Sunday, June 16, 2019 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 07 Apr 2018 03.15 PM

പ്രതീക്ഷ ഉയര്‍ത്തി പെണ്‍താരനിര

''അത്‌ലറ്റിക്‌സില്‍ കേരളത്തിന് അഭിമാനമായി മാറുന്ന പെണ്‍താരങ്ങളുടെ ജീവിതത്തിലൂടെ...''
uploads/news/2018/04/206978/SPORTSpersonlty070418.jpg

ചിത്ര കെ. സോമന് ചങ്ങനാശേരി അസംപ്ഷന്‍ കോളജില്‍ നിന്നുതന്നെ ഒരു പിന്‍ഗാമി. ഗുണ്ടൂരില്‍ അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ അത്‌ലറ്റിക്‌സില്‍ ട്രാക്കില്‍ വിസ്മയമായ വി.കെ. വിസ്മയയെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം.

ഇരുവരുടെയും ഇഷ്ടയിനം ഒരു ലാപ് ഓട്ടം; അഥവാ 400 മീറ്റര്‍. ചിത്ര കോട്ടയം സ്വദേശിനിയെങ്കില്‍ വിസ്മയ കണ്ണൂര്‍കാരി. ഇപ്പോള്‍ അസംപ്ഷനില്‍ എം.എസ്.ഡബ്ല്യൂ. ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി.

നാനൂറു മീറ്ററില്‍ സംസ്ഥാന തലത്തില്‍ മെഡല്‍ നേടിയെങ്കിലും ജിസ്‌ന മാത്യുവും അനു രാഘവനും അനില്‍ ഡി. തോമസുമൊക്കെ ഇന്ത്യന്‍ ജേഴ്‌സിയുടെയും രാജ്യാന്തര മെഡലുകളുടെയും തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ വിസ്മയക്ക് ദേശീയ മത്സരത്തില്‍ അവസരം ഒരുങ്ങിയത് റിലേയില്‍ മാത്രം.

താന്‍ ഇവരുടെയെല്ലാം നിഴലിലാണ് എന്നൊരു തോന്നല്‍ വിസ്മയ്ക്കും ഉണ്ടായത് സ്വാഭാവികം. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ വേഗവും കഴിവും വിസ്മയ ഒരു നിമിഷം വിസ്മരിച്ചു. അല്ലെങ്കില്‍ ഗുണ്ടൂരില്‍ ഒരുപക്ഷേ, അട്ടിമറി നടന്നേനെ.

നാനൂറു മീറ്ററില്‍ ഉഷയുടെ ശിഷ്യ, ഇന്ത്യന്‍ താരവും ഏഷ്യന്‍ മെഡല്‍ ജേത്രിയുമായ ജിസ്‌ന മാത്യുവിന് പിന്നില്‍ വെള്ളി നേടിയ വിസ്മയ 200 മീറ്ററില്‍ ജിസ്‌നയെ പിന്‍തള്ളി സ്വര്‍ണം നേടി. മംഗലഗിരിയിലെ ട്രാക്കില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വിസ്മയ്ക്കും വിസ്മയം.

തനിക്ക് ഇത്രയും സാധിച്ചോ?2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും ലക്ഷ്യമിടുന്ന ജിസ്‌ന പൂര്‍ണ നിലവാരം പുറത്തെടുത്തില്ലെന്ന് വാദിക്കുന്നവര്‍ വിസ്മയയുടെ മികവ് കണ്ടില്ലെന്ന് നടിക്കരുത്.

ആദ്യ 200 മീറ്ററില്‍ അല്പം വേഗം കുറഞ്ഞു. അല്ലെങ്കില്‍.... അസംപ്ഷന്‍ കോളജിലെ കായികാധ്യാപകന്‍ ഡോ. ജോസഫ് പറഞ്ഞു.
റിലേയില്‍ (4ന്‍400 മീ.) ജിസ്‌നയും, അബിതാ മേരി മാനുവലും ഷഹര്‍ബാന സിദ്ദിഖും ഉള്‍പ്പെട്ട കാലിക്കറ്റിനെ പിന്‍തള്ളി സ്വര്‍ണമണിഞ്ഞപ്പോള്‍ നങ്കൂരക്കാരിയായി ഓടിയത് വിസ്മയയെന്ന ഇരുപതുകാരിയായിരുന്നു.

200 മീറ്ററില്‍ ആകട്ടെ, 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് വിസ്മയ തിരുത്തിയത്.

uploads/news/2018/04/206978/SPORTSpersonlty070418a.jpg
അപര്‍ണ റോയ് , വിഷ്ണു പ്രിയ , അനുമോള്‍ തമ്പി

ഹൈജംപില്‍ ബോബി അലോഷ്യസിന് പിന്‍ഗാമിയാകാന്‍ മാംഗലൂര്‍ സര്‍വകലാശാലയുടെ മലയാളി താരം ഏഞ്ചല്‍ പി. ദേവസ്യ തയാറെടുക്കുന്നു. ഗായത്രി ശിവകുമാറിനൊപ്പം ഹൈജംപില്‍ കേരളം പ്രതീക്ഷയര്‍പ്പിക്കുന്ന താരമാണ് ഏഞ്ചല്‍.

മറ്റു കൊച്ചി ഹൈജംപ് താരങ്ങളെപ്പോലെ ഏഞ്ചലും റെയില്‍വേ താരം മനോജ് ടി. തോമസിന്റെ ശിക്ഷണത്തിലാണ് വളര്‍ന്നത്. ഏഞ്ചല്‍ മംഗലാപുരം അജിത്തിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഈ ഇരുപത്തിമൂന്നുകാരി 1.82 മീറ്റര്‍ ചാടിയപ്പോള്‍ തന്റെ ജീവിതത്തിലെ മികച്ച പ്രകടനവുമായി അത്.

ഏഞ്ചലിന്റെ പരിശീലന പങ്കാളികൂടിയായ ഗായത്രി ശിവകുമാര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പാലായില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഏക ദേശീയ സീനിയര്‍ ചാംപ്യന്‍ ആയിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ഗുണ്ടൂരില്‍ ദേശീയ സീനിയര്‍ ചാംപ്യനായി. ഗായത്രിയുടെ മികച്ച പ്രകടനം 1.79 മീറ്ററാണ്. ഭാവിയിലെ ഏഞ്ചല്‍ ഗായത്രി മത്സരങ്ങള്‍ കേരളത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

സ്‌കൂള്‍ കായികരംഗം വിട്ട് ഭുവനേശ്വരിയെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വര്‍ണത്തിന്റെ തിളക്കവുമായി അഖിലേന്ത്യാ വാഴ്‌സിറ്റി മീറ്റിനെത്തിയ പി.യു.ചിത്ര 1500 മീറ്ററില്‍ അനായാസ വിജയം നേടി. കേന്ദ്ര സര്‍ക്കാരിന്റെ ടാര്‍ഗറ്റ് ഒളിംപിക് പോഡിയം (സ്സഗ്നണ്മ) പദ്ധതിയില്‍ ഉള്‍പ്പെട്ട ചിത്രയ്ക്ക് ലണ്ടന്‍ ലോക ചാംപ്യന്‍ഷിപ്പില്‍ തഴയപ്പെട്ടതിന്റെ നഷ്ടം നികത്താന്‍ ഈ വര്‍ഷം രാജ്യാന്തര മത്സരങ്ങള്‍ ഒട്ടേറെയുണ്ട്.

ചിത്രയ്ക്കും ജിസ്‌നയ്ക്കും പിന്‍ഗാമികള്‍


ഹരിയാനയിലെ റോഹ്ത്തക്കിലെ തണുത്ത അന്തരീക്ഷത്തിലും കേരളം നാളെയുടെ വാഗ്ദാനങ്ങളെ കണ്ടെത്തി. ദേശീയ സ്‌കൂള്‍ കായികമേളയില്‍ ഒരു ഡസന്‍ മെഡല്‍ നേടിയ പി.യു. ചിത്രയ്ക്ക് പിന്‍ഗാമികള്‍ ഒട്ടേറെ. സീനിയര്‍ (അണ്ടര്‍ 19) മീറ്റില്‍ നിവ്യ ആന്റണിയും അപര്‍ണ റോയിയും അനുമോള്‍ തമ്പിയും പി.ആര്‍. ഐശ്വര്യയും ജെ. വിഷ്ണുപ്രിയയും ഒക്കെ പ്രതീക്ഷ ഉയര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
uploads/news/2018/04/206978/SPORTSpersonlty070418b.jpg
ഏഞ്ചല്‍.പി.ദേവസ്യ , ഗായത്രി ശിവകുമാര്‍

100 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ അപര്‍ണ റോയ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ടോമി ചെറിയാന്റെ ശിഷ്യയാണ്. 100 മീറ്ററിലും മികവുകാട്ടുന്ന അപര്‍ണയ്ക്ക് ഇനി തീരുമാനിക്കാം ഫുട്‌ബോള്‍ വേണോ; അത്‌ലറ്റിക്‌സ് വേണോ?

കൂടരഞ്ഞി 'സെപ്റ്റ്' ഫുട്‌ബോള്‍ അക്കാദമിയിലൂടെ കാല്‍പ്പന്തു കളിച്ചുതുടങ്ങിയ അപര്‍ണ അണ്ടര്‍ 14 ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ കളിച്ചു. പ്രതിരോധ താരമെങ്കിലും ഭൂട്ടാനെതിരെ ഗോള്‍ നേടിയ ചരിത്രവും അപര്‍ണയ്‌ക്കൊപ്പമുണ്ട്.

അത്‌ലറ്റിക്‌സിലാകട്ടെ രണ്ടുതവണ ലോക സ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്തു. റോഹ്ത്തക്കില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ആറാമതായെങ്കിലും റിലേ ടീമിനെ സ്വര്‍ണമണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

പതിനാറാം വയസ്സില്‍ അപര്‍ണ തീരുമാനമെടുക്കട്ടെ. ഇനി ട്രാക്കിലോ, അതോ ഫുട്‌ബോള്‍ കോര്‍ട്ടിലോ?
നിവ്യ ആന്റണി പോള്‍വോള്‍ട്ടില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. കല്ലടി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും പാലാ ജംപ്‌സ് അക്കാദമിയിലെ കെ.പി.സതീഷ്‌കുമാറിന്റെ ശിഷ്യയുമാണ് നിവ്യ.

പോള്‍വോള്‍ട്ടില്‍ ദേശീയ വിജയങ്ങള്‍ക്കപ്പുറം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എത്ര സാധ്യതയുണ്ടെന്നത് മാത്രമാണ് നിവ്യ നേരിടുന്ന പ്രശ്‌നം. അത്ഭുതം കാട്ടാനായാല്‍ നല്ലത്.വിഷ്ണുപ്രിയ 400 മീറ്റര്‍ ഹര്‍ഡില്‍സിലും പി.ആര്‍. ഐശ്വര്യ ട്രിപ്പിള്‍ ജംപിലുമാണ് സ്വര്‍ണം നേടിയത്. രണ്ടും സാധ്യതയുള്ള ഇനങ്ങള്‍.

അനുമോള്‍ തമ്പി ഈ മീറ്ററ്റോടെ സ്‌കൂള്‍ കായികരംഗം വിടുകയാണ്. ഒരു സ്വര്‍ണം അനുമോള്‍ ആഗ്രഹിച്ചിരുന്നു. അതവള്‍ പാലായില്‍ സംസ്ഥാന മീറ്റ് വേളയിലേ സൂചിപ്പിച്ചിരുന്നു. 1500 മീറ്ററില്‍ അനുമോള്‍ ദേശീയ സ്വര്‍ണം സ്വന്തമാക്കി.

uploads/news/2018/04/206978/SPORTSpersonlty070418c.jpg
വി.കെ.വിസ്മയ , ഗായത്രി ശിവകുമാര്‍

ഇനി വാഴ്‌സിറ്റി, ദേശീയ, അന്തര്‍ സംസ്ഥാന വേദികളിലേക്ക് ചുവടുവയ്ക്കാം. 5000 മീറ്ററിലും 3000 മീറ്ററിലും അനുമോള്‍ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. ഇനി അനുമോളും തീരുമാനിക്കണം..മൂന്നിനങ്ങള്‍ രണ്ടായെങ്കിലും ചുരുക്കണം; അത് ഏതൊക്കെയാകണം??അനുമോള്‍ക്ക് നല്ല മത്സരം സമ്മാനിച്ച കെ.ആര്‍. ആതിരയും പ്രതീക്ഷയുണര്‍ത്തുന്നു.

റോഹ്ത്തക്കിലെ മഞ്ഞും ശീതക്കാറ്റും നമ്മുടെ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിരിക്കാം. പി.ടി. ഉഷയുടെയും സാനി ജോസഫിന്റെയും സിനി ബ്രിജിത്തിന്റെയൊക്കെ പിന്‍മുറക്കാര്‍ അതിവേഗ ഓട്ടത്തില്‍ പിന്നാക്കം പോയിയെന്നതും ശ്രദ്ധേയമാണ്.

പക്ഷേ, കോളജ്, സ്‌കൂള്‍ തലങ്ങളില്‍ പുതിയ താരനിരയുടെ കുതിപ്പ് ആവേശകരമാണ്. അത്‌ലറ്റിക്‌സിന്റെ അക്ഷയഖനിയാണ് കേരളം. പെണ്‍മികവ് എന്നും ട്രാക്കിലും ഫീല്‍ഡിലും കേരളം വിളിച്ചറിയിച്ചതാണ്. അത് തുടരുമെന്നുതന്നെ സൂചന. കാത്തിരിക്കാം; പ്രോത്സാഹിപ്പിക്കാം.

സനില്‍ പി. തോമസ്

Ads by Google
Saturday 07 Apr 2018 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW