Monday, March 04, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 08 Apr 2018 01.42 AM

മഞ്ഞള്‍- സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2018/04/207111/sun3.jpg

ഹൃദയം പറിച്ചു മാറ്റുന്ന വേദനയുമായാണ്‌ ചടങ്ങ്‌ കഴിഞ്ഞ്‌ ഹേമ മടങ്ങിയത്‌. എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍. നിഷ്‌കളങ്കതയുടെ പൂവ്‌ വിരിഞ്ഞു നില്‍ക്കുന്ന മുഖങ്ങള്‍. ആ പുഞ്ചിരിയും നോട്ടവും നിസഹായതയും രോഗത്തിന്റെ തളര്‍ച്ചയും എത്ര ശ്രമിച്ചിട്ടും അവളുടെ മനസില്‍ നിന്നും മാഞ്ഞുപോയില്ല. തനിക്കും ഏതാണ്ട്‌ ഇതേ പ്രായമുളള കുഞ്ഞുണ്ടല്ലോ എന്ന ചിന്ത അവളില്‍ ഭീതി ജനിപ്പിച്ചു.
തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്കുളള കാര്‍ യാത്രയില്‍ ഉടനീളം ഹേമ അസ്വസ്‌ഥയായിരുന്നു.
കഷ്‌ടിച്ച്‌ മൂന്ന്‌ വയസുളള ഒരു കുഞ്ഞിന്റെ അമ്മയുടെ വാക്കുകളാണ്‌ അവളെ പൊളളിച്ചത്‌.
''കുഞ്ഞിന്‌ നെറവുണ്ടാകുംന്ന്‌ പറഞ്ഞ്‌ ഒണ്ടായ സമയം തൊട്ട്‌ മഞ്ഞള്‌ തേപ്പിക്കുന്നതാ...പാലില്‍ കലക്കിയും കൊടുത്തിരുന്നു..ഇപ്പം അതും ഒരു കാരണമാകാമെന്നാ ഡോക്‌ടറ്‌ പറേന്നത്‌..ഈ പാക്കറ്റ്‌ മഞ്ഞളീ മൂഴൂവന്‍ വെഷമാണെന്ന്‌...നമുക്കിത്‌ വല്ലോം അറിയാവോ മാഡം..''
അവരുടെ വിതുമ്പുന്ന മുഖം ദിവസങ്ങളോളം ഹേമയുടെ ഉറക്കം കെടുത്തി.
മാസങ്ങള്‍ക്ക്‌ മുന്‍പ്‌ വന്ന ഊമക്കത്തും അവളുടെ ഓര്‍മ്മയിലേക്ക്‌ ഓടിയെത്തി.
കിഷോറുമായി പ്രശ്‌നം പങ്ക്‌ വച്ചപ്പോള്‍ പ്രതീക്ഷിച്ച മറുപടി തന്നെ വന്നു.
''ക്യാന്‍സര്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. ആ കുട്ടിയുടെ പ്രശ്‌നം മഞ്ഞളാണെന്ന്‌ എങ്ങനെ ഉറപ്പിക്കാന്‍ പറ്റും? അങ്ങനെയും ഒരു സാധ്യത ഡോക്‌ടര്‍ സൂചിപ്പിച്ചെന്നേയുളളു..''
പക്ഷെ ഹേമയ്‌ക്ക് അത്‌ നിസാരമായി തളളാന്‍ തോന്നിയില്ല. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്ന നിലയില്‍ ആഹാരസാധനങ്ങളിലെ മായം കണ്ടെത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനും തനിക്ക്‌ ബാധ്യതയുണ്ട്‌. അത്‌ നിര്‍വഹിച്ചേ തീരു.
ഡ്രൈവര്‍ തങ്കച്ചനെ വിട്ട്‌ പല കടകളില്‍ നിന്നും പല ബ്രാന്‍ഡുകളുടെ മഞ്ഞള്‍പൊടിയും മുളക്‌പൊടിയും അവള്‍ തന്നെ നേരിട്ട്‌ വാങ്ങിച്ചു. മായം പരിശോധിക്കുന്ന ആധികാരിക വിഭാഗമായ പെപ്‌റ്റിസൈഡ്‌ അനലറ്റിക്കല്‍ ലാബിലേക്ക്‌ അയച്ചു. കേരളത്തിലെ പരിശോധനാ സംവിധാനങ്ങളെ വിശ്വാസമില്ലാത്തതു കൊണ്ട്‌ ബാംഗ്ലൂരിലേക്ക്‌ അയക്കുകയായിരുന്നു. റിസള്‍ട്ട്‌ വന്നപ്പോള്‍ മാര്‍ക്കറ്റ്‌ ലീഡറായ രണ്ട്‌ കമ്പനികളുടെ മഞ്ഞള്‍പൊടിയില്‍ നിറയെ അപകടകരവും മാരകവുമായ രാസവസ്‌തുക്കള്‍ ക്രമാതീതമായ അളവില്‍ ചേര്‍ത്തിരിക്കുന്നു. മഞ്ഞളിന്റെ നിറവും മണവും ലഭിക്കാനുളള കുറുക്കുവഴിയാണ്‌.
ഹേമ വിവരം കിഷോറിനെ ധരിപ്പിച്ചു. സമയം കളയാതെ നടപടി എടുക്കാനാണ്‌ അയാള്‍ ഉപദേശിച്ചത്‌.
കമ്പനികളുടെ ചെയര്‍മാന്‍മാരെ ആരോടും ആലോചിക്കാതെ ഹേമ തന്നെ അറസ്‌റ്റ് ചെയ്യിക്കുകയായിരുന്നു. വാര്‍ത്ത കവര്‍ ചെയ്യാനായി മാധ്യമങ്ങളെ വിവരം അറിയിച്ചു. പക്ഷെ ആരും സംഭവസ്‌ഥലത്ത്‌ എത്തിയില്ല. പരിചയമുളള ഒരു ചാനലിന്റെ എഡിറ്ററെ വിളിച്ച്‌ അന്വേഷിച്ചപ്പോള്‍ അയാളുടെ മറുപടി ഇതായിരുന്നു.
''സോറി മാഡം. ഞങ്ങള്‍ക്ക്‌ ലഭിക്കാവുന്ന വലിയ ബ്രേക്കിംഗ്‌ ന്യൂസാണിത്‌. പക്ഷെ മാനേജ്‌മെന്റ ്‌ സമ്മതിക്കുന്നില്ല. ആഴ്‌ചതോറും ലക്ഷക്കണക്കിന്‌ രൂപയുടെ പരസ്യങ്ങളാണ്‌ അവര്‍ നല്‍കുന്നത്‌. ഞങ്ങളുടെ ലിമിറ്റേഷന്‍സ്‌ മാഡത്തിനറിയാല്ലോ...''
ഹേമ നെടുവീര്‍പ്പിട്ടു. മാധ്യമധര്‍മ്മത്തെക്കുറിച്ചുളള സെമിനാറില്‍ വച്ചാണ്‌ അവള്‍ അയാളെ പരിചയപ്പെട്ടത്‌. പക്ഷെ നിസഹായതകള്‍ക്ക്‌ മുന്നില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക്‌ പ്രസക്‌തിയില്ല.
കമ്പനികളുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ ഹേമ ഉത്തരവിട്ടു. അത്‌ സംബന്ധിച്ച രേഖകള്‍ കമ്പനി ഓഫീസിലെത്തി മണിക്കുര്‍ തികയും മുന്‍പേ മുഖ്യമന്ത്രി വര്‍ഗീസ്‌ കുര്യന്‍ നേരിട്ട്‌ അനുപമയെ വിളിച്ചു. തനിക്ക്‌ വളരെ വേണ്ടപ്പെട്ട ആളുകളാണെന്നും ഉത്തരവ്‌ പിന്‍വലിക്കണമെന്നും വളരെ നയപരമായ ഭാഷില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
''പക്ഷെ സര്‍ എത്രയോ പേരെ മാരകമായ രോഗങ്ങളിലേക്ക്‌..''
ഹേമയെ പുര്‍ത്തിയാക്കാന്‍ അദ്ദേഹം അനുവദിച്ചില്ല.
''അറിയാം ഹേമ. പക്ഷെ എല്ലാത്തിലും മായം ചേര്‍ക്കുന്ന ഒരു കാലത്ത്‌ ഒരു മഞ്ഞള്‍പൊടി മാത്രം നിരോധിച്ചതുകൊണ്ട്‌ എന്ത്‌ കാര്യം?''
''അപകടമുളള എല്ലാറ്റിനുമെതിരെ നമ്മള്‍ നടപടിയെടുക്കേണ്ടതല്ലേ സര്‍?''
ഹേമയുടെ ന്യായവാദങ്ങളൊന്നും കേള്‍ക്കാന്‍ സി.എമ്മിന്‌ സമയമുണ്ടായില്ല. അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു. അടുത്ത ആഴ്‌ച ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പിലേക്ക്‌ ഹേമയ്‌ക്ക് സ്‌ഥലം മാറ്റമായി. അതിന്റെ അര്‍ത്ഥം ആരും പറയാതെ തന്നെ അവള്‍ക്ക്‌ വ്യക്‌തമായി.
ഒരു മാസം തികയും മുന്‍പേ കമ്പനിക്ക്‌ നഷ്‌ടമായ ലൈസന്‍സ്‌ തിരിച്ചു കിട്ടി. കമ്പനിയുടെ പുതിയ പായ്‌ക്കറ്റുകള്‍ ഹേമയ്‌ക്ക് പകരം വന്ന കമ്മീഷണര്‍ ലാബില്‍ അയച്ചപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട്‌ പ്രകാരം പൂര്‍ണ്ണമായും രാസവസ്‌തു വിമുക്‌തവും പ്രകൃതിജന്യ വസ്‌തുക്കള്‍ കൊണ്ട്‌ നിര്‍മ്മിച്ചതുമായിരുന്നു മഞ്ഞള്‍പൊടി.
ഹേമ കരയണോ ചിരിക്കണോ എന്നറിയാത്ത വിചിത്രമായ ഒരു മാനസികാവസ്‌ഥയില്‍ നിന്നപ്പോള്‍ കിഷോര്‍ പറഞ്ഞു.
''വിട്ടു കളയെടോ...ആര്‍ക്കും വേണ്ടാത്ത ഒരു സത്യവും നീതിയും തനിക്ക്‌ മാത്രം എന്തിനാ..?''
''എന്നു കരുതി കിഷോര്‍ അഴിമതിക്ക്‌ കൂട്ടുനില്‍ക്കുമോ?''
''ഇല്ല. പക്ഷെ ഇതൊക്കെ ഓര്‍ത്ത്‌ പേഴ്‌സനല്‍ ലൈഫിലെ സന്തോഷങ്ങള്‍ താന്‍ വേണ്ടെന്ന്‌ വയ്‌ക്കല്ലേ..''
അയാള്‍ പറഞ്ഞതിലെ പ്രായോഗികത ഉള്‍ക്കൊണ്ട്‌ അവള്‍ ചിരിച്ചു. പിന്നെ കുഞ്ഞിനെയുമെടുത്ത്‌ കുളിപ്പിക്കാനായി പോയി. തത്തമംഗലത്തുളള അവളുടെ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ മഞ്ഞള്‍ ഉണക്കിപ്പൊടിച്ചത്‌ ടിന്നില്‍ സൂക്ഷിച്ചിരുന്നു. അതില്‍ നിന്നും കുറച്ചെടുത്ത്‌ കുഞ്ഞിന്റെ മേലാകെ തേച്ചുപിടിപ്പിച്ച്‌ കുറച്ചു സമയം കഴിഞ്ഞ്‌ ഇളംചൂടുവെളളത്തില്‍ കുളിപ്പിച്ചു. ഓരോ തവണയും ഞാന്‍ കുളിപ്പിക്കാം സാറെ..എന്നു പറഞ്ഞ്‌ ജോലിക്കാരി ഓടി വരും. ഹേമ സമ്മതിക്കാറില്ല. ഒരമ്മയ്‌ക്ക് അപുര്‍വമായി കിട്ടുന്ന സന്തോഷത്തിന്റെ നിമിഷങ്ങള്‍ വേണ്ടെന്നു വയ്‌ക്കാന്‍ ഹേമ തയ്യാറല്ല.
തത്‌കാലം അവള്‍ കമ്പനിയുടെ മഞ്ഞള്‍പൊടി മറന്നു. പകരം ദിവസവും രാവിലെ വെറുംവയറ്റില്‍ തത്തമംഗലത്തു നിന്നും വരുന്ന ശുദ്ധമായ മഞ്ഞള്‍പൊടി ചൂടുവെളളത്തില്‍ കലക്കി കിഷോറിനെയും കുഞ്ഞിനെയും കുടിപ്പിച്ചു. അവളും കഴിച്ചു. രോഗപ്രതിരോധശേഷി, അര്‍ബുദനാശിനി, കൊഴുപ്പ്‌ അലിയിച്ചു കളയല്‍..അങ്ങനെ പലതിനുമുളള ഒറ്റമൂലിയായിരുന്നു തത്തമംഗലത്തെ മഞ്ഞള്‍പൊടി.
സ്‌ഥലം മാറ്റം രണ്ട്‌ തരത്തില്‍ അവള്‍ക്ക്‌ ബുദ്ധിമുട്ടായി. ഒന്ന്‌ കിഷോറിനെ പിരിഞ്ഞ്‌ തലസ്‌ഥാനത്തേക്ക്‌ താമസം മാറ്റണം. രണ്ട്‌ പഴയതു പോലെ കുഞ്ഞിനെ ഓഫീസില്‍ കൊണ്ടുപോകാന്‍ കഴിയില്ല. എല്ലാം സഹിച്ച്‌ മുന്നോട്ട്‌ പോകാന്‍ തന്നെ ഹേമ തീരുമാനിച്ചു. പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്ന ഏത്‌ രംഗത്തും ആവുന്നത്ര സത്യസന്ധമായി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അവളുടെ രീതി.
എന്നാല്‍ ഹേമയെ പോലും അമ്പരപ്പിച്ചുകൊണ്ട്‌ പ്രതിപക്ഷം വിഷയം ഉയര്‍ത്തിക്കാട്ടി. ഭരണകക്ഷിയെ പ്രഹരിക്കാനുളള ആയുധമായി അവര്‍ മഞ്ഞള്‍പൊടി വിഷയം ജനമധ്യേ കൊണ്ടുവന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കാര്യാലയത്തിലെ ഒരു പ്രതിപക്ഷഅനുഭാവിയായിരുന്നു വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തത്‌. പക്ഷെ എല്ലാം ഹേമയുടെ തലയിലായി. മുഖ്യമന്ത്രി നേരില്‍ വിളിപ്പിച്ച്‌ ഭീഷണിയുടെ സ്വരത്തില്‍ തന്നെ സംസാരിച്ചു.
ഹേമയുടെ സ്വസ്‌ഥത നഷ്‌ടമായി. കിഷോറിന്റെ സാന്ത്വന വചനങ്ങള്‍ക്ക്‌ അവളെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല. ഒരു ദിവസം എല്ലാ നിയന്ത്രണവും വിട്ട്‌ അവള്‍ പൊട്ടിക്കരഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.
''നീയിങ്ങനെ വെറും സില്ലി പെണ്ണാകരുത്‌. നമുക്ക്‌ മുന്നില്‍ രണ്ട്‌ വഴികളേയുളളു. ഒന്നുകില്‍ കണ്ണടയ്‌്ക്കുക. അല്ലെങ്കില്‍ എന്തും വരട്ടെയെന്നു കരുതി നമ്മുടെ ശരിക്കൊപ്പം നീങ്ങുക''
രണ്ടാമത്തെ വഴിയില്‍ ഉറച്ചു നില്‍ക്കാന്‍ ഹേമ തീരുമാനിച്ചു. ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പിലും ന്യായവിരുദ്ധമായ എല്ലാ നീക്കങ്ങള്‍ക്കുമെതിരെ അവള്‍ ആഞ്ഞടിച്ചു. പ്രതിപക്ഷം അവള്‍ക്കൊപ്പം നിന്നു.
നിലവിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ മൂന്ന്‌ മാസം മാത്രം ബാക്കി നില്‍ക്കെ നിയമസഭ പിരിച്ചുവിട്ട്‌ ഭരണകക്ഷി തിരഞ്ഞെടുപ്പിന്‌ ആഹ്വാനം ചെയ്‌തു.
തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മഞ്ഞള്‍പൊടി വിഷയം സജീവമാക്കി. കമ്പനിയില്‍ നിന്നും കോടികള്‍ കൈക്കൂലി വാങ്ങിയ സി.എമ്മിനെക്കുറിച്ചുളള പൊടിപ്പും തൊങ്ങലും വച്ച കഥകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു. ഹേമ പരമാവധി മൗനം പാലിക്കാന്‍ ശ്രമിച്ചു. പക്ഷെ ഒരു വനിതാ മാസികയ്‌ക്ക് അനുവദിച്ച അഭിമുഖത്തില്‍ കമ്പനിയുടെ തട്ടിപ്പും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും അവള്‍ തുറന്നടിച്ചു. അതിന്റെയെല്ലാം പരിണിതഫലമാവാം തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ ഭരണകക്ഷി തറപറ്റി. പ്രതിപക്ഷം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു.

(തുടരും)

Ads by Google
Sunday 08 Apr 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW