Sunday, February 10, 2019 Last Updated 35 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 02.16 AM

സസ്യശാസ്‌ത്രത്തിന്‌ ഫോറന്‍സിക്കില്‍ എന്തു കാര്യം ?

uploads/news/2018/04/206243/bft1.jpg

ബാല്യകാലത്ത്‌ ഫോട്ടോയെടുക്കാന്‍ സ്‌റ്റുഡിയോയില്‍ ചെല്ലുമ്പോള്‍ കറുത്ത തുണിയിട്ടു മൂടി ക്യാമറയുടെ പിന്നില്‍ നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍ ഒരത്ഭുതമായിരുന്നു. എടുത്ത ചിത്രം ഡാര്‍ക്ക്‌ റൂമില്‍ കഴുകിയെടുത്തു പ്രിന്റ്‌ നല്‍കുന്ന കാലത്തുനിന്ന്‌ സെക്കന്‍ഡുകള്‍കൊണ്ട്‌ ചിത്രമെടുത്ത്‌ നല്‍കുന്ന ഡിജിറ്റല്‍ കാലഘട്ടത്തിലേക്ക്‌ സാങ്കേതിക വിദ്യ മാറി. എന്നാല്‍ ഇന്നും ഡാര്‍ക്ക്‌ റൂമില്‍ത്തന്നെ കഴിയുന്ന ഒട്ടേറെ സര്‍ക്കാര്‍ സര്‍വീസുകള്‍ നമുക്കുണ്ടെന്നുള്ളത്‌ "ആശ്വാസകര"മാണ്‌.
ആരോഗ്യവകുപ്പില്‍ ഫോട്ടോഗ്രാഫര്‍ കം മോഡല്‍ മേക്കര്‍ തസ്‌തികയ്‌ക്കുള്ള യോഗ്യത ഫിലിം സ്‌ട്രിപ്പുകളും സ്ലൈഡുകളും തയാറാക്കുന്നതിലും ഫിലിം ഡവലപ്‌ ചെയ്യുന്നതിലുമുള്ള മുന്‍പരിചയമാണ്‌. ഫിലിം സ്‌ട്രിപ്പുകളും സ്ലൈഡുകളുമൊക്കെ കാലഹരണപ്പെട്ട കഥ ബന്ധപ്പെട്ടവര്‍ അറിയാതെ പോയതുകൊണ്ടും വകുപ്പിന്റെ സ്‌പെഷ്യല്‍ റൂളില്‍ മാറ്റമുണ്ടാക്കാത്തതുകൊണ്ടും ഈ രംഗത്ത്‌ പുതിയ കോഴ്‌സുക പഠിച്ചിറങ്ങിയവര്‍ക്ക്‌ അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്‌. പഴയ സിനിമാ കൊട്ടകകള്‍ ഓര്‍മ്മകളുടെ മ്യൂസിയത്തില്‍ മാത്രമാണിന്നുള്ളത്‌. എന്നാല്‍ സിനിമാ ഓപ്പറേറ്റര്‍ തസ്‌തികയുടെ യോഗ്യത ഇന്നും പഴയ പ്ര?ജക്‌ടിങ്‌ എക്യൂപ്‌മെന്റിലെ പ്രവര്‍ത്തിപരിചയമാണ്‌.
ഫുഡ്‌ സേഫ്‌റ്റി ഓഫീസറുടെ 88 തസ്‌തികകള്‍ സൃഷ്‌ടിച്ചതില്‍ ബി.എസ്‌സി ഫുഡ്‌ സയന്‍സ്‌ പഠിച്ചവര്‍ക്ക്‌ അപേക്ഷിക്കാന്‍ സാധിക്കില്ല. പകരം പഴയ ബി.എസ്‌സി കെമിസ്‌ട്രിക്കാര്‍ക്ക്‌ മാത്രമേ സാധിക്കു. എം.എസ്‌സി മെറ്റീരിയല്‍ സയന്‍സും എം.എസ്‌സി ഫിസിക്‌സും ഒന്നു തന്നെയാണെങ്കിലും എം.എസ്‌ സി ഫിസിക്‌സ്‌ യോഗ്യത ആവശ്യപ്പെടുന്ന തസ്‌തികയില്‍ അപേക്ഷിക്കാന്‍ എം.എസ്‌സി മെറ്റീരിയല്‍ സയന്‍സുകാര്‍ക്ക്‌ സാധിക്കില്ല. എം.എ (സൈക്കോളജി) കോഴ്‌സിന്റെ സ്‌ഥാനത്ത്‌ എം.എസ്‌സി. (സൈക്കോളജി) വന്നെങ്കിലും പുതിയ കോഴ്‌സ്‌ പഠിച്ചവര്‍ക്ക്‌ അപേക്ഷിക്കാന്‍ സാധിക്കുന്നില്ല. ഹയര്‍ സെക്കന്‍ഡറിയില്‍ ഇംഗ്ലീഷ്‌ അധ്യാപകനായി അപേക്ഷിക്കാന്‍ എം.എ. ഇംഗ്ലീഷുകാര്‍ക്ക്‌ സാധിക്കുമ്പോള്‍ ജെ.എന്‍.യു, ഹൈദരാബാദിലുള്ള ഇംഗ്ലീഷ്‌ ആന്‍ഡ്‌ ഫോറിന്‍ ലാംഗേ്വജസ്‌ യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) എന്നീ ഉന്നത സര്‍വകലാശാലകളുടെ എം.എ. കമ്മ്യൂണിക്കേറ്റിവ്‌ ഇംഗ്ലീഷുകാര്‍ക്ക്‌ സാധിക്കില്ല. ആയുഷ്‌ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്‌റ്റുകള്‍ക്കുള്ള ഒഴിവില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ആയുര്‍വേദ തെറാപ്പിസ്‌റ്റ്‌ കോഴ്‌സ്‌ പാസായിരിക്കണം. മികച്ച ശാരീരിക ക്ഷമത ആവശ്യമുള്ളതിനാല്‍ ഭിന്നശേഷിക്കാര്‍ക്ക്‌ ഈ കോഴ്‌സ്‌ പഠിക്കാന്‍ അവസരമില്ല. സ്‌പെഷ്യല്‍ റൂളില്‍ ഭിന്നശേഷിക്കാര്‍ക്ക്‌ അപേക്ഷിക്കാന്‍ പാടില്ലായെന്ന വ്യവസ്‌ഥയില്ല. എങ്കിലും ആ തസ്‌തികയിലേക്കുള്ള നിയമനത്തിനുള്ള ഓപ്പണ്‍ വേക്കന്‍സി റൊട്ടേഷന്‍ ചാര്‍ട്ട്‌ പ്രകാരം ഭിന്നശേഷിക്കാര്‍ക്ക്‌ വേണ്ടി ഒഴിച്ചിടേണ്ടി വരുന്നു. ആരോഗ്യ വകുപ്പില്‍ ഭരണ കേഡറിലേക്ക്‌ നിയമനം ലഭിക്കണമെങ്കില്‍ എം.ബി.ബി.എസ്‌ നു ശേഷം എം.ഡി (കമ്മൂണിറ്റി മെഡിസിന്‍) അഥവാ എംബിഎ അഥവാ മാസ്‌റ്റര്‍ ഓഫ്‌ ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേഷന്‍ അഥവാ മാസ്‌റ്റര്‍ ഓഫ്‌ പബ്ലിക്ക്‌ ഹെല്‍ത്ത്‌ എന്നീ കോഴ്‌സുകള്‍ പഠിച്ചിരിക്കണം. എന്നാല്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്‌ഥാപനമായ ഖരഗ്‌പൂര്‍ ഐ ഐ റ്റി നടത്തുന്നതും എം.ബി.ബി.എസ്‌ കാര്‍ക്ക്‌ മാത്രം അപേക്ഷിക്കാന്‍ അര്‍ഹതയുള്ളതുമായ മാസ്‌റ്റര്‍ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ ടെക്‌നോളജി (മൂന്ന്‌ വര്‍ഷ കോഴ്‌സ്‌) പി.എസ്‌.സിക്കു സ്വീകാര്യമല്ല.
ആദ്യകാലത്തെ ബി.കോം ബിരുദത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി ബി.കോം ഫിനാന്‍സ്‌, ടാക്‌സേഷന്‍, ടൂറിസം, സഹകരണം, മാര്‍ക്കറ്റിങ്‌ എന്നിങ്ങനെ വ്യത്യസ്‌തമായ കോമ്പിനേഷനുകളുണ്ട്‌. ബികോമിനോടൊപ്പം സഹകരണം കോമ്പിനേഷനായി എടുത്തവര്‍ക്ക്‌ ജില്ലാ സഹകരണ ബാങ്കിലെ മാനേജര്‍ തസ്‌തികയില്‍ അപേക്ഷിക്കാന്‍ യോഗ്യതയില്ല. ഏതെങ്കിലും ഡിഗ്രിയും ജൂനിയര്‍ ഡിപ്ലോമാ ഇന്‍ കോപ്പറേഷന്‍ അഥവാ ഹയര്‍ ഡിപ്ലോമാ ഇന്‍ കോഓപ്പറേഷന്‍ പഠിച്ചവര്‍ക്ക്‌ അപേക്ഷിക്കാം.
ഉന്നതബിരുദം നേടുന്നത്‌ ഒരു അയോഗ്യതയാണെന്ന്‌ അപൂര്‍വമായ കണ്ടെത്തല്‍ നമ്മുടെ മാത്രം പ്രത്യേകതയാണ്‌. പി എസ്‌ സി ക്ക്‌ ഇത്‌ അറിയാമെങ്കിലും ബന്ധപ്പെട്ട ഭരണ വകുപ്പ്‌ സ്‌പെഷ്യല്‍ റൂളില്‍ തിരുത്തല്‍ വരുത്താനുള്ള നടപടി സ്വീകരിക്കാത്തിടത്തോളം ഉദ്യോഗാര്‍ത്ഥികളുടെ അവസരം നിഷേധിക്കുന്നു. സമീപകാലത്ത്‌ ഈ ആവശ്യത്തിന്‌ ഉദ്യോഗാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ നിന്ന്‌ വിധി സമ്പാദിച്ച്‌ ഉദ്യോഗത്തില്‍ പ്രവേശിച്ചു. ഉന്നത യോഗ്യത കൈവരിച്ചിട്ടും 7 വര്‍ഷം കേസ്‌ നടത്തി തങ്ങളുടെ യോഗ്യത തെളിയിക്കേണ്ടി വരുന്ന സാഹചര്യം ആരുടെ തെറ്റാണ്‌?
കുറ്റാനേ്വഷണത്തിന്റെ ഭാഗമായി ശാസ്‌ത്രീയമായി സത്യം കണ്ടെത്തുന്നതിന്‌ വേണ്ടിയുള്ള ഫോറന്‍സിക്‌ വിഭാഗത്തിലെ സയന്റിഫിക്‌ അസിസ്‌റ്റന്റിന്‌ വേണ്ടുന്ന പ്രാഥമിക യോഗ്യത സസ്യശാസ്‌ത്രത്തിലും ജന്തുശാസ്‌ത്രത്തിലും ഉള്ള ബിരുദാനന്തര ബിരുദമാണ്‌. മനുഷ്യന്‍ പ്രാഥമികമായി ഒരു ജന്തുവായതുകൊണ്ട്‌ അത്‌ സഹിക്കാം. പക്ഷേ കൊലക്കേസും സസ്യശാസ്‌ത്രവുമായുള്ള ബന്ധം സസ്യങ്ങള്‍ക്ക്‌ ജീവനുണ്ടെന്ന്‌ കണ്ടെത്തിയ ജെ.സി ബോസിനു പോലും മനസിലാക്കാന്‍ കഴിയില്ല. പക്ഷേ നമ്മുടെ പോലീസ്‌ വകുപ്പിന്‌ ഇതിനാവശ്യമായുള്ള ഏറ്റവും പ്രധാനമായ യോഗ്യത നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഒരു സര്‍വകലാശാലയിലും പഠിപ്പിക്കാത്ത ഫോറന്‍സിക്‌ സയന്‍സും ക്രിമിനോളജിയിലുമുള്ളതാണെന്ന്‌ ഇന്നും മനസിലായിട്ടില്ലേ? കേരളത്തിന്‌ പുറത്തുനിന്ന്‌ ഈ യോഗ്യത കരസ്‌ഥമാക്കി വന്നാല്‍ നമ്മുടെ പി.എസ്‌.സി അംഗീകരിക്കില്ല. ആത്മഹത്യകള്‍ കൊലപാതകങ്ങളും തിരിച്ചും ആകുന്നതിന്റെ പിന്നിലെ രഹസ്യമിതായിരിക്കാം.
സംസ്‌ഥാനത്തെ വിദ്യാഭ്യാസ രംഗത്ത്‌ പാഠ്യവിഷയങ്ങളിലും പാഠ്യക്രമങ്ങളിലും ബിരുദങ്ങളിലും ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. വ്യത്യസ്‌തമായ സാധ്യതകളുള്ള കോഴ്‌സുകള്‍ സര്‍വകലാശാലാ തലത്തിലും മറ്റ്‌ അക്കാദമിക തലങ്ങളിലും നടപ്പാക്കി വരുന്നു. പരമ്പരാഗതമായ കോഴ്‌സുകള്‍ക്കപ്പുറത്ത്‌ പുതിയ കാലഘട്ടത്തിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള തൊഴില്‍ സാധ്യതയുള്ള ഒട്ടേറെ കോഴ്‌സുകള്‍ ഇന്ന്‌ ലഭ്യമാണ്‌.
ഓരോ മേഖലയിലും സ്‌പെഷ്യലിസ്‌റ്റ്‌ കോഴ്‌സുകളും മൈക്രോ കോഴ്‌സുകളും ലഭ്യമാണ്‌. എന്നാല്‍ ഇത്തരം കോഴ്‌സുകള്‍ പണവും സമയവും നഷ്‌ടപ്പെടുത്തി പഠിച്ച്‌ പുറത്തിറങ്ങുമ്പോഴാണ്‌ തങ്ങളുടെ കൈവശമുള്ള സര്‍ട്ടിഫിക്കറ്റിന്‌ പി എസ്‌ സി വിജ്‌ഞാപനപ്രകാരം പല തസ്‌തികകള്‍ക്കും യോഗ്യതയില്ലായെന്ന്‌ മനസിലാക്കുന്നത്‌.
കുറ്റം പി.എസ്‌.സിയുടേത്‌ അല്ല. സര്‍ക്കാര്‍ സര്‍വീസില്‍ നേരിട്ടുള്ള നിയമനത്തിനുള്ള അടിസ്‌ഥാന യോഗ്യത നിര്‍വചിക്കേണ്ടത്‌ നിയമനാധികാരിയായ ബന്ധപ്പെട്ട വകുപ്പുകളാണ്‌. നിയമനാധികാരി നിശ്‌ചയിച്ച്‌ നല്‍കിയിട്ടുള്ള അതത്‌ വകുപ്പുകളിലെ തൊഴില്‍ സംബന്ധമായ യോഗ്യതയും മാനദണ്ഡങ്ങളും രേഖപ്പെടുത്തിയിട്ടുള്ള സ്‌പെഷ്യല്‍ റൂളിന്റെ അടിസ്‌ഥാനത്തിലാണ്‌ പി.എസ്‌.സി വിജ്‌ഞാപനം പുറപ്പെടുവിക്കുന്നത്‌. ഇതില്‍ മാറ്റം വരുത്താന്‍ പി.എസ്‌. സിക്ക്‌ അധികാരമില്ല.
പരമ്പരാഗത കോഴ്‌സുകളില്‍നിന്നു മാറിച്ചിന്തിക്കണം എന്നൊക്കെ പറയുമ്പോഴും ഇത്തരം കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പി.എസ്‌.സി അംഗീകാരമില്ലാത്ത ബിരുദമാണ്‌ തങ്ങളുടെ കൈകളിലിരിക്കുന്നത്‌ എന്നറിയുന്നത്‌ പി.എസ്‌.സി പരീക്ഷയെഴുതി പാസായി സര്‍ട്ടിഫിക്കറ്റ്‌ വെരിഫിക്കേഷന്‍ സമയത്ത്‌ മാത്രമാണ്‌. കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാല അംഗീകരിച്ച കോഴ്‌സുകള്‍ മാത്രമാണ്‌ പി.എസ്‌.സി. ഒരു കോഴ്‌സ്‌ ആയി അംഗീകരിക്കാന്‍ സാധിക്കുന്നത്‌. കുസാറ്റ്‌, ഫിഷറീസ്‌ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല തുടങ്ങിയവയുടെ പുതിയ കോഴ്‌സുകള്‍ അംഗീകരിക്കാന്‍ പോലും പി.എസ്‌.സിക്കു കഴിയുന്നില്ല.
ഒരു സര്‍വകലാശാല മറ്റൊരു സര്‍വകലാശാലയുടെ കോഴ്‌സ്‌ അംഗീകരിക്കണമെങ്കില്‍തന്നെ നീണ്ട നടപടിക്രമങ്ങളാണുള്ളത്‌. ഒരു പുതിയ കോഴ്‌സ്‌ അവതരിപ്പിക്കുമ്പോള്‍ അതിന്റെ എല്ലാ തലത്തിലുമുള്ള അംഗീകാരം സമ്പാദിക്കാനുള്ള ബാധ്യത സര്‍വകലാശാലകള്‍ക്കില്ലേ? സ്‌പെഷ്യല്‍ റൂളില്‍ മാറ്റം വരുത്തുന്നതിനുള്ള അതത്‌ വകുപ്പുകളുടെ റൂള്‍സ്‌ ഓഫ്‌ ബിസിനസിലെ നടപടിക്രമങ്ങളുടെ നീണ്ട ശ്രേണിയാണ്‌ നിലവിലുള്ളത്‌.
ഇതു സംബന്ധിച്ച്‌ ഞാന്‍ നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന്‌, വിശേഷാല്‍ ചട്ടത്തില്‍ മാറ്റം വരുത്താന്‍ നടപടി സ്വകീരിക്കുമെന്നാണ്‌ മുഖ്യമന്ത്രി മറുപടി നല്‍കിയത്‌. പി.എസ്‌.സിയുടെയും സര്‍ക്കാരിന്റെയും സമയോചിത ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണം.

Ads by Google
Thursday 05 Apr 2018 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW