Thursday, June 27, 2019 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Apr 2018 03.15 PM

എന്തു കൊണ്ടാണ് കരോട്ടിന്റെ അളവ് കൂടുന്നത്? ഇത് വൃക്കയെ ഗുരുതരമായി ബാധിക്കുമോ?

ജനറല്‍ മെഡിസിന്‍
uploads/news/2018/04/207808/askdrgenmedicn100418.jpg

ശരീരത്തിലെ നീര് രോഗങ്ങളുടെ ലക്ഷണം


എനിക്ക് 45 വയസ്. നാലു വര്‍ഷം മുമ്പ് എന്റെ ശരീരമാകെ നീരു വന്നുതുടങ്ങി. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആറുവര്‍ഷം മരുന്നു കഴിച്ചു. ധാരാളം മൂത്രം പോകുമായിരുന്നു. പിന്നീട് ജോലിക്കായി ബാംഗ്ലൂരില്‍ പോയി. ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ശരീരം മുഴുവന്‍ കറുത്ത നിറമായിരുന്നു. കണ്ണുകള്‍ക്ക് തിളക്കം നഷ്ടപ്പെട്ടു. തുടര്‍ന്ന് പല മരുന്നുകളും മാറി മാറി കഴിച്ചുനോക്കി. ഒരു രാത്രി കഠിനമായ വയറു വേദനയുണ്ടായി. ഛര്‍ദിച്ചു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച കിടന്നു. ഹൈപവര്‍ പ്രോട്ടീന്‍ തന്നു. രോഗം അല്‍പം കുറഞ്ഞപ്പോള്‍ വീട്ടില്‍ പോയി. പ്രോട്ടീന്‍ അടങ്ങിയ പല മരുന്നുകളും ഉപയോഗിച്ചു. പ്രയോജനമൊന്നും ഉണ്ടായില്ല. ഇനി ഞാന്‍ എന്തു ചെയ്യും?
---------- ശിവന്‍ ,മാലിപ്പുറം

ശരീരമാകെ നീരുവരുന്നതിന് കാരണങ്ങള്‍ പലതാണ്. വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയസംബന്ധമായ സാഹചര്യങ്ങള്‍, അളവു കുറയല്‍, അമിതമായ രക്തക്കുറവ് എന്നിവയെല്ലാം തന്നെ ശരീരത്തില്‍ നീരിനു കാരണമാവാം.

രക്തത്തിലെ ക്രിയാറ്റിന്റെ അളവ്, ലിവര്‍ ഫംങ്ഷന്‍ ടെസ്റ്റ്, ഹിമോഗ്ലോബിന്റെ അളവ്, വയറിന്റെ സ്‌കാന്‍, എക്കോ കാര്‍ഡിയോഗ്രാഫി തുടങ്ങിയ ടെസ്റ്റുകള്‍ വഴി നീരിന്റെ കാരണം കണ്ടെത്താന്‍ കഴിയും.

നീരിനോടൊപ്പമുള്ള അനുബന്ധ പ്രശ്‌നങ്ങള്‍ രോഗത്തിന്റെ കാരണം കണ്ടെത്താന്‍ സഹായിക്കും. എന്നാല്‍ അത്തരം വിവരങ്ങളൊന്നും താങ്കളുടെ കത്തില്‍ വ്യക്തമല്ല. അതുകൊണ്ടുതന്നെ താങ്കളുടെ പ്രശ്‌നത്തില്‍ വ്യക്തമായൊരു ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല.

വയര്‍ വീര്‍ക്കുന്നു വിശപ്പില്ല


എന്റെ സഹോദരനു വേണ്ടിയാണ് ഈ കത്ത്. സഹോദരന് 60 വയസ്. പ്രമേഹ രോഗിയാണ്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ അടുത്ത സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു. തമിഴ്‌നാട്ടില്‍ നടന്ന അപകടത്തില്‍ മൃതദേഹം തിരിച്ചറിയാനും ഏറ്റുവാങ്ങാനും മുന്‍ നിരയിലുണ്ടായിരുന്നത് എന്റെ സഹോദരനായിരുന്നു. അതിനു ശേഷം വീട്ടിലെത്തിയതുമുതല്‍ ക്ഷീണവും മറ്റ് അസ്വസ്ഥകളും അനുഭവപ്പെട്ടു. വയര്‍ വീര്‍ത്തുവരികയും വിശപ്പ് ഇല്ലാതെ വരികയും ചെയ്യുന്നു. ഡോക്ടറെ കണ്ട് പരിശോധന നടത്തിയെങ്കിലും പ്രത്യേക തകരാര്‍ ഒന്നും കണ്ടെത്തിയില്ല. ഗുളിക നല്‍കി. അതു കഴിച്ചപ്പോള്‍ ആശ്വാസമുണ്ടായി. ഇപ്പോള്‍ ഇടയ്ക്കിടെ വയര്‍ വീര്‍ക്കുകയും ക്ഷീണവും അസ്വസ്ഥതകളും ഉണ്ടാകുന്നു. എന്താണ് ഇതിനെല്ലാം കാരണം.?
------- ഗോപാലന്‍ ,മറയൂര്‍

പ്രമേഹരോഗത്തിന്റെ സങ്കീര്‍ണതകള്‍ കൊണ്ട് ഛര്‍ദി, വയര്‍ വീര്‍ക്കല്‍, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. ഇതിനെയാണ് ഡയബറ്റിസ് ഗ്യാസ്‌ട്രോ പാരീസിസ് എന്നു പറയുന്നത്. പ്രമേഹ രോഗം നാഡീ വ്യവസ്ഥകളെ ബാധിക്കുമ്പോള്‍ പ്രത്യേകിച്ച് വയറിലെ നാഡികളെ ബാധിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നത്.

എന്നാല്‍ പ്രമേഹം തുടങ്ങിയിട്ട് എത്രവര്‍ഷമായി, എത്രത്തോളം പ്രമേഹ നിയന്ത്രണമുണ്ട്, നാഡീ വ്യവസ്ഥയെ ബാധിക്കുമ്പോഴുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊന്നും കത്തില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ കൃത്യമായ മറുപടിക്ക് ബുദ്ധിമുട്ടാണ്.

അതുപോലെതന്നെ കത്തില്‍ നിന്നും മനസിലായ കാര്യങ്ങള്‍ വച്ച് മറ്റൊരു സാധ്യത അടുത്ത സുഹൃത്തിന്റെ അപകട മരണം മനസിലേല്‍പ്പിച്ച ആഘാതവും അതുമൂലമുള്ള ടെന്‍ഷനുമാവാം വിശപ്പില്ലായ്മയ്ക്കും ക്ഷീണത്തിനുമുള്ള കാരണം. ഉറക്കക്കുറവ് ഇപ്പോഴത്തെ മാനസികാവസ്ഥ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും എഴുത്തില്‍ പ്രതിപാദിച്ച് കാണുന്നില്ല.

അസിഡിറ്റി, ഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണ പ്രശ്‌നങ്ങള്‍കൊണ്ടും വയര്‍ വീര്‍ത്തു വരികയും വിശപ്പില്ലായ്മയും ഉണ്ടാകാം. അതുപോലെ തന്നെ, പ്രമേഹ രോഗ ചികിത്സയുടെ മരുന്നില്‍ അടുത്ത കാലത്തായി എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നും അറിയേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ, ഒരു ഫിസിഷന്റെ നിര്‍ദേശപ്രകാരം ആവശ്യമായ പരിശോധന നടത്തി രോഗകാരണം കണ്ടെത്തി ചികിത്സിക്കുന്നതാവും ഉചിതം.

കരോട്ടിന്‍ കുറവ്


ഡയബറ്റിക്ക് രോഗിയാണ്. വയസ് 53. ഒരു മാസം മുന്‍പ് രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശരീരത്ത് കരോട്ടിന്റെ അളവ് കൂടുതലാണെന്ന് മനസിലായി. വിശദമായ പരിശോധനയില്‍ വൃക്കക്ക് തകരാറുണ്ടെന്നു അറിയാന്‍ കഴിഞ്ഞു. എന്തു കൊണ്ടാണ് കരോട്ടിന്റെ അളവ് കൂടുന്നത്? ഇത് വൃക്കയെ ഗുരുതരമായി ബാധിക്കുമോ?
------- അബ്ദുള്‍ നാസര്‍ ,തലശേരി

ദീര്‍ഘകാലമായി പ്രമേഹരോഗമുള്ളവരിലും സാധാരണ കാണുന്ന സങ്കിര്‍ണ്ണതകളാണ് ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍, വൃക്കകളുടെ പ്രവര്‍ത്തനവൈകല്യം, കൈകാലുകളിലെ നാഡികളുടെ പ്രവര്‍ത്തന വൈകല്യം എന്നിവ.

പ്രമേഹരോഗത്തിന്റെ പ്രാരംഭ ദിശയില്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാത്തവര്‍ അതിന് കൊടുക്കേണ്ട വില ഹൃദയാഘാതമോ മസ്തിഷ്‌കാഘാതമോ മറ്റോ ആവാം എന്നര്‍ത്ഥം. അനിയന്ത്രിതമായ പ്രമേഹരോഗം തന്നെയാണ് വൃക്കകളുടെ പ്രവര്‍ത്തന വൈകല്യത്തിന് പ്രധാന കാരണം.

രക്ത്തിലെ കരോട്ടിന്റെ അളവ് കൂടുന്നത് പ്രമേഹരോഗികളില്‍ വൃക്കകളുടെ പ്രവര്‍ത്തന വൈകല്യത്തിന് കാരണമാവാറില്ല. മറിച്ച് പ്രമേഹരോഗവും വൃക്കകളുടെ പ്രവര്‍ത്തന വൈകല്യവും രക്തത്തില്‍ കരോട്ടിന്റെ അളവ് കൂടാന്‍ കാരണമാവുന്നു. രക്തത്തില്‍ കരോട്ടിന്റെ അളവ് കൂടുന്നതിനുള്ള കാരണങ്ങളെ പൊതുവെ രണ്ടായി തിരിക്കാം.

കാരറ്റോ അതുപോലെ കരോട്ടിന്‍ കൂടുതല്‍ അടങ്ങിയ പച്ചക്കറികളോ അധികമായി കഴിക്കുന്നതു വഴി രക്തത്തിലെ കരോട്ടിന്റെ അളവ് കൂടാം. അതുപോലെ ചില രോഗാവസ്ഥയിലും കരോട്ടിന്റെ അളവ് കൂടാം-പ്രമേഹം, തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍, കരള്‍ സംബന്ധമായ രോഗം, രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ വൃക്കസംബന്ധമായ രോഗങ്ങള്‍ എന്നിവയെല്ലാം.

വൃക്കകളുടെ പ്രവര്‍ത്തന വൈകല്യം കരോട്ടിന്‍ ശരീരത്തില്‍നിന്ന് പുറം തള്ളപ്പെടുന്നതിന്റെ അളവ് കുറയുന്നതിനാലാണ് രക്തത്തിലെ കരോട്ടിന്റെ അളവ് കൂടുന്നത്. രക്തം ഛര്‍ദിച്ചു എന്നതിന്റെ വിശദവിരങ്ങള്‍ കത്തില്‍ പറയുന്നില്ല. എങ്കിലും ഒരു കാര്യം സൂചിപ്പിക്കട്ടെ. കരള്‍ സംബന്ധമായ പ്രശ്‌നമുള്ളവരില്‍ രക്തം ഛര്‍ദിക്കുന്ന പ്രശ്‌നം കാണാറുണ്ട്.

കരള്‍ സംബന്ധമായ രോഗങ്ങള്‍ പ്രമേഹത്തിനും വൃക്കരോഗങ്ങള്‍ക്കും പുറമെ രക്തത്തിലെ കരോട്ടിന്റെ അളവ് കൂടാനുള്ള മറ്റൊരു കാരണമാണ്. ഇത് കരോട്ടിന്റെ അളവ് കൂടാന്‍ കാരണമാകുന്നു.

പ്രമേഹവും വൃക്ക സംബന്ധമായ പ്രശ്‌നവും കൂടാതെ മറ്റ് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുകയും പ്രമേഹരോഗവും വൃക്ക സംബന്ധമായ പ്രശ്‌നവും നിയന്ത്രണ വിധേയമാക്കുകയും ചെയ്യുകയാണ് വേണ്ടത്.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW