Friday, March 15, 2019 Last Updated 11 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Apr 2018 03.33 PM

‘നഷ്ടപ്പെട്ട ജീവിതത്തെ തിരിച്ചു തരാന്‍ ഈ മതത്തിനാവുമോ? ’ ജാമിദ ചോദിക്കുന്നു

''ഇന്ത്യയിലാദ്യമായി മുസ്ലിംങ്ങളുടെ ജുമുഅ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയ വനിത, ജാമിദ. വിവാദങ്ങള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ പതറാതെ മനസ്സുതുറക്കുന്നു.''
uploads/news/2018/04/206051/jamitha040418.jpg

എനിക്ക് മരണത്തെ ഭയമില്ല. ഭീഷണികളെ ഭയപ്പെട്ട് പിന്നോട്ട് മാറാന്‍ ഞാനൊരുക്കവുമല്ല.. ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ജാമിദ എന്ന വനിത ഭയമേതുമില്ലാതെ പറയുന്നു.

വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരം പുരുഷന്മാരുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് നടത്തുന്നത്. എന്നാല്‍ 2018 ജനുവരി 26ന് മലപ്പുറം ചെറുകോട് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റിയുടെ അംഗങ്ങള്‍ക്കൊപ്പം ഇന്ത്യയിലാദ്യമായി ഒരു സ്ത്രീ, ജാമിദ, ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

അതിന്റെ പേരില്‍ ജാമിദയ്ക്ക് നേരിടേണ്ടി വന്നത് വന്‍ ഭീഷണികളാണ്. എന്നാല്‍ ഈ ഭീഷണികള്‍ക്ക് മുമ്പില്‍ ജാമിദ അടിയറവു പറഞ്ഞില്ല. സമൂഹത്തോട് തനിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ടെന്നും അത് പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ജാമിദ പറയുന്നു.

കത്തുന്ന വിവാദങ്ങള്‍ക്കിടയിലും പതറാതെ മുന്നോട്ട് കുതിക്കുന്ന ജാമിദയ്ക്കും പറയാനുണ്ട്, ഇതുവരെയും ആരും പറയാത്ത ചില കഥകള്‍...

എന്തുകൊണ്ടാണ് എതിര്‍പ്പുകളെ അവഗണിച്ച് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ?

വര്‍ഷങ്ങളായി ഇസ്ലാം സമുദായം പൗരോഹിത്യത്തിന്റെ പിടിയിലാണ്. അതില്‍ നിന്നു ജനങ്ങളെ മോചിപ്പിക്കണമെങ്കില്‍ സത്യമെന്താണെന്ന് ജനങ്ങളറിയണം. ആരെങ്കിലും സാഹസപ്പെട്ട് മുന്നോട്ട് വന്നെങ്കില്‍ മാത്രമേ സാധിക്കൂ.

ഇന്നത്തെ മുസ്ലീം സമൂഹം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ പൗരോഹിത്യം എന്താണോ ചെയ്യുന്നത്, പ്രവര്‍ത്തിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്.

ജനങ്ങളുടെ സമ്പത്ത് അന്യായമായി ഭക്ഷിക്കുകയും സത്യത്തിന്റെ അഥവാ അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് ജനങ്ങളെ തടയുകയും ചെയ്യുന്നവരാണ് പലരും. ഖുര്‍ആന്‍ എന്ന ഗ്രന്ഥം പോലും പൗരോഹിത്യത്തിന്റെ പിടിയിലാണ്.

സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് സ്ഥാനം. എല്ലാ അധികാരവും പുരുഷന്മാരില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി മാത്രമാണ് കാണുന്നത്. എന്നാല്‍ ഖുര്‍ആന്‍ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണ് നല്‍കുന്നത്. ഖുര്‍ആനില്‍ ഭാര്യയെന്നോ, ഭര്‍ത്താവെന്നോ ഒരു പദമില്ല. പകരം ഇണകള്‍ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. പുരുഷനാണ് മേധാവിത്വം കൂടുതല്‍ എന്ന് ഖുര്‍ആനിലെവിടേയും പറഞ്ഞിട്ടില്ല.

ഞാന്‍ വിശ്വസിക്കുന്ന അള്ളാഹുവിനെ ആയിരിക്കില്ല മറ്റുള്ളവര്‍ വിശ്വസിക്കുന്നത്. ദൈവമെന്ന സങ്കല്‍പ്പം എല്ലാവര്‍ക്കുമുണ്ട്. മറ്റു മതങ്ങള്‍ പോലെയല്ല ഇസ്ലാം മതത്തിന്റെ ചിന്തകള്‍. അത് വളരെ വ്യത്യസ്തമാണ്.

ഉദാഹരണത്തിന്, വേദങ്ങള്‍ ആര്‍ക്കും പഠിക്കാം. അതിനെ ഒരു ഹിന്ദുക്കളും എതിര്‍ക്കുന്നില്ല. ബൈബിളും അങ്ങനെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ല, എന്നാല്‍ മുസ്ലീങ്ങള്‍ അവരുടെ ആശയങ്ങളെ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല.

ഈ രീതി മാറണം. ഒപ്പം സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പം സമൂഹത്തില്‍ സ്ഥാനം വേണം. അതിന് മുന്നോടിയായാണ് ഞാന്‍ നമസ്‌കാരത്തിന് നേതൃത്വം നല്കാന്‍ തീരുമാനിച്ചത്.

uploads/news/2018/04/206051/jamitha040418a.jpg

വിശ്വാസത്തിനെതിരായി പ്രവര്‍ത്തിച്ചു എന്ന തോന്നലുണ്ടോ?


ഇല്ല. എനിക്ക് ചാരിതാര്‍ത്ഥ്യമാണുള്ളത്. കാരണം ഖുര്‍ആന്‍ പറഞ്ഞ പ്രകാരമെനിക്ക് ജുമുഅ നമസ്‌കാരം ചെയ്യാന്‍ സാധിച്ചു.

ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഇത്രയും വൈകിയത് ?


മുമ്പു പിന്തുടര്‍ന്നു വന്ന വിശ്വാസങ്ങളെയെല്ലാം വേണ്ടെന്ന് വച്ച് വര്‍ഷങ്ങളായി ജീവിക്കുകയായിരുന്നു. ഖുര്‍ആനില്‍ സ്ത്രീീപുരുഷവിഭാഗീയതയില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ മാറ്റത്തിനായി തയ്യാറെടുക്കുകയായിരുന്നു. അതിന്റെ സമയം വന്നതിപ്പോഴാണെന്ന് മാത്രം.

മുത്തലാഖ് ഒഴിവാക്കണമെന്ന് പറഞ്ഞപ്പോള്‍ പിന്തുണച്ച ഏക മുസ്ലീം സംഘടന ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി മാത്രമാണ്. മറ്റെല്ലാം മുസ്ലീം സംഘടനകളും മുത്തലാഖ് നിലനിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്.

ഇവിടെ ആണിനും പെണ്ണിനും രണ്ട് നിയമങ്ങളാണ്. മതപുരോഹിതന്മാരെ പേടിച്ചായിരിക്കണം ഇത്രയും നാളും ആരും ഇതേക്കുറിച്ച് പറയാന്‍ തയ്യാറാകാതിരുന്നത്.

മുത്തലാഖ് വിഷയം കത്തിപ്പടര്‍ന്നപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നല്ലോ ?


ലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രതിനിധിയായാണ് ഞാന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത്. ചാനല്‍ ചര്‍ച്ചകള്‍ക്കുശേഷം അനവധി ആളുകള്‍ അഭിനന്ദിച്ചു.

അന്നാണ് എനിക്ക് മനസ്സിലായത്, പലരും ഉള്‍ഭയം മൂലമാണ് സ്വന്തം അഭിപ്രായങ്ങള്‍ മൂടി വയ്ക്കുന്നതെന്ന്. മാത്രമല്ല, കുടുംബം, സമൂഹം, സ്ഥാനമാനങ്ങള്‍ ഇതെല്ലാം പലര്‍ക്കും വിലക്കേര്‍പ്പെടുത്തുന്നുണ്ട്.

വിവാഹബന്ധത്തോട് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നല്ലോ?


അത് മറ്റൊന്നും കൊണ്ടല്ല. എനിക്കിഷ്ടമില്ലാത്തൊരു വിവാഹബന്ധമായിരുന്നു അത്. എന്റെ 22ാമത്തെ വയസിലാണ് വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചയച്ചത്. എന്നേക്കാള്‍ 22 വയസ് കൂടുതലായിരുന്നു ഭര്‍ത്താവിന്. വിവാഹത്തിന്റെ അന്നു പോ ലും ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും എന്റെ വാക്കിന് ആരും വില കല്പിച്ചില്ല.

വിവാഹശേഷം പള്ളി അധികാരികളോട് എന്റെ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു. അല്ലാഹുവിന് വിവാഹബന്ധം വേര്‍പെടുത്തുന്നത് ഇഷ്ടമല്ല. അത് പാപമാണ്..

എന്നാല്‍ പുരുഷന്മാര്‍ സ്ത്രീയെ തലാക് ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല! അന്ന് ഞാന്‍ ചിന്തിച്ചു. അല്ലാഹുവിന്റെ ഒരു ഗതികേട്. അന്നു മുതല്‍ ഇസ്ലാമിക നിയമത്തോട് എനിക്ക് അമര്‍ഷമായി.

എന്റെ ഉപ്പ ആര്‍മിയിലായിരുന്നു. ഉപ്പയ്ക്ക് സ്വന്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ എന്റെ ചെറുപ്പത്തില്‍ തന്നെ ഉപ്പ മരിച്ചു. ഉമ്മയ്ക്ക് വിദ്യാഭ്യാസം കുറവായിരുന്നതുകൊണ്ട് സ്വന്തമായ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഉപ്പയുടേയും ഉമ്മയുടേയും 13 മക്കളില്‍ ഒരാളായിരുന്നു ഞാന്‍.

ജീവിതത്തില്‍ ഇത്ര വലിയ പ്രശ്‌നങ്ങളുണ്ടായിട്ടും എന്നെ പിന്തുണച്ചത് ഇളയ ഒരു സഹോദരി മാത്രമാണ്. മതത്തിന്റെ പേരില്‍ അന്നാണ് ഞാനാദ്യമായി ബലിയാടായത്. അന്നു നഷ്ടപ്പെട്ട ജീവിതത്തെ തിരിച്ചു തരാന്‍ ഈ മതത്തിനാവുമോ?

uploads/news/2018/04/206051/jamitha040418b.jpg

കുട്ടിക്കാലത്ത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ ?


തീര്‍ച്ചയായും. പത്താം ക്ലാസിന് ശേഷം ഞാന്‍ പഠിച്ചത് മലപ്പുറത്തെ എടവണ്ണയിലെ ജാമിയ നദ്വിയ കോളജിലാണ്. അവിടെ എന്നും ഹദീസുകള്‍ (നബി വചനങ്ങള്‍) പഠിപ്പിക്കാറുണ്ടായിരുന്നു. മുസ്ലീംങ്ങളില്‍ തന്നെ ഹദീസുകളും ഖുറാനും പിന്തുടരുന്നവരുണ്ട്.

ഹദീസ് എന്നത് മുഹമ്മദ്ദ് നബി മരിച്ച് 200 വര്‍ഷങ്ങള്‍ക്ക് ശേഷം ആരോ എഴുതിയതാണ്. ഞാന്‍ ജുമുഅ നടത്തിയ ശേഷം പലരുമെന്നോട് ചോദിച്ചു, 40 പേരെങ്കിലുമില്ലാതെ എങ്ങനെയാണ് നമസ്‌കാരം നടത്തുന്നതെന്ന്.

ഇതെല്ലാം തെറ്റായ ചിന്തകളാണ്. ആ രോ എഴുതിയ ഹദീസുകള്‍ പ്രകാരമാണ് പള്ളിയില്‍ തന്നെ നമസ്‌കാരം വേണമെന്നും 40 പേരെങ്കിലും പങ്കെടുക്കണമെന്നുമൊരു വിശ്വാസമുണ്ടായത്. നബിയുടെ കാലത്ത് ഇന്ന് കാണുന്നത്ര പള്ളികളൊന്നുമില്ല.

അങ്ങനെയെങ്കില്‍ ഹദീസുകള്‍ വിശ്വസിക്കുന്നവര്‍ പറയുന്നത് വെറും കെട്ടുകഥകളും ആരോപണങ്ങളും മാത്രമല്ലേ. ആ സ്ഥിതിക്ക് നിസ്‌കരിക്കാന്‍ 40 പേരിലധികം വേണമെന്നും പള്ളിയില്‍ തന്നെ നിസ്‌കരിക്കണമെന്നും പറയുന്നത് പള്ളിക്ക് വേണ്ടി സാധാരണക്കാരില്‍ നിന്ന് പണം പിരിക്കാനുള്ള തന്ത്രം മാത്രമാണ്.

മക്കള്‍ക്കെതിരെ ഭീഷണിയുണ്ടായല്ലോ ?


എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഞാ ന്‍ മുന്നോട്ട് തന്നെ പോകും. എനിക്ക് ഒന്നിനേയും ഭയമില്ല. ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ശേഷം എന്റെ മകള്‍ക്ക് സ്‌കൂളില്‍ വിലക്കേര്‍പ്പെടുത്തി. അയല്‍ക്കാരും സുഹൃത്തുക്കളും എന്നോട് സംസാരിക്കാതായി.

ഞാനുമായി സഹകരിച്ചാല്‍ മതത്തില്‍ നിന്നും അവരെ പുറത്താക്കുമെന്നാണ് ഭീഷണി. ഈ ഭീഷണിയാണ് പലരേയും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ പോലും അനുവദിക്കാത്തത്.

കുടുംബത്തെക്കുറിച്ച് ?


ഞാന്‍ ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. എനിക്ക് രണ്ട് മക്കളുണ്ട്. മൂത്തമകള്‍ അഫ്രിന്‍ അലി ആറാം ക്ലാസിലും മകന്‍ അര്‍ഫാന്‍ അലി ഒന്നാം ക്ലാസിലും പഠിക്കുന്നു. മക്കള്‍ക്കൊപ്പം കോഴിക്കോടാണ് എന്റെ താമസം.

പുതുതലമുറയിലേക്ക് ഈ ആശയമെത്തിക്കാന്‍ എത്രത്തോളം സാധിച്ചിട്ടുണ്ട് ?


നമസ്‌കരിച്ച ദിവസം തന്നെ എനിക്ക് പിന്തുണയുമായി ഒരു കൂട്ടം കോളജ് വിദ്യാ ര്‍ത്ഥികളെത്തി. സമൂഹമാധ്യമങ്ങളിലൂടെയും മികച്ച പിന്തുണ ലഭിക്കുന്നുണ്ട്.

ഇതേക്കുറിച്ചറിയാനെത്തുന്നവര്‍ക്ക് ഖുര്‍ആനില്‍ സ്ത്രീകളെ പിന്തുണച്ചുള്ള വചനങ്ങളെക്കുറിച്ച് ഞാനവര്‍ക്ക് പറഞ്ഞു കൊടുക്കാറുണ്ട്. എന്നിലൂടെയെങ്കിലും ഈ സമൂഹത്തിനൊരു മാറ്റമുണ്ടാകട്ടെ.

uploads/news/2018/04/206051/jamitha040418c.jpg

അധ്യാപകജീവിതത്തെക്കുറിച്ച് ?


അറബി ടീച്ചറായി ഒരുപാട് സ്‌കൂളുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അഫ്‌സല്‍ ഉലമ പഠിച്ച ശേഷം മുജാഹിദ് വിഭാഗത്തിന്റെ തിരുവനന്തപുരം സലഫി സെന്ററില്‍ 10 വര്‍ഷത്തോളം അധ്യാപികയായി ജോലി ചെയ്തു.

പിന്നീട് ദക്ഷിണ കേരളാ സുന്നിവിഭാഗത്തിന്റെ തിരുവനന്തപുരം പരുത്തിക്കുഴിയിലെ സ്ഥാപനത്തിലും ജമാഅത്തെ ഇസ്ലാമിയുടെ തിരുവനന്തപുരം അട്ടക്കുളങ്ങര ഇസ്ലാമിക സ്ഥാപനത്തിലും ജോലി ചെയ്തു. ഇപ്പോള്‍ വധഭീഷണിയുള്ളതുകൊണ്ട് അധ്യാപകജോലിക്ക് ഒരു വിശ്രമം നല്‍കി.

മുന്നോട്ടുള്ള നാളുകളെക്കുറിച്ച് ?


മുസ്ലീം സ്ത്രീകളുടെ നവീകരണത്തിനായി ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയാറാണ്. സ്ത്രീകളില്‍ പൊതുബോധം ഉണ്ടാക്കിയെടുക്കണം.

മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്നതിന് വേണ്ടി എന്താണോ ചെയ്യേണ്ടത് അതിന് വേണ്ടി സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണമെന്നാണ് ആഗ്രഹം. ഇനിയുള്ള നാളുകളിലും ജുമുഅയ്ക്ക് നേതൃത്വം നല്‍കാനാണ് എന്റെ തീരുമാനം..

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW