Friday, September 21, 2018 Last Updated 23 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 03.33 PM

Easy Seasonal Recipes

''ചക്കയുടേയും മാങ്ങയുടേയും മുരിങ്ങക്കയുടേയും ഒക്കെ കാലമാണിപ്പോള്‍. നാടന്‍ വിഭവങ്ങള്‍ കൊണ്ട് കൊതിയൂറുന്ന രുചികള്‍ തയാറാക്കൂ....''
uploads/news/2018/04/206350/madmmarch12018.jpg

ചക്ക പപ്പടം


ആവശ്യമുളള സാധനങ്ങള്‍
പച്ച ചക്ക - 1 എണ്ണം വലുത്
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 5 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
എള്ള് - 1 1/2 ടേബിള്‍ സ്പൂണ്‍
ജീരകം - 2 ടീസ്പൂണ്‍
വാഴയില - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ചക്കച്ചുള കുരുകളഞ്ഞ് അരിഞ്ഞെടുത്ത് അപ്പച്ചെമ്പില്‍ വച്ച് ആവികയറ്റി വേവിച്ചെടുക്കുക. ശേഷം മിക്സിയുടെ ജാറിലിട്ട് വെള്ളംചേര്‍ക്കാതെ അരച്ചെടുക്കാം. ഇനി അരച്ചെടുത്തതിലേക്ക് എള്ളും ജീരകവും ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കാം.വാഴയിലയില്‍ വെളിച്ചെണ്ണ തടവി വയ്ക്കുക. കൈയില്‍ അല്‍പ്പം വെളിച്ചെണ്ണ പുരട്ടി മാവ് കുറേശ എടുത്ത് വാഴയിലയില്‍ പരത്തിയെടുക്കുക. ഇനി വെയിലത്ത് വച്ച് നന്നായി ഉണക്കിയെടുക്കാം. വായൂ കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചുവച്ചാല്‍ ആവശ്യമുള്ളപ്പോള്‍ വറുത്ത് ചോറിനോടൊപ്പം വിളമ്പാം.

മാതളനാരങ്ങ മുസംബി ജ്യൂസ്


ആവശ്യമുള്ള സാധനങ്ങള്‍
മാതളനാരങ്ങ - 2 എണ്ണം (വലുത്)
മുസംബി - 2 എണ്ണം
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
വെള്ളം - പാകത്തിന്
തയാറാക്കുന്ന വിധം
മാതളനാരങ്ങയുടെ അല്ലി അടര്‍ത്തിയെടുക്കുക. മുസംബി നീര് പിഴിഞ്ഞെടുക്കുക. ഒരു മിക്‌സിയുടെ ജാറില്‍ മാതളനാരങ്ങ അല്ലിയും മുസംബിയുടെ ജ്യൂസും പഞ്ചസാരയും വെള്ളവും ചേര്‍ത്തടിച്ചെടുക്കാം. ഗ്ലാസില്‍ ഐസിട്ട ശേഷം അടിച്ചെടുത്തത് അരിച്ച് ഗ്ലാസിലേക്കൊഴിച്ച് വിളമ്പാം.
uploads/news/2018/04/206350/madmmarch12018a.jpg

സ്വീറ്റ് ലഡു


ആവശ്യമുള്ള സാധനങ്ങള്‍
ചക്കക്കുരു -3 കപ്പ്
തേങ്ങ ചിരകിയത് - 4 കപ്പ്
കുത്തരി -3 കപ്പ്
ഏലയ്ക്കാപ്പൊടി -2 ടീസ്പൂണ്‍
ശര്‍ക്കര -1 കിലോ (ചീകിയത്)

തയാറാക്കുന്ന വിധം


ചക്കക്കുരു പുറംതൊലി മാത്രം കളഞ്ഞ് വേവിച്ചെടുക്കുക. തണുത്ത ശേഷം അല്‍പ്പം വെള്ളവും ചേര്‍ത്ത് മിക്‌സിയുടെ ജാറിലിട്ട് അരച്ചെടുക്കാം. ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി അതിലേക്ക് അരച്ച ചക്കക്കുരു ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക.തേങ്ങ ചിരകിയത് ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക.കുത്തരി വറുക്കുക. ചോളം പോലെ പൊട്ടുന്ന പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വയ്ക്കാം. തണുത്ത ശേഷം അരി പൊടിച്ചെടുക്കാം. അരി പൊടിച്ചെടുത്തത് തേങ്ങ വറുത്തതിലേക്ക് ചേര്‍ക്കുക. ശേഷം ഏലയ്ക്കാപൊടിച്ചത്, ശര്‍ക്കര ചീകിയത് എന്നിവ ചേര്‍ത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ചക്കക്കുരു കൂടി ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ചെറുനാരങ്ങാ വലിപ്പത്തിലുള്ള ബോളുകളായി ഉരുട്ടിയെടുക്കാം.

മുരിങ്ങയ്ക്ക മാങ്ങ അവിയല്‍


ആവശ്യമുള്ള സാധനങ്ങള്‍
മുരിങ്ങയ്ക്ക - 1/2 കിലോ
മാങ്ങ - 1 വലുത് (പുളിയനുസരിച്ച്)
തേങ്ങ ചിരകിയത് - 1 മുറി
ജീരകം - 1 നുള്ള്
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 3 തണ്ട്

തയാറാക്കുന്ന വിധം


തേങ്ങ ജീരകം ചേര്‍ത്ത് അരച്ചെടുക്കുക.
മുരിങ്ങയ്ക്ക അല്‍പ്പം നീളത്തില്‍ മുറിച്ചെടുക്കുക. ശേഷം അടുപ്പില്‍വച്ച് അതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ് , മുളകുപൊടി, പാകത്തിന് വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക. വെന്തുവരുമ്പോള്‍ മാങ്ങ, കഷണങ്ങളാക്കി അതും ചേര്‍ത്ത് വേവിക്കാം. മാങ്ങ വെന്ത് ഉടയുന്ന പാകമാകുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കി തിളപ്പിച്ച് പകുതി വറ്റിച്ച് അതിലേക്ക് കറിവേപ്പില വിതറി മുകളില്‍ വെളിച്ചെണ്ണയൊഴിച്ച് അടച്ചുവയ്ക്കാം.

മുരിങ്ങയ്ക്ക ചക്കക്കുരു മെഴുക്കുപുരട്ടി


ആവശ്യമുള്ള സാധനങ്ങള്‍
മുരിങ്ങയ്ക്ക - 10 എണ്ണം
ചക്കച്ചുള - 10 എണ്ണം
ചെറിയ ഉള്ളി - 10 എണ്ണം
കറിവേപ്പില - 2 തണ്ട്
വറ്റല്‍മുളക് ചതച്ചത് - 5 എണ്ണം
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
വെള്ളം - ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


മുരിങ്ങയ്ക്ക നീളത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ച് അല്‍പ്പം ഉപ്പും മഞ്ഞള്‍പ്പൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക. ചക്കച്ചുളയും ഇതുപോലെതന്നെ വേവിച്ചെടുക്കുക.ഒരു ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി ചതച്ചതും കറിവേപ്പിലയും മുളക് ചതച്ചതും ചേര്‍ത്ത് വഴറ്റുക. ഇനി വേവിച്ചുവച്ചിരിക്കുന്ന മുരിങ്ങയ്ക്കയും ചക്കയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് അല്‍പ്പസമയം അടുപ്പില്‍ വച്ച് വഴറ്റിയെടുക്കാം.
uploads/news/2018/04/206350/madmmarch12018b.jpg

മാങ്ങ ചെമ്മീന്‍ തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍
പച്ച മാങ്ങ - 3 എണ്ണം ( തൊലികളയാതെ ചെറിയ കഷണങ്ങളാക്കിയത് )
ഉണക്ക ചെമ്മീന്‍ - 1/4 കിലോ
സവാള - 1 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
ചെറിയ ഉള്ളി - 1 കപ്പ് (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി - 10 അല്ലി (നീളത്തില്‍ അരിഞ്ഞത്)
പച്ചമുളക് - 5 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
തേങ്ങ ചിരകിയത് - 1/2 കപ്പ്
ജിരകം - 1/2 ടിസ്പൂണ്‍
മുളകുപൊടി - 1 ടിസ്പൂണ്‍
മല്ലിപ്പൊടി - 1 ടിസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടിസ്പൂണ്‍
കറിവേപ്പില - ആവശ്യത്തിന്
വറ്റല്‍മുളക് - 3 എണ്ണം
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


തേങ്ങ ചിരകിയതും ജീരകവും, മുളകുപൊടി, മല്ലിപ്പൊടി, വെളുത്തുള്ളി, മഞ്ഞള്‍പൊടി ഇവയും ചതച്ചെടുക്കുക.
ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളക്, കടുക് ഇവ മൂപ്പിച്ച് അതില്‍ തന്നെ ചെമ്മീന്‍ വറുത്ത് എടുക്കുക. അതിലേക്ക് ചെറിയ ഉള്ളി ചേര്‍ത്ത് വഴറ്റുക. പാകത്തിന് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന അരപ്പ് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് പച്ചമുളക്, സവാള, മാങ്ങ ഇവകൂടി ചേര്‍ത്ത് ഇളക്കി വറ്റിച്ചെടുക്കാം.

ഓറഞ്ച് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
ഓറഞ്ച് നീര് പിഴിഞ്ഞെടുത്തത് - 3/4 കപ്പ്
കോണ്‍ സ്റ്റാര്‍ച്ച് - 1/4 കപ്പ്
ബ്രൗണ്‍ ഷുഗര്‍ - 1 കപ്പ്
ഉപ്പ് - 1 നുള്ള്
കറുവാപ്പട്ട പൊടിച്ചത് - 1/2 ടീസ്പൂണ്‍
ഓറഞ്ച് തൊലി ചുരണ്ടിയെടുത്തത് - 1/2 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ - 1/2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു വലിയ പാത്രത്തിലേക്ക് ഓറഞ്ച് ജ്യൂസ്, പഞ്ചസാര, കോണ്‍സ്റ്റാര്‍ച്ച്, ഉപ്പ്, കറുവാപ്പട്ട പൊടി, ഓറഞ്ച് തൊലി ചുരണ്ടിയത് ഇവ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് മിശ്രിതം കുറുകി കട്ടിയാകുമ്പോള്‍ അടുപ്പില്‍നിന്നിറക്കി വയ്ക്കാം. ശേഷം ബട്ടര്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കാം. ഇതൊരു പുഡിംഗ് ബൗളിലേക്കൊഴിച്ച് ഫ്രിഡ്ജില്‍വച്ച് രണ്ട് മണിക്കൂര്‍ തണുപ്പിച്ചശേഷം വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Ads by Google
Loading...
TRENDING NOW