Tuesday, June 25, 2019 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Friday 13 Apr 2018 02.04 AM

റെഡ്‌ സല്യൂട്ട്‌, മോര്‍ കൂറിലോസ്‌ !

uploads/news/2018/04/208589/GeevargheseMorCooriloseMetr.jpg

ക്രിസ്‌തു ദൈവപുത്രനായിരുന്നുവെന്നു ക്രൈസ്‌തവര്‍ വിശ്വസിക്കുന്നു, ഇതു വിശ്വസിക്കാത്ത കോടിക്കണക്കിനു പേര്‍ ലോകത്ത്‌ ജീവിക്കുന്നു. ക്രിസ്‌തുവിന്റെ പന്ത്രണ്ടു ശിഷ്യരില്‍ ഒരാളായ തോമാശ്ലീഹാ, കേരളത്തില്‍ വന്നുവെന്നു വിശ്വസിക്കുന്നവരുടെയും അല്ലാത്തവരുടെയും കാര്യമിങ്ങനെ തന്നെ. സെന്റ്‌ തോമസ്‌ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണു പ്രമുഖ ക്രൈസ്‌തവ സഭകളില്‍ പലതും. ലത്തീന്‍ കത്തോലിക്ക സമൂഹം പോലെ ചിലര്‍ മാത്രം ഇതിനൊരപവാദമാണ്‌. ഇതിന്റെ ഓര്‍മപുതുക്കാന്‍ മലയാറ്റൂരിലേക്കും ചെന്നൈയിലെ സെന്റ്‌ തോമസ്‌ മൗണ്ടിലേക്കും തീര്‍ഥയാത്ര നടത്തുന്നു.

ഐതീഹ്യങ്ങളും ചരിത്രവും തമ്മിലുണ്ടായിരിക്കേണ്ട അതിശക്‌തമായ അതിര്‍വരമ്പ്‌ നേര്‍ത്തുതീരുന്ന കാലമാണിത്‌. ചരിത്രവസ്‌തുതകള്‍ നിഴലിക്കുന്ന മനോഹരമായ വിവരണഗ്രന്ഥമെഴുതിയിട്ടും കൊട്ടാരത്തില്‍ ശങ്കുണ്ണി തന്റെ പുസ്‌തകത്തിന്‌ ഐതീഹ്യമാല എന്നാണു പേരിട്ടത്‌. വസ്‌തുതകളുടെ പിന്‍ബലമില്ലാത്ത കേട്ടുകേള്‍വികള്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ടു അത്‌ ഐതീഹ്യം മാത്രമായിരിക്കണമെന്ന്‌ അദ്ദേഹം നിശ്‌ചയിച്ചു.

സെന്റ്‌ തോമസ്‌ കേരളത്തില്‍ വന്നിട്ടില്ലെന്നു സമര്‍ഥിക്കുന്ന ചരി്രതരചനകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്‌. കേരള ചരിത്രത്തിലെ പത്തു കള്ളക്കഥകള്‍ എന്ന പുസ്‌തകത്തില്‍ ഡോ. എം.ജി.എസ്‌. നാരായണന്‍, സെന്റ്‌ തോമസ്‌ കഥ കെട്ടുകഥയാണെന്നു ഓര്‍മ്മിപ്പിക്കുന്നു. ക്രൈസ്‌തവ സഭകളൊന്നും എം.ജി.എസിന്റെ നിഗമനങ്ങളെ ചോദ്യം ചെയ്യുന്നില്ല. ഒരു പക്ഷേ ഇതൊന്നും വായിച്ചുനോക്കാനുളള സാവകാശം സഭാമേലധ്യക്ഷന്മാര്‍ക്കു കിട്ടിക്കാണുകയില്ല. മൃതദേഹം സെമിത്തേരിയില്‍ കൊണ്ടുവന്നു വിലപേശാനും അന്യന്റെ ശവക്കുഴി തോണ്ടാനുമാണല്ലോ ചിലര്‍ക്കു താല്‌പര്യം.

*** പത്തു കള്ളക്കഥകള്‍

ചരിത്രം പഠിക്കുന്നവര്‍ സെന്റ്‌ തോമസ്‌ കേരളത്തില്‍ വന്നിട്ടുണ്ടെന്നു വിശ്വസിക്കാന്‍ സാധ്യതയില്ല. ക്രിസ്‌തു വന്നിട്ടെന്തു സംഭവിച്ചു? മാതൃകാ ജനവിഭാഗമായി ക്രൈസ്‌തവര്‍ മാറുന്നില്ലല്ലോ. നിന്നപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കൂ എന്നു ക്രിസ്‌തു ആവശ്യപ്പെട്ടു. സ്വന്തം സമുദായക്കാരനായ അയല്‍വാസി പള്ളിയില്‍ വരുന്നതു തടയാന്‍ വാടകഗുണ്ടകളെ ഇറക്കുകയും കോടതിയില്‍ പോകുകയും ചെയ്യുന്നവര്‍ എങ്ങനെ ക്രൈസ്‌തവനാകും? ആ സ്‌ഥിതിക്ക്‌ സെന്റ്‌ തോമസ്‌ വന്നാലുമില്ലെങ്കിലും വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. എം.ജി.എസ്‌, സെന്റ്‌ തോമസ്‌ ഐതീഹ്യത്തെ ചരിത്രമായികാണുന്നില്ല. പരശുരാമന്റെ മഴുവേറും മഹാബലിയുടെ ഭരണവും ചേരമാന്‍ പെരുമാളിന്റെ മക്കാ സന്ദര്‍ശനവും എം.ജി.എസ്‌. കെട്ടുകഥകളായാണ്‌ അവതരിപ്പിക്കുന്നത്‌. കൊട്ടിഘോഷിക്കുന്ന കേരള മോഡല്‍പോലും തട്ടിപ്പാണെന്നു ബോധ്യപ്പടുത്തുന്നു. മഹാബലി-പരശുരാമ ഭക്‌തര്‍ക്കില്ലാത്ത മനോവേദന സെന്റ്‌ തോമസ്‌ ഭക്‌തര്‍ക്കു തോന്നേണ്ട കാര്യമുണ്ടോ?

കേരളം കണ്ടിട്ടില്ലാത്ത ഒരാള്‍, ഇവിടെ വന്നു നമ്പൂതിരി ഇല്ലങ്ങളില്‍നിന്നും തെരഞ്ഞുപിടിച്ചു കുറെപേരെ മാമ്മോദീസ മുക്കി ക്രൈസ്‌തവരാക്കി എന്നാണ്‌ ഒരു വിഭാഗം പടച്ചുവിടുന്ന കഥ. യാക്കോബായ സഭാ മെത്രാപ്പൊലീത്തയും ചിന്തകനും എഴുത്തുകാരനുമായ ഗീവറുഗീസ്‌ മോര്‍ കൂറിലോസ്‌ ഇത്തരം കെട്ടുകഥകളെ തള്ളിപ്പറയാന്‍ കാണിച്ച തന്റേടം അഭിനന്ദനമര്‍ഹിക്കുന്നു. ഇങ്ങനെ പോയാല്‍ ക്രിസ്‌തുവും ഒരു നമ്പൂതിരിയാണെന്നു മലയാളി കുടുംബചരിത്രവിദഗ്‌ധര്‍ എഴുതാനിടയുണ്ട്‌. ജാതിമേധാവിത്വത്തിന്റെ സൗഭാഗ്യം നുകര്‍ന്നു ജീവിച്ച നമ്പൂതിരിമാര്‍ എന്തിനു ക്രിസ്‌ത്യാനികളാകണം? അവശത അനുഭവിച്ച ജാതിപീഡനത്തില്‍ പൊറുതിമുട്ടിയ, പിന്നാക്ക വിഭാഗങ്ങളാണു മിക്ക ആദിമ ക്രൈസ്‌തവരും.

കുടുംബമഹിമ കുലംകുത്തി ഒഴുകുന്ന കാലമാണിത്‌. അഞ്ചുവര്‍ഷം മുമ്പ്‌ മധ്യതിരുവിതാംകൂറിലെ ഒരു വീടിന്റെ മുന്നില്‍ കുടുംബയോഗ ആസ്‌ഥാനം എന്നൊരു ബോര്‍ഡ്‌ തൂക്കിയിരുന്നു. അടുത്തിടെ അതുവഴി പോയപ്പോള്‍ പുതിയ ബോര്‍ഡില്‍ ഇങ്ങനെ കണ്ടു? മഹാകുടുംബയോഗ ആസ്‌ഥാനം. അഞ്ചുവര്‍ഷം കൊണ്ട്‌ ഒരു മഹാചേര്‍ന്നു. മോശം എന്നുപറഞ്ഞാല്‍ പഞ്ചില്ലാത്തതിനാല്‍ മഹാമോശം എന്നു ചേര്‍ക്കുന്നതുപോലെ. ക്രൈസ്‌തവ വിശ്വാസം പുതിയതലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണ്‌. പക്ഷേ കേരളത്തില്‍ മാത്രം അങ്ങനെ സംഭവിക്കില്ല. ഇവിടെ ക്രൈസ്‌തവരുടേതായി പുറത്തുവരുന്ന വാര്‍ത്തകള്‍ ഭൂമി കുംഭകോണവും ശവക്കുഴി തോണ്ടലുമാണ്‌. സ്വയം തോണ്ടുന്ന കുഴിയില്‍ സ്വന്തം കുടുംബക്കല്ലറ പണിഞ്ഞു അതിന്മേല്‍ മഹാകുടുംബം എന്നെഴുതിവച്ച്‌ മഹാശവമായി തീരാനാണ്‌ ഒരു വിഭാഗം ക്രിസ്‌ത്യാനികളുടെ അന്ത്യവിധി.

*** നരകം എവിടെ?

കഴിഞ്ഞ പെസഹാ ദിനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ മഹാശവങ്ങളാകാന്‍ തയാറെടുക്കുന്ന, മഹാകുടുംബങ്ങള്‍ക്കു ഒരു കൊട്ടുകൊടുത്തു. നരകം എന്നൊന്നില്ല. നരകം ദൈവം സൃഷ്‌ടിക്കില്ല. ദോഷം ചെയ്യുന്ന ആത്മാക്കള്‍ ഇല്ലാതെയാകുമെന്നേയുളളൂ എന്നായിരുന്നു മാര്‍പാപ്പയുടേതായി വന്ന നിരീക്ഷണം. ലാ റിപ്പബ്ലിക്ക എന്ന ഇറ്റാലിയന്‍ പത്രം പ്രസിദ്ധീകരിച്ച മാര്‍പാപ്പയുടെ അഭിമുഖം പരമ്പരാഗത ക്രൈസ്‌തവര്‍ക്കു കിട്ടിയ വിശ്വാസ ഷോക്ക്‌ ആയി. (നിവൃത്തിയില്ലാതെ വത്തിക്കാന്‍ ഈ വാര്‍ത്ത നിഷേധിച്ചു) ഒരു നിരീശ്വരവാദിക്കും സ്വര്‍ഗത്തിനവകാശമുണ്ടെന്ന്‌ ഇതേ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്‌. പ്രവൃത്തിയാകണം മാനദണ്ഡമെന്നാണു വിപ്ലവ ചിന്തയുള്ള മാര്‍പാപ്പ ഉദ്ദേശിച്ചത്‌.

മാര്‍പാപ്പയെ കേരളത്തിലെ ഒരു വിഭാഗം ബിഷപുമാര്‍ക്ക്‌ ഇഷ്‌ടമല്ല. നരകത്തില്‍ വീഴുമെന്നു പറഞ്ഞ്‌ വിശ്വാസികളെ ഭീഷണിപ്പെടുത്തി ജീവിക്കുന്നവര്‍ക്കു നരകം ഒരു പൊട്ടക്കഥയാണെന്നു പഠിപ്പിക്കുന്നു മാര്‍പാപ്പ ഭീഷണിയല്ലേ? ലോകത്ത്‌ ഏറ്റവും കൂടുതല്‍ ബിഷപ്പുമാര്‍ ജീവിക്കുന്ന ഏറ്റവും ചെറിയ പ്രദേശമാണ്‌ കേരളം. നൂറ്റിരണ്ടു ക്രൈസ്‌തവര്‍ക്ക്‌ ഒരു ബിഷപ്‌ എന്നതാണ്‌ ഇവിടുത്തെ ശരാശരി അനുപാതം.

ഇല്ലത്തുനിന്നും വന്നു എന്നു മുന്‍ജന്മ ചിന്തയില്‍ അര്‍മാദിക്കുന്നവരാണു ഭൂരിപക്ഷം ക്രൈസ്‌തവ ബിഷപുമാരും. അതുകൊണ്ടവര്‍ തിരുമേനി എന്നു വിളിക്കപ്പെടുന്നു. തിരുമേനി എന്ന്‌, തന്നെ വിളിക്കേണ്ടെന്നാണു ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ പറയുന്നത്‌. പകരം സഖാവ്‌ എന്നുപയോഗിച്ചുകൂടെ? ലിംഗഭേദമില്ലാതെ ആരെയും എപ്പോഴും ചെയ്യാവുന്ന സംബോധനയാണ്‌ 'കോംറേഡ്‌'. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌.....റെഡ്‌ സല്യൂട്ട്‌.

Ads by Google
Ads by Google
Loading...
TRENDING NOW