Monday, March 04, 2019 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 12 Apr 2018 03.27 PM

സ്വപ്‌നത്തേക്കാള്‍ സുന്ദരമാണീ സ്വര്‍ഗം

''ഭുമിയിലെ സ്വര്‍ഗ്ഗമായ, മഞ്ഞുമലകളാല്‍ മനോഹരമായ കശ്മീര്‍ താഴ്‌വരയുടെ സൗന്ദര്യം ആവോളം നുകര്‍ന്ന് നടി ശിവദ നടത്തിയ യാത്രയിലൂടെ...''
uploads/news/2018/04/208380/sivadahatrval120418.jpg

മലയാളിത്തം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ ചിരിയുമായി മലയാളികളുടെ മനസ് കീഴടക്കിയ താര സുന്ദരി, ശിവദ. ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് സു സു സുധി വാത്മീകത്തിലൂടെ മികച്ച അഭിനയം കാഴ്ചവച്ച ശിവദയ്ക്ക് യാത്രകളോട് ഏറെ പ്രണയമാണ്.

സിനിമയുെട തിരക്കുകളൊഴിഞ്ഞാല്‍ ശിവദയും ഭര്‍ത്താവ് മുരളിയും ബാഗ് പാക്ക് ചെയ്ത് യാത്രയ്ക്കൊരുങ്ങും. ശിവദയെ ഏറെ മോഹിപ്പിച്ച കശ്മീരിലെ മഞ്ഞുപുതച്ച താഴ്‌വരകളിലൂടെ...

പറവയായി പാറി നടക്കാം


യാത്രകള്‍ ഏറെ ഇഷ്ടമുള്ള ആളാണ് ഞാന്‍. അച്ഛന്റെ ട്രാന്‍സ്ഫറുകള്‍ക്കനുസരിച്ചുള്ള യാത്രകള്‍ ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. നാട്ടിലേക്കുള്ള യാത്രകളൊക്കെയും എന്റെയും ചേച്ചിയുടെയും അച്ഛന്റെയും അവധികള്‍ക്കനുസരിച്ചായിരുന്നു.

പഠിക്കുന്ന സമയത്തും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് കുടുംബത്തോടൊപ്പം പോകുന്നതാണ് എനിക്കിഷ്ടം. വിവാഹ ശേഷവും യാത്രകളോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല.

മുരളിയും യാത്രകളെ സ്നേഹിക്കുന്ന ആളാണ്. വിവാഹശേഷമുണ്ടായ ഒരു വ്യത്യാസം ഇപ്പോഴുള്ള ട്രിപ്പുകള്‍ ഒട്ടും പ്ലാന്‍ഡല്ല എന്നതാണ്.

വിവാഹശേഷമാണ് വിദേശ യാത്ര ചെയ്യുന്നത്. ഖത്തര്‍, ന്യൂസിലാന്‍ഡ് യാത്രകളൊക്കെ മുരളിയോടൊപ്പം ഏറെ ആസ്വദിക്കുകയും ചെയ്തു. ഇനിയും ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ സ്ഥലങ്ങള്‍ കാണണമെന്നുണ്ട്.

ഒട്ടുമിഷ്ടമില്ലാത്തത് യാത്രയ്ക്കുവേണ്ടിയുള്ള പാക്കിങ്ങാണ്. ചെറുപ്പത്തിലാണെങ്കില്‍ അച്ഛനും അമ്മയും സാധനങ്ങളൊക്കെ നേരത്തെ തയാറാക്കി വയ്ക്കും. ഇപ്പോഴാണെങ്കില്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യണം. സാധനങ്ങളെല്ലാം ബാഗിനകത്ത് കുത്തി നിറയ്ക്കുന്നത് എനിക്കിഷ്ടമല്ല.

എവിടെയെങ്കിലും പോകണമെങ്കില്‍ എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ലിസ്റ്റ് തയാറാക്കി ഓരോന്നും എടുത്ത് വയ്ക്കുന്നതാണ് പതിവ്. പക്ഷേ മുരളി അതിനുള്ള സമയം തരാറില്ല.

യാത്രകളില്‍ ചിലപ്പോഴെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത് ഭക്ഷണകാര്യത്തിലാണ്. ഞാന്‍ വെജിറ്റേറിയനാണ്. യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്തതുമൂലം ഭക്ഷണത്തില്‍ ചെറിയ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാനിപ്പോള്‍ ബാഗില്‍ സ്നാക്സ് കരുതാറുണ്ട്്.

uploads/news/2018/04/208380/sivadahatrval120418b.jpg

മോഹിപ്പിച്ച കശ്മീര്‍


ഇന്ത്യയ്ക്കകത്ത് ഒരുപാട് സ്ഥലങ്ങള്‍ ഇനിയും കാണാനുണ്ട്. റോജ സിനിമയിലെ പാട്ട് കാണുമ്പോഴൊക്കെ ഒരുതവണയെങ്കിലും കശ്മീരില്‍ പോകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു.

മുരളിയാണ് ആ ആഗ്രഹം സാധിച്ചു തന്നത്. മുരളിയുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല.

ഡല്‍ഹിയില്‍ നിന്നുള്ള യാത്ര സെല്‍ഫ് ഡ്രൈവായിരുന്നു. എല്ലാവരും മാറി മാറി ഡ്രൈവ് ചെയ്താണ് പോയത്. വഴിയിലെ മനോഹരമായ പല കാഴ്ചകളും തെല്ലൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്.

മഞ്ഞു പെയ്യുന്ന കാഴ്ചയും മറക്കാനാവില്ല. അവിടുത്തെ ഭക്ഷണവും ഷോപ്പിങ്ങുമെല്ലാം ഒരുപാട് എന്‍ജോയ് ചെയ്തു. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് കശ്മീര്‍ തന്നെയാണ്.

ശ്രീനഗര്‍ എന്ന ഉദ്യാനനഗര്‍


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടൂലിപ് ഗാര്‍ഡനാണ് ശ്രീനഗറിലെ പ്രധാന ആകര്‍ഷണം. ടൂലിപ് പുഷ്പങ്ങള്‍ പൂവിടുന്ന ഏപ്രില്‍, ആപ്പിള്‍ മരങ്ങള്‍ പൂക്കുന്ന ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശ്രീനഗര്‍ സന്ദര്‍ശിക്കുന്നതാണ് ഉചിതം.

മറ്റൊരു ആകര്‍ഷണം ദാല്‍ തടാകമാണ്. വൈകുന്നേരങ്ങളില്‍ ചെറിയ വഞ്ചിയിലും ഹൗസ് ബോട്ടിലുമുള്ള യാത്രയും ഫ്ളോട്ടിങ് മാര്‍ക്കറ്റുമെല്ലാം തടാകയാത്രയുടെ മനോഹാരിത കൂട്ടും.

മുസ്ലിം പൈതൃക നിര്‍മ്മിതികളാണ് ശ്രീനഗറിലെ മറ്റൊരു കാഴ്ച. ഹസ്രത്ത്ബാല്‍ മസ്ജിദ്, ശ്രീനഗര്‍ ഓള്‍ഡ് സിറ്റിയിലുള്ള ജാമിയ മസ്ജിദ് എന്നിവ അവയില്‍ ചിലതാണ്. ഉദ്യാനങ്ങളായ നിഷാന്ത് ബാഗും ഷാലിമാര്‍ബാഗും ബോട്ടാണിക്കല്‍ ഗാര്‍ഡനുമെല്ലാം സഞ്ചാരികകള്‍ക്ക് മനംകുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിക്കുന്നു.

uploads/news/2018/04/208380/sivadahatrval120418a.jpg

പെഹല്‍ഗാം (Valley of shepherds)


പ്രകൃതി അതിന്റെ എല്ലാ മനോഹാരിതയും ഒരുമിച്ച് കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ച സ്ഥലങ്ങളിലൊന്നാണ് പെഹല്‍ഗാം. ശ്രീനഗറില്‍ നിന്ന് 90 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പെഹല്‍ഗാമിലെത്താം. ബേത്താബ് വാലിയും മിനി സ്വിറ്റ്‌സര്‍ലാന്‍ഡുമെല്ലാം സഞ്ചാരികള്‍ക്ക് മനോഹരമായ ദൃശ്യാനുഭവം പകരുമെന്നതില്‍ സംശയമില്ല.

വഴിയിലുടനീളം ക്രിക്കറ്റ് ബാറ്റുകള്‍ വില്‍ക്കുന്ന കടകള്‍ കാണാം. ബാറ്റ് നിര്‍മ്മാണ ഫാക്ടറികളും കശ്മീരി കുങ്കുമ തോട്ടങ്ങളുമാണ് മറ്റു കാഴ്ചകള്‍.
പെഹല്‍ഗാമില്‍ നിന്ന് അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് കാല്‍ നടയായി പോകാം. അഞ്ച് ദിവസമാണ് ഈ യാത്രയുടെ ദൈര്‍ഘ്യം.

ഗുല്‍മാര്‍ഗ്ഗ് (Meadow of flowers)


കശ്മീരിലെ ബരാമുള്ള ജില്ലയിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രം. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗുല്‍മാര്‍ഗ്ഗിലെത്താം. ഭൂമിയിലെ സ്വര്‍ഗ്ഗമാണ് കശ്മീരെങ്കില്‍ ആ സ്വര്‍ഗ്ഗത്തിലെ മനോഹരമായ താഴ്‌വരയാണ് ഗുല്‍മാര്‍ഗ്ഗ്.

ഒട്ടേറെ ബോളിവുഡ് സിനിമകള്‍ക്ക് ലൊക്കേഷനായ ഈ മനോഹരഭൂമി വര്‍ഷത്തില്‍ ആറുമാസവും മഞ്ഞില്‍ മൂടിക്കിടക്കും. ഇവിടെ സ്ഥിരതാമസക്കാര്‍ കുറവാണെങ്കിലും സഞ്ചാരികള്‍ക്കായി താമസ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് സീസണ്‍. ഐസ് സ്‌കേറ്റിങ്, റോപ് വേ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

സോനാമാര്‍ഗ്


ശ്രീനഗറില്‍ നിന്ന് ലഡാക്ക് റൂട്ടില്‍ 90 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സോനാമാര്‍ഗിലെത്താം. ഇന്ത്യയേയും ചൈനയേയും ബന്ധിപ്പിക്കുന്ന സില്‍ക്ക് റോഡാണിത്. കശ്മീരിലെ ഏറ്റവും സൗന്ദര്യം നിറഞ്ഞ റോഡുകളില്‍ ഒന്നാണിത്.

നീലപുതച്ച നദികളും വശ്യമനോഹരമായ താഴ്‌വാരങ്ങളും മനസ്സിനെ കുളിരണിയിക്കുന്ന ദൃശ്യാനുഭവം സമ്മാനിക്കുന്നു. ആപ്പിള്‍ തോട്ടങ്ങളും പുല്‍മേടുകളുമാണ് ഹൃദ്യമായ മറ്റു കാഴ്ചകള്‍.

വര്‍ഷത്തില്‍ ആറ് മാസം മാത്രമേ ഈ റോഡ് തുറക്കുകയുള്ളു. സോനാമാര്‍ഗില്‍ സ്ഥിരതാമസക്കാര്‍ വളരെക്കുറവാണ്. ടൂറിസ്റ്റ് സീസണില്‍ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള കച്ചവടക്കാരും കുതിരക്കാരും ടാക്സികളും ഹോട്ടലും മാത്രമേയുള്ളൂ.

uploads/news/2018/04/208380/sivadahatrval120418c.jpg

സീസണ്‍


ഏത് കാലാവസ്ഥയിലും കശ്മീരില്‍ പോകാം. വേനലില്‍ കശ്മീരിലെ മഞ്ഞുകളൊക്കെ ഉരുകി നദികളും തടാകങ്ങളും അരുവികളുമൊക്കെ തണുത്ത ജലത്താല്‍ സമൃദ്ധമായിരിക്കും. ഈ സമയത്ത് അസഹനീയമായ ചൂടോ തണുപ്പോ അനുഭവപ്പെടില്ല. ഈ സമയത്താണ് കാര്‍ഗിലേക്കും ലേയിലേക്കുമുള്ള റോഡുകള്‍ തുറക്കുന്നത്. പക്ഷേ മഞ്ഞുകണങ്ങള്‍ വാരിപ്പുതച്ചു നില്‍ക്കുന്ന കശ്മീര്‍ കാണണമെങ്കില്‍ തണുപ്പുസമയത്ത് തന്നെ പോകണം.

KNOW About KASHMIR

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ :-
ശ്രീനഗറും ഗുല്‍മാര്‍ഗ്ഗും സോനാമാര്‍ഗും പെഹല്‍ഗാമുമാണ് കാശ്മീരിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകള്‍. ഗുല്‍മാര്‍ഗിലേക്കും പെഹല്‍ഗാമിലേക്കും സോനാമാര്‍ഗിലേക്കും ഒന്ന്, രണ്ട് മണിക്കൂര്‍കൊണ്ട് എത്താമെന്നതിനാല്‍ ശ്രീനഗറിലെ താമസ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതാവും നല്ലത്. ശ്രീനഗറില്‍ ഹൗസ്‌ബോട്ടിലും ദാല്‍ തടാകക്കരയിലുമായി മികച്ച താമസ സൗകര്യങ്ങളാണുള്ളത്.

How to reach & stay


കശ്മീരിലേക്ക് എളുപ്പവും സുഖകരവുമായി യാത്ര ചെയ്യാന്‍ വിമാനമാര്‍ഗമാണ് ഉചിതം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ ലഭ്യമാണ്. കേരളത്തില്‍ നിന്ന് പോകുന്ന ജമ്മുതാവി എക്സ്പ്രസില്‍ ജമ്മു വഴിയും ശ്രീനഗറിലേക്കും പോകാം. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബ്, ജമ്മു വഴി ബസ്സിലും കാറിലും ശ്രീനഗറില്‍ എത്താം.

താമസ സൗകര്യം : -
ഓണ്‍ലൈന്‍ സൈറ്റുകളില്‍ സെര്‍ച്ച് ചെയ്താല്‍ മികച്ച ഓഫറുകള്‍ നല്‍കുന്ന കാശ്മീരിലെ ഹോട്ടലുകളെക്കുറിച്ച് അറിയാം. trivago.com, yatra.com എന്നീ സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ ഹോട്ടലുകളുടെ മികച്ച പാക്കേജുകള്‍ മനസിലാക്കി മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW