Sunday, July 07, 2019 Last Updated 11 Min 38 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 07 Apr 2018 03.43 PM

ആറ്റുനോറ്റുണ്ടായ ഉണ്ണിയെ അമിതമായി ലളിച്ചു.. ഒടുവില്‍ അവന്റെ സ്വഭാവം ആ മാതാപിതാക്കളെ ഏറെ വേദനിപ്പിച്ചു.. അഖില്‍ അങ്ങനെയാകവാന്‍ എന്തായിരുന്നു കാരണം?

''അവനെ ഞാനന്ന് ആദ്യമായി തല്ലി. ഒരുപാട് വഴക്കുപറഞ്ഞു.ആ സമയത്ത് ഞാനവിടെ ചെന്നില്ലായിരുന്നെങ്കില്‍...
uploads/news/2018/04/206981/Weeklymanolokam060418.jpg

കുട്ടികളുടെ വികൃതി ആസ്വദിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ പരിധി കവിഞ്ഞുള്ള കുസൃതികള്‍ അപകടം ക്ഷണിച്ചുവരുത്തും.

ദീപ എന്ന വീട്ടമ്മയ്‌ക്കൊപ്പം എന്റെയടുത്തു വന്ന ആറാംക്ലാസുകാരനും അങ്ങനെയൊരു വികൃതിപ്പയ്യനായിരുന്നു. അഖില്‍ ദാസ് എന്നാണ് അവന്റെ പേര്.
അവനെ റൂമിനു പുറത്തിരുത്തിയിട്ട് ദീപ തനിച്ചാണ് ആദ്യം കണ്‍സല്‍ട്ടിങ് റൂമിലേക്ക് എത്തിയത്.

വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്ന് ദാസ് എന്ന ചെറുപ്പക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് അവര്‍. ആലപ്പുഴയില്‍ താമസമാക്കിയിട്ട് കുറച്ചുമാസങ്ങളേ ആയിട്ടുള്ളൂ.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദൈവം അവര്‍ക്കു കൊടുത്ത ആണ്‍കുഞ്ഞാണ് അഖില്‍. അതുകൊണ്ടുതന്നെ അമിതമായി ലാളിച്ചും കൊഞ്ചിച്ചുമാണ് അവനെ വളര്‍ത്തിയത്. ഒടുവില്‍ അത് വിനയായിത്തീര്‍ന്നതിന്റെ കഥയാണ് ദീപ എന്നോടു പറഞ്ഞത്:

''ചെറുപ്പം മുതലേ മോന്‍ വികൃതിയായിരുന്നു ഡോക്ടര്‍... കുഞ്ഞായിരുന്നപ്പോള്‍ എന്തു കാണിച്ചാലും ഞങ്ങളവനെ വഴക്കു പറയുമായിരുന്നില്ല. ആറ്റുനോറ്റു കിട്ടിയ കുഞ്ഞായതുകൊണ്ട് അവന്റെ എല്ലാ നിര്‍ബന്ധങ്ങളും സാധിച്ചുകൊടുത്തു.

കഴിക്കാനുള്ള ഭക്ഷണത്തില്‍ മണ്ണു വാരിയിടുമ്പോള്‍ പോലും ശാസിച്ചിട്ടില്ല. കുരുത്തക്കേട് കാണിക്കുമ്പോഴൊക്കെ മോന്റെ കവിളില്‍ ഉമ്മകൊടുത്ത് ഞങ്ങളത് നിസാരമാക്കി. ചോദിക്കുമ്പോഴൊക്കെ കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുത്തു.

ക്രമേണ അവന്‍ അലക്കിവച്ച തുണി കിണറ്റിലേക്കിടാനും വഴിയില്‍ക്കൂടി പോകുന്നവരെ കല്ലെടുത്തെറിയാനുമൊക്കെ തുടങ്ങിയതോടെ ഞങ്ങള്‍ക്ക് ആധിയായി. എന്നാലും അതൊക്കെ പ്രായത്തിന്റെ പ്രത്യേകതയാണെന്നു കരുതി ഞങ്ങള്‍ ആശ്വസിച്ചു.

പക്ഷേ വളരുന്തോറും മോന്റെ കുസൃതി വര്‍ധിച്ചതേയുള്ളൂ. സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.

ടീച്ചര്‍മാര്‍ അവനെക്കുറിച്ചുള്ള പരാതികള്‍ എഴുതിയെഴുതി സ്‌കൂള്‍ഡയറി നിറഞ്ഞു. പഠനത്തില്‍ ഉഴപ്പാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളെ സ്‌കൂളിലേക്കു വിളിപ്പിക്കുകയും ചെയ്തു. ക്ലാസില്‍ അടങ്ങിയിരിക്കില്ല, കൂടെയിരിക്കുന്ന കുട്ടികളെ ഉപദ്രവിക്കും... എന്നിങ്ങനെ അവനെപ്പറ്റി അവര്‍ പറയാത്തതൊന്നുമില്ല.

ഇതിനിടയില്‍ എറണാകുളത്തെ ഐ.ടി പാര്‍ക്കില്‍ എനിക്കു ജോലികിട്ടി. മോനെ അയല്‍പക്കത്തെ വീട്ടില്‍ ഏല്‍പ്പിച്ചിട്ടാണു ഞാന്‍ അവിടേക്കു പോയത്. എന്നാല്‍ അവന്‍ അവിടത്തെ കുട്ടികളെ ഉപദ്രവിച്ചു. ആ വീട്ടിലെ ഉപകരണങ്ങളും നശിപ്പിച്ചു. അതോടെ സ്‌നേഹത്തിലായിരുന്ന അവരുമായി ഞങ്ങള്‍ക്കു പിണങ്ങേണ്ടി വന്നു. പിന്നെ വീടിനുള്ളില്‍ അവനെ പൂട്ടിയിട്ടാണ് കുറച്ചുദിവസം ഞാന്‍ ഓഫീസില്‍ പോയത്.

ഒരിക്കല്‍ ജോലികഴിഞ്ഞു വന്നപ്പോള്‍ ഹാളില്‍ അവനെ കാണാനില്ല.
ഞാന്‍ ഉറക്കെ വിളിച്ചപ്പോള്‍ ബെഡ്‌റൂമില്‍ ചിരികേട്ടു. അവടെയെത്തിയ ഞാന്‍ കണ്ടത്, അലമാരയില്‍നിന്ന് എന്റെ സാരിയെടുത്ത് ജനല്‍കമ്പിയില്‍ കെട്ടി അതിന്റെ തുമ്പ് കഴുത്തില്‍ ചുറ്റിക്കൊണ്ടിരിക്കുന്ന മോനെയാണ്.

അതു കണ്ടപ്പോള്‍ എന്റെ സകല നിയന്ത്രണവും തെറ്റിപ്പോയി. അതുവരെ നുള്ളിനോവിക്കുകപോലും ചെയ്തിട്ടില്ലാത്ത അവനെ ഞാനന്ന് ആദ്യമായി തല്ലി. ഒരുപാട് വഴക്കുപറഞ്ഞു.ആ സമയത്ത് ഞാനവിടെ ചെന്നില്ലായിരുന്നെങ്കില്‍...

അവനെ വീട്ടിലിരുത്തിയിട്ട് സമാധാനത്തോടെ ഇനി ജോലിക്കു പോകാന്‍ കഴിയില്ല ഡോക്ടര്‍... ഞങ്ങളുടെ മകന്റേത് വെറും കുസൃതികള്‍ മാത്രമാണോ? അതോ എന്തെങ്കിലും രോഗമോ?''

മകന്റെ ചെയ്തികള്‍ ദീപ അക്കമിട്ടു വിവരിക്കുമ്പോള്‍ അതൊന്നുമറിയാതെ ഹോസ്പിറ്റല്‍ വളപ്പില്‍ ഓടിക്കളിക്കുകയായിരുന്നു അഖില്‍. അവനെ കൂട്ടിക്കൊണ്ടു വരാമെന്നു പറഞ്ഞ് ഇറങ്ങിയ ദീപ അരമണിക്കൂറിനു ശേഷമാണ് റൂമിലെത്തിയത്.

കളങ്കമില്ലാത്ത ഒരു ചിരി അഖില്‍ എനിക്കുനേരേ അയച്ചപ്പോള്‍ അവനോട് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നി.

കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന എ.ഡി.എച്ച്.ഡി (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റീവ് ഡിസോര്‍ഡര്‍) എന്ന അവസ്ഥയായിരുന്നു അഖിലിന്. അതേക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും ദീപയെ പറഞ്ഞു മനസിലാക്കി.

തുടര്‍ന്ന് അഖിലിന് അനുയോജ്യമായ മരുന്നുകള്‍ നല്‍കിത്തുടങ്ങി. ഒന്നരമാസത്തെ ചികിത്സകൊണ്ട് കുട്ടിയില്‍ മാറ്റങ്ങളുണ്ടായി. എങ്കിലും പ്രായപൂര്‍ത്തിയാകും വരെ മരുന്ന് ഉപയോഗിക്കേണ്ടിവരും.

Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 07 Apr 2018 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW