Tuesday, March 05, 2019 Last Updated 21 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 09 Apr 2018 12.54 PM

ഞാന്‍ ന്യൂഡ് ആയി അഭിനയിച്ചിട്ടുണ്ട്, എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും- കനി തുറന്നു പറയുന്നു

മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ഒരു പെണ്ണ് തന്റെ ആദ്യ ലൈംഗികാനുഭവം മുതല്‍ തുറന്നു പറയുന്ന വേഷത്തിലൂടെ യൂട്യൂബിനെ ആളിക്കത്തിച്ച കുസൃതി. മലയാളത്തിലാദ്യമായി പരിപൂര്‍ണനഗ്നയായി അഭിനയിച്ച നടി. കനിയുടെ ഓരോ വേഷവും ഫോട്ടോ ഷൂട്ടും ഓരോ ബോംബാണ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായും അഭിനേത്രിയായുമൊക്കെ വ്യത്യസ്തയായി തിളങ്ങുന്ന കനിയുമൊത്ത് ഇത്തിരി നേരം...
uploads/news/2018/04/207515/kanikusudhi090418c.jpg

ടീനേജുകാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിയുന്ന അമ്മ എന്തു ചെയ്യും? അവളുടെ സ്വപ്നങ്ങളും കുടുംബത്തിന്റെ അഭിമാനവും കണക്കിലെടുക്കുന്ന ഒരമ്മ എന്തു തീരുമാനമെടുക്കും?

ഇതുപോലെയുള്ള കുറെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നല്‍കിയ തമിഴ് ഹ്രസ്വചിത്രമാണ് മാ. അതില്‍ ശക്തയായ അമ്മ വേഷമവതരിപ്പിച്ച നടിയാണ് കനി, കനി കൂസൃതി. കേരളത്തിലെ ആദ്യ കോ ഹാബിറ്റേഷന്‍ ദമ്പതികളായ മൈത്രേയന്റെയും ഡോ.ജയശ്രീയുടെയും മകള്‍.

മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ഒരു പെണ്ണ് തന്റെ ആദ്യ ലൈംഗികാനുഭവം മുതല്‍ തുറന്നു പറയുന്ന വേഷത്തിലൂടെ യൂട്യൂബിനെ ആളിക്കത്തിച്ച കുസൃതി. മലയാളത്തിലാദ്യമായി പരിപൂര്‍ണനഗ്നയായി അഭിനയിച്ച നടി. കനിയുടെ ഓരോ വേഷവും ഫോട്ടോ ഷൂട്ടും ഓരോ ബോംബാണ്.

ഒരു മലയാളി പെണ്‍കുട്ടിക്ക് സ്വപ്നം കാണാനാവാത്ത സ്വാതന്ത്ര്യത്തിലാണ് കനി വളര്‍ന്നത്. അതുകൊണ്ടു തന്നെ ബോള്‍ഡായ അഭിപ്രായങ്ങളും തീരുമാനങ്ങളും പെരുമാറ്റവുമൊക്കെയാണ് കനിയുടേത്. കേരള കഫേയിലെ സേബയും ഒരു ഇന്ത്യന്‍ പ്രണയകഥയിലെ പോലീസ് കമ്മീഷണറും ഈശ്വരന്‍ സാക്ഷിയായി സീരിയലിലെ വക്കീല്‍ വേഷവുമൊക്കെ കനിയെ പ്രേക്ഷകര്‍ ഓര്‍ത്തു വയ്ക്കുന്ന കഥാപാത്രങ്ങളില്‍ ചിലതു മാത്രം.

അച്ഛനെ പേരും അമ്മയെ ചേച്ചിയെന്നും വിളിക്കാന്‍ ശീലിച്ച, പ്രായപൂര്‍ത്തിയായപ്പോള്‍ മുതല്‍ സ്വന്തം ജീവിതം സ്വന്തമിഷ്ടപ്രകാരം ജീവിക്കുന്ന കനിയുടെ നിലപാടുകളും അഭിപ്രായങ്ങളും.

മാ... വളരെയധികം ശ്രദ്ധിക്കപ്പെട്ടല്ലോ...?


ആ കഥാപാത്രം ഞാന്‍ തെരഞ്ഞെടുത്തതല്ല. സംവിധായകന്‍ സര്‍ജുന്‍ കഥ പറഞ്ഞപ്പോള്‍ താത്പര്യം തോന്നി. ഒരു ടീനേജ് പെണ്‍കുട്ടി ഗര്‍ഭിണിയായ ശേഷമുള്ള കാര്യങ്ങളാണതില്‍. നല്ല സിനിമയാണെങ്കിലും സെക്‌സിന്റെ ഒരു ആംഗിള്‍ മാത്രം പറയുന്നതില്‍ എനിക്കല്പം പ്രശ്‌നമുണ്ടായിരുന്നു.

സെയ്ഫ് സെക്‌സിനെക്കുറിച്ചും, എങ്ങനെയാണ് കണ്‍സീവ് ചെയ്യുക എന്നതിനെക്കുറിച്ചും സെക്‌സ് എജ്യൂക്കേഷന്‍ എന്ന രീതിയില്‍ പറയാം. ഈ സിനിമയില്‍ അത്രയ്‌ക്കൊന്നുമില്ല.

എന്തെങ്കിലും സംഭവിച്ചു പോയാല്‍ എന്താണ് ചെയ്യേണ്ടതെന്നു മാത്രമാണതില്‍ പറയുന്നത്.ഇതാണ് ലൗ എന്ന് നെനച്ചേ ന്‍ എന്നു പറയുന്ന ഒരു രംഗമിതിലുണ്ട്. കുട്ടികള്‍ അറിയാതിരിക്കുന്നതാണ് വലിയ പ്രശ്‌നം. ആ ആസ്‌പെക്ട് ഇതിലില്ല. ഇതേ പശ്ചാത്തലത്തില്‍ മറ്റു കാര്യങ്ങള്‍ ഉള്‍പ്പെടുത്താനാകുമെന്ന് സംവിധായകനോട് പറഞ്ഞിരുന്നു. പക്ഷേ എല്ലാം കൂടി ഒരു സിനിമയില്‍ പറയാന്‍ പറ്റില്ലല്ലോ.

സെക്‌സ് എജ്യൂക്കേഷന്‍ സിനിമയായിരുന്നെങ്കില്‍ ഇത്ര സ്വീകാര്യത കിട്ടുമോ?


ഈ ചോദ്യത്തില്‍ പ്രസക്തിയില്ല. ലോകത്തുള്ള എന്തും നല്ല രീതിയില്‍ പ്രസന്റ് ചെയ്യാനാവില്ലേ? കുട്ടികള്‍ക്ക് സെക്‌സ് എന്താണെന്നറിയില്ല. എന്തിന് വിവാഹിതകള്‍ക്കു പോലും സെക്‌സ് ശരിക്കറിയില്ല. സെക്‌സിനെക്കുറിച്ചുള്ള ശരിയായ ഇന്‍ഫോര്‍മേഷന്‍ കൃത്യമായി ലഭ്യമല്ലെന്നതാണ് പ്രശ്‌നം.

മുതിര്‍ന്നവരോടു സെക്‌സിനെപ്പറ്റി ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കില്ല. അതുകൊണ്ടവര്‍ സംശയങ്ങള്‍ മനസ്സിലടക്കും. അരുത്് എന്നു വിലക്കുന്ന എന്തും ചെയ്യാന്‍ കുട്ടികള്‍ക്ക് സ്വാഭാവിക ജിജ്ഞാസയുണ്ടാകും. അതിനു പകരം ഇന്നതാണ് സെക്‌സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നു തുറന്നു പറയുക.

uploads/news/2018/04/207515/kanikusudhi090418b.jpg

അതിനു ചില അതിര്‍വരമ്പുകളില്ലേ ?


ആര്‍ട്ട് എന്നതിന്റെ സാധ്യതയും പ്രശ്‌നവും, വേര്‍തിരിക്കലാണ്. കാണുന്നവര്‍ക്ക് അവരുടെ രീതിയില്‍ അതിനെ വ്യാഖ്യാനിക്കാം. പഠനക്ലാസു പോലെ കുട്ടികള്‍ക്ക് വേണ്ടി ഡോക്യൂമെന്ററി ചെയ്യാം. അറിയാവുന്ന ഒരാള്‍ സംഭാഷണ വിഷയമായി എടുക്കേണ്ട ഒന്നാണ് സെക്‌സ് എജ്യുക്കേഷന്‍.

അങ്ങനെയെങ്കില്‍ എങ്ങനെ? എന്ന തരത്തിലുള്ള പല ചോദ്യങ്ങളും ലൈവായി ചോദിക്കേണ്ട ഒരു വിഷയമാണിത്. അതിന് സിനിമ പറ്റില്ല. ദൃശ്യമാധ്യമത്തില്‍ ഡോക്യൂമെന്ററിയാക്കാം, അത്രേയുള്ളു.

മാ യില്‍ അബോര്‍ഷന്റെ മാനസിക സാമൂഹിക അവസ്ഥയാണ് കാണിക്കുന്നത്. അതുപോലെ സെക്‌സ് എജ്യൂക്കേഷന്റെയും സാമൂഹിക അവസ്ഥ പറയാം. സിനിമയെടുക്കാനറിയാവുന്നവര്‍ക്ക് നന്നായും മോശം സിനിമയെടുക്കുന്നവര്‍ക്ക് അങ്ങനെയും അതുണ്ടാക്കാം. സിനിമ എടുക്കാനറിയാത്തവര്‍ ഏതു വിഷയമെടുത്താലും പൊട്ടയായിരിക്കും.

സെക്‌സ് എജ്യൂക്കേഷന്റെ പ്രാധാ ന്യം, എന്താണ് സെക്‌സ്, അനുവാദമില്ലാതെ ഒരാള്‍ ശരീരത്തില്‍ തൊടരുത് തുടങ്ങി സെക്‌സിനെക്കുറിച്ച് പല വശങ്ങളുമുണ്ട്. അതു പറയുന്ന സിനിമകളെടുക്കാം. പോസിബിളാണ്. എന്നാല്‍ പോണ്‍ സിനിമകളി ല്‍ 90 ശതമാനവും അതിശയോക്തിയാണ്.

സെക്‌സ് എജ്യൂക്കേഷനിവിടെ നടക്കുന്നില്ലേ?


നടക്കുന്നുണ്ടോ? എനിക്ക് തീരെ ഉറപ്പില്ല. സ്‌കൂളില്‍ നടക്കേണ്ടതാണത്. കുട്ടികളോട് ചോദിച്ചാല്‍ അതിനുത്തരം കിട്ടും. ചെറുപ്രായത്തില്‍ സെക്‌സ് എജ്യൂക്കേഷന്‍ കൊടുക്കണം. ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് എത്രത്തോളം പറഞ്ഞു കൊടുക്കണമെന്നറിയാവുന്ന, പരിശീലനം നേടിയവരുണ്ട്. ജെന്‍ഡര്‍ എജ്യൂക്കേഷന്‍ അതാണ്. മര്യാദയ്ക്ക് അതു പറഞ്ഞു കൊടുത്ത്, ചുമതല നിര്‍വ്വഹിക്കണം.

അച്ഛനും അമ്മയ്ക്കും കുറച്ചൊക്കെ പറഞ്ഞു കൊടുക്കാം. അച്ഛനോടും അമ്മയോടും എന്തും തുറന്നു പറയാനുള്ള സ്‌പേസ് കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുക എന്നതും അത്യാവശ്യമാണ്.

കനിക്ക് ആ സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടല്ലോ?


തീര്‍ച്ചയായും. അച്ഛനെ ഞാന്‍ പേരാണ് വിളിക്കുന്നത്. അമ്മയെയും പേരു വിളിച്ചെങ്കിലും പിന്നീടത് ചേച്ചിയെന്നായി. മൈത്രേയനും അമ്മ ജയശ്രീയും എന്തും തുറന്നു പറയാനുള്ള സ്‌പേസെനിക്കു തന്നിട്ടുണ്ട്.

നമ്മുടെ ശരീരമെന്താണെന്ന് തിരിച്ചറിയേണ്ടത് സ്വാതന്ത്ര്യമല്ല, അവകാശമാണ്. നടക്കാന്‍ പഠിക്കുന്നു, കൈയുണ്ട്,കാലുണ്ട്, കണ്ണുണ്ട് എന്നൊക്കെ പഠിക്കും പോലെ, ഭാഷ പഠിക്കും പോലെ അറിയേണ്ട ഒരു കാര്യമാണത്. സത്യത്തില്‍ സ്വാതന്ത്ര്യമെന്നത് ഒരേ സമയത്ത് ഉത്തരവാദിത്വവും റിസ്‌കുമാണ്. സ്വാതന്ത്ര്യം എന്നതിലുപരി ആ അവകാശം തിരിച്ചറിഞ്ഞാണ് ഞാന്‍ വളര്‍ന്നത്. മൈത്രേയനും ജയശ്രീചേച്ചിയും കൂടുതല്‍ സ്വാതന്ത്ര്യം തന്നിട്ടുണ്ടോയെന്നറിയില്ല.

കനി എന്ന പേരില്‍ തന്നെ കുസൃതിയുണ്ട് ?


അച്ഛനും അമ്മയുമിട്ട പേരാണത്. ജാതിയോ മതമോ വേണ്ടെന്നു മൈത്രേയനും ജയശ്രീചേച്ചിയും തീരുമാനിച്ചിരുന്നു. ആ പേരില്‍ സ്‌കൂളില്‍ ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. പേരിനൊപ്പം ഇനിഷ്യല്‍ വേണമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞൂ.

അപ്പോള്‍ ജയശ്രീചേച്ചി മനസ്സില്‍ തോന്നിയ അക്ഷരംപറഞ്ഞു, കെ. കെ യുടെ വിപുലീകരണം എന്താകണമെന്ന് ഞങ്ങള്‍ വീട്ടിലിരുന്നാലോചിച്ചു. കള്ളി, കുസൃതി എന്നൊക്കെ തമാശയ്ക്ക് പറഞ്ഞതാണ്. ഞാനത് സീരിയസ്സാക്കി. കെ അങ്ങനെ കുസൃതിയായി. പാസ്‌പോര്‍ട്ടിലും അങ്ങനെയാണ്. പക്ഷേ എല്ലാവരും കനിയെന്നാണ് വിളിക്കുന്നത്.

കലാവാസന ചെറുപ്പത്തിലുണ്ടായിരുന്നോ?


കുഞ്ഞായിരിക്കെ ഒതുങ്ങിയ പ്രകൃതമായിരുന്നു എന്റേതെന്നാണ് കേട്ടിട്ടുള്ളത്. പിന്നീട് ആക്ടീവായി. സൗഹൃദങ്ങളും ഒട്ടനവധിയുണ്ട്, അവരുമായി ഇന്നും അടുപ്പമുണ്ട്. കലാകാരിയാകുമെന്നൊരിക്കലും തീരുമാനിച്ചിരുന്നില്ല, ആകസ്മികമായെത്തി യതാണ്. സ്‌കൂള്‍ മുതല്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്.

സംസ്‌കൃതം പഠിച്ചത് കൊണ്ട് കാവാലം സാറിന്റെ നാടകമാണ് കൂടുതല്‍ ചെയ്തത്. 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ തിരുവനന്തപുരം അഭിനയ തിയേറ്റര്‍ ഗ്രൂപ്പില്‍ നാടകം കളിച്ചു തുടങ്ങി. നാലഞ്ചു വര്‍ഷം കഴിഞ്ഞ് നാടകേത്താട് കൂടുതല്‍ താത്പര്യമായി. വിശദമായി പഠിക്കാന്‍ പാരീസിലെ ജാക്ക്വസ് ലീക്കോക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തിയേറ്ററില്‍ ചേര്‍ന്നു.

uploads/news/2018/04/207515/kanikusudhi090418a.jpg

സിനിമാ താത്പര്യം വന്നത് ?


സിനിമയോട് ഒരിക്കലും താത്പര്യം തോന്നിയിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലോഹിതദാസ് സാറിന്റെയൊക്കെ സിനിമയില്‍ ഓഫര്‍ വന്നിരുന്നു. ഒരിക്കലൊരു സിനിമയില്‍ അഭിനയിക്കാനും പോയി. അന്നത് കംഫര്‍ട്ട് സോണായി തോന്നിയില്ല.

സംഭാഷണം പഠിച്ച് മാസങ്ങള്‍ റിഹേഴ്‌സ് ചെയ്ത് വേദിയിലെത്തിക്കുന്ന നാടകത്തിന്റെ ഫ്‌ളോ സിനിമയ്ക്ക് കിട്ടിയില്ല. പിന്നെ 10 വര്‍ഷത്തോളം സിനിമയിലേക്ക് നോക്കിയതേയില്ല. കുറെ നാള്‍ കഴിഞ്ഞ് ശങ്കര്‍ രാമകൃഷ്ണന്റെ കേരള കഫേയില്‍ ഒരു വേഷം കിട്ടി. പിന്നീട് നേരിട്ടറിയാവുന്നവര്‍ വിളിച്ചപ്പോള്‍ ശിക്കാര്‍, കോക്ക്‌ടെയ്ല്‍, ഉറുമി, കര്‍മയോഗി, ഒരു ഇന്ത്യന്‍ പ്രണയകഥ, നോര്‍ത്ത് 24 കാതം, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നിങ്ങനെ പല സിനിമകളും ചെയ്തു.

ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലും സംവിധായകനോടുള്ള സൗഹൃദം കൊണ്ട് ചെയ്തതാണ്. നിശ്ചിത വരുമാനവും അതില്‍ കിട്ടി. 100 എപ്പിസോഡുള്ള സീരിയലാണെന്നതും സ്വീകരിക്കാന്‍ കാരണമായി. തമിഴിലും സിനിമകളും ഹ്രസ്വചിത്രങ്ങളും ചെയ്തു. മലയാളത്തില്‍ ഷാജി എന്‍.കരുണിന്റെ ഓള് എന്ന സിനിമയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. രണ്ടുമൂന്നു വര്‍ഷമായാണ് ഈ മീഡിയം കൊള്ളാമെന്നും ചെയ്യാന്‍ പറ്റുമെന്നും തോന്നിയത്.

കഥാപാത്രങ്ങളില്‍ വ്യത്യസ്തത പുലര്‍ത്താറില്ലേ?


ഇല്ല. ഞാനൊരു സംവിധായിക അല്ലല്ലോ. ആണെങ്കില്‍ അങ്ങനൊരു ശ്രമം നടത്തുന്നു എന്നു പറയാം. എന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങള്‍ നല്ലതെന്നു തോന്നിയാല്‍ സ്വീകരിക്കുന്നു, അത്രമാത്രം. അവരെനിക്ക് കാശു തരുന്നു, അതെന്റെ ജോലിയാണ്. അതുകൊണ്ട് ചെയ്യുന്നു.

ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളല്ലേ സ്വീകരിക്കുക? ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്ന വേഷമേ ഞാന്‍ സ്വീകരിക്കൂ. ഭക്ഷണം വാങ്ങാനും വാടക കൊടുക്കാനുമുള്ള പൈസ കിട്ടുന്നതു കൊണ്ട് ചിലതൊക്കെ സ്വീകരിക്കുന്നു. ചില കഥാപാത്രങ്ങള്‍ ഒഴിവാക്കി വിടാറുമുണ്ട്. കംഫര്‍ട്ടായിട്ടുള്ള സംവിധായകനും കഥയുമാണെങ്കില്‍, കുഴപ്പമില്ലാത്ത വേതനം തരുമെങ്കില്‍... സ്വീകരിക്കും.

മെമ്മറീസ് ഓഫ് മെഷീന്‍ വിവാദമായല്ലോ ?


മെമ്മറീസ് ഓഫ് മെഷീന്‍ പങ്കുവയ്ക്കുന്നത് തുറന്ന് പറച്ചിലിലെ നന്മകളാണ്. മലയാളത്തിലുള്ള ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ഷൈലജ പടിന്തല എന്ന കര്‍ണാടകക്കാരിയാണ്. 9.46 മിനിറ്റുള്ള ചിത്രത്തില്‍ ഞാന്‍ മാത്രമേ ക്യാമറയ്ക്ക് മുന്നില്‍ വരുന്നുള്ളൂ. തന്റെ ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് പറയാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുന്നതാണത്.

ഇത്ര മനോഹരമായ ആഖ്യാന ശൈലിയിലൂടെ മലയാളത്തിലതാരും പറഞ്ഞിട്ടുണ്ടാവില്ല. ഒരു അശ്ലീല ധ്വനിയും ഇല്ലാതെ, നിഷ്‌കളങ്കമായിട്ടാണാ സംഭവം വിവരിക്കപ്പെടുന്നത്. വാണിജ്യ സിനിമകളുടെ കാര്യത്തിലും വളരെ തുറന്ന നിലപാടാണെനിക്ക്.

ഞാനും സംവിധായികയും തമ്മിലുള്ള കെമിസ്ട്രി നല്ലതാണെങ്കില്‍ എനിക്ക് ഏത് കഥാപാത്രത്തെയും ചെയ്യാനാകും. ചില കാര്യങ്ങളില്‍ വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും സംവിധായിക ആവശ്യപ്പെട്ടതു ഞാന്‍ ചെയ്യാന്‍ ശ്രമിച്ചു.

സിനിമയില്‍ സ്ത്രീക്ക് പ്രാധാന്യം കിട്ടുന്നുണ്ടോ?


പുരുഷ കഥാപാത്രങ്ങളാണ് ഒരു സിനിമയ്ക്ക് ആവശ്യമെങ്കില്‍ അതിനാവണം പ്രാധാന്യം. എന്നാല്‍ ബുദ്ധിമാനായ പ്രേക്ഷകന് അതില്‍ സ്ത്രീ കഥാപാത്രങ്ങളുടെ വശം കൂടി അറിഞ്ഞിരുന്നെങ്കിലെന്ന് തോന്നാം. സ്ത്രീകള്‍ എവിടെ പോയി, കാണിച്ചില്ലല്ലോ എന്നൊക്കെ ചില സിനിമ കാണുമ്പോള്‍ തോന്നാറുണ്ട്.

നായകനെ ചുറ്റിപ്പറ്റി ഒന്നു രണ്ടു പേര്‍. അവരുടെ കഥ. അങ്ങനെ ചില സിനിമകള്‍ സംഭവിക്കും. ചില സിനിമകളില്‍ ഒരു വ്യക്തി മാത്രമേയുള്ളോയെന്നു തോന്നും. സ്ത്രീകളുടെ സ്‌ക്രീന്‍ പ്രെസന്‍സ് വേണമെന്നു തോന്നുകയും അതില്ലാതെ വരുകയും, മറ്റു കഥാപാത്രങ്ങളുടെ ഡീറ്റൈയ്‌ലിംഗ് സ്ത്രീകള്‍ക്കു കൊടുക്കാതെയിരിക്കുകയും ചെയ്യുമ്പോള്‍ സങ്കടം വരും. നായകന്റെ വശം മാത്രമല്ലാതെ എല്ലാവരുടെയും വശങ്ങള്‍ വരുന്നതാണ് നല്ലതെന്നു തോന്നിയിട്ടുണ്ട്.

അടുത്തിടെ അതിനു മാറ്റം വന്നിട്ടില്ലേ?


ഉണ്ട്. അതിനുദാഹരണങ്ങളാണ് ഈടയിലെ നിമിഷയുടെയും മായാനദിയിലെ ഐശ്വര്യയുടെയും കഥാപാത്രങ്ങള്‍. അവര്‍ക്കതില്‍ നായകന്മാര്‍ക്കൊപ്പം പ്രാധാന്യമുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അന്നയും റസൂലുമൊക്കെ ഈ ഗണത്തില്‍ പെടുന്നു. പ്രേക്ഷക എന്ന നിലയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ആ സിനിമകള്‍ ഇടം നല്‍കിയതായി തോന്നി. ഇപ്പോള്‍ വീണ്ടും വൈവിധ്യമുള്ള നല്ല സിനിമകള്‍ വരുന്നു.

സിനിമയില്‍ സ്ത്രീ സുരക്ഷിതരല്ലേ ?


സ്ത്രീക്ക് സിനിമയില്‍ മാത്രമാണോ സുരക്ഷിതത്വം വേണ്ടത് ? എല്ലാ മേഖലകളിലും അരക്ഷിതത്വം ഉണ്ട്.
സ്ത്രീ ചെയ്യുന്ന എല്ലാ ജോലിയും പുരുഷനോ, പുരുഷന്‍ ചെയ്യുന്ന ജോലികളെല്ലാം സ്ത്രീക്കോ ചെയ്യാനാവില്ല. അതു പക്ഷേ വിരലിലെണ്ണാവുന്നതേതേയുള്ളൂ. ഒരു സ്ത്രീയെങ്കിലും മുഖ്യമന്ത്രിയായിട്ടുണ്ടോ? ഭരണം സ്ത്രീക്കു വഴങ്ങാത്തതു കൊണ്ടല്ലിത്. ചില മേഖലകളില്‍ സ്ത്രീകള്‍ കുറവായതാണ് പ്രശ്‌നം. ജോലി പോകാതിരിക്കാന്‍, പലപ്പോഴും നിലനില്‍പ്പിന്റെ പേരിലാണ് ചൂഷണം.
uploads/news/2018/04/207515/kanikusudhi090418.jpg
കനി കുസൃതി അച്ഛന്‍ മൈത്രേയനും അമ്മ ജയശ്രീക്കുമൊപ്പം

തൊഴിലിടങ്ങളില്‍ പണ്ടത്തേക്കാള്‍ സ്ത്രീ സാന്നിധ്യം കൂടിയെങ്കിലും സിനിമയില്‍ വിരലിലെണ്ണാവുന്ന സംവിധായികമാരല്ലേയുള്ളൂ? സ്ത്രീ ഛായാഗ്രാഹകര്‍ ഇല്ലെന്നു തന്നെ പറയാം. അഭിനയത്തില്‍ മാത്രമാണ് സ്ത്രീയുള്ളത്. മറ്റു മേഖലകളിലും കൂടുതല്‍ സ്ത്രീകള്‍ വന്നാല്‍ പ്രശ്‌നത്തിന് പരിഹാരമാകും. അരക്ഷിതാവസ്ഥ എവിടെയുമെന്നപോലെ സിനിമയിലുണ്ടാകും. എനിക്കതേക്കുറിച്ചധികമറിയില്ല.

സ്ത്രീ സുരക്ഷ സങ്കീര്‍ണ്ണ പ്രശ്‌നമാണ്, അതിങ്ങനെ ലാഘവത്തോടെ പറയേണ്ടതല്ല. രാത്രിയുടെ സൗന്ദര്യം നേരിട്ടറിയാത്ത എത്രയോ പെണ്‍കുട്ടികള്‍ ഇന്നും നാട്ടിലുണ്ട്. ധൈര്യത്തോടെ ഇറങ്ങിനടക്കാനും സ്വതന്ത്ര്യമായി ജീവിക്കാനും പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞാല്‍ എല്ലാം മാറും.

മാറ്റത്തിന് തുടക്കം വരേണ്ടത് ?


സ്‌കൂളുകളില്‍ നിന്നു തന്നെ. ക്ലാസില്‍ ആണും പെണ്ണും വെവ്വേറെയിരിക്കുക എന്ന ചിന്ത തന്നെ മാറണം. അതിശയോക്തിയോടെയാണിവര്‍ പരസ്പരം നോക്കുന്നതും സംസാരിക്കുന്നതും. നല്ല സ്ത്രീ സുഹൃത്തുക്കളുള്ള എത്ര പുരുഷന്മാര്‍ നമുക്കിടയിലുണ്ട്, മറിച്ചും?

ഞരമ്പുരോഗികള്‍ എല്ലാ സമൂഹത്തിലുമുണ്ട്. നമ്മുടെ നാട്ടിെല 90% ആക്രമണങ്ങളും ഫ്രസ്േ്രടഷനില്‍ നിന്നാണ്. പെണ്‍സൗഹൃദമില്ലായ്മ, വിവാഹശേഷം മാത്ര മുള്ള ലൈംഗീകാനുഭവം ഒക്കെ കാരണങ്ങളാണ്. കിട്ടുന്ന അവസരത്തില്‍ ആരെയും കേറി പിടിക്കുക എന്ന അവസ്ഥ. അനാവശ്യ സദാചാരവും അമിത നിയന്ത്രണവും കാരണമാണത്. കുഞ്ഞിനും അമ്മൂമ്മയ് ക്കും അരക്ഷിതാവസ്ഥയുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്.

എങ്ങനെ പ്രതികരിക്കണമെന്നറിയാത്തതാണ് പ്രശ്‌നം. ഒരാള്‍ മോശമായി പെരുമാറിയാല്‍ അതേനാണയത്തില്‍ പ്രതികരിക്കേണ്ട എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ചിലപ്പോള്‍ ഞാന്‍ അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കും. ചുറ്റുപാടും അന്തരീക്ഷവും പോലെയാണ് ഓരോരുത്തരുടെ പെരുമാറ്റം. യാഥാസ്ഥിതികരില്‍ നിന്നാണ് മിക്കപ്പോഴും അരക്ഷിതാവസ്ഥയുണ്ടാകുന്നതെന്ന് തിരിച്ചറിയണം.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ?


ചിലര്‍ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്. പക്ഷേ അവരുടെ അനുവാദമില്ലാതെ പറയാ ന്‍ താത്പര്യമില്ലാത്തതു കൊണ്ട് സംസാരിക്കുന്നില്ല. എനിക്കും ചില ലേറ്റ്‌നൈറ്റ് ഫോ ണ്‍കോളുകളും മറ്റും വന്നിട്ടുണ്ട്. വേറൊരു തരത്തില്‍ ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്തില്ലെങ്കില്‍ പിന്നീട് വര്‍ക്ക് വരാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അവരെ എന്‍കറേജ് ചെയ്യാതെ വിടുമ്പോള്‍ വര്‍ക്കുകളും ഇല്ലാതായിട്ടുണ്ട്. ബട്ട് ഐ ഡോണ്ട് കെയര്‍.

ഇടയ്ക്കു ഗ്ലാമര്‍ മോഡലിംഗും ചെയ്തു?


മോഡലിംഗ് ഒരു ഹോബി മാത്രമാണ്. സുഹൃത്ത് അഞ്ജലി രസകരമായ ആംഗിളില്‍ ഫോട്ടോഷൂട്ടിനെക്കുറിച്ച് പറഞ്ഞു. തീര്‍ത്തും വ്യത്യസ്തമായ ഫാഷന്‍ ഷൂട്ടായിരുന്നു അത്. അങ്ങനെ തന്നെയാണ് ഫോര്‍വേഡ് ലൈഫിലേതും ചെയ്തത്. ഗ്ലാമറസ്സ്, എക്‌സ്‌പോസ് എന്നിവയൊന്നും അതില്‍ നോക്കേണ്ട കാര്യമില്ല. ചിലര്‍ ഫോട്ടോഷൂട്ടില്‍ ഹോട്ട് ലുക്കാണെന്ന് പറയാറുണ്ട്. എന്താണ് ഈ ഹോട്ട് ലുക്ക്? അല്‍പ്പം ശരീരഭാഗം കാണിക്കുന്നതാണോ ഹോട്ട് ലുക്ക്?

നാണം കുണുങ്ങിയായിരുന്നു ഞാന്‍. ഉടുപ്പുമാറുന്നത് ലൈറ്റണച്ചിട്ടായിരുന്നു. എന്നെ ഞാന്‍ പോലും കാണരുത് എന്നായിരുന്നു. ഒരു ദിവസം എന്റെ നാണമങ്ങ് പോയി. അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത്, ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല.

ഞാന്‍ ന്യൂഡ് ആയി അഭിനയിച്ചിട്ടുണ്ട്. അതെന്റെ ജോലിയാണ്, ജോലിയോട് 100% ആത്മാര്‍ഥത പുലര്‍ത്തേണ്ടതുകൊണ്ടാണത് ചെയ്യുന്നത്. എനിക്കതൊന്നും പ്രശ്നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും.

ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുക. അതില്‍ ആരേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. എന്തു ധരിക്കണം, ധരിക്കേണ്ട എന്നത് തീര്‍ത്തും വ്യക്തിപരമാണ്. അതെന്തിന് എന്നു മറ്റൊരാള്‍ ചോദിക്കേണ്ടതില്ല.

ഒരിക്കലും വേറൊരാളോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണത്. സാരിയോ, പര്‍ദയോ എന്തിനിട്ടു എന്ന് ഞാന്‍ ചോദിക്കുന്നില്ലല്ലോ. സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ മൈന്‍ഡ്
ചെയ്യാറില്ല. ഇന്ത്യയിലെ വസ്ത്രധാരണം സ്വാതന്ത്ര്യമുള്ളവര്‍ ഇഷ്ടമുള്ള രീതിയിലും, സ്വാതന്ത്ര്യമില്ലാത്തവര്‍ ഇഷ്ടമില്ലാത്ത രീതിയിലുമാണ് ചെയ്യുന്നത്.

കേരള സൈബര്‍ വാരിയേഴ്സ് ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടികള്‍ സൂക്ഷിക്കേണ്ടതിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നല്ലോ. ചില ഗ്ലാമര്‍ ഫോട്ടോകളെക്കുറിച്ചായിരുന്നു അതും...?


ഒരു വര്‍ഷം മുമ്പാണത്. കേരള സൈബര്‍ വാരിയേഴ്സ് എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ് സഹോദരിമാരുടെ അറിവിലേക്കായി എന്ന തലക്കെട്ടില്‍ പെണ്‍കുട്ടികള്‍ ഫോട്ടോ ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചിത്രങ്ങള്‍ പല രീതിയില്‍ മിസ് യൂസ് ചെയ്യുന്നതിനെക്കുറിച്ചും എഴുതിയിരുന്നു.

നേരിട്ടറിയാത്തവരുടെ വാക്ക് കേട്ട് സ്വന്തം നഗ്‌നഫോട്ടോ, വീഡിയോ എന്നിവ അയച്ചു കൊടുക്കുന്നതിലെ പ്രശ്നങ്ങള്‍ എന്നിങ്ങനെ പലതും അതിലുണ്ടായിരുന്നു. അവരോട് എനിക്കുണ്ടായ അനുഭവം മാത്രമാണ് പങ്കുവയ്ക്കാനുള്ളത്.

ഏഴെട്ടു വര്‍ഷം മുന്‍പ് ഞാന്‍ ഒരു മാക് ബുക് പ്രൊ മേടിച്ചു. ഒന്നോ രണ്ടോ മാസം കഴിഞ്ഞത് കേടായി. അങ്ങനെ ആപ്പിളിന്റെ ഓതറൈസ്ഡ് കടയില്‍ നന്നാക്കാന്‍ കൊടുത്തു. ഒരു മാസം
കഴിഞ്ഞ് ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ക്ക് പോകും വഴി, ഒരു കൂട്ടുകാരനോട് ആ ലാപ്‌റ്റോപ് തിരികെ വാങ്ങി സ്‌റ്റേഷനില്‍ കൊണ്ടുവന്ന് തരാമോ എന്ന് ചോദിച്ചു.

അവന്‍ വന്ന് ലാപ്‌ടോപ് തന്നിട്ട് പോയി. പക്ഷേ അവന്‍ വല്ലാതെ വിയര്‍ത്തു കുളിച്ചിരുന്നു. ട്രെയിന്‍ വിടും മുമ്പ് അവനെന്നെ ഫോണ്‍ വിളിച്ചു. ഞാന്‍ വാതിലിനരികില്‍ ചെന്നപ്പോള്‍ അവന്‍ പരിഭ്രാന്തനായി പറഞ്ഞു: കനീ, മാക് ആയത് കൊണ്ട് ഞാന്‍ വെറുതേ ഒന്നു തുറന്ന് നോക്കി. ഡസ്‌ക്ടോപ്പില്‍ എക്സ്‌ക്ലൂസിവ് എന്നൊരു ഫോള്‍ഡര്‍ ഉണ്ടായിരുന്നു. എക്സ്‌ക്ലൂസിവോ? അങ്ങനെ ഒരു പേരു പോലും ഞാന്‍ ഇട്ടിട്ടില്ല. എന്തായാലും ഞാന്‍ ചോദിച്ചു.എന്നിട്ട്?

uploads/news/2018/04/207515/kanikusudhi090418d.jpg

അവന്‍ പറഞ്ഞു. അതില്‍ കനിയുടെ ന്യൂഡ് പിക്ചറൂം വീഡിയോയുമുണ്ട്.. പ്ലാറ്റ്‌ഫോമിലിരുന്നവന്‍ ഫയല്‍ തുറന്നപ്പോ ള്‍ അടുത്തിരുന്നവരതു കണ്ടത്രേ. അവന്റെ വെപ്രാളം കണ്ട് ഞാന്‍ സമാധാനിപ്പിച്ചു: സാരമില്ല. നീയെന്റെ കുറച്ചു ഫോട്ടോ കണ്ടു. അത്രേയുള്ളൂ. ട്രെയിന്‍ വിടാറായി. ശരി..

അപ്പോള്‍ അവന്‍ ചോദിച്ചു.: അല്ല കനീ, ആ കടയിലുള്ളവര്‍ക്കൊക്കെ അതു കിട്ടിക്കാണില്ലേ? അവരതെങ്ങനാ ഉപയോഗിക്കുകയെന്നറിയില്ലല്ലോ?
കടയിലുള്ളവരുടെ പണി, അപ്പോഴാ എന്റെ മനസ്സില്‍ വന്നത്. ഏതായാലും ട്രെയി ന്‍ നീങ്ങിക്കഴിഞ്ഞ് ലാപ്ടോപ് തുറന്ന് നോക്കിയപ്പോള്‍ സംഗതി സത്യമാണ്. ഞാന്‍ റീസൈക്കിള്‍ ബിന്നില്‍ നിന്നു വരെ ഡിലീറ്റ് ചെയ്തതൊക്കെ അതിലുണ്ട്.

ലാപ്പ്‌ടോപ്പില്‍ എന്റെ കുറെ തുണിയില്ലാത്ത ഡാന്‍സ്, അപ്പിയിടുന്നത് അങ്ങനെ തുടങ്ങി ഒരു സിനിമയ്ക്ക് വേണ്ടി മൊട്ടയടിച്ചത്, നഗ്നയായി അഭിനയിച്ചത് എന്നിങ്ങനെ കുറെ ചിത്രങ്ങളും വീഡിയോയും സൂക്ഷിച്ചിരുന്നു. ഇതെല്ലാം ഞാന്‍ ഡിലീറ്റ് ചെയ്‌തെങ്കിലും കടയിലെ വിദ്വാന്മാര്‍ അതൊക്കെ തിരിച്ചെടുത്ത്, എക്‌സ്‌ക്ലുസീവ് എന്നൊരു ഫോള്‍ഡറാക്കി ഡസ്‌ക്‌ടോപ്പിലിട്ടു തിരികെ തന്നു! ആവശ്യത്തിനു കോപ്പിയുമ വരെടുത്തിട്ടുണ്ടാവും.

ഇന്ത്യാ മഹാരാജ്യത്ത് എന്താണു തെറ്റ്, ശരി എന്നറിയാത്തതു കൊണ്ട് ഞാന്‍ മൈത്രേയനും ജയശ്രി ചേച്ചിക്കും വിശദമായ എസ്.എം.എസ് അയച്ചു. അല്ല എന്റെ തന്നെ ന്യൂഡ് പിക്, വീഡിയോ ഒക്കെ എന്റെ ലാപ്ടോപ്പില്‍ ഉള്ളത് ഒരു തെറ്റാണോ? എന്താല്ലെ!? നാണക്കേടു തന്നെ എന്റെ കാര്യം. പിന്നെ പൊതു ബോധം, കുളിക്കുമ്പോള്‍ സ്വന്തം ശരീരം നോക്കുന്നത് പോലും തെറ്റ് എന്നിരിക്കെ എന്റെ സംശയം സ്വാഭാവികം എന്ന് കരുതി ക്ഷമിക്കാം.

ജയശ്രി ചേച്ചി ഒരു മറുപടി പോലും അയച്ചില്ല. മൈത്രേയന്‍ പറഞ്ഞു, നിന്റെ സമ്മതം ഇല്ലാതെ അതു ചെയ്തവര്‍ക്ക് എതിരെ നിനക്കു കേസ് കൊടുക്കാം. ഞാന്‍ മറുപടിയടിച്ചു::ഓ എനിക്കതിനൊന്നും മെനക്കെടാന്‍ വയ്യ. ഞാന്‍ അപ്പിയിട്ടോണ്ട് ഡാന്‍സ് കളിക്കുന്ന വീഡിയോ ഇഷ്ടായിച്ചാല്‍ എടുത്തോട്ടെ. പക്ഷേ എന്നോട് ചോദിക്കുന്നതാണതിന്റെ മര്യാദ. അതു മാത്രം എനിക്കിഷ്ടായില്ല..

അടുത്ത ദിവസം കണ്ടപ്പോള്‍ ജയശ്രി ചേച്ചി പറയുകയാ..എന്നാലും ഫ്രീ ആയിട്ടിതൊക്കെ കൊടുക്കരുത്. ആളുകളു കയ്യും കാലും ഒക്കെ കാണിക്കണേനു പൈസ എണ്ണി മേടിക്കാറുണ്ടെയ്!! അപ്പറഞ്ഞതിലും കാര്യമുണ്ട്. പറഞ്ഞ് വരുന്നത്, ആണ്‍സുഹൃത്തുക്കള്‍ പലരും യുടൂബില്‍ എന്റെ നൂഡ് ഡാന്‍സ് തപ്പിയിട്ടുണ്ട്. ഫോട്ടോ ആര്‍ക്കെങ്കിലും അയച്ചു കൊടുത്തിട്ടല്ല ഇതു സംഭവിച്ചത്. എന്തിനെയും ആ സെന്‍സില്‍ മാത്രം കാണുന്നവരാണ് ചുറ്റും. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചാണ് പലര്‍ക്കും ആശങ്ക. ആദ്യം അവര്‍ നന്നാകട്ടെ, എന്നിട്ട് മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്ക്.

പങ്കാളിയെപ്പറ്റി..?


അേതപ്പറ്റിയധികം പറയാന്‍ താത്പര്യമില്ല. ആനന്ദ് ഗാന്ധി എന്നാണ് പേര്. ബിനാലെയിലൂടെയാണ് പരിചയപ്പെട്ടത്. ഒരേ രീതിയില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആളാണ്.
അത്രേയുള്ളു.

ഇനിയും പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാമോ?


ഉണ്ടായാല്‍ നല്ലതല്ലേ. ഒരു ജീവിതമല്ലേയൂള്ളു. അതിലെല്ലാം ചെയ്തു തീര്‍ക്കണം.

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW