Sunday, August 12, 2018 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 16 Apr 2018 02.10 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; 1193 മേടം

2018 ഏപ്രില്‍ 14 മുതല്‍ മെയ് 14 വരെ
uploads/news/2018/04/209290/joythi160418.jpg

നവഗ്രഹങ്ങളുടെ പ്രത്യേകമായ രാശിസ്ഥിതിമൂലം ശുഭമുഹൂര്‍ത്തങ്ങള്‍ കുറഞ്ഞമാസമാണ് മേടം. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് ചേര്‍ന്ന ഗണിത മുഹൂര്‍ത്ത ലഭ്യത മാസത്തില്‍ കുറവാണ്. ഗൃഹാരംഭ പ്രവേശനങ്ങള്‍, ചോറൂണ്‍, ഭൂമി വാഹനാദി കാര്യങ്ങളുടെ ക്രയവിക്രയം എന്നിവയ്ക്ക് മാസം അനുകൂലമാണ്.

വാസ്തുപുരുഷന് ഉണര്‍ച്ചയുള്ള മാസമാണ് മേടം. ശിരസ്സ് പടിഞ്ഞാറോട്ടും പാദം കിഴക്കോട്ടും മുഖം വടക്കോട്ടുമായി ശയിക്കുന്ന വാസ്തുപുരുഷന്‍ മേടം 10-ന് രാവിലെ (ഏപ്രില്‍ 23-ന്) നിദ്രവിട്ടുണരും. അന്നുകാലത്ത് 9:07 മുതല്‍ 9:43 വരെ മറ്റു ഗുണദോഷ ചിന്തകള്‍ കൂടാതെ ഗൃഹാരംഭ പ്രവേശനങ്ങള്‍ക്ക് ഉത്തമം.

ഏപ്രില്‍ 14 (മേടം 1, ശനി):
രാത്രി 4:28 വരെ ഉത്രട്ടാതി. ഒപ്പം കാലത്ത് 9:12 വരെ കൃഷ്ണപക്ഷ ത്രയോദശി. തുടര്‍ന്ന് ചതുര്‍ദ്ദശി. മാസത്തിലെ ഉത്രട്ടാതി, കൃഷ്ണപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. മേടം ഒന്നാണെങ്കിലും ഉദയത്തിന് ശേഷം സംക്രമം നടക്കുന്നതിനാല്‍ വിഷുക്കണി ദര്‍ശനം അടുത്ത ദിവസമാണ്. ദിവസഗുണവര്‍ദ്ധനയ്ക്ക് മഹാവിഷ്ണുഭജനം നടത്തുക.

ഏപ്രില്‍ 15 (മേടം 2, ഞായര്‍):
രാത്രി 4:05 വരെ രേവതി. ഒപ്പം കാലത്ത് 8:38 വരെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി. തുടര്‍ന്ന് അമാവാസി. മാസത്തിലെ രേവതി, അമാവാസി ശ്രാദ്ധം. വിഷുക്കണി ദര്‍ശനം നടത്തേണ്ടത് ഇന്നാണ്. സ്വാര്‍ത്ഥ ചിന്തകള്‍ കൂടാതെ മനസ്സില്‍ ഈശ്വരചിന്ത നിറച്ച് ജഗന്നിയന്താവായ ജഗദീശ്വരനെ ഭജിച്ച് പ്രീതിവരുത്തുക. യഥാശക്തി അന്നദാനം നടത്തുന്നത് ഉത്തമം.

ഏപ്രില്‍ 16 (മേടം 3, തിങ്കള്‍):
രാത്രി 3:12 വരെ അശ്വതി. ഒപ്പം കാലത്ത് 7:27 വരെ അമാവാസി. തുടര്‍ന്ന് ശുക്ലപക്ഷപ്രഥമ. മാസത്തിലെ അശ്വതി, ശുക്ലപക്ഷ പ്രഥമ ശ്രാദ്ധം എന്നിവ ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. എന്നാല്‍ വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം എന്നിവയ്ക്ക് ദിനം നന്ന്. പാര്‍വ്വതീ സമേതനായ ശിവനെ ഭജിക്കുന്നത് ദിവസഗുണം കൈവരുത്തുന്നതിന് ഉത്തമം.

ഏപ്രില്‍ 17 (മേടം 4, ചൊവ്വ):
രാത്രി 1:57 വരെ ഭരണി. ഒപ്പം രാത്രി 3: 46 വരെ ശുക്ലപക്ഷ ദ്വിതീയ. മാസത്തിലെ ഭരണി, ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം, ഭരണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ ഇന്ന് സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ട ശുഭബന്ധം ദിവസത്തിനില്ല. ദിവസഗുണവര്‍ദ്ധനയ്ക്ക് സുബ്രഹ്മണ്യഭജനം നടത്തുക.

ഏപ്രില്‍ 18 (മേടം 5, ബുധന്‍):
രാത്രി 12:28 വരെ കാര്‍ത്തിക. ഒപ്പം രാത്രി 1:30 വരെ ശുക്ലപക്ഷ തൃതീയ. മാസത്തിലെ കാര്‍ത്തിക, ശുക്ലപക്ഷ തൃതീയശ്രാദ്ധം, കാര്‍ത്തിക പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. രാത്രി 1:30 വരെയും അക്ഷയതൃതീയയുണ്ട്. മംഗളകര്‍മ്മങ്ങള്‍, ദാനങ്ങള്‍ എന്നിവയ്ക്ക് ഈ സമയം ഉത്തമം. അഗ്നിനക്ഷത്രബന്ധമുള്ളതിനാല്‍ വിവാഹം, ഗൃഹാരംഭ പ്രവേശനങ്ങള്‍ എന്നിവയ്ക്ക് എടുക്കാതെയിരിക്കുന്നതാണ് ഉചിതം.

ഏപ്രില്‍ 19 (മേടം 6, വ്യാഴം):
രാത്രി 10:50 വരെ രോഹിണി. ഒപ്പം രാത്രി 11:07 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. മാസത്തിലെ രോഹിണി, ശുക്ലപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, രോഹിണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. എന്നാല്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിവസം ചേര്‍ന്നതല്ല. യാത്രകള്‍ നടത്തുക, വീടിന്റെ വൈദ്യുതീകരണ ജോലികള്‍ ആരംഭിക്കുക, ഗൃഹനിര്‍മ്മാണത്തിന്റെ അടുപ്പു നിര്‍മ്മാണം ഇവ നടത്തുന്നതിന് ദിനം ചേര്‍ന്നതാണ്. ദിവസഗുണ വര്‍ദ്ധനയ്ക്ക് വിഷ്ണുഭജനം നടത്തുക.

ഏപ്രില്‍ 20 (മേടം 7, വെള്ളി):
രാത്രി 9:14 വരെ മകയിരം. ഒപ്പം രാത്രി 8:45 വരെ ശുക്ലപക്ഷ പഞ്ചമി. മാസത്തിലെ മകയിരം, ശുക്ലപക്ഷ പഞ്ചമിശ്രാദ്ധം, മകയിരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ഉടമ്പടികളിലൊപ്പിടല്‍, വിവാഹനിശ്ചയം, യാത്രകള്‍, ബിസിനസ്സ് ആരംഭം, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം, വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്ക് ഉത്തമം. ദിവസഗുണവര്‍ദ്ധനയ്ക്ക് മഹാലക്ഷ്മി ഭജനം നടത്തുക.

ഏപ്രില്‍ 21 (മേടം 8, ശനി):
അസ്തമയശേഷം 7:42 വരെ തിരുവാതിര തുടര്‍ന്ന് പുണര്‍തം. ഒപ്പം വൈകിട്ട് 6:27 വരെ ശുക്ലപക്ഷ ഷഷ്ടി. മാസത്തിലെ തിരുവാതിര, ശുക്ലപക്ഷ ഷഷ്ഠി ശ്രാദ്ധം, തിരുവാതിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. വൈകിട്ട് 7:42 വരെ പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദിവസഗുണവര്‍ദ്ധനയ്ക്ക് ശാസ്താഭജനം നടത്തുക.

ഏപ്രില്‍ 22 (മേടം 9, ഞായര്‍):
വൈകിട്ട് 6:17 വരെ പുണര്‍തം. തുടര്‍ന്ന് പൂയം. ഒപ്പം പകല്‍ 4:17 വരെ ശുക്ലപക്ഷ സപ്തമി. മാസത്തിലെ പുണര്‍തം, ശുക്ലപക്ഷ സപ്തമിശ്രാദ്ധം, പുണര്‍തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ഉത്തമം. നാമകരണം, കാതുകുത്ത്, പൂജാദി കര്‍മ്മങ്ങള്‍, പുതിയ ആഭരണങ്ങള്‍ വാങ്ങല്‍, വിദ്യാരംഭം എന്നിവയ്ക്ക് ഉത്തമം. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശിവഭജനം നടത്തുക.

ഏപ്രില്‍ 23 (മേടം 10, തിങ്കള്‍):
വൈകിട്ട് 5:02 വരെ പൂയം. തുടര്‍ന്ന് ആയില്യം. ഒപ്പം പകല്‍ 2:16 വരെ ശുക്ലപക്ഷ അഷ്ടമി. മാസത്തിലെ പൂയം, ശുക്ലപക്ഷ അഷ്ടമി, നവമിശ്രാദ്ധം. പൂയം പിറന്നാള്‍ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. ആത്മീയതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍ എന്നിവയ്ക്ക് ദിനം ഉത്തമം. പണമിടപാടുകള്‍ നടത്തുക, ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുക എന്നിവയും ആവാം. വൈകിട്ട് 5:02-ന് ശേഷം പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് പരിഹാരം വേണ്ടിവരും.

ഏപ്രില്‍ 24 (മേടം 11, ചൊവ്വ):
പകല്‍ 3.58 വരെ ആയില്യം. തുടര്‍ന്ന് മകം. ഒപ്പം പകല്‍ 12.25 വരെ ശുക്ലപക്ഷ നവമി. മാസത്തിലെ ആയില്യം മകം, ശുക്ലപക്ഷ ദശമിശ്രാദ്ധം, ആയില്യം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം നന്നല്ല. പകല്‍ 3:58 വരെ പിണ്ഡനൂല്‍ ദോഷം. പകല്‍ 1:58 മുതല്‍ 5:58 വരെ ഗണ്ഡാന്തസന്ധി ദോഷം ഇവയുണ്ട്.

ഏപ്രില്‍ 25 (മേടം 12, ബുധന്‍):
പകല്‍ 3.05 വരെ മകം. തുടര്‍ന്ന് പൂരം. ഒപ്പം പകല്‍ 10.46 വരെ ശുക്ലപക്ഷ ദശമി. മാസത്തിലെ പൂരം, ശുക്ലപക്ഷ ഏകാദശി ശ്രാദ്ധം, മകം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 3:05 വരെ ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമാണ്. പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള യാത്രകള്‍, വ്യവഹാരങ്ങള്‍ എന്നിവയ്ക്കുത്തമം.

ഏപ്രില്‍ 26 (മേടം 13, വ്യാഴം):
പകല്‍ 2:25 വരെ പൂരം. തുടര്‍ന്ന് ഉത്രം. ഒപ്പം കാലത്ത് 9:19 വരെ ശുക്ലപക്ഷ ഏകാദശി. മാസത്തിലെ ഉത്രം ശുക്ലപക്ഷ ദ്വാദശിശ്രാദ്ധം പൂരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 2:25 വരെ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മദ്ധ്യാഹ്നത്തിനുശേഷം ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂലമാണ്.

ഏപ്രില്‍ 27 (മേടം 14, വെള്ളി):
പകല്‍ 2.00 വരെ ഉത്രം. തുടര്‍ന്ന് അത്തം. ഒപ്പം കാലത്ത് 8:07 വരെ ശുക്ലപക്ഷ ദ്വാദശി. തുടര്‍ന്ന് ത്രയോദശി. മാസത്തിലെ അത്തം ശുക്ലപക്ഷ ത്രയോദശിശ്രാദ്ധം, ഉത്രം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം അനുകൂലമാണ്. യാത്രകള്‍ നടത്തുക, വാഹനം, ഭൂമി ഇവ വാങ്ങുക, പുതിയ ആഭരണങ്ങള്‍ വാങ്ങുക എന്നിവയ്ക്ക് ദിനം അനുകൂലമാണ്. ഗണപതിഭജനം നടത്തി ദിവസഗുണം വര്‍ദ്ധിപ്പിക്കാം.

ഏപ്രില്‍ 28 (മേടം 15, ശനി):
പകല്‍ 1:52 വരെ അത്തം. തുടര്‍ന്ന് ചിത്തിര. ഒപ്പം കാലത്ത് 7:12 വരെ ശുക്ലപക്ഷ ത്രയോദശി. തുടര്‍ന്ന് ചതുര്‍ദ്ദശി. മാസത്തിലെ ചിത്തിര, ശുക്ലപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം, ചിത്തിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമാണ്. പുതിയ ബിസിനസ്സ് ആരംഭിക്കുക, പ്രധാന വ്യക്തികളെ കാണല്‍, ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തല്‍ എന്നിവയ്ക്ക് ദിനം അനുകൂലമാണ്.

ഏപ്രില്‍ 29 (മേടം 16, ഞായര്‍):
പകല്‍ 2.06 വരെ ചിത്തിര. തുടര്‍ന്ന് ചോതി. ഒപ്പം കാലത്ത് 6:37 വരെ ശുക്ലപക്ഷ ചതുര്‍ദ്ദശി. തുടര്‍ന്ന് പൗര്‍ണ്ണമി. മാസത്തിലെ ചോതി, പൗര്‍ണ്ണമി ശ്രാദ്ധം, ചിത്തിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ഈശ്വരീയ പ്രാധാന്യമുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ദിവസം അനുകൂലമാണ്. ഞായറും പൗര്‍ണ്ണമിയും ചേര്‍ന്നുവരുന്നതിനാല്‍ ഉമാമഹേശ്വര സങ്കല്പത്തില്‍ പൂജകള്‍ കഴിപ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് വിവാഹതടസ്സം മാറുവാന്‍ വളരെ നല്ലതാണ്.

ഏപ്രില്‍ 30 (മേടം 17, തിങ്കള്‍):
പകല്‍ 2.46 വരെ ചോതി. തുടര്‍ന്ന് വിശാഖം. ഒപ്പം കാലത്ത് 6:27 വരെ പൗര്‍ണ്ണമി. തുടര്‍ന്ന് കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ വിശാഖം, കൃഷ്ണപക്ഷ പ്രഥമശ്രാദ്ധം, ചോതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകുലമല്ല. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം, ഔഷധസേവാരംഭം എന്നിവയാവാം. ദിവസഗുണ വര്‍ദ്ധനയ്ക്ക് ഉമാ മഹേശ്വര സങ്കല്‍പ്പത്തില്‍ പൂജകള്‍ കഴിപ്പിച്ച് പ്രാര്‍ത്ഥിക്കുക.

മെയ് 1 (മേടം 18, ചൊവ്വ):
പകല്‍ 3:55 വരെ വിശാഖം. തുടര്‍ന്ന് അനിഴം. ഒപ്പം കാലത്ത് 6:47 വരെ കൃഷ്ണപക്ഷ പ്രഥമ. തുടര്‍ന്ന് ദ്വിതീയ. മാസത്തിലെ അനിഴം, കൃഷ്ണപക്ഷ ദ്വിതീയശ്രാദ്ധം, വിശാഖം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

മെയ് 2 (മേടം 19, ബുധന്‍):
പകല്‍ 5:37 വരെ അനിഴം. തുടര്‍ന്ന് തൃക്കേട്ട. ഒപ്പം കാലത്ത് 7:39 വരെ കൃഷ്ണപക്ഷ ദ്വിതീയ. തുടര്‍ന്ന് തൃതീയ. മാസത്തിലെ കൃഷ്ണപക്ഷ തൃതീയശ്രാദ്ധം, അനിഴം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുക, പണമിടപാടുകള്‍ നടത്തുക, ഭൂമി, വാഹനം ഇവയുടെ കൊടുക്കല്‍ വാങ്ങലുകള്‍ എന്നിവയ്ക്കും ദിനം ചേര്‍ന്നതല്ല. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശ്രീകൃഷ്ണഭജനം നടത്തുക.

മെയ് 3 (മേടം, 20, വ്യാഴം):
വൈകിട്ട് 7:51 വരെ തൃക്കേട്ട. തുടര്‍ന്ന് മൂലം. ഒപ്പം കാലത്ത് 9:05 വരെ കൃഷ്ണപക്ഷ തൃതീയ. തുടര്‍ന്ന് ചതുര്‍ത്ഥി. മാസത്തിലെ തൃക്കേട്ട, കൃഷ്ണപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, തൃക്കേട്ട പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. വൈകിട്ട് 7:57 വരെ പിണ്ഡനൂല്‍ ദോഷം ഉളളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. വൈകിട്ട് 5:51 മുതല്‍ രാത്രി 9:57 വരെ ഗണ്ഡാന്തസന്ധിദോഷം ഉണ്ട്. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവം സാധിച്ചാല്‍ ഒഴിവാക്കുക.

മെയ് 4 (മേടം 21, വെള്ളി):
രാത്രി 10:33 വരെ മൂലം. ഒപ്പം പകല്‍ 11:02 വരെ കൃഷ്ണപക്ഷ ചതുര്‍ത്ഥി. മാസത്തിലെ മൂലം കൃഷ്ണപക്ഷ പഞ്ചമി ശ്രാദ്ധം, മൂലം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. വീട്ടിലെ പൂന്തോട്ട നിര്‍മ്മാണം, ഒത്തുതീര്‍പ്പ് സംഭാഷണങ്ങള്‍ നടത്തുക, വിഷ ചികിത്സാപഠനം ആരംഭിക്കല്‍, അലര്‍ജിക്കുള്ള ചികിത്സ ആരംഭിക്കല്‍ എന്നിവയ്ക്ക് ദിനം ഉത്തമം.

മെയ് (5 മേടം 22, ശനി):
രാത്രി 1:33 വരെ പൂരാടം. ഒപ്പം പകല്‍ 1:23 വരെ കൃഷ്ണപക്ഷ പഞ്ചമി. മാസത്തിലെ പൂരാടം, കൃഷ്ണപക്ഷ ഷഷ്ഠിശ്രാദ്ധം, പൂരാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദീര്‍ഘദൂരയാത്രകള്‍, സിസേറിയന്‍ പ്രസവം എന്നിവയ്ക്ക് ദിനം അനുകൂലമല്ല. ദിവസഗുണവര്‍ദ്ധനയ്ക്ക് ശാസ്താഭജനം നടത്തുക.

മെയ് 6 (മേടം 23, ഞായര്‍):
രാത്രി പുലരുന്ന 4:39 വരെ ഉത്രാടം. ഒപ്പം പകല്‍ 3:40 വരെ കൃഷ്ണപക്ഷ ഷഷ്ഠി. മാസത്തിലെ ഉത്രാടം ശ്രാദ്ധം, ഉത്രാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ചോറൂണ്‍, നാമകരണം, പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കല്‍, യാത്രകള്‍, ബിസിനസ്സ് ആരംഭം, സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്ക് ദിനം അനുകൂലം. സല്‍സന്താനയോഗമുള്ള ദിനമാണ്. ദിവസഗുണവര്‍ദ്ധനയ്ക്ക് ശിവഭജനം നടത്തുക.

മെയ് 7 (മേടം 24, തിങ്കള്‍):
ദിനം മുഴുവന്‍ തിരുവോണം. ഒപ്പം രാത്രി 9:41 വരെ കൃഷ്ണപക്ഷ സപ്തമി. മാസത്തിലെ തിരുവോണം, കൃഷ്ണപക്ഷ സപ്തമിശ്രാദ്ധം, തിരുവോണം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ഗൃഹനിര്‍മ്മാണത്തിലെ അലങ്കാരപ്പണികള്‍, പെയിന്റിംഗ് ഇവ ആരംഭിക്കല്‍, പുതുവസ്ത്രാഭരണങ്ങള്‍ വാങ്ങല്‍, കലാവിദ്യകള്‍ പഠിച്ചുതുടങ്ങല്‍, പ്രത്യേക കാര്യസാദ്ധ്യത്തിനുള്ള യാത്രകള്‍ എന്നിവയ്ക്കുത്തമം.

മെയ് 8 (മേടം 25, ചൊവ്വ):
കാലത്ത് 7:37 വരെ തിരുവോണം. തുടര്‍ന്ന് അവിട്ടം. ഒപ്പം രാത്രി 10:15 വരെ കൃഷ്ണപക്ഷ അഷ്ടമി. മാസത്തിലെ അവിട്ടം, കൃഷ്ണപക്ഷ അഷ്ടമിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. ഒത്തുതീര്‍പ്പു സംഭാഷണങ്ങള്‍ നടത്തല്‍, എഗ്രിമെന്റുകളിലൊപ്പിടല്‍ എന്നിവ പാടില്ല. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം എന്നിവയ്ക്കും ദിനം നന്നല്ല.

മെയ് 9 (മേടം 26, ബുധന്‍):
കാലത്ത് 10:12 വരെ അവിട്ടം. തുടര്‍ന്ന് ചതയം. ഒപ്പം രാത്രി 10:15 വരെ കൃഷ്ണപക്ഷ നവമി. മാസത്തിലെ ചതയം, കൃഷ്ണപക്ഷ നവമിശ്രാദ്ധം, അവിട്ടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. ബന്ധുജന സന്ദര്‍ശനം നടത്തുന്നതിന് ദിനം ഉത്തമം. പണമിടപാടുകള്‍ നടത്താം. ചികിത്സാരംഭത്തിന് ദിനം ചേര്‍ന്നതല്ല.

മെയ് 10 (മേടം 27, വ്യാഴം):
പകല്‍ 12:11 വരെ ചതയം. തുടര്‍ന്ന് പൂരൂരുട്ടാതി. ഒപ്പം രാത്രി 11:28 വരെ കൃഷ്ണപക്ഷ ദശമി. മാസത്തിലെ പൂരൂരുട്ടാതി, കൃഷ്ണപക്ഷദശമി ശ്രാദ്ധം, ചതയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മൃത്യുയോഗം പകല്‍ 12:11 വരെയുണ്ട്. തുടര്‍ന്ന് പിണ്ഡനൂല്‍ദോഷം നിലനില്‍ക്കുന്നു. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ദിനം അനുകൂലമല്ല. ദീര്‍ഘദൂരയാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. പകല്‍ 12:11-ന് ശേഷം സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

മെയ് 11 (മേടം 28, വെള്ളി):
പകല്‍ 1:25 വരെ പൂരൂരുട്ടാതി. തുടര്‍ന്ന് ഉത്രട്ടാതി. ഒപ്പം രാത്രി 11:42 വരെ കൃഷ്ണപക്ഷ ഏകാദശി. മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിശ്രാദ്ധം, പൂരൂരുട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 1:25 വരെ പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. മദ്ധ്യാഹ്നത്തിനുശേഷം സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങല്‍, പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കുത്തമം. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുക, പണമിടപാടുകള്‍ നടത്തുക എന്നിവയ്ക്ക് മദ്ധ്യാഹ്നത്തിനുശേഷം ഉത്തമം.

മെയ് 12 (മേടം 29, ശനി):
പകല്‍ 1:52 വരെ ഉത്രട്ടാതി. തുടര്‍ന്ന് രേവതി. ഒപ്പം രാത്രി 11:07 വരെ കൃഷ്ണപക്ഷ ദ്വാദശി. മാസത്തിലെ കൃഷ്ണപക്ഷ ദ്വാദശിശ്രാദ്ധം, ഉത്രട്ടാതി പിറന്നാല്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഉണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലം. ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുക, സര്‍ക്കാരിലേക്കുള്ള അപേക്ഷകള്‍ തയ്യാറാക്കി നല്‍കുക, പണമിടപാടുകള്‍ നടത്തുക എന്നിവയ്ക്കുത്തമം. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം, ഔഷധസേവാരംഭം എന്നിവ പാടില്ല. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശാസ്താഭജനം നടത്തുക. എള്ളുകിഴി കത്തിച്ച് പ്രാര്‍ത്ഥിക്കുക.

മെയ് 13 (മേടം 30, ഞായര്‍):
പകല്‍ 1:52 വരെ രേവതി. തുടര്‍ന്ന് അശ്വതി. ഒപ്പം രാത്രി 9:46 വരെ കൃഷ്ണപക്ഷ ത്രയോദശി. മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ശ്രാദ്ധം, രേവതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 11:52 മുതല്‍ 3:52 വരെ ഗണ്ഡാന്തസന്ധിദോഷം നിലനില്‍ക്കുന്നു. അതിനുമുമ്പും ശേഷവും മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ഉത്തമം. കൃഷിപ്പണികള്‍ ആരംഭിക്കല്‍, ഭൂമി ഒരുക്കല്‍ എന്നിവയ്ക്ക് ഉത്തമം. വടക്ക്, വടക്കുകിഴക്ക്, കിഴക്കു ദിക്കുകളിലേക്കുള്ള യാത്രകള്‍ നടത്തുന്നതിനും ദിനം നന്ന്.

മെയ് 14 (മേടം 31, തിങ്കള്‍):
പകല്‍ 12:30 വരെ അശ്വതി. തുടര്‍ന്ന് ഭരണി. ഒപ്പം രാത്രി 7:47 വരെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി. മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം, അശ്വതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂലമല്ല. ദീര്‍ഘദൂരയാത്രകള്‍ നടത്തുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും ദിനം ചേര്‍ന്നതല്ല. പകല്‍ 12:30-നുശേഷം പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

വി. സജീവ് ശാസ്താരം
ഫോണ്‍: 9656377700

Ads by Google
Ads by Google
Loading...
TRENDING NOW