Monday, April 22, 2019 Last Updated 3 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 09 Apr 2018 08.33 AM

'അതിനു കാരണം ആ നൊബേല്‍ പുരസ്‌കാരം'; വിടപറയും മുമ്പ് വിവാഹമോചനത്തിന്റെ സത്യം വെളിപ്പെടുത്തി വിന്നി മണ്ടേല പറഞ്ഞു

Winnie Mandela

'നെല്‍സണ്‍ മണ്ടേലയെ ഞാനേറെ സ്നേഹിച്ചു. വര്‍ഷങ്ങള്‍ കാത്തിരുന്നു... പക്ഷേ, ജയില്‍ മോചിതനായ അദ്ദേഹം ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങുന്നതാണു കണ്ടത്. വംശവിവേചനത്തിന്റെ പ്രതീകമായ എഫ്.ഡബ്ല്യു. ഡിക്ലാര്‍ക്കുമായി നൊബേല്‍ സമ്മാനം പങ്കിട്ടു. രാജ്യത്തിന്റെ സാമ്പത്തിക മേഖല വെള്ളക്കാര്‍ക്കായി വിട്ടുകൊടുത്തു... എന്റെ മനസില്‍ പ്രതിഷേധം നിറഞ്ഞു. അതു വിവാഹമോചനത്തില്‍ കലാശിച്ചു...' അവസാന അഭിമുഖത്തില്‍ എല്ലാം തുറന്നുപറഞ്ഞ് നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യ വിന്നി.

പത്രപ്രവര്‍ത്തകയായ ബാര്‍ബറ ജോണ്‍സാണു വിന്നിയുമായുള്ള അഭിമുഖം പുറത്തുവിട്ടത്. 2013 ജൂണ്‍ മുതല്‍ അവസാന കാഴ്ചവരെയുള്ള അഭിമുഖങ്ങള്‍ ചേര്‍ത്തുവച്ചാണു വിന്നിയെ ബാര്‍ബറ അവതരിപ്പിച്ചത്.

പൊതുജീവിതത്തില്‍നിന്നു വിന്നി പിന്മാറിയശേഷമായിരുന്നു അവസാന അഭിമുഖം. മുടന്തിയാണ് അന്നവര്‍ ബാര്‍ബറയ്ക്കു മുന്നിലെത്തിയത്. ഈ മാസം രണ്ടിനാണ് 82-ാം വയസില്‍ വിന്നി അന്തരിച്ചത്. അവര്‍ക്ക് ലോകത്തോട് പറയാനുള്ളത് ഇതാണ്....

പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ വേര്‍പിരിയുന്നുവെന്നാണ് ഞാനും നെല്‍സണും പറഞ്ഞുകൊണ്ടിരുന്നത്. ഇതില്‍ തിരുത്തല്‍വേണം. മഹാനായ പോരാളിക്ക് ചീത്തപ്പേരുണ്ടാക്കിയ വ്യക്തിയെന്ന പ്രതിച്ഛായ ചിലരെങ്കിലും എന്റെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.

Winnie Mandela

ലോകം എന്നെക്കുറിച്ച് എന്ത് ചിന്തിക്കുമെന്നത് കണക്കിലെടുക്കുന്നില്ല. ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു. നീതിക്കുവേണ്ടിയാണ് എന്റെ പോരാട്ടം. യഥാര്‍ഥ സ്വാതന്ത്ര്യം ആഫ്രിക്കക്കാര്‍ക്കു ലഭിച്ചോ? ചരിത്രം എനിക്ക് അര്‍ഹമായ സ്ഥാനം നല്‍കും.

സൊവേറ്റോയിലെ വീട്ടിലാണ് ഞാന്‍ ഇപ്പോഴും താമസിക്കുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിലെ എന്റെ പഴയ സഹപ്രവര്‍ത്തകര്‍ ധനവാന്‍മാര്‍ താമസിക്കുന്ന മേഖലയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. എനിക്ക് വേരുകളെ മറക്കാനാകില്ല. 1976 ല്‍ നൂറു കണക്കിനു കുട്ടികളെ പോലീസ് വെടിവച്ചുകൊന്നപ്പോള്‍ ഞാന്‍ സൊവോറ്റോയിലുണ്ടായിരുന്നു. കുറ്റം ഞങ്ങളില്‍ ചുമത്തനാണു പോലീസ് ശ്രമിച്ചത്. ജനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെയെല്ലാം ഞാന്‍ അഭിമാനത്തോടെ കാണുന്നു.

1988 ല്‍ എനിക്കും അനുയായികള്‍ക്കുമെതിരേ കൊലക്കുറ്റം ചുമത്തി. ഞാന്‍ മണ്ടേലയുടെ പേരില്‍ സ്വകാര്യ ക്രിമിനല്‍ സംഘത്തെ നയിക്കുകയാണെന്നു ഭരണകൂടം ആരോപിച്ചു. ഈ പ്രചരണം ചിലലെങ്കിലും വിശ്വസിച്ചു, അതു വേദനയായി. 2003 ല്‍ ആറു മാസം തടവ്ശിക്ഷയും അനുഭവിച്ചു. പക്ഷേ, അന്നത്തെ അനുയായികള്‍ ദക്ഷിണാഫ്രിക്കന്‍ പോലീസിലും പാര്‍ട്ടിയിലും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു. ഞാന്‍ മാത്രം...

എനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും നെല്‍സണ്‍ മണ്ടേലയുടെയും പ്രതിച്ഛായ തകര്‍ക്കുക ലക്ഷ്യമിട്ടായിരുന്നു. അത് അദ്ദേഹം മനസിലാക്കിയിരുന്നോ?

എങ്കിലും ഞാന്‍ അദ്ദേഹത്തെ മറന്നില്ല. ജനങ്ങളുടെ മനസിലെ എന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയില്ലെന്നും മനസിലാക്കി. 2013 ജൂണില്‍ മണ്ടേല മരണക്കിടക്കയിലായിരുന്നപ്പോള്‍ ജനങ്ങള്‍ എനിക്കുചുറ്റും കൂടി. 1996 ല്‍ ഞങ്ങള്‍ വിവാഹമോചിതരായിരുന്നു. അവര്‍ക്ക് നെല്‍സണെക്കുറിച്ചായിരുന്നു അറിയേണ്ടത്.

'അദ്ദേഹം സുഖമായിരിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ഞാന്‍ നേരിട്ടു പറഞ്ഞുകൊള്ളാം' എന്നാണ് ഞാന്‍ പറഞ്ഞത്.

മണ്ടേല ഒരു വ്യക്തിയല്ല. ആഫ്രിക്കക്കാരന്റെ പ്രതീകമാണ്. അദ്ദേഹം പ്രതിനിധീകരിച്ചത് വംശവിവേചനത്തിനെതിരേ ജീവന്‍വരെ കൊടുത്ത പോരാളികളെയാണ്.

ആ യുദ്ധം ജയിച്ചു. അതിന്റെ വില സ്വയം മനസിലാക്കണം. അദ്ദേഹം തടവറയില്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ജനമധ്യത്തിലാണു കഴിഞ്ഞത്. അവരുടെ മനസ് ഞാന്‍ നേരിട്ടറിഞ്ഞു. അവരുടെ സ്നേഹത്തിനു വിലയിടാനാകില്ല. സത്യത്തിനുവേണ്ടി എ.കെ. 47 തോക്കുകള്‍ വീണ്ടും എടുക്കാന്‍ തയാറാണന്നു വിറകരങ്ങളോടെ പറഞ്ഞാണു വിന്നി അഭിമുഖം അവസാനിപ്പിക്കുന്നത്.

Ads by Google
Monday 09 Apr 2018 08.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW