Wednesday, June 19, 2019 Last Updated 18 Min 30 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Monday 09 Apr 2018 08.17 AM

കോണ്‍ഗ്രസില്‍ തലമുറകളുടെ തമ്മിലടി; നേതൃത്വത്തില്‍ നിഴല്‍യുദ്ധം: മെഡിക്കല്‍ പ്രവേശന ബില്‍ എ.കെ. ആന്റണിയുടെ അഭിപ്രായം സംസ്ഥാനനേതൃത്വത്തെ കുഴപ്പത്തിലാക്കി

uploads/news/2018/04/207460/congress.jpg

കോട്ടയം: പ്രവേശന ക്രമക്കേടു കാട്ടിയ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്കു തുണയാകുന്ന ബില്ലിനു നിയമസഭയില്‍ നല്‍കിയ പിന്തുണ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധിയായി വളരുന്നു. പുതിയ തലമുറ തുടങ്ങിവച്ച വിയോജിപ്പ് നിഴല്‍യുദ്ധമായി നേതൃത്വത്തിലേക്ക് എത്തുകയാണ്. സംസ്ഥാനത്തിന്റെ പൊതുവികാരം ബോധ്യപ്പെട്ട എ.കെ. ആന്റണി അവസരത്തിനൊത്തുയര്‍ന്നതു നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലാക്കി. ക്രമവിരുദ്ധമായ മെഡിക്കല്‍ പ്രവേശനം സാധൂകരിക്കാനുള്ള ബില്ല് പാസാക്കരുതായിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കൂടിയായ ആന്റണിയുടെ പ്രഖ്യാപനം.

ബില്ലിനെ ക്രമപ്രശ്നമുന്നയിച്ചു നിയമസഭയില്‍ തള്ളിപ്പറഞ്ഞ വി.ടി. ബല്‍റാമാണു താരമായത്. ജോസഫ് വാഴയ്ക്കനടക്കം ബല്‍റാമിനെ വിമര്‍ശിച്ചിട്ടും ബല്‍റാമിന്റെ തിളക്കം കൂടിയതേയുള്ളൂ. ഡീന്‍ കുര്യാക്കോസ് ബല്‍റാമിനൊപ്പം നിന്നു. ഇവരെ പിന്തുണച്ച് ആന്റണി രംഗത്തുവന്നത് സംസ്ഥാന നേതാക്കളെ ഞെട്ടിച്ചു. നിയമവിരുദ്ധമെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ല് പാസാക്കിയ സര്‍ക്കാരിന്റെ ചുമലിലാകേണ്ടിയിരുന്ന പാപഭാരം പങ്കിട്ടെടുക്കുകയാണു പ്രതിപക്ഷം ചെയ്തത്. സര്‍ക്കാരിനെ അടിക്കാന്‍ കിട്ടുമായിരുന്ന വടിയെടുത്ത് സ്വന്തം തലയ്ക്ക് അടിച്ച അവസ്ഥ!

ആന്റണിയുടെ തുറന്നടിക്കല്‍ സ്വയം ന്യായീകരിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമങ്ങള്‍ക്കു കനത്ത തിരിച്ചടിയായി. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ കാസര്‍കോട്ടു തുടങ്ങിയ ജനമോചന യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ന്യായീകരിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന ആന്റണി അടക്കമുള്ളവര്‍ മൗനംപാലിച്ചു.

മെഡിക്കല്‍ ബില്ല് വിഷയത്തില്‍ കൂടുതല്‍ ക്ഷീണമുണ്ടായതു ബല്‍റാമിനെ നിയമസഭയില്‍ തള്ളിപ്പറഞ്ഞ രമേശിനാണ്. രമേശിന്റേത് ഒത്തുതീര്‍പ്പു രാഷ്ട്രീയമാണെന്നു കോണ്‍ഗ്രസിലെ യുവതുര്‍ക്കികളെ പിന്തുണയ്ക്കുന്നവര്‍ കുറ്റപ്പെടുത്തിയതോടെ വിമര്‍ശനം ഉമ്മന്‍ ചാണ്ടിക്കു നേരേ വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നു. കരുണ മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കെഴുതിയ കത്ത് പുറത്തുവിട്ടാണ് അദ്ദേഹത്തെ കരുവാക്കാന്‍ നീക്കം നടന്നത്. ഇതു തിരിച്ചറിഞ്ഞ് അഴിമതി ആരോപണവുമായി കളത്തിലിറങ്ങിയത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബഹനാന്‍. ബെന്നിയുടെ നാവിലൂടെ സംസാരിച്ചത് ഉമ്മന്‍ ചാണ്ടിതന്നെ!

ബെന്നിയെ തള്ളിപ്പറഞ്ഞ് കെ. മുരളീധരന്‍ ഇടപെട്ടതോടെ പ്രശ്നം കൂടുതല്‍ സജീവമായി. കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ മുമ്പേ ബില്ലിന് എതിരായിരുന്നു. പൊതുവികാരം കൂട്ടുള്ള യുവനേതാക്കള്‍ക്കൊപ്പം ആന്റണിയും സുധീരനും അണിനിരന്നതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയേക്കാം. കോണ്‍ഗ്രസ് പുനഃസംഘടനയും ഭാരവാഹി മാറ്റവുമൊക്കെ സജീവ ചര്‍ച്ചയായ സാഹചര്യത്തില്‍ മുതിര്‍ന്ന പല നേതാക്കളുടെയും ഉറക്കം നഷ്ടമാകുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW