Thursday, March 07, 2019 Last Updated 17 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 04.12 PM

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയോ ?

''ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ആദ്യം എന്തു ചെയ്യണമെന്ന് പലര്‍ക്കുമറിയില്ല. ചില കാര്യങ്ങള്‍ ഓര്‍ത്തു വച്ചാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് അതിവേഗം രക്ഷപെടാം.''
uploads/news/2018/04/206359/fodetingcareing050418.jpg

''അയ്യോ... തൊണ്ടയില്‍ കുടുങ്ങിയേ'' ഒരിക്കലെങ്കിലും ഇങ്ങനെ അലറിക്കരയാത്ത ആളുകളുണ്ടാവില്ല. ജീവിതത്തില്‍ എപ്പോഴെങ്കിലും ആഹാരസാധനങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാത്തവര്‍ അപൂര്‍വ്വം.

സ്വാദോടെ കഴിക്കുന്ന മീനിന്റെ മുള്ള്, പരിപ്പു കറിയിലെ കറിവേപ്പില, പയറുവര്‍ഗ്ഗങ്ങളുടെ തൊലി, പേരയ്ക്കയുടെ കുരു, ആപ്പിളിന്റെ തൊലി, മുരിങ്ങക്കായുടെ തണ്ട്, ഇലക്കറികളുടെ നാര്, തേങ്ങാക്കൊത്ത് എന്നിങ്ങനെ തൊണ്ടയില്‍ കുടുങ്ങുന്ന ആഹാരസാധനങ്ങളുടെ നിര നീണ്ടു കിടക്കുകയാണ്..

തൊണ്ടയില്‍ കുടുങ്ങുന്ന ചില സാധനങ്ങള്‍ വെള്ളം കുടിക്കുമ്പോഴോ, പഴം കഴിക്കുമ്പോഴോ ഇറങ്ങിപ്പോകാറുണ്ട്. എന്നാലവയില്‍ ചിലത് ശ്വാസനാളം അടഞ്ഞു പോകുന്ന നിലയിലേക്കും എത്തിക്കും. പ്രത്യേകിച്ച് കുഞ്ഞുങ്ങളെയാണിത് സാരമായി ബാധിക്കുന്നത്.

1. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ആളിന് ചുമയ്ക്കുവാനോ സംസാരിയ്ക്കുവാണോ കഴിയുന്നെങ്കില്‍ ആളിന്റെ പുറത്തു തട്ടുകയോ വയറിനു അമര്‍ത്തുകയോ ചെയ്യരുത്. അതിനു പകരം അവരോടു ശക്തിയായി ചുമയ്ക്കുവാന്‍ പറയുക,ശക്തിയായി ചുമയ്ക്കുമ്പോള്‍ തന്നെ ഭക്ഷണ ശകലം പുറത്തേക്കു തെറിച്ചു വീഴും.

2. ശക്തിയായ സമ്മര്‍ദ്ദം കൊടുത്ത് ചുമയ്ക്കുമ്പോള്‍ ഛര്‍ദ്ദിക്കും. ചെറിയ ആഹാരസാധനങ്ങളാണെങ്കില്‍ അതോടെ പുറത്തു വരും.

3. കുടുങ്ങിയ സാധനങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ കൈ കൊണ്ട് എടുക്കാന്‍ ശ്രമിക്കുക. ഒരു തവണ ശ്രമിച്ചിട്ട് നടന്നില്ലെങ്കില്‍ അതുപേക്ഷിക്കുക. പല പ്രാവശ്യം ശ്രമിച്ചാല്‍ കൂടുതല്‍ ഉള്ളിലേക്ക് പോകാനത് കാരണമാകും.

4. ചില ഭക്ഷണ സാധനങ്ങള്‍ ഉമിനിരീനൊപ്പം തന്നെ ഉള്ളിലേക്കു പോകും. അതിനു പ്രത്യേക ചികിത്സ ആവശ്യമില്ല.

5. ചെറിയ തണുപ്പുള്ള വെള്ളം കുടിക്കുന്നത് നല്ലതാണ്. അതു കൊണ്ട് ഭേദമായില്ലെങ്കില്‍ ഉപ്പിട്ട ചൂടു വെള്ളമോ കട്ടന്‍ ചായയോ കുടിക്കുന്നതും നല്ലതാണ്.

6. കറിയൊന്നുമൊഴിക്കാത്ത ചോറുരുട്ടി വിഴുങ്ങുക, പഴം കഴിക്കുക, അരികു മുറിച്ച ബ്രെഡ്, പുഴുങ്ങിയ മുട്ട എന്നിങ്ങനെയുള്ള മൃദുവായ ആഹാരം കഴിക്കുന്നതു വഴി ഒരുപരിധിവരെ ഈ പ്രശ്‌നത്തില്‍ നിന്നു രക്ഷപെടാം.

uploads/news/2018/04/206359/fodetingcareing050418a.jpg

7. വായില്‍ കൈയിട്ട് ഓക്കാനിക്കുന്നത് നല്ലതാണ്. ഭക്ഷണശകലങ്ങള്‍ പുറത്തേക്ക് പോകാനിത് സഹായിക്കും.

8. വീട്ടുപരീക്ഷണങ്ങള്‍ ചെയ്തിട്ടും ഭക്ഷണസാധനങ്ങള്‍ പോകുന്നില്ലെങ്കില്‍, പ്രത്യേകിച്ച് ആളിനു ശ്വാസം മുട്ടല്‍, എത്ര ശ്രമിച്ചിട്ടും ശബ്ദമെടുക്കാന്‍ പറ്റാത്ത അവസ്ഥ, ശരീരത്തില്‍ നീല നിറം, തൊണ്ടയില്‍ മുറുക്കിപ്പിടിച്ച അവസ്ഥ, പേടിച്ച മുഖഭാവം, എന്നിവയൊക്കെയാണെങ്കില്‍ അടുത്ത ചികിത്സാനടപടിയിലേക്ക് കടക്കണം.

9. ഭക്ഷണം കുടുങ്ങിയ ആളിന്റെ പുറത്ത് കൈ കൊണ്ട് പല തവണ തട്ടുക. കുടുങ്ങിയ ഭക്ഷണം മിക്കവാറും പുറത്തു വരും.

10. ഇത്രയും ചെയ്തിട്ടും ഭക്ഷണം പുറത്തു വരുന്നില്ലെങ്കില്‍ ആളിനെ തലകുനിച്ചു നിര്‍ത്തി പുറകില്‍ നിന്നും വയറ്റില്‍ ഒരു കൈപ്പത്തി ചുരുട്ടി വച്ച് മറ്റേ കൈ അതിനുമേലെ പൊതിഞ്ഞു പിടിച്ച് വയര്‍ ശക്തിയായി മുകളിലേക്കും അകത്തേക്കും അഞ്ചു പ്രാവശ്യം അമര്‍ത്തുക.

11. ഗര്‍ഭിണികളിലും അമിത വണ്ണമുള്ളവരിലും വയറില്‍ അമര്‍ത്തുന്നതിന് പകരം നെഞ്ചില്‍ അമര്‍ത്തുക.

12. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ബോധം നഷ്ടപ്പെട്ടെങ്കില്‍ സി.പി.ആര്‍ നല്‍കി നേരെ ആശുപത്രിയിലെത്തിക്കുക.

13. കൊച്ചുകുട്ടികളുടെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയതെങ്കില്‍ പ്രത്യേകം ശ്രദ്ധ വേണം. കുഞ്ഞിനു ബോധമുണ്ടെങ്കില്‍ ഒട്ടും സമയം പാഴാക്കാതെ കുഞ്ഞിനെ മുഖം കീഴായി കൈത്തണ്ടയില്‍ കമിഴ്ത്തി കിടത്തി, കാലിന്റെ തുട കൊണ്ട് കൈത്തണ്ട താങ്ങി മറ്റേ കൈ കൊണ്ട് കുഞ്ഞിന്റെ പുറത്ത് ആഞ്ഞു തട്ടുക. ഒരിക്കലും ഭക്ഷണശകലം കൈ കൊണ്ട് എടുക്കാന്‍ ശ്രമിക്കരുത്.

14. ഒരു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കാണിത് സംഭവിക്കുന്നതെങ്കില്‍ കുട്ടിയുടെ പുറകില്‍ നിന്ന് വയറ്റില്‍ രണ്ടു കൈയും അമര്‍ത്തുക. അപ്പോള്‍ കുട്ടി ഓക്കാനിക്കും. അങ്ങനെ ഭക്ഷണശകലം പുറത്തെടുക്കാം. കുട്ടിക്ക് ബോധമുണ്ടെങ്കില്‍ മാത്രം ഇങ്ങനെ ചെയ്യുക. ഇല്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.

ലക്ഷ്മി ബിനീഷ്

Ads by Google
Thursday 05 Apr 2018 04.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW