Thursday, June 27, 2019 Last Updated 14 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Apr 2018 02.40 PM

വിദ്യാഭ്യാസവും അടക്കവുമുള്ള അവള്‍ തന്റെ കുടുംബത്തിന് തണലാകുമെന്ന് കരുതി; എന്നാല്‍ പണവും പ്രതാപവും കണ്ടപ്പോള്‍ അവള്‍ക്ക് വന്ന മാറ്റം അവനെ മാത്രമല്ല, കുടുംബത്തെ വരെ തകര്‍ത്തു

uploads/news/2018/04/206040/Weeklyfamilycourt040418.jpg

ചില അത്യാവശ്യ കാരണങ്ങളാല്‍ പതിവിലും താമസിച്ചാണ് ഞാനന്ന് ഓഫീസിലെത്തിയത്. സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ അവിടെ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. മുഖവുരകള്‍ ഒന്നുമില്ലാതെ ഉറച്ചസ്വരത്തില്‍ അയാള്‍ ആദ്യമേ പറഞ്ഞു:

''സാര്‍... എത്രയും പെട്ടെന്ന് എനിക്കു വിവാഹമോചനം വേണം.''

ഇങ്ങനെ പറയാന്‍ ഒരു കാരണം ഉണ്ടാകുമല്ലോ. ഞാനതു തിരക്കി. അപ്പോള്‍ ഒരുനിമിഷത്തെ ആലോചനയ്ക്കു ശേഷം അയാള്‍ സ്വന്തം കഥ പറഞ്ഞു:

''സമ്പന്നതയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. കഷ്ടപ്പാട് എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു. പക്ഷേ എന്റെ മാതാപിതാക്കള്‍ ഒട്ടും സന്തോഷം അനുഭവിച്ചില്ല. കാരണം, അറുപതു ശതമാനം മാനസികവൈകല്യത്തോടെ ജനിച്ച ഒരു ചേട്ടന്‍ എനിക്കുണ്ടായിരുന്നു. ആദ്യത്തെ കണ്‍മണിയുടെ ദുര്യോഗം അച്ഛനെയും അമ്മയെയും വല്ലാതെ തളര്‍ത്തി.

ജോലിയുണ്ടായിരുന്ന അമ്മ ചേട്ടന്റെ ജനനത്തോടെ അതു വേണ്ടെന്നു വച്ചു. പിന്നെ ചേട്ടനായി അമ്മയുടെ ലോകം. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ജനിച്ചപ്പോള്‍ ഞങ്ങളെ രണ്ടുപേരെയും അവര്‍ ഒരുപോലെ സ്‌നേഹിച്ചു.

പഠനശേഷം എനിക്ക് ഐ.ടി കമ്പനിയില്‍ ജോലികിട്ടി. ചേട്ടനു സുഖമില്ലാത്തതിനാല്‍ എന്റെ വിവാഹം അച്ഛന്റെയും അമ്മയുടെയും സ്വപ്നമായിരുന്നു. അവര്‍ തന്നെയാണ് എനിക്കുവേണ്ടി ഗീതുവിനെ കണ്ടെത്തിയതും. സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു ഗീതു. ഒപ്പം വിദ്യാസമ്പന്നയും സുന്ദരിയും. അതുകൊണ്ട് വീട്ടുകാരുടെ സെലക്ഷന്‍ എനിക്കും ബോധിച്ചു.

വിവാഹശേഷം സ്വന്തം മോളെപ്പോലെ എന്റെ അമ്മ ഗീതുവിനെ സ്‌നേഹിച്ചു. അവളെക്കൊണ്ട് ഒരു ജോലിയും ചെയ്യിച്ചില്ല. ചേട്ടന്റെ കാര്യവും വീട്ടിലെ കാര്യവുമെല്ലാം അമ്മ തനിച്ചാണു നോക്കിയത്. അവരുടെ സ്‌നേഹം കണ്ട് എനിക്കുപോലും അസൂയ തോന്നിയിട്ടുണ്ട്.

അങ്ങനെയിരിക്കെ കാല്‍വഴുതി ബാത്‌റൂമില്‍ വീണ് അമ്മയുടെ കാലെടിഞ്ഞു. ഡോക്ടര്‍ അമ്മയ്ക്ക് ആറുമാസത്തെ വിശ്രമം പറഞ്ഞു.
അതോടെ വീട്ടിലെ കാര്യങ്ങള്‍ താളംതെറ്റി.

സ്വന്തം കാര്യങ്ങളെല്ലാം ചേട്ടന്‍ തനിയെ ചെയ്തുകൊള്ളും. പക്ഷേ സമയത്തു ഭക്ഷണം വേണമെന്നു നിര്‍ബന്ധമാണ്. അല്ലെങ്കില്‍ ബഹളമുണ്ടാക്കും. അമ്മയ്ക്കു സുഖമില്ലാതെ വന്നതോടെ ഗീതുവിലായി ഭക്ഷണം ഉണ്ടാക്കുന്ന ചുമതല. അവള്‍ക്കത് തീരെ ഇഷ്ടപ്പെട്ടില്ല. ദേഷ്യത്തോടെ എന്തൊക്കെയോ കാട്ടിക്കൂട്ടി. എന്നിട്ടും ആരും അവളെ കുറ്റപ്പെടുത്തിയില്ല.

കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അമ്മയെ അവള്‍ തീരെ ശ്രദ്ധിക്കാത്തത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒടുവില്‍ അമ്മയെ നോക്കാന്‍ ഒരു ജോലിക്കാരിയെ നിര്‍ത്തേണ്ടിവന്നു.

അമ്മയുടെ കാല്‍ സുഖപ്പെട്ടതോടെ വീട്ടില്‍ കലഹം തുടങ്ങി. ഗീതു അടുക്കളയില്‍ കയറാതെയുമായി. അവസാനം രണ്ടുപേരുംകൂടി ഒരുവീട്ടില്‍ പറ്റില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങെളത്തി. അപ്പോള്‍ അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ഗീതുവിനെയും കൂട്ടി മറ്റൊരു വീട്ടിലേക്ക് ഞാന്‍ മാറി.

ദിവസങ്ങള്‍ കഴിയുംതോറും ഗീതുവിന്റെ സ്വഭാവത്തില്‍ മാറ്റം വന്നുകൊണ്ടിരുന്നു. മുമ്പനുഭവിച്ച കഷ്ടതകളൊന്നും ഓര്‍ക്കാതെ അവള്‍ കണ്ടമാനം പണം ചെലവാക്കി. എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനോ സമയത്തു ഭക്ഷണം തരാനോ അവള്‍ക്കു നേരമില്ലായിരുന്നു. എപ്പോള്‍ നോക്കിയാലും ബ്യൂട്ടിപാര്‍ലറിലായിരിക്കും.

വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷമായിട്ടും കുട്ടികള്‍ വേണ്ടെന്നായിരുന്നു ഗീതുവിന്റെ തീരുമാനം. എങ്കിലും ഇതിനിടെ അവള്‍ ഗര്‍ഭിണിയായി. ആ വിവരം എന്നെ അറിയിക്കാതെ ഉദരത്തില്‍ വച്ചുതന്നെ അവള്‍ കുഞ്ഞിനെ ഇല്ലാതാക്കി. സൗന്ദര്യം നഷ്ടപ്പെടുമെന്ന ധാരണയിലായിരുന്നു അത്. എന്റെ എല്ലാ സ്വപ്നങ്ങളും അതോടെ അസ്തമിച്ചു.

ഗീതുവിനെപ്പോലെ ആര്‍ഭാടജീവിതം മാത്രം ആഗ്രഹിക്കുന്ന ഒരു പെണ്ണിനോടൊപ്പം എനിക്കു ജീവിക്കാനാവില്ല.
അവള്‍ക്ക് പണംമാത്രം മതിയെന്ന് എനിക്കു മനസിലായി.

പെണ്ണുകാണാന്‍ ചെന്നപ്പോള്‍ നിറംമങ്ങിയ ചുരിദാര്‍ ധരിച്ച്, സ്‌നേഹം തുളുമ്പുന്ന കണ്ണുകളുമായി വിനയത്തോടെ എന്റെഅരികില്‍ വന്നുനിന്ന ഗീതുവിനെ ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ആ എളിമയും സ്‌നേഹവുമാണ് എന്നെ ആകര്‍ഷിച്ചത്.

അവളൊരു താങ്ങാവുമെന്നു കരുതിയ എനിക്ക്് തെറ്റിപ്പോയി. ഇനിയെനിക്കു വയ്യ... പ്രായമായ അച്ഛനമ്മമാരെയും സുഖമില്ലാത്ത ചേട്ടനെയും ഞാന്‍തന്നെ സംരക്ഷിച്ചോളാം.''ഇങ്ങനെ പറഞ്ഞ് ആ ചെറുപ്പക്കാരന്‍ പലതവണ നെടുവീര്‍പ്പെട്ടു.

ഒരുമിച്ചിരുത്തി സംസാരിച്ച് അവരെ ഒന്നിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ പരസ്പരം വിട്ടുകൊടുക്കാന്‍ ഇരുകക്ഷികളും തയാറായില്ല. അവരുടെ കേസ് കോടതിയില്‍ നടക്കുകയാണ്.

Ads by Google
Wednesday 04 Apr 2018 02.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW