Monday, June 24, 2019 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 03.30 PM

ഹൃദയാഘാതം ഉണ്ടായതിനു ശേഷം ആദ്യ മണിക്കൂര്‍ നിര്‍ണായകമാണെന്ന് പറയുന്നു. എന്താണ് ഈ മണിക്കൂറുകളുടെ പ്രത്യേകത?

ഹൃദയപൂര്‍വം
uploads/news/2018/04/206345/askdrheart050418.jpg

''പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഹൃദ്രോഗാനന്തര ലക്ഷണങ്ങള്‍ തീവ്രതയിലും പ്രകടന സ്വഭാവത്തിലും വ്യത്യസ്തമായിരിക്കും''

ഹൃദയാഘാതം സ്ത്രീകളിലും പുരുഷന്മാരിലും


എനിക്ക് 45 വയസ്. ഒരുമാസംമുമ്പ് പെട്ടെന്ന് അമിതമായി വിയര്‍ക്കുകയും വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ പോയതുമില്ല. രാത്രിയായപ്പോള്‍ തളര്‍ന്നു വീണു. വേഗം ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍തന്നെ ഹൃദയാഘാതമാണെന്ന് ഡോക്ടര്‍ പറഞ്ഞു. നെഞ്ചുവേദനയില്ലാത്തതുകൊണ്ട് ഹൃദയാഘാതമാണെന്ന് കരുതിയില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഹൃദയാഘാതത്തിനുള്ള ലക്ഷണങ്ങള്‍ വ്യത്യസ്തമാണെന്ന് പറഞ്ഞു കേട്ടത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്തമാണോ?
----- ജലജ , അഹമ്മദാബാദ്

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഹൃദ്രോഗാനന്തര ലക്ഷണങ്ങള്‍ തീവ്രതയിലും പ്രകടന സ്വഭാവത്തിലും വ്യത്യസ്തമായിരിക്കും. ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുമ്പോള്‍ പ്രകടമാകുന്ന കലശലായ നെഞ്ചുവേദന, നെഞ്ചിലെ ഭാരം, വേദന പടരുന്ന രീതി, നെഞ്ചിടിപ്പ്, ശ്വാസതടസം, ഓക്കാനം, വയറുവേദന, തളര്‍ച്ച എന്നിവയെല്ലാം പുരുഷന്മാരിലും സ്ത്രീകളിലും ഏതാണ്ട് ഒരുപോലെയാണ്. എന്നാല്‍ സ്ത്രീകളില്‍ ഇതെല്ലാം തീവ്രസ്വഭാവമുള്ളതായിരിക്കണമെന്നില്ല.

സ്ത്രീകള്‍ക്ക് അറ്റാക്കുണ്ടാകുമ്പോള്‍ പലപ്പോഴും നെഞ്ചുവേദനയ്ക്കു പകരം ഇതര ലക്ഷണങ്ങളാണുണ്ടാകുന്നത്. നിങ്ങള്‍ക്കുണ്ടായതുപോലെ അകാരണമായ തളര്‍ച്ചയും പൊതുവായ അസ്വസ്ഥതകളുമാണ് മുന്‍പന്തിയില്‍. നെഞ്ചില്‍ പുകച്ചില്‍, കിതപ്പ്, വിയര്‍പ്പ്, മന്ദത, ബലക്ഷയം, ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങളാണ് സ്ത്രീകളില്‍ സാധാരണ കണ്ടുവരുന്നത്.

നെഞ്ചുവേദന കൂടാതെയുള്ള മറ്റ് ലക്ഷണങ്ങള്‍ ഇതര രോഗങ്ങളോടൊപ്പമുണ്ടാകുന്നതുകൊണ്ട് പലപ്പോഴും രോഗനിര്‍ണയം ദുഷ്‌ക്കരമാകാറുണ്ട്. ഹാര്‍ട്ടറ്റാക്കല്ല എന്ന നിഗമനത്തില്‍ വേണ്ടത്ര ഗൗരവം കൊടുക്കാതെ നിസാരമായ ഒറ്റമൂലികള്‍ സേവിക്കുകയും അത് അപകടത്തിന് കാരണമാവുകയും ചെയ്യും.

നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തുന്നവരുടെ സംഖ്യ നോക്കിയാല്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ മുമ്പിലാണ്. ഇതില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും ഹൃദ്രോഗവുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യമാകുമുണ്ടാക്കുക.

രോഗലക്ഷണങ്ങളിലെ അവ്യക്തത ഹൃദ്രോഗ വിദഗ്ധര്‍ക്ക് എപ്പോഴുമൊരു തലവേദന തന്നെ. പലപ്പോഴും അറ്റാക്കിന്റെ സങ്കീര്‍ണതകള്‍ നിയന്ത്രണാതീതമായ ശേഷമായിരിക്കും സ്ത്രീകള്‍ വൈദ്യസഹായത്തിനായി എത്തുക.

അദ്യ മണിക്കൂറുകള്‍ നിര്‍ണായകം


ഞാനൊരു കോളജ് വിദ്യാര്‍ഥിയാണ്. എനിക്ക് പരിചയമുള്ള ഒരു വ്യക്തി അടുത്തിടെ എന്റെ കണ്‍മുന്നില്‍ ഹൃദയാഘാതം മൂലം മരിച്ചു. തക്കസമയത്ത് പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതു കേട്ടതോടെ ഞങ്ങള്‍ ആകെ വിഷമത്തിലായി. തക്കസമയത്ത് ഞങ്ങളില്‍ ആരെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നു. ഹൃദ്രോഗമാണെന്ന് അറിയാതെ വളരെ വൈകിയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഹൃദയാഘാതം ഉണ്ടായതിനു ശേഷം ആദ്യ മണിക്കൂര്‍ നിര്‍ണായകമാണെന്ന് പറയുന്നു. എന്താണ് ഈ മണിക്കൂറുകളുടെ പ്രത്യേകത.
----- പ്രിജിത്ത് ,നായരമ്പലം

വളരെ പ്രാധാന്യമര്‍ഹിക്കുന്ന കത്താണിത്. ഭൂരിപക്ഷം മരണവും ഹാര്‍ട്ടറ്റാക്കുണ്ടായ ആദ്യ മണിക്കൂറുകളിലാണ് സംഭവിക്കുന്നത്. 'വെന്‍ട്രിക്കുലര്‍' ഫിബ്രിലേഷന്‍ എന്നു പറയുന്ന വേഗതകൂടിയ കൃത്യതയില്ലാത്ത ഹൃദയമിടിപ്പുമൂലം ആവശ്യാനുസരണം രക്തം ശിരസിലേക്കും ഹൃദയപേശികളിലേക്കും സഞ്ചരിക്കാത്തതു നിമിത്തം മരണം ഉടനടി സംഭവിക്കുന്നു.

അതുകൊണ്ട് ഹൃദയാഘാതമുണ്ടായ ആദ്യ മണിക്കൂറുകള്‍ ഏറെ പ്രാധാന്യം കൊടുത്ത് കൈകാര്യം ചെയ്യണം. ഓരോ നിമിഷം വൈകുന്തോറും ഓരോ ഹൃദയകോശവും ചത്തൊടുങ്ങുകയാണ്. വിദേശരാജ്യങ്ങളില്‍, വീട്ടില്‍ ഒരാള്‍ക്ക് പെട്ടെന്ന് നെഞ്ചുവേദനയുണ്ടായാല്‍ ഉടനെ വിളിക്കേണ്ട ടെലഫോണ്‍ നമ്പറുകളുണ്ട്.

സര്‍വസജീകരണങ്ങളുള്ള ആംബുലന്‍സുകളാണ് ഉടനെയെത്തുന്നത്. പ്രാഥമിക ശുശ്രൂഷകളും ചികിത്സകളും ചെയ്യാന്‍ വൈദഗ്ധ്യമുള്ള പാരാമെഡിക്കല്‍ നഴ്‌സുമാര്‍ ഡോക്ടറുമായി ടെലഫോണില്‍ ചര്‍ച്ച ചെയ്ത് ചികിത്സ സംവിധാനം ചെയ്യുന്നു. ഇ.സി.ജി ടെലിമെട്രി വഴി ഡോക്ടര്‍ക്ക് അയച്ചുകൊടുക്കുന്നു.

ഹാര്‍ട്ടറ്റാക്കാണെന്ന് ഉറപ്പായാല്‍ രക്തക്കട്ട അലിയിച്ചു കളയുന്ന 'ത്രോംബൊലൈറ്റിക് തെറാപ്പി' ആംബുലന്‍സില്‍ വച്ചുതന്നെ കൊടുക്കാന്‍ ഡോക്ര്‍ നിര്‍ദേശം നല്‍കുന്നു.

അതുപോലെ സ്പന്ദന വൈകല്യങ്ങള്‍ നേരെയാക്കുന്ന 'ഡിഫിബ്രിലേഷന്‍' ശ്വാസഗതിക്ക് തടസമുണ്ടെങ്കില്‍ ശ്വാസനാളത്തില്‍ സ്ഥാപിക്കുന്ന 'എന്‍ഡോട്രക്കിയല്‍ ഇന്റുബേഷന്‍' തുടങ്ങിയ അത്യാഹിത രക്ഷാകര നടപടികളെല്ലാം പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ നഴ്‌സുമാര്‍ വിദഗ്ധമായി ചെയ്യുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തുന്നതുവരെ രോഗിയുടെ ജീവന്‍ അവര്‍ കാത്തുപരിപാലിക്കുന്നു.

പള്‍സ് കുറയുന്നു


എനിക്ക് 32 വയസ്. കുറച്ചുനാള്‍ മുമ്പ് പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. പള്‍സ് പരിശോധിച്ചപ്പോള്‍ വളരെ കുറവാണെന്നു കണ്ടു. ഹൃദയമിടിപ്പും കുറവായിരുന്നു. പള്‍സും ഹൃദയസ്പന്ദനവും കുറവാണെന്ന കാര്യം ഡോക്ടര്‍ അന്ന് സൂചിപ്പിച്ചിരുന്നു. പനികൊണ്ടാവാം ഇങ്ങനെയെന്നും ഡോക്ടര്‍ പറഞ്ഞു. പനി മാറുമ്പോള്‍ വീണ്ടും പരിശോധിക്കണമെന്നും പറഞ്ഞു. അടുത്തിടെ പരിശോധിച്ചപ്പോള്‍ അതേ നില തന്നെയാണ്. എന്തുകൊണ്ടാണിത്. എനിക്ക് മറ്റ് രോഗങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ല.
------മുരളി നായര്‍ ,കുന്നംകുളം

സാധാരണ പനി വരുമ്പോള്‍ ഹൃദയസ്പന്ദന വേഗത കൂടുകയാണ് പതിവ്. കാരണം ശരീരത്തിലെ വര്‍ധിച്ച ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കായി ഹൃദയം കൂടുതലായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അപൂര്‍വമായി ചില രോഗാവസ്ഥകള്‍ പള്‍സ് കുറയ്ക്കും. അത് അത്ര വലിയ പ്രശ്‌നമല്ല.

പനി മാറുമ്പോള്‍ സാധാരണഗതിയിലായിക്കൊള്ളും. അതിന് പ്രത്യേക ചികിത്സ ആവശ്യവുമില്ല. പള്‍സ് കുറയുമ്പോള്‍ പ്രഷറും കുറയുന്നുണ്ടോയെന്നാണ് ശ്രദ്ധിക്കേണ്ടത്. കാരണം പ്രഷറിന്റെ അളവ് പള്‍സിന്റെ വേഗതയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ , എറണാകുളംL,/h4>

Ads by Google

Ads by Google
Loading...
TRENDING NOW