Thursday, March 21, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Sunday 08 Apr 2018 10.24 AM

സ്വാശ്രയം: മക്കളെ ഇനി കൊലയ്ക്ക് നല്‍കില്ലെന്ന് രക്ഷിതാക്കള്‍ തീരുമാനിക്കണം

uploads/news/2018/04/207236/self-medi.jpg

ആശ്രയമാക്കാനാകാതെ ആര്‍ത്തിയുടെ പ്രതീകങ്ങളായി സ്വാശ്രയകോളജുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഭരണകൂടം പതുക്കെ പിന്മാറുകയും തങ്ങള്‍ ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ പണത്തിന് പിന്നാലെ പരക്കം പായുന്ന കച്ചവടക്കാരെ ഏല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ദുരനുഭവങ്ങളാണ് ഇന്ന് നാട്ടില്‍ പ്രത്യേകിച്ച് കേരളത്തില്‍ പ്രകടമാകുന്നത്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തെ പിടികൂടിയ ഈ കാളസര്‍പ്പം ഇന്ന് അതിന്റെ ഏറ്റവും അപകടകരമായ നിലയിലെത്തിനില്‍ക്കുകയുമാണ്. പണത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കികൊണ്ട് എല്ലാ നിയമസംവിധാനങ്ങളും ഭരണകൂടങ്ങളും അവര്‍ക്ക് മുന്നില്‍ കൈയും വായും കെട്ടി ഓഛാനിച്ച് നില്‍ക്കുമ്പോള്‍ ഇവിടെ വഴിയാധാരമാകുന്നത് ഒരു സമൂഹമാണ്.

ഇന്ന് ഇക്കാര്യങ്ങളെക്കുറിച്ച് തീവ്രമായി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് കരുണ-കണ്ണൂര്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുളള പ്രശ്‌നങ്ങളാണ്. മന്ത്രിസഭയും സുപ്രീംകോടതിയും തമ്മിലുള്ള തര്‍ക്കത്തില്‍ നമ്മള്‍ ഏത് ഭാഗത്തുനില്‍ക്കുന്നുവെന്നതല്ല, എന്തിനാണ് ഈ തര്‍ക്കം എന്നിടത്താണ് പ്രശ്‌നം. കേരളത്തില്‍ സ്വാശ്രയകോളജുകള്‍ ആരംഭിച്ചത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണെന്നാണ് ഇതിന് അടിത്തറയിട്ടവര്‍ ഇന്നും പറയുന്നത്. എന്നാല്‍ അത് ശുദ്ധ അസംബന്ധമാണ്. നീറ്റ് പോലൊരു അഖിലേന്ത്യാ മത്സരപരീക്ഷയില്‍ വിജയിച്ച് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടണമെങ്കില്‍ വലിയ മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. അതിന് ശരാശരിക്കാരനായ പാവപ്പെട്ട ഒരു വ്യക്തിക്ക് കഴിയില്ല. അതിന് വലിയ ചെലവും ആവശ്യമാണ്. അസാമാന്യമായ കഴിവും അര്‍പ്പണമനോഭാവവുമുള്ള ചുരുക്കം ചില കുട്ടികള്‍ ഇതിന് അപവാദമായി പട്ടികയില്‍ വരുമെന്നത് തള്ളിക്കളയുന്നില്ല. എന്നാല്‍ ഭൂരിഭാഗവും സമ്പന്നര്‍ക്കാണ് ഇതിന് വഴിവയ്ക്കുന്നത്. അതുപോലെ തങ്ങളുടെ മക്കളെ കൊണ്ടുവരാന്‍ എല്ലാ സമ്പാദ്യങ്ങളും വിറ്റുപെറുക്കി ബാങ്കില്‍ നിന്ന് വായ്പയുമെടുത്ത് സ്വയം കുരുക്കില്‍ ചാടുകയാണ് പലരും.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ തന്നെ കഴിഞ്ഞദിവസം ഒരു രേഖയുമില്ലാതെ മാനേജ്‌മെന്റിന് 43 ലക്ഷം രൂപ നല്‍കിയത് വ്യക്തമാക്കിയിരുന്നു. അതില്‍ പങ്കെടുക്കാന്‍വന്ന മറ്റുപലരുംഒന്നേകാല്‍ കോടിമുതല്‍ ഇങ്ങോട്ട് തലവരി ആവശ്യപ്പെട്ടതും വ്യക്തമാക്കിയിരുന്നു. അപ്പോള്‍ മക്കളെ ഡോക്ടര്‍മാരാക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത മാതാപിതാക്കളാണ് കുരുക്കില്‍ ചാടുന്നത്. ഈ പ്രവണത അവസാനിപ്പിച്ചാല്‍ മാത്രമേ സ്വാശ്രയത്തിന്റെ പേരില്‍ നടക്കുന്ന നീരാളിപിടുത്തത്തില്‍ നിന്നും കൊള്ളയില്‍ നിന്നും നമ്മുടെ സമൂഹത്തിന് രക്ഷപ്പെടാനാകുകയുള്ളു. അതിന് അനാവശ്യമായി ഒരു പൈസപോലും നല്‍കികൊണ്ട് എന്റെ കുട്ടികള്‍ പഠിക്കേണ്ടതില്ലെന്ന നിലപാടില്‍ മാതാപിതാക്കള്‍ എത്തുമെങ്കില്‍ ഈ കൊള്ള ഇവിടെ അവസാനിക്കും. ഇല്ലാതെ കല്ല്യാണ വിപണിയില്‍ മക്കളുടെ മൂല്യം ഉയര്‍ത്താന്‍ പൊള്ളയായ ആഡംബരത്തിന് പിന്നാലെ പാഞ്ഞാല്‍ വീണ്ടും വഞ്ചനയ്ക്ക് വിധേയമാകുകതന്നെ ചെയ്യും.

വിദ്യാഭ്യാസം എന്നത് നമ്മെ സംബന്ധിച്ചിടത്തോളം തപസാണ്. ഗുരുനാഥനെ സേവിച്ച് അദ്ദേഹത്തിന്റെ പ്രീതി പിടിച്ചുപറ്റി വിദ്യ അഭ്യസിക്കുകയെന്നതായിരുന്നു നമ്മുടെ പാരമ്പര്യം. അതിന് ഗുരനാഥന്‍ ഫീസ് ഈടാക്കിയിരുന്നില്ല, വിദ്യാഭ്യാസം എന്നത് ഒരു തപസും സേവനവും പങ്കുവയ്ക്കലുമായിരുന്നു നമുക്ക്. അവിടെ നിന്നാണ് പണത്തിന്റെ മഞ്ഞളിപ്പില്‍ കാഴ്ച നഷ്ടപ്പെട്ട കഴുകന്മാരുടെ ഒരു കൂട്ടത്തിനെ വിദ്യഭ്യാസം ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്.
ഉന്നതമായ ഒരു സമൂഹസൃഷ്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസം അനിവാര്യമാണ്. മാതാപിതാക്കള്‍ക്കാണ് ഒരു കുട്ടിക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിയുക. ഈ നാട്ടില്‍ പിറന്നുവീഴുന്ന ഓരോ കുട്ടിയുടേയും മാതാപിതാക്കള്‍ എന്ന് പറയുന്നത് സ്‌റ്റേറ്റ് ആണ്. അതുകൊണ്ട് ആ സ്‌റ്റേറ്റിനാണ് അത് സംസ്ഥാനങ്ങളായിക്കോട്ടെ അല്ലെങ്കില്‍ ഇന്ത്യാ മഹാരാജ്യമാകട്ടെ, അവര്‍ക്കാണ് കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പിക്കാനുള്ള അവകാശം. സ്‌റ്റേറ്റിന് അക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതുപോലെ മറ്റാര്‍ക്കും കഴിയില്ല. അതുകൊണ്ടാണ് നാം സ്വതന്ത്രമായപ്പോള്‍ നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം രാജ്യം ഏറ്റെടുത്തതും.

കേരളത്തില്‍ അതിന്റെ കുറേക്കൂടി ഉയര്‍ന്ന രൂപമാണ് നാം കണ്ടിരുന്നത്. സ്വന്തം മക്കളെപ്പോലെ സംസ്ഥാനത്തിലെ പൗരന്മാരെ കണ്ടുകൊണ്ട് അവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ ശ്രമിച്ചതുകൊണ്ടാണ് കേരളം വിദ്യാഭ്യാസത്തില്‍ വളരെ മുന്‍പന്തിയില്‍ എത്തിയത്. അതിന് വേണ്ടിയിട്ടാണ് ഈ മേഖലയില്‍ നിസ്വാര്‍ത്ഥസേവനം നടത്തിയ മിഷണിമാരുടെയും മറ്റ് സാമുദായികസംഘടനകളുടെയും സ്വകാര്യവ്യക്തികളുടെയൂം സേവനത്തെ അംഗീകരിച്ചുകൊണ്ടുതന്നെ ആ വിദ്യാലയങ്ങളെല്ലാം സര്‍ക്കാരിന്റെ കീഴില്‍ നിര്‍ത്തിയതും.
അവിടെ നിന്നുള്ള വലിയ മാറ്റമായിരുന്നു സ്വാശ്രയം എന്ന കച്ചവടത്തിലേക്ക്. ഒരു സദുദ്ദേശത്തോടെ എ.കെ. ആന്റണി കൊണ്ടുവന്ന പരിഷ്‌ക്കാരത്തെ കച്ചവടത്തിന്റെ കണ്ണിലൂടെ മാത്രം എന്തും ഏതും കാണുന്ന വ്യക്തികള്‍ തങ്ങളുടെ കീശവീര്‍പ്പിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റിയെന്നതാണ് വസ്തുത. പണത്തിനനുസൃതമായി പലേടങ്ങളില്‍ നിന്നും ഉണ്ടായ തീരുമാനങ്ങളും അതില്‍ ഒരു പരിധിവരെ പങ്കുവഹിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ വലിയ തുകകൊടുത്ത് ചൂഷണങ്ങള്‍ക്ക് വിധേയമായി പഠനം നടത്തിയിരുന്നത് തടയാനായി ഇവിടെ സ്വാശ്രയം അനുവദിച്ചുവെന്നാണ് ഇന്നും ആന്റണി പറയുന്നത്. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യുന്നില്ല. എന്നാല്‍ അതിന്റെ ആവശ്യമുണ്ടായിരുന്നോയെന്ന സംശയം ഇപ്പോഴും അവശേഷിക്കുകയാണ്.

അന്യസംസ്ഥാനങ്ങളില്‍പോയി വന്‍തുക ഫീസ് നല്‍കി പഠിച്ചിരുന്നത് ഒരു ന്യൂനപക്ഷമായിരുന്നു. അതുകൊണ്ടുതന്നെ അത് മറ്റുള്ളവരില്‍ വലിയ പ്രത്യാഘാതങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. പണമുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതെന്ന് അവര്‍ കരുതി. കഴിവുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ തന്നെ പ്രവേശനവും ലഭിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ശാന്തമായിരുന്നു വിദ്യാര്‍ത്ഥികളുടെ മനസ്. എന്നാല്‍ സ്വന്തം നാട്ടില്‍ വീട്ടുമുറ്റത്ത് കോളജുകള്‍ ആരംഭിച്ചതോടെയാണ് മക്കളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാനുള്ള നെട്ടോട്ടം ആരംഭിച്ചത്. ഈ ബിരുദങ്ങള്‍ ശരാശരി മലയാളിക്ക് ഒരു സ്റ്റാറ്റസ് ആയി മാറിയെന്നതാണ് വസ്തുത. ഈ കപട സ്റ്റാറ്റസിന് പിന്നാലെ പാഞ്ഞാണ് മലയാളികള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നത്.
എത്ര തുക കൊടുത്തും മക്കളെ ഡോക്ടറും എഞ്ചിനീയറുമാക്കി പ്രദര്‍ശിപ്പിക്കുകയെന്നതാണ് ഇന്നത്തെ രീതി. പണമുള്ളവന് അത് കൊടുത്ത് സ്റ്റാറ്റസ് വാങ്ങാം. എന്നാല്‍ ഇടത്തരക്കാരനും പാവപ്പെട്ടവനും അദ്ധ്വാനം മാത്രമാണ് വഴി. അദ്ധ്വാനത്തിലൂടെ അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ ശ്രമിക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ അനര്‍ഹമായത് വേണ്ടെന്ന് അല്‍പ്പകാലത്തേക്കെങ്കിലും നമ്മുടെ സമൂഹം ചിന്തിക്കണം. ഇല്ലെങ്കില്‍ ഇപ്പോള്‍ നടക്കുന്ന കൊള്ള അതിന്റെ ഏറ്റവും മോശമായ വഴിയിലേക്ക് പോകും.

സ്വാശ്രയത്തിന്റെ പേരില്‍ ഷെഡുകള്‍ പോലൂം പണിതുവച്ച് പണം പിരിക്കുന്ന കൊള്ളക്കാരാണ് ഇവിടെയുള്ളത്. മുന്‍കാലത്ത് സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്ന് പറഞ്ഞിരുന്നിടത്ത് അല്‍പ്പം സാമൂഹികപ്രതിബദ്ധതയൊക്കെയുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഒരു തമിഴ്‌സിനിമയിലേതുപോലെ ഇറച്ചിവെട്ടുകാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്. ഇരയായി മൃഗത്തിന്റെ വിലാപത്തിന് ചെവികൊടുക്കാതെ കഴുത്തില്‍കത്തിവയ്ക്കുന്ന കൂട്ടര്‍ക്ക് അനുകമ്പയും സാമൂഹികപ്രതിബദ്ധതയും ആഗ്രഹിക്കുന്നത് തന്നെ അബദ്ധമാണ്.
ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുവന്നതുമൂലം ഇപ്പോള്‍ ഈ ബിരുദങ്ങള്‍ക്കൊന്നും വിലയുമില്ലാതായിട്ടുണ്ട്.. ഇത്തരം സ്വാശ്രയകോളജുകളില്‍ നിന്നും പഠിച്ചിറങ്ങി കൂലിപ്പണിക്ക് പോകുന്ന എഞ്ചിനീയര്‍മാര്‍ ഇന്ന് നമ്മുടെ നാട്ടില്‍ ധാരാളമാണ്. എം.ബി.ബി.എസ് കഴിഞ്ഞ് സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കുമ്പോള്‍ തുച്ഛമായ കൂലിക്ക് പണിയെടുക്കാന്‍ കാത്തുനില്‍ക്കുന്ന മെഡിക്കല്‍ ബിരുദധാരികളും കുറവല്ല. രാവിലെ മുതല്‍ കടതുറന്ന് വച്ചാലൂം ആരും വലയില്‍ വീഴാത്ത സ്ഥിതിയാണ് എഞ്ചിനീയറിംഗ് മേഖലയില്‍. അതുകൊണ്ട് അവര്‍ എത്ര ഫീസിളവും ആനുകൂല്യവും നല്‍കാനും തയാറാണ്. അതേസമയം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജുപോലെ ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് കാമ്പസ് സെലക്ഷനിലൂടെ തന്നെ പണിയും ലഭിക്കുന്നുണ്ട്.

ഇന്ന് ചൂഷണം ഏറെ മെഡിക്കല്‍ മേഖലയിലാണ്. നമ്മുടെ സമൂഹം കൂടുതല്‍ കൂടുതല്‍ രോഗാതുരമാകുമ്പോള്‍ ഇത്തരത്തിലുള്ള ചൂഷകര്‍ വര്‍ദ്ധിക്കും. ഇത്തരം ചൂഷകകരെ വേരോടെ പിഴുതെടുത്ത് കളയാനുള്ള വഴി സമൂഹം തന്നെ കണ്ടെത്തണം അത് ഒരു സര്‍ക്കാരിലോ, രാഷ്ട്രീയ സംഘടനകളിലോ മാത്രം ചുമത്തി മാറിനില്‍ക്കുന്ന നമ്മുടെ സ്ഥിരം രീതിയില്‍ നിന്നും മാറ്റം വരണം. ഇതിനെ ചെറുക്കാന്‍ സമൂഹം ഒന്നടങ്കം വിചാരിച്ചാല്‍ മാത്രമേ നടക്കുകയുള്ളു. ഇതിന് അടിമുടി ഇളക്കിമറിക്കലാണ് വേണ്ടത്. എന്തെന്നാല്‍ ഇവിടുത്തെ നിയമസംവിധാനങ്ങള്‍ ഈ ചൂഷകരായ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമാണ്. രാജ്യം ഭരിക്കുന്നവര്‍പോലും ഇതിനെതിരെ സമഗ്രമായ ഒരു നിയമനിര്‍മ്മാണം നടത്താന്‍ പോലും തയാറാകുന്നില്ല. ആ സാഹചര്യത്തില്‍ പേരാട്ടം നാം തന്നെ തുടങ്ങണം.

ആദ്യമായി നമ്മുടെ മക്കളെ നാം വിശ്വസിക്കണം. അവരെ എല്ലാവരേയും ഡോക്ടര്‍മാരാക്കി നമ്മുടെ സമൂഹത്തെ പൂര്‍ണ്ണ ആരോഗ്യവാന്മാരാക്കാമെന്ന ചിന്ത ഉപേക്ഷിക്കണം. ഇന്ന് അഖിലേന്താ്യാടിസ്ഥാനത്തിലാണ് മെഡിക്കല്‍ പ്രവേശനപരീക്ഷ. അതുകൊണ്ടുതന്നെ നല്ല കഴിവും യോഗ്യതയുമുള്ളവര്‍ക്ക് രാജ്യത്തെ ഏതെങ്കിലും കോണില്‍ സര്‍ക്കാരിന്റേയോ, അല്ലെങ്കില്‍ ആര്‍ത്തിയില്ലാത്ത മാനേജ്‌മെന്റുകള്‍ നടത്തുന്നതോ ആയ മെഡിക്കല്‍ കോളജുകളില്‍ സീറ്റ് ലഭിക്കും. മറ്റുളളിടങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുമെങ്കില്‍ മാത്രം കുട്ടികളെ ചേര്‍ക്കുക. അല്ലെങ്കില്‍ ഇക്കൊല്ലം നമ്മുടെ കുട്ടികള്‍ പഠിക്കുന്നില്ലെന്ന് തീരുമാനിക്കണം. അങ്ങനെ കുറഞ്ഞപക്ഷം ഒരു രണ്ടുവര്‍ഷമെങ്കിലും നിലപാട് സ്വീകരിക്കാന്‍ നമ്മുടെ രക്ഷിതാക്കള്‍ ദൃഢപ്രതിജ്ഞയെടുത്താല്‍ എത്രവലിയ ആരാച്ചാര്‍മാരായാലും അവര്‍ പഞ്ചപുഛമടക്കി നമ്മുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാകും. അതിനോടൊപ്പം സര്‍ക്കാരും നിലപാട് കര്‍ക്കശമാക്കിയാല്‍ സ്വാശ്രയം എന്ന ഈ നീരാളിയില്‍ നിന്നും കേരള സമൂഹത്തെ രക്ഷപ്പെടുത്താം. ചിലപ്പോള്‍ ഇതുകൊണ്ട് കുറച്ചുകുട്ടികളുടെ ഒന്നോ രണ്ടോ വര്‍ഷത്തെ ഭാവി നഷ്ടപ്പെടുമായിരിക്കാം. അത് നാടിന് വേണ്ടി നടുത്തുന്ന നിക്ഷേപമായി കാണാന്‍ നാം തയാറാകണം. എത്രയോ ജീവനുകള്‍ ബലിയര്‍പ്പിച്ചാണ് ഇന്ന് കാണുന്ന ഈ സമൂഹമായി നാം വളര്‍ന്നത്. അതുപോലെ ഓരോ കാലത്തും ചില ത്യാഗങ്ങള്‍ സഹിക്കാന്‍ നമ്മുടെ സമൂഹം തയാറായാല്‍ ഈ നീരാളിയെ പൂര്‍ണ്ണമായുംഇവിടെ നിന്നും തുരത്താം. കച്ചവടകണ്ണുമായി ഈ മലയാളമണ്ണില്‍ ആരും വിദ്യാഭ്യാസസ്ഥാപനം തുടങ്ങേണ്ടതില്ലെന്ന സന്ദേശം നമുക്ക് നല്‍കാനായാല്‍ ഒരു കോടതിയും ഒരു നിയമസംവിധാനവും നിയമവുമില്ലാതെതന്നെ ഇവരെ വരച്ചവരയില്‍ നിര്‍ത്താം. അതിനായി സമൂഹവും പൊതുപ്രസ്ഥാനങ്ങളും മറ്റ് എല്ലാ വിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കണം.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Sunday 08 Apr 2018 10.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW