മായം കലര്‍ന്ന വെളിച്ചെണ്ണ സംസ്ഥാനത്തേക്ക് നിര്‍ബാധം ഒഴുകുമ്പോഴും ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ണടയ്ക്കുന്നു. എണ്ണയില്‍ മായം കലര്‍ന്നതായി തെളിയിക്കുന്ന പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെതുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും ഇക്കാര്യത്തില്‍ നടപടിയില്ല.
മായം കലര്‍ത്തുന്ന കമ്പനിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് പരിശോധന നിലച്ചതെന്നും ആക്ഷേപമുണ്ട്. വിവിധ കമ്പനികളുടെ വെളിച്ചെണ്ണയാണ് തമിഴ്നാട്ടില്‍ നിന്നു സംസ്ഥാനത്തേയ്ക്ക് എത്തുന്നത്. ഇവയിലെല്ലാം തന്നെ വന്‍തോതില്‍ മായം കലര്‍ന്നതായാണ് ആക്ഷേപം.തമിഴ്നാട്ടില്‍ ഇതു സംബന്ധിച്ച് പരിശോധനയില്ലാത്തതാണ് പ്രധാന കാരണം. തമിഴ്നാട്ടില്‍ വെട്ടിച്ചെണ്ണയെ ഭക്ഷ്യയെണ്ണയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ പാചക ആവശ്യത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നുമില്ല. ഇതാണ് പരിശോധനയില്ലാത്തത്.
പ്രതിദിനം 200 ടാങ്കര്‍ വെളിച്ചെണ്ണയാണ് കേരളത്തിലേക്കു എത്തുന്നത്. ഇതിനു പുറമേയാണ് പായ്ക്കറ്റിലുള്ള വെളിച്ചെണ്ണ വരുന്നത്.സംസ്ഥാനത്തെ പ്രമുഖ കമ്പനികളുടെ പേരിലാണ് വെളിച്ചെണ്ണ തമിഴ്നാട്ടില്‍ പായ്ക്ക് ചെയ്യുന്നത്. മുമ്പ് വിവിധ ബ്രാന്‍ഡുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അന്‍പത് ശതമാനത്തിലേറെ മായം കലര്‍ന്ന 21 ബ്രാന്‍ഡുകളാണ് അന്നു കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയ്ക്ക് പ്രാപ്തമായ ലബോറട്ടറികള്‍ സംസ്ഥാനത്ത് ഇല്ലാത്തതും പ്രതിസന്ധിയായിട്ടുണ്ട്.
എസ്. സൂര്യലാല്‍