Friday, June 07, 2019 Last Updated 20 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 06 Apr 2018 02.34 PM

ലഹരിയുടെ അവസാനത്തെ അധ്യായം

നിങ്ങളുടെ കുട്ടി മയക്കുമരുന്നിന് അടിമയാണോ? കേരളത്തിലെ സ്‌കൂളുകള്‍ കീഴടക്കുന്ന ലഹരിമാഫിയയുടെ ഇടനാഴികളിലേക്ക് ഒരു അന്വേഷണം...!
uploads/news/2018/04/206669/Weeklydrugsstory060418a.jpg

''രക്തപരിശോധനയിലൂടെയും ഉമിനീര്‍ പരിശോധനയിലൂടെയുമൊക്കെയേ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനാവൂ. ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഒന്നും പിടികിട്ടില്ല.''

മഴ!!!
ഈയല്‍ച്ചിറകുകള്‍പോലെ ചാഞ്ഞുപെയ്യുന്ന മഴയിലൂടെ ഓട്ടോറിക്ഷ ഓടിക്കൊണ്ടിരുന്നു.
മഴയിലേക്ക് നോക്കി സൗമിനി വെറുതെ ഇരുന്നു.
ഇതിലും വലിയ ഒരു മഴ ഇടനെഞ്ചില്‍ ഇരച്ചുപെയ്യുകയാണ്.

''മാര്‍ക്കറ്റ് റോഡ്.''
ഓട്ടോ പതിയെ കൊല്ലത്തെ മാര്‍ക്കറ്റ് റോഡിലേക്ക്.
ഒരു കടയുടെ മുമ്പിലെത്തിയതും സൗമിനി ഡ്രൈവറെ നോക്കി;
''നിര്‍ത്ത്.''
ഓട്ടോ നിന്നു.
കൈപ്പടംകൊണ്ട് പോലും തലമൂടാതെ സൗമിനി കടയിലേക്ക്...
''ഒരു കത്തിവേണം...!''
നിര്‍വികാരതയോടെ സൗമിനി കടക്കാരനെ നോക്കി.
''കത്തി എന്നുവച്ചാല്‍...?''
''നല്ല മൂര്‍ച്ചയുള്ളതുവേണം. ഇറച്ചി നുറുക്കാന്‍ പാകത്തിലുള്ളത്.''
കത്തി വാങ്ങി കടലാസില്‍ പൊതിഞ്ഞ് വീണ്ടും ഓട്ടോറിക്ഷയിലേക്ക്.
മഴ തുടരുകയാണ്.
വീടിനു താഴെ ഓട്ടോ നിന്നു.

സാരിത്തലപ്പുകൊണ്ട് കത്തി ഒളിപ്പിച്ച് സൗമിനി മഴനനഞ്ഞ് വീട്ടിലേക്ക് കയറി.വരാന്തയോടു ചേര്‍ന്നുള്ള മുറിയില്‍ ഭര്‍ത്താവ് ചെരിഞ്ഞു കിടന്നുറങ്ങുന്നു. കവിളിലൊരു കണ്ണീര്‍പ്പാടയുടെ തിളക്കം ഉണ്ടെന്നുതോന്നി. തകര്‍ന്നുപോയ പ്രതീക്ഷകളുടെ ആകെത്തുകയായി ഒരു മനുഷ്യന്‍.

അപ്പുറത്തെ മുറിയില്‍, മേശമേല്‍ നിവര്‍ത്തിവച്ച പുസ്തകത്തിലേക്ക് മുഖം അമര്‍ത്തി ഇളയമകന്‍. അടുത്തമുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ മഴയില്‍ കുതിര്‍ന്നിരുന്നിട്ടും സൗമിനിയുടെ കാല്പാദങ്ങള്‍ ഒന്നു വെന്തു.

അകത്തെ കട്ടിലില്‍ ... മൂത്തമകന്‍.ഇരുകൈകളും കാലുകളും കട്ടില്‍ക്രാസിയോട് ചേ ര്‍ത്ത് തുണികൊണ്ട് കെട്ടിയിട്ടുണ്ട്.മരുന്നുകള്‍ നല്‍കിയ അര്‍ധമയക്കത്തിലും ഞെരിഞ്ഞുപൊട്ടുന്ന പല്ലുകള്‍ക്കിടയില്‍നിന്ന് അവ്യക്തമായ പിറുപിറുക്കലുകള്‍... മകന്റെ മുഖത്തേക്കുനോക്കി നനഞ്ഞൊരു പ്രതിമപോലെ സൗമിനി നിന്നു.

ആദ്യമായി വയറ്റില്‍ കുരുത്തവന്‍...
ആദ്യമായി തന്റെ മുലപ്പാല്‍ നുണഞ്ഞവന്‍...
ആദ്യമായി 'അമ്മേ' എന്നു വിളിച്ചവന്‍...
കണ്‍പീലികള്‍ക്കിടയില്‍ നിന്ന് ചുടുകണ്ണീര്‍ കുതിച്ചിറങ്ങിക്കൊണ്ടിരുന്നു.
സാരിത്തലപ്പിനിടയില്‍ നിന്ന് സൗമിനി പതിയെ കത്തിയെടുത്തു.
പിന്നെ, മുഖം താഴ്ത്തി മകന്റെ നിറുകയില്‍ ഒരു കുഞ്ഞ് ഉമ്മ!
പിന്നെ, ബഡ്ഷീറ്റുകൊണ്ട് മകന്റെ മുഖവും കഴുത്തും മൂടി.
പിന്നെ, കണ്ണുകളിറുക്കിയടച്ച് ഏങ്ങലടിച്ചുകൊണ്ട് മകന്റെ കഴുത്തറുത്തു.
''എന്റെ പൊന്നുമോനേ...'' എന്നൊരു കരച്ചില്‍ തിരമാല പോലെ ഹൃദയഭിത്തിയില്‍ വന്ന് ആഞ്ഞലയ്ക്കുന്നുണ്ടായിരുന്നു...

uploads/news/2018/04/206669/Weeklydrugsstory060418b.jpg

വാര്‍ത്ത:
മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കഴുത്തറുത്ത് കൊന്നു ശക്തമായി ഒരു ഇടിമുഴങ്ങി. പോലീസ് സ്‌റ്റേഷനിലെ ബെഞ്ചിലിരുന്നുകൊണ്ട് സൗമിനി കണ്ണീരുവറ്റിയ മിഴികളോടെ ഉദ്യോഗസ്ഥരെ നോക്കി.

''ഞാന്‍ കൊന്നതാ.
ഞാന്‍ കൊന്നില്ലായിരുന്നെങ്കില്‍ അവന്‍ ആരെയെങ്കിലും കൊന്നേനേ... അല്ലെങ്കില്‍... അവനെ ആരെങ്കിലും...!
വേറെ, ആരുടെയെങ്കിലും കൈകൊണ്ട് അവന്‍ ചാവുന്നതിലും നല്ലതല്ലേ സാറേ ഞാന്‍ തന്നെ കൊല്ലുന്നത്...!''
ഇത് ഒരു കഥയല്ല...

അഞ്ചുവര്‍ഷം മുമ്പ് കൊല്ലത്ത് നടന്ന സംഭവം.പഠിക്കാന്‍ മിടുമിടുക്കനായിരുന്ന ഒരു വിദ്യാര്‍ഥി, ലഹരിയുടെ പുകയില്‍ ശ്വാസംമുട്ടി പിടഞ്ഞുതീര്‍ന്ന കഥ.
ചോരവീണ് കറുത്തുപോയ, ഒരമ്മയുടെ സ്വപ്നങ്ങളുടെ കഥ!!!ഇനി പറയുന്നത് രക്ഷിതാക്കള്‍ ഞെട്ടലോടെ തന്നെ കേള്‍ക്കുക.

കേരളത്തിലെ സ്‌കൂളുകള്‍ ഉന്നമിട്ട് വലമുറുക്കി കാത്തിരിക്കുകയാണ് ലഹരിയുടെ വിഷച്ചിലന്തികള്‍.വഴിയില്‍ നിന്നു കിട്ടിയ ബീഡിക്കുറ്റി, മതിലിന്റെ മറവില്‍ ഒളിച്ചുനിന്ന് പുകയെടുത്തു രസിച്ച കൗമാരം അല്ല ഇന്നത്തേത്.നീലച്ചടയന്റെ പുകയില്‍ തുടങ്ങി... ഗുളികകളും ഇന്‍ജക്ഷനും... പിന്നെ...

നാവിനടിയില്‍ ഒട്ടിച്ച് എല്‍.എസ്.ഡി സ്റ്റാമ്പുകളും ഉപയോഗിച്ച് ലഹരിയുടെ കൊടുമുടി കയറുന്ന ന്യൂജനറേഷന്‍.
സ്‌കൂളുകളാണ് ലഹരി മാഫിയയുടെ പ്രധാന ടാര്‍ജറ്റ്.എത്രയും ചെറുപ്പത്തിലേതന്നെ ഒരാളെ ലഹരിയുടെ അടിമയാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
അതിന് ഒരു വന്‍ശൃംഖലതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

1. 'ചങ്ക് ബ്രോസ്'


ലഹരിയുടെ വഴിയിലേക്ക് പുതിയ ആളുകളെ എത്തിക്കുവാനുള്ള ഉത്തരവാദിത്വം ഇവര്‍ക്കാണ്.ഓരോ മാസവും ടാര്‍ജറ്റ് പുതുക്കിക്കൊണ്ടിരിക്കണം.
ലഹരി പുകയായും, ഗുളികയായും, സ്റ്റാമ്പായും ഒക്കെ എത്തും.

2. 'ഡോക്ടര്‍മാര്‍'


ഇന്‍ജക്ഷനെടുത്ത്, ഇരയെ ലഹരിയുടെ ആഴങ്ങളിലേക്ക് വിടുന്നത് ഇക്കൂട്ടരാണ്. ഒരു 'പെത്തഡിന്‍ ഇന്‍ജക്ഷന്' മുന്നൂറ് രൂപ എന്ന നിരക്കിലാണ് ചാര്‍ജ്.ലഹരി മൂന്നുദിവസം വരെ നില്‍ക്കും.

3. വൈറ്റ് മാര്‍ക്കര്‍ എന്ന 'വെളുത്ത മരണം'


കുട്ടികള്‍ മഷി മായ്ക്കാന്‍ ഉപയോഗിക്കുന്ന വൈറ്റ് മാര്‍ക്കറും ലഹരിയായി മാറാറുണ്ട്. ശക്തിയായ രീതിയില്‍ വൈറ്റ്മാര്‍ക്ക് ഉള്ളിലേക്ക് വലിച്ച് ലഹരി കണ്ടെത്തുന്ന രീതിയാണ്.ഇങ്ങനെ ചെയ്ത ഒരു വിദ്യാര്‍ഥിനി രണ്ടുവര്‍ഷം മുമ്പ് മരിച്ചതിനെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ വൈറ്റ് മാര്‍ക്കറിന്റെ കച്ചവടം പോലും ഇടയ്ക്ക് നിര്‍ത്തിവച്ചിരുന്നു.

4. എല്‍.എസ്.ഡി അഥവാ 'ഉറക്കും സ്റ്റാമ്പുകള്‍'


നാവിനടിയില്‍ ഒട്ടിച്ചുവയ്ക്കുന്ന ചെറിയ സ്റ്റാമ്പുകളാണ് ഇവ.ഒരു ചെറിയ സ്റ്റിക്കര്‍പൊട്ടിന്റെ വലിപ്പമുള്ള സ്റ്റാമ്പിന് മൂവായിരത്തഞ്ഞൂറ് രൂപ വരെ വരും.
എഴുപത്തിരണ്ട് മണിക്കൂര്‍ വരെ ലഹരിതരുന്ന എല്‍.എസ്.ഡി യുടെ വരവ് ഗോവയില്‍ നിന്നാണ്.

കൊച്ചിയില്‍ അടുത്തിടെ, ആന്റി നാര്‍ക്കോട്ടിക്‌സില്‍ ഏറ്റവും കൂടുതല്‍ പിടികൂടിയിട്ടുള്ളതും എല്‍.എസ്.ഡി യാണ്. എല്‍.എസ്.ഡിയും, കൊക്കെയ്‌നുമാണ് കൊച്ചിയിലെ സ്‌മോക്ക് പാര്‍ട്ടികളിലെ പ്രധാന വി.ഐ.പികള്‍.

uploads/news/2018/04/206669/Weeklydrugsstory060418.jpg

5. മരുന്നുകള്‍ ലഹരിമരുന്നുകള്‍ ആവുമ്പോള്‍


സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരിക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് മരുന്നുകള്‍ തന്നെയാണ്.വിതരണം ചെയ്യാനും, ഉപയോഗിക്കാനുമുള്ള എളുപ്പമാണ് ഇതിനു പിന്നില്‍.ചുഴലിദീനത്തിന് ഉപയോഗിക്കുന്ന ഗുളികകള്‍.

പ്രസവവേദന കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ചില ഇന്‍ജക്ഷനുകള്‍...വിഷാദരോഗത്തിനും മൂഡ്-ഡിസ്ഓര്‍ഡറിനും ആന്റി ഡിപ്രസന്റായി നല്‍കുന്ന മരുന്നുകള്‍... ഇവയൊക്കെ കുട്ടികള്‍ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്.

ഉന്മാദത്തിന്റെ അളവ് കൂടുന്നതിനായി ഗുളികകള്‍ കോളയുമായി ചേര്‍ത്തും കഴിക്കും.രക്തപരിശോധനയിലൂടെയും ഉമിനീര്‍ പരിശോധനയിലൂടെയുമൊക്കെയേ ലഹരിയുടെ സാന്നിധ്യം കണ്ടെത്താനാവൂ.ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഒന്നും പിടികിട്ടില്ല.ഒരുദിവസം ലഹരി കിട്ടാതാവുമ്പം മകനോ മകളോ ആത്മഹത്യ ചെയ്യുമ്പോഴോ, ഭ്രാന്തുപിടിച്ച് പുളയുമ്പോഴോ മാത്രമേ രക്ഷിതാക്കള്‍ കണ്ണീരോടെ ആ സത്യം മനസിലാക്കൂ.തങ്ങളുടെ കുട്ടികള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന നെഞ്ചുപൊട്ടുന്ന സത്യം.

6. ഊട്ടിയില്‍ നിന്നു വരും 'വിഷക്കൂണുകള്‍'


ഊട്ടയില്‍ നിന്നു വരുന്ന വിഷക്കൂണുകളാണ് ലഹരിയുടെ പുതിയ മാര്‍ഗം. വനത്തില്‍നിന്ന് ഇത്തരം വിഷക്കൂണുകള്‍ ശേഖരിച്ച് കേരളത്തില്‍ എത്തിക്കുന്നതിന് പ്രത്യേക ഏജന്‍സികള്‍ തന്നെയുണ്ട്. ഒരു തുണ്ട് ചവച്ചാല്‍ ഒരാഴ്ചത്തേക്ക് തലച്ചോറ് മന്ദിപ്പിക്കാന്‍ കഴിവുള്ളവയാണ് വിഷക്കൂണുകള്‍.

'മാജിക് മഷ്‌റൂം' എന്ന പേരിലാണ് കക്ഷി അറിയപ്പെടുന്നത്.അക്രമവാസനയ്‌ക്കൊപ്പം, അതിസാഹസികതയുമാണ് ലഹരി കുട്ടികളില്‍ കുത്തിവയ്ക്കുന്നത്.

ബന്ധങ്ങളുടെ വില മനസിലാവാതെ മനസും ചിന്തകളും അക്രമത്തിലേക്കും ലൈംഗിക വൈകൃതങ്ങളിലേക്കും തിരിയും. അടുത്തകാലത്തുണ്ടായ 'അതിസാഹസിക' 'സെല്‍ഫി അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും' പിന്നില്‍ ലഹരിമരുന്ന് തന്നെയായിരുന്നു പ്രധാന വില്ലന്‍.

രണ്ടുമാസം മുമ്പാണ് കഞ്ചാവ് വലിച്ചതിനുശേഷം, റെയില്‍വേട്രാക്കില്‍ സെല്‍ഫിക്ക് പോസ്‌ചെയ്ത സ്‌കൂള്‍വിദ്യാര്‍ഥി ട്രെയിന്‍തട്ടി മരിച്ചത്.
ലഹരിക്കെതിരെ, സമൂഹം ഉണരേണ്ട സമയമാണിത്. ഒരു തലമുറയുടെ തലച്ചോര്‍ തുലാസില്‍വച്ച് വിലപേശുന്ന മാഫിയയെ നിലയ്ക്കുനിര്‍ത്തേണ്ട സമയം.ഇല്ലെങ്കില്‍...

വിഷച്ചിലന്തികളുടെ വിരലുകള്‍ മുറിച്ചില്ലെങ്കില്‍ മക്കള്‍ എന്നത് കണ്ണീരും ചോരയും സമാസമം ചേര്‍ത്ത് ഹൃദയത്തിനുമീതെ വരഞ്ഞൊരു ഓര്‍മ്മ മാത്രമാവും..

( തുടരും : നിങ്ങളുടെ കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം...?, ലഹരി എന്ന നീരാളിയില്‍ നിന്ന് എങ്ങനെ നമ്മുടെ കുട്ടികളെ രക്ഷിക്കാം?)

തയ്യാറാക്കിയത്: അനില്‍കുമാര്‍ റാന്നി

Ads by Google
Friday 06 Apr 2018 02.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW