞു.അതുകൊണ്ടാണ് അവര്‍ കൂടെനിന്നത്.

ചിത്രീകരണം പ്രതീക്ഷിച്ചതിനുമപ്പുറം നീണ്ടിട്ടും അവര്‍ സഹകരിച്ചു. ഗൗതമന്‍ എന്ന കഥാപാത്രം എങ്ങനെ ആയിരിക്കണമെന്ന് ഞാന്‍ കരുതിയോ അതുപോലെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് കാളിദാസന്‍.

? പത്തോളം പാട്ടുകളുള്ള ഒരു സിനിമ. ഇത്രയധികം പാട്ടുകളുമായി അടുത്ത കാലത്തൊന്നും ഒരു സിനിമയും ഇറങ്ങിയിട്ടില്ല. പാട്ടിന്റെ പശ്ചാത്തലത്തില്‍ കഥ പറയാം എന്ന് കരുതിയതെന്തു കൊണ്ടാണ്.


ഠ ഇത് കാമ്പസിന്റെയും കലോത്സവത്തിന്റെയും പശ്ചാത്തലത്തിലുള്ള ഒരു മൂവിയാണ്. സംഗീതവും കവിതയും പശ്ചാത്തലമാവുന്നതാണ് ഭൂരിപക്ഷം സീനുകളും. അതുകൊണ്ട് ആ വഴി സ്വീകരിച്ചു. കുഞ്ചന്‍ നമ്പ്യാരും നെരൂദയും ഉള്‍പ്പെടെയുള്ളവരുടെ വരികള്‍ ഉണ്ടിതില്‍.

ഒരു പാട്ട് കേള്‍ക്കുമ്പോള്‍ അതിന്റെ താളം മുറിഞ്ഞാല്‍ നമുക്കതിഷ്ടപ്പെടില്ല. ഈ സിനിമ ചിട്ടപ്പെടുത്തിയതു തന്നെ ഒരു പാട്ടു പോലെയാണ്. അതിന്റെ ധാര മുറിയാതിരിക്കാന്‍, താളം മുറിയാതിരിക്കാനുള്ള ജാഗ്രതയാണ് മൊത്തത്തില്‍ സംഗീതമയമായ ഒരു സിനിമയാക്കി ഇതിനെ മാറ്റിയത്.എങ്കിലേ കലോത്സവത്തിന്റെ ഒരു ഫീല്‍ കൊണ്ടുവരാനാകൂ എന്ന് തോന്നി.

? ചിത്രീകരണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഇതിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ കടവത്ത് തോണി എന്ന ഗാനവും. പക്ഷേ ആ ഗാനം സിനിമയില്‍ കണ്ടില്ല.


ഠ കലോത്സവത്തില്‍ കവിതാ രചനയില്‍ മത്സരിക്കുന്ന ഗൗതമന്‍ എഴുതുന്ന കവിതയാണ് ആ ഗാനം. ഗൗതമന്‍ ഭാവനയില്‍ വരികള്‍ നെയ്ത് എഴുതുന്ന പോലെ അത് ചിത്രീകരിച്ചിരുന്നു. അത് പക്ഷേ സിനിമയില്‍ വിശദമായി കാണിച്ചില്ല.

ചിത്രത്തിലെ നായികാ കഥാപാത്രമായ ഐറിനും കവിതാമത്സരത്തില്‍ പങ്കെടുത്ത് ഗൗതമനൊപ്പം സമ്മാനം വാങ്ങുന്നുണ്ട്. കടവത്ത് തോണി എന്ന ഗാനം കാണിച്ചാല്‍ ഐറിന്‍ എഴുതുന്ന ഗാനവും പിക്ചറൈസ് ചെയ്യണ്ടേ എന്ന ചോദ്യം വരും. അതിനാല്‍ ഒഴിവാക്കിയതാണ്.

? പൂമരം എന്ന സിനിമ മലയാള സിനിമയ്ക്ക് നല്‍കിയ മികച്ചൊരു സംഭാവനയാണ് ഐറിനെ അവതരിപ്പിച്ച നീതാപിള്ള. മികച്ച പ്രകടനവുമായി കാളിദാസനോളം തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട് നീത. പക്ഷേ പ്രി പബ്ലിസിറ്റികളിലൊന്നും നിതയെപ്പറ്റി കാര്യമായി പരാമര്‍ശിച്ചു കണ്ടില്ല.


ഠ ഐറിന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടാകട്ടെ എന്നു കരുതിയാണത്. തീയേറ്ററിലെത്തും വരെ ഇത്തരമൊരു കഥാപാത്രത്തെപ്പറ്റി പ്രേക്ഷകര്‍ക്കറിയില്ലായിരുന്നു. അത് പ്രേക്ഷകര്‍ക്കു നല്‍കിയ ത്രില്‍ ഏറെയാണ്. കാളിദാസനെപ്പോലെ തന്നെ ഐറിനെഅവതരിപ്പിച്ച നീതയെയും മലയാളസിനിമ ഏറ്റെടുക്കുമെന്നാണെന്റെ പ്രതീക്ഷ.

? ചിത്രത്തിലെ പുതുമുഖങ്ങളായ മറ്റഭിനേതാക്കളും സ്വാഭാവികമായ പ്രകടനമാണ് നടത്തിയത്.


ഠ ഞാന്‍ നേരത്തേ സൂചിപ്പിച്ചില്ലേ. കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണിതിലെ അഭിനേതാക്കള്‍. കലോത്സവ വേദികളില്‍ കഴിവ് തെളിയിച്ചവരെ പ്രത്യേകമായി തെരഞ്ഞെടുത്താണ് ഇതിലഭിനയിപ്പിച്ചത്. അവരൊക്കെയും തികച്ചും സ്വാഭാവികമായിത്തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

? പൂമരത്തിന്റെ ക്യാമറാവര്‍ക്കും ശ്രദ്ധേയമായിരുന്നു. പക്ഷേ കഥാപാത്രങ്ങളുടെ പിന്നില്‍നിന്ന് അവരെ പിന്‍തുടരുന്ന രീതിയില്‍ വളരെയേറെ ഷോട്ടുകളുണ്ടിതില്‍.


ഠ ഒരു കലോത്സവ നഗരിയില്‍ എത്തപ്പെടുന്നവര്‍ കാണുന്ന കാഴ്ചകള്‍ എന്ന നിലയിലാണ് ഇതിലെ ഭൂരിപക്ഷം സീനുകളും. അതുകൊണ്ടാണ് നടന്നു നീങ്ങുന്ന കഥാപാത്രങ്ങളെ പിന്നില്‍നിന്ന് ഫോളോ ചെയ്യും വിധമുള്ള കൂടുതല്‍ ഷോട്ടുകള്‍ വന്നത്. അത് പക്ഷേ വിരസമാകാതെ ശ്രദ്ധിച്ചിട്ടുണ്ട്.

? മഹാരാജാസ്, സെന്റ്ട്രീസാസ് എന്നിങ്ങനെ രണ്ടു കോളേജുകളെ ഫോക്കസ് ചെയ്യുന്ന ചിത്രമാണിത്. എറണാകുളം മഹാരാജാസും സെന്റ് തെരേരാസും ആണത് എന്ന് പ്രേക്ഷകര്‍ക്കു തോന്നുകയും ചെയ്യും. മഹാരാജാസ് കോളേജിനെ ആ മട്ടില്‍ത്തന്നെ കാണിച്ചു. പക്ഷേ സെന്റ് തെരേസാസിനെ സെന്റ് ട്രീസാസാക്കി .

മഹാരാജാസ് കോളേജിനെപ്പറ്റിയും അവിടെ ചെയര്‍മാനായ അമല്‍ നീരദിനെപ്പോലുള്ളവരും അവിടത്തെ പ്രിന്‍സിപ്പലായിരുന്ന ഭരതന്‍ മാഷും ഒക്കെ മഹാരാജാസിന് കലാകിരീടം നേടിക്കൊടുക്കാന്‍ നടത്തിയ ശ്രമങ്ങളും മറ്റും ഞാന്‍ നേരത്തേ കേട്ടിട്ടുണ്ട്.

എന്നില്‍ രോമാഞ്ചം ഉണര്‍ത്തിയ കഥകളാണത്.അക്കാര്യമൊക്കെ ഈ ചിത്രത്തിലൂടെ പറയണമെന്നു തോന്നി. അതിനാല്‍ മഹാരാജാസ് കോളേജിനെ അതേ പേരില്‍ അവതരിപ്പിക്കുകയായിരുന്നു.

uploads/news/2018/04/209293/CiniINWabridshine160418.jpg

? മഹാരാജാസ് ഒരു സര്‍ക്കാര്‍ കോളേജ്, സെന്റ് ട്രീസാസ് സ്വകാര്യ കോളേജ്. രണ്ടിടങ്ങളിലെയും വിദ്യാര്‍ത്ഥികളെ കാണിച്ചപ്പോള്‍ ഒരു പ്രത്യേകത തോന്നി. സെന്റ് ട്രീസാസില്‍ ഉള്ളവര്‍ എലൈറ്റ് ഫാമിലിയില്‍ നിന്നുള്ളവര്‍. നല്ല നിറമുള്ള സുന്ദരിമാര്‍. ആഷ് പുഷ് ഇംഗ്ലീഷ് സംസാരം. വെല്‍ ഓര്‍ഗനൈസ്ഡ്, ട്രെയിന്‍ഡ്. ഇതില്‍നിന്ന് വ്യത്യസ്തമായാണ് മഹാരാജാസിലെ കുട്ടികളെ കാണിച്ചത്. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവര്‍, നിറം കുറഞ്ഞവര്‍, മുടി നീട്ടിവളര്‍ത്തിയ ആണ്‍കുട്ടികള്‍, എടുത്തു ചാട്ടക്കാര്‍...


ഠ അതൊരു തെറ്റായ നിരീക്ഷണമാണ്. സെന്റ് ട്രീസാസിലെ എല്ലാ കുട്ടികളും വെളുത്തവരായി ഞാന്‍ കാണിച്ചിട്ടില്ല. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചു വന്നവര്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് തെറ്റല്ലല്ലോ. മഹാരാജാസിലെ കുട്ടികള്‍ നിലവാരം കുറഞ്ഞവരായി ഞാനവതരിപ്പിച്ചിട്ടില്ല.

ബൈറണിന്റെ കവിത വായിച്ച നിലവാരമുള്ള വായനക്കാരായിത്തന്നെയാണ് ഞാനവരെ അവതരിപ്പിച്ചത്. മഹാരാജാസിന്റെ മരത്തണലില്‍ നോട്ടുകള്‍ പരസ്പരം ഷെയര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഞാനിതില്‍ കാണിച്ചിട്ടുണ്ട്. അതിനാല്‍ അവര്‍ മോശക്കാരല്ല. പ്രതിഭയുള്ളവരാണ്. അതുകൊണ്ട് ഞാനുദ്ദേശിക്കാത്ത അര്‍ത്ഥതലം വച്ച് വ്യാഖ്യാനിക്കേണ്ടതില്ല.

? ആത്യന്തികമായി ഈ ചിത്രത്തിലൂടെ താങ്കള്‍ എന്താണ് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചത്...


ഠ ഇതില്‍ അന്ധനായ ഒരു വിദ്യാര്‍ത്ഥി കലാപ്രതിഭയാകുന്നത് ഞാന്‍ കാണിച്ചിട്ടുണ്ട് .കാഴ്ചയില്ലാഞ്ഞിട്ടും കാഴ്ചയുടെ മഹത്വത്തെക്കുറിച്ചറിയുന്നൊരു കഥാപാത്രമാണത്. പ്രതീക്ഷ കൈവിടാത്തൊരാള്‍. ഒരാളുടെ കാഴ്ച നഷ്ടപ്പെടുത്തുക എന്നത് ഒരാളെ ഇല്ലാതാക്കുന്നതിന് തുല്യമാണ്.

ചിത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ആരും കൊല്ലപ്പെടുന്നതായി ഞാന്‍ കാണിച്ചിട്ടില്ല. പക്ഷേ ഫോട്ടോഗ്രാഫിയില്‍ സമ്മാനം കിട്ടിയ കുട്ടിയുടെ കാഴ്ച നഷ്ടപ്പെടുത്തിയ ഒരു കലാപമാണത്. അതാ കുട്ടിയെ ഇല്ലാതാക്കുന്നതിന് തുല്യമാണ്.

അത്തരത്തില്‍ ഒരു സമൂഹത്തിന്റെ കാഴ്ച നഷ്ടപ്പെടുത്തുന്നവരെ വാര്‍ത്തെടുക്കലല്ല കലാലയങ്ങള്‍ ചെയ്യേണ്ടത്. അവിടത്തെ ലീഡര്‍മാര്‍ക്കാണതിന്റെ ഉത്തരവാദിത്തം. ചെയര്‍മാനായ ഗൗതമന്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്ത് അഹിംസയുടെ സന്ദേശം നല്‍കുന്ന പുതിയൊരു കാഴ്ച അവര്‍ക്ക് സമ്മാനിക്കുന്നു എന്നാണ് ഈ ചിത്രത്തിലൂടെ ഞാന്‍ പറയുന്നത്.

ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠപുരം

Ads by Google
Monday 16 Apr 2018 02.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW