Monday, May 21, 2018 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 07.45 AM

ഡി.സി.സി. അംഗമായ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിനു സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കി ; വിവദത്തിലായ സബ്കലക്ടര്‍ ദിവ്യ എസ്. അയ്യരെ സ്ഥലംമാറ്റി

uploads/news/2018/04/206251/divya-sayyar.jpg

തിരുവനന്തപുരം: കോടികളുടെ സര്‍ക്കാര്‍ഭൂമി വ്യക്തിക്കു പതിച്ചുനല്‍കിയെന്ന ആരോപണം നേരിടുന്ന തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്കു സ്ഥലംമാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും.

കോണ്‍ഗ്രസ് എം.എല്‍.എ: കെ.എസ്. ശബരീനാഥന്റെ ഭാര്യയായ സബ് കലക്ടര്‍ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിനു സര്‍ക്കാര്‍ഭൂമി പതിച്ചുനല്‍കിയതായാണ് വിവാദം. വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ സംസ്ഥാനപാതയോടു ചേര്‍ന്ന 27 സെന്റാണ് എം.എല്‍.എയുടെ കുടുംബസുഹൃത്തും ഡി.സി.സി. അംഗത്തിന്റെ അടുത്ത ബന്ധുവുമായ വ്യക്തിക്കു പതിച്ചുനല്‍കിയത്. സ്വകാര്യവ്യക്തി വര്‍ഷങ്ങളായി അനധികൃതമായി െകെവശംവച്ചിരുന്ന ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

ഇതിനിടെ, ഭൂമി ഏറ്റെടുത്തതിനെതിരേ ഉടമ െഹെക്കോടതിയെ സമീപിച്ചു. വാദിയെ നേരില്‍ കേട്ടു തീരുമാനമെടുക്കാന്‍ ആര്‍.ഡി.ഒ. കൂടിയായ സബ് കലക്ടറെ ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുത്ത തഹസീല്‍ദാറെ പോലും അറിയിക്കാതെ പരാതിക്കാരന്റെ വാദം കേട്ടു ഭൂമി പതിച്ചുനല്‍കിയതായാണ് ആരോപണം. വി. ജോയി എം.എല്‍.എ. ഇതേക്കുറിച്ച് റവന്യൂ മന്ത്രിക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നു സബ് കലക്ടറുടെ ഉത്തരവ് സ്‌റ്റേ ചെയ്യാനും ഇതേക്കുറിച്ച് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അന്വേഷിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ഭൂമി പതിച്ചുനല്‍കിയതില്‍ സബ് കലക്ടര്‍ക്കു ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ.ടി. ജെയിംസിന്റെ റിപ്പോര്‍ട്ട്. ഭൂമി പതിച്ചുനല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ വാദം കേള്‍ക്കുമെന്നും ഇതിനുശേഷം നടപടിയെടുക്കാമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനു നല്‍കിയ റിപ്പോര്‍ട്ടില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു.

ജില്ലാ കലക്ടര്‍ ഡോ.കെ. വാസുകി വാദം കേള്‍ക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കലക്ടറുടെ നടപടി പുരോഗമിക്കുന്നതിനിടെയാണു സബ് കലക്ടറെ സ്ഥലംമാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ദിവ്യ എസ്.അയ്യര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറിയും വി. ജോയി എം.എല്‍.എ. ആവശ്യപ്പെട്ടിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW