Sunday, March 10, 2019 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 02.15 AM

കടിച്ച പാമ്പ്‌ വരും, വന്നു വിഷമിറക്കും!

uploads/news/2018/04/208880/bft3.jpg

നമ്മുടെനാട്ടിലെ ആദ്യകുടിയേറ്റക്കാര്‍ പാമ്പുകളായിരുന്നു. ഉത്തരേന്ത്യയില്‍നിന്ന്‌ നമ്പൂതിരിമാരെ വരുത്തി ഒരു 'നമ്പൂരിക്കോളനി' ഉണ്ടാക്കണമെന്നായിരുന്നു പരശുരാമന്റെ പ്ലാന്‍. എന്നാല്‍, കടല്‍ മാറി കരയായ ചതുപ്പുനിലത്തേയ്‌ക്ക് ആരും ക്ഷണിക്കാതെതന്നെ പാമ്പുകള്‍ വന്നുകയറുകയായിരുന്നു.
പരശുരാമന്റെ ക്ഷണം സ്വീകരിച്ചു കൂടും കുടുക്കയുമെടുത്ത്‌ ആര്യഭൂമിയില്‍നിന്നു പൊറുതിക്കുവന്ന നമ്പൂതിരിമാര്‍ പാമ്പുകളെക്കണ്ടു പേടിച്ച്‌ നോര്‍ത്തിലേക്ക്‌ വീണ്ടും ഭാണ്ഡം മുറുക്കി.
താന്‍ മഴുവെറിഞ്ഞു കഷ്‌ടപ്പെട്ട്‌, ബുദ്ധിമുട്ടി നികത്തിയെടുത്ത നൂറ്ററുപതുകാതം ഭൂമി വേസ്‌റ്റായിപ്പോകുമോയെന്നു ഭയന്ന രാമന്‍, പിന്നെയും നമ്പൂതിരിമാരെ വിളിച്ചുവരുത്തി അവര്‍ക്ക്‌ അറുപത്തിനാല്‌ ഗ്രാമപ്പഞ്ചായത്തുകളും നൂറ്റെട്ടു ക്ഷേത്രങ്ങളും പണിതുകൊടുത്തു. എല്ലാ ഗ്രാമങ്ങളില്‍നിന്നും പത്തുസെന്റ്‌ പാമ്പുകള്‍ക്കുംപതിച്ചുനല്‍കി. നാഗങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ അറുപത്തിനാലു ഗ്രാമങ്ങളില്‍നിന്ന്‌ ആറു ഗ്രാമക്കാരെ പ്രത്യേകം നോട്ടിഫൈ ചെയ്‌തു. അങ്ങനെയാണ്‌ നാടൊട്ടുക്ക്‌ സര്‍പ്പക്കാവുകളും സര്‍പ്പദൈവങ്ങളും നമ്പൂരിയില്ലങ്ങളും നായ(ഗ)ന്മാരും വിഷവൈദ്യന്‍മാരുമൊക്കെയുണ്ടായത്‌. നൂറ്റാണ്ടുകളോളം ഇക്കൂട്ടരുടെ തേര്‍വാഴ്‌ചയാണ്‌ ഇവിടെ നടന്നത്‌. അല്ലെങ്കില്‍ത്തന്നെ, പുരാണപ്രകാരം പാമ്പുകളുടെ ആസ്‌ഥാനം പാതാളമാണല്ലോ. ഹിമാലയത്തില്‍ നിന്നു നോക്കിയാല്‍ കേരളംതന്നെയാണ്‌ പാതാളമെന്നൊരു വാദവുമുണ്ട്‌.
മക്കളുണ്ടാകാന്‍, കുടുംബം നന്നാകാന്‍, പാണ്ഡും ചൊറിയുമൊന്നും വരാതിരിക്കാന്‍ എന്നുവേണ്ട, വീട്ടിലെ പണപ്പെട്ടി കാത്തുസൂക്ഷിക്കാന്‍വരെ പാമ്പുകളുടെ സഹായം തേടിയിരുന്ന നാടാണിത്‌! അമ്പലങ്ങളിലേയും പഴയ തറവാടുകളിലേയും നിധിനിറഞ്ഞ നിലവറകള്‍ കാത്തുരക്ഷിക്കുന്ന ഡ്യൂട്ടി 'നാഗപൂതം' എന്ന സര്‍പ്പത്തിനായിരുന്നത്രെ! ശ്രീപത്മനാഭന്റെ ഇനി തുറക്കാനിരിക്കുന്ന നിലവറകള്‍ക്ക്‌ സര്‍പ്പങ്ങളാണ്‌ കാവല്‍ നില്‍ക്കുന്നതെന്നും നിലവറയില്‍നിന്നുള്ള രഹസ്യ തുരങ്കം അവസാനിക്കുന്ന ശംഖുമുഖം കടല്‍ത്തീരം നാഗപൂതങ്ങളുടെ
ദൃഷ്‌ടിയിലാണെന്നുമാണല്ലോ ഇന്റലിജന്‍സിന്റെ (രഹസ്യ) റിപ്പോര്‍ട്ട്‌! പുള്ളുവന്‍പാട്ടിന്റെ ഭാഗമായി 'പൂതക്കളം' എഴുതുന്നത്‌ നിധികാക്കുന്ന ഇത്തരം നാഗപൂതങ്ങളെ സന്തോഷിപ്പിക്കാനാകുന്നു!
വാമൊഴിയായി തലമുറകള്‍ കൈമാറിവരുന്നതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ വിഷവൈദ്യശാസ്‌ത്രം നമുക്കല്ലാതെ മറ്റാര്‍ക്കുമുണ്ടെന്നു തോന്നുന്നില്ല. നാടുനീളെ ഫൈവ്‌സ്റ്റാര്‍ ആശുപത്രികള്‍ വന്നിട്ടും വിഷവൈദ്യന്റെ പച്ചമരുന്നുഗുളികയിലുള്ള നമ്മുടെ വിശ്വാസം പോയിട്ടില്ല!
പഴയ വിഷവൈദ്യന്‍മാരില്‍ പലരേയും അമാനുഷരായിട്ടായിരുന്നു ജനം കരുതിയിരുന്നത്‌. -പാമ്പിനെ വിളിച്ചുവരുത്തി വിഷമെടുപ്പിച്ചിരുന്നവര്‍! -'ദൂതലക്ഷണം' പറഞ്ഞ്‌ രോഗിയുടെ അവസ്‌ഥ പ്രവചിച്ചിരുന്നവര്‍! -ഏതുകൊടിയ വിഷവും വിഷക്കല്ലിലേക്ക്‌ ആവാഹിച്ചിരുന്നവര്‍! വിഷവൈദ്യന്‍ കൈവിട്ടാല്‍ കടിയേറ്റയാള്‍ക്ക്‌ കാലയവനികപൊക്കി മറയുകയേ മാര്‍ഗമുള്ളൂ!
ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദിയുടെ അതേ ഗ്രേഡിലാണ്‌ കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കിപ്പിച്ചിരുന്ന വിഷഹാരിയേയും കണക്കാക്കിയിരുന്നത്‌. ഈ രീതിയെക്കുറിച്ച്‌ പല കഥകളുമുണ്ട്‌. ഒരു രീതി ഇങ്ങനെ: പാമ്പുകടിച്ചയാളെ തറയില്‍ക്കിടത്തും. തലയ്‌ക്കല്‍ അഞ്ചുതിരിയിട്ട നിലവിളക്കു കത്തിച്ചുവയ്‌ക്കും. ഒരാള്‍ തലയില്‍ ധാരകോരും. ശുദ്ധികളെല്ലാം ആചരിച്ചു മനഃശക്‌തി നേടിയ വൈദ്യന്‍ കാല്‍ക്കലിരുന്ന്‌ -'ഓം സര്‍വ വിഷം സ്‌തംഭയ സ്‌തംഭയ സ്വാഹ!' എന്ന്‌ ജപിച്ചു തുളസിയിലകൊണ്ട്‌ അര്‍ച്ചന നടത്തുകയായി. നേരത്തോടുനേരം കഴിയുമ്പോള്‍ കടിച്ച പാമ്പുതന്നെ എത്തി കടിവായില്‍നിന്ന്‌ വിഷം തിരിച്ചെടുത്ത്‌ നിലവിളക്കിനു മുമ്പില്‍ തലതല്ലിച്ചാവും! ഇങ്ങനെ സിദ്ധികൂടിയ പാമ്പിനെ വിധിയാംവണ്ണം സംസ്‌ക്കരിക്കണമെന്നാണ്‌ പറയുന്നത്‌.
എന്തായാലും, വിഷവൈദ്യന്മാര്‍ വിഷമിറക്കാനായി എങ്ങും പോവുകയില്ലെന്നാണ്‌ പ്രമാണം. വൈദ്യന്റെയടുത്തേയ്‌ക്ക് ആളെ കൊണ്ടുചെല്ലണം. ചെന്നു കടിക്കില്ലെന്ന്‌ പാമ്പുകളും ചെന്നുവിഷമിറക്കില്ലെന്ന്‌ വിഷവൈദ്യന്മാരും സത്യം ചെയ്‌തിട്ടുണ്ട്‌! ഈ എഗ്രിമെന്റ്‌ ഇന്നോളം ആരും തെറ്റിച്ചിട്ടില്ല!
വിശപ്പ്‌, പേടി, പക എന്നീക്കാരണങ്ങള്‍മൂലമാണ്‌ പാമ്പു കടിക്കുന്നതെങ്കിലും കാലന്റെ വിധി നടത്തിപ്പുകാരായാണ്‌ പാമ്പുകളെക്കുറിച്ചു പൊതുവേ പറയുന്നത്‌. 'വിധിഹിതം സര്‍പ്പദംശനം' എന്നുമുണ്ട്‌. അതിനാലാവണം, കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുന്നത്‌ കാലന്‍ പൊറുക്കുകയില്ലെന്ന്‌ ഒരു വിശ്വാസമുണ്ട്‌.
'കുടിച്ചു' പാമ്പാകുന്നവരുടെ വിഷംകളയുന്ന വൈദ്യന്‍മാരും ഒന്നുശ്രദ്ധിക്കുന്നതു നന്നായിരിക്കും.
നാട്ടിലെ വിഷവൈദ്യന്മാരെക്കുറിച്ച്‌ വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ലന്നു തോന്നുന്നു. വിഷവൈദ്യത്തിന്‌ സിലബസില്ല; ഏറെ പഠനഗ്രന്ഥങ്ങളുമില്ല. 1941ല്‍ കൊച്ചി രാജാവായിരുന്ന കേരളവര്‍മത്തമ്പുരാന്‍ 'പ്രയോഗസമുച്ചയം' എന്നൊരു പുസ്‌തകമെഴുതിയതാണ്‌ പ്രശസ്‌തം.
നസ്യം, അഞ്‌ജനം, സ്‌നാനം, പാനം, ആലേപം എന്നിങ്ങനെ അഞ്ചു കര്‍മങ്ങള്‍ ചേര്‍ന്നതാണ്‌ നാട്ടുചികിത്സ. മുറിവില്‍ മരുന്നു പുരട്ടുന്നതാണ്‌ ആലേപം. മരുന്ന്‌ ഉള്ളിലേക്ക്‌ സേവിക്കുന്നത്‌ പാനം, ജലധാര നടത്തുന്നതാണ്‌ സ്‌നാനം. മരുന്ന്‌ കണ്ണിലെഴുതുന്നതാണ്‌ അഞ്‌ജനം. മരുന്ന്‌ മൂക്കില്‍കൂടി ഊതിക്കയറ്റുന്നത്‌ നസ്യം.
കടിയേറ്റഭാഗത്ത്‌ പച്ചമഞ്ഞള്‍ മുറിച്ച്‌ ചേര്‍ത്തുപിടിക്കുമ്പോള്‍ മഞ്ഞളിന്റെ നിറം നീലയാകുകയാണെങ്കില്‍ വിഷം ശരീരത്തില്‍ ബാധിച്ചിട്ടുണ്ടെന്നുറപ്പിക്കാം.
പാമ്പിന്‍വിഷത്തിനു മാത്രമല്ല പഴുതാര, തേള്‌, എട്ടുകാലി, തവള, പല്ലി, ഓന്ത്‌, അരണ എന്നിവറ്റകളുടെ വിഷത്തിനുള്ള ചികിത്സയും വൈദ്യന്മാര്‍ നടത്താറുണ്ട്‌. നീര്‍ക്കോലി കടിച്ചാല്‍ മാത്രമേ മരുന്ന്‌ ആവശ്യമില്ലാതുള്ളൂ- അത്താഴം കഴിക്കാതിരുന്നാല്‍ മതി. 'നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടങ്ങും' എന്നാണല്ലോ. വിഷപ്പാമ്പിനെപ്പോലെ തോന്നിപ്പിക്കുന്ന നീര്‍ക്കോലികള്‍ വെറും 'അത്താഴംമുടക്കി'കളാണെന്ന ജീവിതസത്യംകൂടി ഈ ചൊല്ല്‌ നമ്മളെ ഓര്‍മിപ്പിക്കുന്നു.
പാമ്പുകള്‍ക്ക്‌ വിഷം കുറഞ്ഞ സമയവും കൂടിയ സമയവുമുണ്ടെന്നാണ്‌ വിഷവൈദ്യം പറയുന്നത്‌. വെള്ളത്തില്‍ക്കിടക്കുന്ന പാമ്പിനും പടംപൊഴിച്ച പാമ്പിനും വിഷം കുറവായിരിക്കും. അരയാലിന്റെ ചുവട്‌, ക്ഷേത്രമുറ്റം തുടങ്ങിയ സ്‌ഥലങ്ങളില്‍വച്ചാണ്‌ കടിയേല്‍ക്കുന്നതെങ്കില്‍ വിഷം പെട്ടെന്ന്‌ ബാധിക്കും. ഭരണി, കാര്‍ത്തിക, ആയില്യം, മകം, വിശാഖം, പൂരം, പൂരാടം, മൂലം തുടങ്ങിയ നക്ഷത്രങ്ങളില്‍ പാമ്പുകടിയേറ്റാലും സ്‌ഥിതി ഇതുതന്നെ! നല്ലൊരു ജ്യോതിഷിക്ക്‌ രാശിനോക്കി ഏതു കാട്ടിലൂടെയും പാമ്പില്ലാത്ത വഴി കണ്ടെത്തി സഞ്ചരിക്കാമത്രെ!
കറുത്ത പശുവിന്റെ ചാണകവും പെരുങ്കായവും വെളുത്തുള്ളിയും ചേര്‍ത്തരച്ച്‌ പാമ്പിന്റെ മാളത്തിലൊഴിച്ചാല്‍ പാമ്പ്‌ പുറത്തുവന്ന്‌ മയങ്ങിക്കിടക്കുമെന്നാണ്‌ വിധി. വെളുത്ത പൊട്ടുകളുള്ള കാട്ടുചേമ്പുകള്‍ വളരുന്ന സ്‌ഥലങ്ങളില്‍ മൂര്‍ഖനും പുളിമരങ്ങളുള്ള പ്രദേശങ്ങളില്‍ ചേരയും ആഞ്ഞിലി, ഏഴിലംപാല തുടങ്ങിയ മരങ്ങളുള്ളയിടങ്ങളില്‍ അണലിയും ഉണ്ടാകും.
ഇന്ന്‌ ലോകത്തില്‍ കാണുന്ന പാമ്പുകളെല്ലാം ഉണ്ടായത്‌ കദ്രുവിന്റെ പുത്രന്മാരായ എഴുപത്തിയൊമ്പതു നാഗങ്ങളില്‍നിന്നാണ്‌ എന്നാണ്‌ മഹാഭാരതം ആദിപര്‍വത്തില്‍ പറയുന്നത്‌. കദ്രുവിന്റെ മക്കളില്‍ ആദിശേഷന്‍, വാസുകി, കാളിയന്‍, തക്ഷകന്‍, കാര്‍ക്കോടകന്‍ എന്നീ പഞ്ചനാഗങ്ങള്‍ പ്രശസ്‌തരാണല്ലോ.
കരിനാഗം, കൃഷ്‌ണനാഗം, നീലക്കരിനാഗം, മണിനാഗം, നാഗപൂതം എന്നിങ്ങനെ ഒട്ടേറെയിനം നാഗങ്ങള്‍ വേറെയുമുണ്ട്‌. സര്‍പ്പങ്ങളെ പ്രീതിപ്പെടുത്താനാണ്‌ സര്‍പ്പക്കളമെഴുത്തും പുള്ളുവന്‍പാട്ടും നടത്തുന്നത്‌. ആയില്യം നാളുകളില്‍ നാട്ടിലെ സര്‍പ്പക്കാവുകളില്‍ ആയില്യം പൂജ നടത്താറുണ്ട്‌. ഇവിടെയും നാഗരാജാ ക്ഷേത്രങ്ങളിലും നൂറും പാലും നേദിക്കുകയാണ്‌ പ്രധാന വഴിപാട്‌. പാല്‌, മഞ്ഞള്‍പ്പൊടി, കരിക്ക്‌, പനിനീര്‌, തേന്‍, പടറ്റിക്കായ എന്നിവ ചേര്‍ന്നതാണ്‌ 'നൂറും പാലും'. പാമ്പിന്‍പുറ്റോ മാളമോ അറിയാതെ തകര്‍ത്തിട്ടുണ്ടെങ്കില്‍ പൊന്നുകൊണ്ട്‌ പാമ്പിന്‍മുട്ടയുണ്ടാക്കി സമര്‍പ്പിക്കാം എന്നാണ്‌ പുള്ളുവന്‍പാട്ടിലെ പ്രധാന പ്രാര്‍ഥന.
പാമ്പ്‌ ലൈംഗികതയുടെ പ്രതീകമാണെന്ന്‌ മനഃശാസ്‌ത്രജ്‌ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നതിനുമുമ്പേ, സല്‍സന്താനങ്ങളുണ്ടാകാന്‍ നാഗപൂജ നടത്തിയിരുന്നവരാണ്‌ നമ്മള്‍! കുട്ടികളുണ്ടാകാന്‍ നാഗങ്ങള്‍ക്ക്‌ ഉരുളികമഴ്‌ത്തുന്ന വഴിപാടുപോലും മനഃശാസ്‌ത്രചികിത്സയാണെന്നു പറയാം- ദമ്പതിമാരുടെ 'മെന്റല്‍ബ്ലോക്ക്‌' മാറാനുള്ള തെറാപ്പി!
കാലം ഒരു സര്‍പ്പമാണെന്നാണ്‌ നമ്മുടെ തത്വചിന്ത. ഗുരുവിന്റെ 'കുണ്ഡലിനിപ്പാട്ടി'ല്‍ ആനന്ദത്തിന്റെ അരുവിയാണൊഴുകുന്നത്‌.
'ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ അന്ത്യത്തില്‍ സര്‍പ്പദംശനം കാത്തുകിടക്കുന്ന രവി ഒരു അടയാളമാണ്‌. മാളങ്ങളില്‍ വിശ്രമിക്കാത്ത, കാലകാളകുണ്ഡലിനീ സര്‍പ്പത്തിന്റെ ദംശനം സര്‍വചരാചരങ്ങള്‍ക്കും ഏറ്റുവാങ്ങേണ്ടതുണ്ടെന്ന സത്യം അയാളിലൂടെ നമ്മള്‍ അറിയുന്നു.

ഒരു ദംശനത്തിന്റെ കഥ:
ഒരുപക്ഷേ, കേരളത്തെ ഏറ്റവും കൂടുതല്‍ സങ്കടത്തിലാക്കിയ സര്‍പ്പദംശനം നടന്നത്‌ 1948 ഓഗസ്‌റ്റ് 14 ന്‌ ആലപ്പുഴയിലെ കണ്ണാര്‍ക്കാട്ടെ ഒരു കര്‍ഷകത്തൊഴിലാളിയുടെ കുടിലിനുള്ളിലായിരുന്നിരിക്കണം.
ഒരു കാലഘട്ടത്തിന്റെ പ്രതീക്ഷയായി വിളങ്ങിയിരുന്ന 'സഖാവ്‌' എന്നറിയപ്പെട്ടിരുന്ന പി. കൃഷ്‌ണപിള്ളയുടെ വിയോഗം! പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിക്കുവേണ്ടിയുള്ള പ്രസംഗം നിലത്തുകിടന്ന്‌ എഴുതിക്കൊണ്ടിരിക്കെയാണ്‌ അദ്ദേഹത്തിന്‌ പാമ്പുകടിയേറ്റത്‌.
ഒളിവിലായിരുന്നതിനാല്‍ വിഷവൈദ്യന്മാരുടെയടുത്തേക്ക്‌ അദ്ദേഹത്തെ പെട്ടെന്നെത്തിക്കാനുമായില്ല. കുറ്റിക്കാടുകള്‍ നിറഞ്ഞ കണ്ണാര്‍ക്കാടും പരിസരവും വിഷപ്പാമ്പുകളുടെ വിഹാരഭൂമിയായിരുന്നുതാനും.

krpramoudmenon@gmail.com

Ads by Google
Saturday 14 Apr 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW