Wednesday, June 26, 2019 Last Updated 44 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 02.49 PM

ആദ്യഗാനത്തിന്റെ നിര്‍വൃതിയില്‍

uploads/news/2018/04/208956/Weeklyanubhavapacha140418.jpg

ഒരു പുരുഷന്‍, താന്‍ ഒരച്ഛനാകാന്‍ പോകുന്നു എന്നറിയുന്ന നിമിഷം...
ആ നിമിഷത്തിന്റെ സ്വര്‍ഗീയാനുഭൂതി വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ സാധ്യമല്ല.

എന്റെ ആദ്യഗാനത്തിനു ജന്മം നല്‍കിയ ദിനത്തിലും അങ്ങനെയൊരു വികാരമാണ് ഞാന്‍ അനുഭവിച്ചത്.
ഒരു പാട്ട് പിറക്കുന്നത് ധാരാളം പടികള്‍ പിന്നിട്ടാണ്.

ഇന്നത്തെ പാട്ടല്ല ഉദ്ദേശിച്ചത്. ടെക്‌നോളജിയൊക്കെ വളര്‍ന്നുവികസിക്കുന്നതിനു മുമ്പ് ഒരു കാലമുണ്ടായിരുന്നു. അന്ന് ഒരു പാട്ടു
ണ്ടാക്കാന്‍ വലിയ പ്രയത്‌നം ആവശ്യമായിരുന്നു.

മുമ്പ് പല പാട്ടുകളിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും സ്വതന്ത്രമായി ഞാന്‍ റെക്കോ ര്‍ഡിങ് ചെയ്യുന്നത് 1985-ലാണ്. 'കാതോട് കാതോരം' എന്ന ചിത്രത്തിനുവേണ്ടി.

റെക്കോര്‍ഡിങ് ദിവസം രാവിലെ എഴുമണി മുതലേ ഒരുക്കങ്ങള്‍ ആരംഭിക്കും. ആദ്യം ബാക്ഗ്രൗണ്ട് കമ്പോസ് ചെയ്യല്‍, പിന്നെ നോട്ടേഷന്‍സ് എഴുത്ത്, റിഹേഴ് സല്‍... എന്നിട്ടാണ് ഫൈ
നല്‍ ടേക്ക്.

ഉച്ചയ്ക്ക് ഒരുമണിയോടെ ആദ്യത്തെ പാട്ട് തീരും. ഉച്ചയൂണു കഴിഞ്ഞ് അടുത്ത പാട്ടിനായി അതേ പ്രോസസ്. എല്ലാം കഴിയുമ്പോള്‍ രാത്രി ഒമ്പതുമണിയാകും. പിറ്റേന്നു വീണ്ടും അടുത്ത
പാട്ട്...

അന്ന് ആദ്യം ചെയ്തത് 'കാതോടു കാതോരം' എന്ന ഗാനമാണ്. എന്റെ ആദ്യത്തെ സംഗീതസന്തതി.
റെക്കോര്‍ഡിങ് കഴിഞ്ഞപ്പോള്‍ ടെന്‍ഷനും തിരക്കുംകൊണ്ട് ഞാനാകെ ക്ഷീണിച്ചു. അപ്പോള്‍ ചിലര്‍ എന്നെ അഭിനന്ദിച്ചു:
''ഗംഭീരമായിരിക്കുന്നു ഔസേപ്പച്ചാ, ഈ പാട്ട് കലക്കും.''

കംപോസിങ്ങിന്റെ ഹാങ്ങോവര്‍ മാറാഞ്ഞതിനാല്‍ അതിനൊന്നും ചെവികൊടുക്കാതെ സൗണ്ട് എന്‍ജിനീയറോട് പാട്ടിന്റെ ടേപ്പ്‌വാങ്ങി ഞാന്‍ വീട്ടിലേക്കു പോയി.

രാത്രി കുളിയൊക്കെ കഴിഞ്ഞ് വീടിന്റെ ഹാളില്‍ നിലത്തൊരു പായവിരിച്ച് കിടന്നു. ടേപ്പ്‌റെക്കോര്‍ഡര്‍ എടുത്ത് രാവിലെ റെക്കോര്‍ഡ് ചെയ്ത പാട്ടിന്റെ കാസറ്റിട്ടു. ഞാന്‍ എന്റെ ആദ്യത്തെ പാട്ട് കേള്‍ക്കാന്‍ പോവുകയാണ്...

തുറന്നിട്ട വാതിലിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. കാര്‍മേഘമില്ലാത്ത നിലാവുള്ള രാത്രി. തണുത്ത ഡിസംബര്‍കാറ്റ് മെല്ലെ വീശുന്നുണ്ട്.
''അയ്യോ, തുടങ്ങല്ലേ... ഞാനും കൂടി വരുന്നു.'' അടുക്കളയില്‍നിന്ന് ഭാര്യ.

പക്ഷേ ഞാന്‍ വല്ലാത്ത ധൃതികാട്ടി. അപ്പോഴേക്കും അവള്‍ ഓടിയെത്തി എന്റെയടുത്ത് കിടന്നു.
ഞാന്‍ പാട്ട് പ്ലേ ചെയ്തു:
'കാതോടു കാതോരം...'
എന്റെ മനസിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. ശരീരത്തിന്റെ ഓരോ അണുവിനെയും ത്രസിപ്പിച്ചുകൊണ്ടുള്ള ഒരു കൊള്ളിയാന്‍. അതേ, എന്റെ പാട്ട്... മലയാളത്തിന് ഔസേപ്പച്ചന്റെ ആദ്യ
സംഭാവന.

ഓരോ വാക്കിനെയും ഞാന്‍ താലോലിച്ചു. ഗായിക ലതികയുടെ ശബ്ദം അതീവഹൃദ്യമാണ്. ഞാനും ഭാര്യയും അതില്‍ ലയിച്ചങ്ങനെ കിടന്നു.

പാട്ട് തീരുമ്പോള്‍ പിന്നെയും പിന്നെയും റീവൈന്‍ഡ് ചെയ്ത് കേട്ടുകൊണ്ടിരുന്നു. ഞങ്ങര്‍ വിശപ്പു മറന്നു. ഉറക്കം മറന്നു... എന്തിന്, വീടിന്റെ വാതില്‍ അടയ് ക്കാന്‍പോലും മറന്നു.കിടപ്പിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് ഭിത്തിയിലെ ക്ലോക്കില്‍ നോക്കിയപ്പോ ള്‍ ഞെട്ടിപ്പോയി; പുലര്‍ച്ചെ അഞ്ചുമണി.

കഴിഞ്ഞ രാത്രിയില്‍ ഒരുപോള കണ്ണടച്ചിട്ടില്ല. അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാനൊരു തീര്‍ത്ഥാടനത്തിലായിരുന്നു.
രാവുമുഴുവന്‍ ഒരു സ്വപ്നാടകന്റെ കൊട്ടാരത്തിലൂടെ എന്നെ ആ പാട്ട് കൈപിടിച്ചു നടത്തി.

പക്ഷേ എനിക്ക് ഉറക്കക്ഷീണം ഇല്ലായിരുന്നു. എഴുന്നേറ്റു കുളിച്ച് അടുത്ത പാട്ടിന്റെ റെക്കോര്‍ഡിങ്ങിനായി ഇറങ്ങുമ്പോള്‍ പിന്‍വിളിപോലെ അതാ ആ പാട്ട് പിന്നെയും ഒഴുകിവരുന്നു.

ഭാര്യയ്ക്ക് ഇന്നലെ കേട്ട് മതിയായിരുന്നില്ല. ഞാന്‍ അകത്തേക്കു നോക്കി പറഞ്ഞു: ''ഞാന്‍ മറ്റൊരു കാവ്യം രചിച്ചിട്ടു വരാം. ഇന്നു രാത്രിയും നമുക്കുറങ്ങണ്ട.''
അതുകേട്ടുള്ള ഭാര്യയുടെ ചിരി പാട്ടിന്റെ അനുപല്ലവിയില്‍ ലയിച്ചു.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Saturday 14 Apr 2018 02.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW