Thursday, September 13, 2018 Last Updated 13 Min 5 Sec ago English Edition
Todays E paper
Ads by Google
എ.എസ്. അജയ്ദേവ്
Monday 09 Apr 2018 08.44 AM

തിരുവനന്തപുരവും എറണാകുളവും അടക്കം അഞ്ച് ജില്ലകള്‍ കടുത്ത വരള്‍ച്ചയിലേക്ക്; സംസ്ഥാനം പൂര്‍ണമായും വരള്‍ച്ചാബാധിതം

uploads/news/2018/04/207465/summet.jpg

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ പൂര്‍ണമായും വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാനുള്ള തയാറെടുപ്പുമായി സര്‍ക്കാര്‍. അന്തരീക്ഷ ഊഷ്മാവ് ഇനിയും വര്‍ധിച്ചാല്‍ പ്രഖ്യാപനം യുദ്ധകാലാടിസ്ഥാനത്തിലുണ്ടാകും. നേരത്തെ ഒമ്പതു ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകള്‍ അതിരൂക്ഷ വരള്‍ച്ചയുടെ പിടിയിലായതോടെയാണ് നടപടികള്‍ വേഗത്തിലാക്കുന്നത്.

പുതുക്കിയ മാനദണ്ഡപ്രകാരം കേന്ദ്രമാണു വരള്‍ച്ചാ പ്രഖ്യാപനം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത്. കാര്‍ഷിക, കുടിവെള്ള, മൃഗസംരക്ഷണ മേഖലകളില്‍ വരള്‍ച്ച സൃഷ്ടിക്കുന്ന ആഘാതം മുന്‍നിര്‍ത്തി കേന്ദ്രത്തിന് ഉടന്‍ നിവേദനം നല്‍കാനാണു സര്‍ക്കാര്‍ തീരുമാനം.

മഴക്കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് പ്രഖ്യാപനം.

കുടിവെള്ളക്ഷാമം എല്ലാ ജില്ലകളും രൂക്ഷമാണ്. റിസര്‍വോയറുകളിലും വെള്ളം കുറഞ്ഞു. വരും ദിവസങ്ങളില്‍ വരള്‍ച്ചയുടെ കാഠിന്യം കൂടുമെന്നാണു മുന്നറിയിപ്പ്. ഇതു മുന്നില്‍ക്കണ്ട് ജലമലിനീകരണം തടയാന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ജില്ലാ ഭരണകൂടം പദ്ധതികള്‍ ആവിഷ്‌കരികരിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

ഭൂഗര്‍ഭ ജലവിതാനം അപകടകരമാംവിധം താഴ്ന്നതായി ഭൂജല അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. കുഴല്‍ക്കിണറുകള്‍, കിണറുകള്‍ എന്നിവയുടെ നിര്‍മാണത്തിലും വ്യാവസായികാടിസ്ഥാനത്തില്‍ വെള്ളം ഉപയോഗിക്കുന്നതിനും കര്‍ശന നിയന്ത്രണം കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്.

ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ഒരു കുടുംബത്തിന് രണ്ട്-മൂന്ന് കന്നാസ് ശുദ്ധജലം റേഷനായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പഞ്ചായത്ത് ഓഫീസുകളില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഒരു കുടുംബത്തിന് രണ്ട്- മൂന്ന് കന്നാസ് ശുദ്ധജലം നല്‍കാനാണു നിര്‍ദേശം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷ ഊഷ്മാവില്‍ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പു നല്‍കുന്നു. ഇവയെല്ലാം പരിഗണിച്ച് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക യോഗം വിളിക്കാനും മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW